Wednesday 15 March 2023 11:51 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിന് അരികിൽ പാമ്പ്, വെപ്രാളത്തിൽ തല്ലിക്കൊന്നു... എന്റെ കുട്ടിക്ക് സർപ്പദോഷം വരുമോ? മറുപടി

sarpa-dosh

2022 ഏപ്രിലിൽ എന്റെ കു ഞ്ഞിനു സമീപം ഒരു പാമ്പിനെ കണ്ടു. കുഞ്ഞ് ഉറങ്ങുകയായിരുന്നു. പെട്ടെന്നുള്ള വെപ്രാളത്തിൽ ഞാൻ പാമ്പിനെ തല്ലിക്കൊന്നു. പിന്നീടൊരു ബന്ധു പറഞ്ഞു. കുഞ്ഞിനു സർപ്പദോഷം വരുമെന്ന്. അങ്ങനെ ഞാനൊരു ജ്യോതിഷനെ പോയി കണ്ടു. കാര്യങ്ങൾ പറഞ്ഞു. പരിഹാരമായി അദ്ദേഹം തന്നെ പൂജ നടത്തി. പക്ഷേ, അതുകൊണ്ടും മനസ്സിലെ ഭയം മാറിയില്ല.

ആശങ്ക വിട്ടുമാറാതെ വന്നപ്പോൾ മറ്റൊരാളെ കണ്ടു. അദ്ദേഹം പറയുന്നത് ആദ്യ കർമം ഫലിച്ചില്ല എന്നാണ്. പരിഹാരങ്ങൾക്കായി പണം നൽകി മടുത്തു. എന്റെ കുഞ്ഞിനെ ദോഷം ബാധിക്കാതിരിക്കാൻ എന്താണു ചെയ്യേണ്ടത്?

ജിതേഷ്, കരിങ്കുന്നം, തൊടുപുഴ

താങ്കളുടെ വിഷമം മനസ്സിലാക്കുന്നു. പാമ്പിനെയല്ല ഒരു ജീവിയെയും കൊല്ലാതിരിക്കുന്നതാണു നല്ലതെന്നാണു നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത്. പാമ്പുകളുടെ ആ വാസവ്യവസ്ഥയിൽ കടന്നുകയറിയതു ശ രിക്കും നമ്മൾ മനുഷ്യരാണ്. ആ പാമ്പിനെ കൊന്നതിലുള്ള താങ്കളുടെ വേദന മനസ്സിലാക്കാൻ കഴിയുന്നുമുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയേറെ പണം അതിന്റെ പരിഹാരത്തിനായി ചെലവഴിച്ചതിൽ ഒരു പിന്തുണയും നൽകാൻ കഴിയില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ചൂടുകാലത്ത് ഇപ്രകാരം പാമ്പുകൾ ഇറങ്ങുന്നതു സാധാരണയാണ്.

ഒരിക്കലും നിങ്ങൾ പാമ്പിനെ തിരക്കി ന ടന്ന് കൊന്നതല്ല എന്നു പ്രത്യേകം ഓർക്കുക. നിങ്ങളുടെ മകന് അവന്റെ ജീവനു ഭീഷണി ആകുമെന്ന ഘട്ടത്തിലാകാം ആ പാമ്പിനെ കൊന്നത്. ആ കാര്യത്തിൽ ദുഃഖിക്കേണ്ട യാതൊരു കാര്യവും ഇല്ല.

ഇനി പരിഹാരങ്ങൾക്ക് പിന്നാലെ പോയി പണം നഷ്ടപ്പെടുത്താതെ ജീവിതത്തിലേക്കു മടങ്ങി വരിക. ഒരു ദോഷവും കുഞ്ഞിനെ ബാധിക്കില്ല.

നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും  സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ  ഹരി പത്തനാപുരം മറുപടി നൽകുന്ന പംക്തി