Tuesday 29 August 2017 04:13 PM IST : By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

പുതുവര്‍ഷം നിങ്ങള്‍ക്കെങ്ങനെ? അശ്വതി മുതൽ രേവതി വരെ നാളുകാരുടെ പുതുവർഷ ഫലം

469853857

1193–ാം ആണ്ട് ചിങ്ങമാസം ഒന്നിനു (2017 ഒാഗസ്റ്റ് 17) പുതുവർഷം പിറക്കുകയാണ്. അശ്വതി മുതൽ രേവതി വരെയുള്ള നാളുകാർക്ക് ഈ വർഷം അനുഭവവേദ്യമാകുന്ന പൊതുഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഓരോരുത്തരിലും മാറി മാറി അനുഭവപ്പെടാം. നിത്യമായ ദേവതാ ഭജനവും ദേവാലയദർശനവും പ്രാർഥനയും ഗുണഫലങ്ങൾ വർധിപ്പിക്കാനും ദോഷഫലങ്ങൾ കുറയ്ക്കാനും സഹായിക്കും.

ഓരോ നക്ഷത്രങ്ങളുടേയും മൃഗപക്ഷിവൃക്ഷാദികളുടെ വിവരങ്ങളും ഇതോടൊപ്പം ചേർക്കുന്നു. അവരവരുടെ ന ക്ഷത്രങ്ങൾക്കു പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയേയും ഉപദ്രവിക്കാതെ സംരക്ഷിക്കുകയും വൃക്ഷത്തെ മുറി ക്കാതെയും നശിപ്പിക്കാതെയും പരിപാലിക്കുകയും ഭൂതത്തേയും ദേവതയേയും ദിനവും ഭക്തിയോടെ പൂജിക്കുകയും ചെയ്താൽ ആയുസ്സും സമ്പത്തും ഐശ്വര്യങ്ങളും വർധിക്കും.

{തയാറാക്കിയത് : കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

ജ്യോതിഷം, പഞ്ചാംഗ ഗണനം എന്നിവയിൽ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പണ്ഡിത ശ്രേഷ്ഠൻ. നിരവധി അംഗീകാരങ്ങളുെട ഉടമ. കാൽ നൂറ്റാണ്ടിലേറെയായി ജ്യോതിഷ സംബന്ധമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി വരുന്നു. }

അശ്വതി

ഈ നക്ഷത്രക്കാർ പൊതുവേ ധീരരും അഭിമാനികളും മാന്യരും എല്ലാ കാര്യത്തിലും വിദഗ്ധരും

കുടുംബത്തിൽ ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും.

ദേവത : അശ്വനി ദേവകൾ, മൃഗം : കുതിര,

പക്ഷി : പുള്ള്, വൃക്ഷം : കാഞ്ഞിരം

പുതുവർഷ ഫലം

ആരോഗ്യം തൃപ്തികരമായിരിക്കും. വ്യക്തി പ്രഭാവത്താൽ അപമാനം ഒഴിഞ്ഞുമാറി അഭിമാനാർഹമായ ദിനങ്ങൾ വന്നുചേരും. ആഗ്രഹിക്കുന്നതിലുപരി അനുഭവങ്ങൾ വന്നുചേരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. ഉദ്ദേശിച്ച വിഷയത്തിൽ വിദേശത്ത് ഉപരിപഠനത്തിനു േചരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും.

കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾ, കലാകായിക മത്സരങ്ങൾ, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയമുണ്ടാകും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ജനാംഗീകാരം ലഭിക്കും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര, പുണ്യതീർഥ ഉല്ലാസയാത്ര എന്നിവ സഫലമാകും. കഴിഞ്ഞ വർഷം വേർപെട്ടു താമസിച്ച ദമ്പതികൾ ഒരുമിച്ചു താമസിക്കാൻ നിർബന്ധിതരാകും. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. സാമ്പത്തിക അനിശ്ചിതാവസ്ഥകൾ ഒഴി‍ഞ്ഞുമാറി പണം മുടക്കിയുള്ള കർമ മണ്ഡലങ്ങളിൽ സജീവമാകും. സാമ്പത്തിക നേട്ടത്തിനു യോഗമുണ്ട്. വസ്തു തർക്കം വിട്ടുവീഴ്ചകളാൽ പരിഹരിക്കപ്പെടും. ശമ്പള വർധന മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറി സ്വന്തമായ തൊഴിൽമേഖലകൾ തുടങ്ങും. ഗൃഹത്തിനു വാസ്തുശാസ്ത്രപ്രകാരം മാറ്റങ്ങൾ വരുത്താൻ നിർബന്ധിതനാകും. 2018 മാർച്ച് മുതൽ രണ്ടു മാസം പിതാവിനും പിതൃതുല്യരായവർക്കും ഗുരുതുല്യരായവർക്കും പൗത്രാദികൾക്കും കാലദോഷമുള്ളതിനാൽ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തണം.

ഭരണി

സഹോദരർക്കു പ്രിയപ്പെട്ടവരായിരിക്കുക,

ദീർഘായുസ്സുള്ളവരായിരിക്കുക എന്നിവയെല്ലാം ഭരണി നക്ഷത്രത്തിന്റെ ഫലമാണ്.

ദേവത : യമൻ, മൃഗം : ആന,

പക്ഷി : പുള്ള്, വൃക്ഷം : നെല്ലി

പുതുവർഷ ഫലം

ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ മാറി ഡിസംബ ർ മുതൽ സുസ്ഥിരവും ശോഭനവുമായ അവസ്ഥ കൈവരും. മുടങ്ങിയ ഉപരിപഠനം പൂർത്തീകരിക്കുകയും പുനഃപരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയ ശതമാനം ലഭിക്കുകയും ചെയ്യും. പദ്ധതി ആസൂത്രണങ്ങൾ , നറുക്കെടുപ്പ് തുടങ്ങിയവയിൽ അനുകൂല വിജയമുണ്ടാകും. ഭൂമി, ഗൃഹം, വാഹനം എന്നിവ വാങ്ങാൻ യോഗമുണ്ട്. നിർത്തിവച്ച പദ്ധതികൾ ഡിസംബർ മുതൽ പുനരാരംഭിക്കും.വിദഗ്ധ ചികിത്സകളാലും ഈശ്വര പ്രാർഥനകളാലും ഗർഭം ധരിക്കാനും സൽസന്താന ഭാഗ്യത്തിനും യോഗമുണ്ട്.

മേലധികാരിയുടെ പ്രത്യേക പരിഗണനയാൽ ഉദ്യോഗം നഷ്ടപ്പെടാതിരിക്കും.സഹോദരങ്ങൾക്കു ഡിസംബർ മുതൽ സ്വൽപം ദോഷകാലമാണ്. അവഗണിക്കപ്പെടുന്ന സാഹചര്യങ്ങൾ ഡിസംബർ മുതൽ പരിഗണിക്കപ്പെടും. വസ്തു തർക്കം രമ്യമായി പരിഹരിക്കപ്പെടും. അഗ്നി, ആ യുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. പിതാവിനും പിതൃബന്ധുക്കൾക്കും ദോഷകാലമാണ്. സന്ധി വേദനയ്ക്ക് ആയുർവേദ–പ്രകൃതി ചികിത്സകൾ തുടങ്ങും.

ബജറ്റ് കുറച്ചുകൊണ്ട് കരാർ ജോലികൾ ഏറ്റെടുക്കരുത്. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും സുഹൃത്ത് മുഖാന്തിരം ജീവിതോപാധിക്കു വഴിയുണ്ടാകുന്ന കർമ പദ്ധതികൾ വന്നുചേരും. കലാ–കായിക മത്സരങ്ങളിൽ വിജയവും പ്രോത്സാഹനവും ഉണ്ടാകും. സ ന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്രകൾ വേണ്ടിവരും.

കാര്‍ത്തിക

ഈ നക്ഷത്രക്കാർ സത്യസന്ധരും ആരോഗ്യമുള്ളവരും തേജസ്വികളും ആയിരിക്കും.

ദേവത : അഗ്നി, മൃഗം : ആട്,

പക്ഷി : പുള്ള്, വൃക്ഷം : അത്തി

പുതുവർഷ ഫലം

എല്ലാം അന്വേഷിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കർമ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയമുണ്ടാകും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. വിദേശ യാത്രയ്ക്ക് തടസ്സങ്ങൾ അനുഭവപ്പെടും. പറയുന്ന വാക്കുകൾ അബദ്ധമാകാതെ സൂക്ഷിക്കണം. ലക്ഷ്യബോധമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും ഉണ്ടാകും. പിതാവിന് അസുഖങ്ങള്‍ വർധിക്കും. ഉപരിപഠനത്തിന് അന്യദേശത്ത് പ്രതീക്ഷിച്ചതിലുപരി സംഖ്യ കൊടുത്ത് ചേരേണ്ടതായി വരും.

വാത–നാഡീരോഗ പീഡകൾക്കു വിദഗ്ധ ചികിത്സക ൾ ആവശ്യമായി വരും.കുടുംബാംഗങ്ങളിൽ നിന്നു വേർപെട്ടു താമസിക്കാൻ നിർബന്ധിതനാകും. അപകീർത്തി ഒഴിവാക്കാൻ അധികാരസ്ഥാനം ഒഴിയും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.

മത്സരങ്ങളിൽ അന്തിമമായി വിജയിക്കും. ഗൃഹത്തിനു ശാസ്ത്ര പിഴവ് ഉണ്ടെന്നറിഞ്ഞതിനാൽ വിൽപനയ്ക്ക് ഒരുങ്ങും. അപര്യാപ്തതക ൾ മനസ്സിലാക്കി ജീവിക്കാൻ തയാറായ ജീവിത പങ്കാളിയുടെ സമീപനത്തിൽ ആശ്വാസം തോന്നും. തറവാട്ടിൽ മംഗള കർമങ്ങൾക്കു നേതൃത്വം നൽകും. ജാമ്യം നിൽക്കാനുള്ള സാഹചര്യമുണ്ടാകുമെങ്കിലും ഒഴിഞ്ഞു നിൽക്കുകയാണു നല്ലത്. പുത്രപൗത്രാദികളോടൊപ്പം വിദേശത്ത് താമസിക്കാൻ അവസരമുണ്ടാകും.സമ്മാന പദ്ധതികൾ വിജയിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. സ്വപ്നത്തിൽ കാണാനിടയായ കാര്യങ്ങൾ സാക്ഷാത്കരിക്കും. വസ്തു തർക്കം രമ്യമായി പരിഹരിക്കും.

രോഹിണി

ഏതു മേഖലയിൽ ചെന്നാലും നേതാവായിരിക്കും ഇവർ. ജീവിതത്തിലുടനീളം ധനവാന്മാരും.

ദേവത : ബ്രഹ്മാവ്, മൃഗം: നൽ‌പാമ്പ്,

പക്ഷി: പുള്ള്, വൃക്ഷം: ഞാവൽ

പുതുവർഷ ഫലം

ഉപരിപഠനത്തിനുള്ള അവസരം യുക്തിപൂർവം സ്വീകരിക്കുകയാകും ഈ വർഷം നല്ലത്. ശാസ്ത്രപരീക്ഷണ നിരീ ക്ഷണങ്ങളിൽ വിജയം ഉണ്ടാകുമെങ്കിലും അംഗീകാരം കുറയും. സാമ്പത്തിക വരുമാനം കുറവാണെങ്കിലും യാത്രാക്ലേശവും ചുമതലകളും വർധിക്കുമെങ്കിലും നിലവിലുള്ള ഉ ദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നതു ഗുണകരമല്ല. ഉദ്യോഗമന്വേഷിച്ചുളള വിദേശയാത്ര പരാജയപ്പെടും. വ്യാപാര വ്യവസായ വിപണനമേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. ഗൃഹം വാങ്ങുക, വാഹനം മാറ്റി വാങ്ങുക തുടങ്ങിയവ തൽക്കാലത്തേക്കു മാറ്റി വയ്ക്കും.

കൂട്ടുകച്ചവടത്തിൽ നിന്നു നിരുപാധികം പിന്മാറുന്നത് ഭാവിയിലേക്ക് നല്ലതാകും. മേലധികാരികളുടെ തെറ്റിദ്ധാരണയാൽ ഉദ്യോഗം നഷ്ടപ്പെടും. നിലവിലുള്ള പ്രവർത്തന മണ്ഡലങ്ങളിൽ പണം മുടക്കുന്നതു തുടരാമെങ്കിലും പുതിയതും പ്രവൃത്തിപരിചയമില്ലാത്തതുമായ മേഖലകളിൽ പ്രവേശിക്കുന്നത് ഉചിതമല്ല. മക്കൾക്കു നേർബുദ്ധി തോന്നാനും പലവിധ കാര്യങ്ങൾക്കുമായി പ്രത്യേക ഈശ്വര പ്രാർഥനകൾ വേണ്ടിവരും. മാസത്തിൽ ഒരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തിക പരാധീനതകൾ തീർക്കാനായി പൂർവിക സ്വത്ത് വി ൽക്കേണ്ടതായി വരും. പിതാവിന് അസുഖം വർധിക്കാൻ സാധ്യതയുണ്ട്. അധികാര പരിധി വർധിക്കുന്നതിനാൽ യാത്രാക്ലേശം വർധിക്കും. കർണ, നാഡീ രോഗങ്ങൾക്കു പ്രാണായാമം ആശ്വാസമുണ്ടാക്കും. പണം കടം കൊടുക്കുകയോ ജാമ്യം നിൽക്കുകയോ അരുത്.

മകയിരം

ഉത്സാഹികളും സൗമ്യ സ്വഭാവക്കാരും യാത്രയിൽ തൽപരരുമായിരിക്കും ഈ നക്ഷത്രക്കാർ.

ദേവത : ചന്ദ്രൻ, മൃഗം : പാമ്പ്,

പക്ഷി : പുള്ള്, വൃക്ഷം : കരിങ്ങാലി

പുതുവർഷ ഫലം

ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ നിക്ഷേപം അരുത്. അപ്രതീക്ഷിതമായി ഔദ്യോഗിക സ്ഥാനമാറ്റമുണ്ടാകും. മത്സരരംഗങ്ങളിൽ വിജയിക്കുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. ആരാധനാലയത്തിൽവച്ച് വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും.

വസ്തുതർക്കം പരിഹരിച്ച് അർഹമായ പൂർവിക സ്വത്ത് ലഭിക്കും. ശുഭാപ്തിവിശ്വാസവും പ്രവർത്തന ക്ഷമതയും ഉത്സാഹവും വർധിക്കും. മാതാവിന് അസുഖം വർധിക്കുന്നതിനാൽ പലപ്പോഴും ആശുപത്രിവാസം വേണ്ടിവരും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല വിജയം ഉണ്ടാകും. പാർശ്വഫലങ്ങളുള്ള ഔഷധം ഉപേക്ഷിക്കും. യാഥാർഥ്യം മനസ്സിലാക്കിയ സ ഹോദരങ്ങൾ ലോഹ്യം കൂടാൻ വന്നുചേരും.

പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ അവസരമുണ്ടാകും. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ ഉദ്യോഗം ഉപേക്ഷിച്ചു മറ്റൊരു ഉദ്യോഗത്തിൽ പ്രവേശിക്കും. ആത്മാർഥ സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങൾ അതിജീവിക്കും. പട്ടണവികസനം ഉണ്ടാകുമെന്ന അറിവു ലഭിച്ചതിനാൽ ഭൂമി വിൽപന തൽക്കാലം ഉപേക്ഷിക്കും. സമർപ്പിച്ച പദ്ധതിക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. വാത–കരൾ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാർ സ്വഭാവത്തിൽ കർക്കശ്യം കാണിക്കുമെങ്കിലും

ചഞ്ചലചിത്തരും സൗഹൃദ മനോഭാവമുള്ളവരും ഈശ്വര വിശ്വാസികളുമായിരിക്കും.

ദേവത : ശിവൻ, മൃഗം : ശ്വാവ്,

പക്ഷി : ചെമ്പോത്ത്, വൃക്ഷം : കരിമരം

പുതുവർഷ ഫലം

അസാധ്യമെന്നു തോന്നുന്ന പ്രവർത്തനമേഖലകളും പാഠ്യവിഷയങ്ങളും പദ്ധതി സമർപ്പണവും അനായാസേന സാധിക്കുന്നതുമൂലം ആത്മവിശ്വാസം വർധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അംഗീകാരം വന്നുചേരും. പുതിയ ഭരണസംവിധാനം അവലംബിക്കുന്നതുവഴി സാമ്പത്തികനേട്ടം വർധിക്കും. പരീക്ഷ, ഇന്റർവ്യൂ, പരീക്ഷ നിരീക്ഷണങ്ങൾ, കലാ–കായിക മത്സരങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. ഈശ്വര പ്രാർഥനകളാലും ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം തൊഴിൽമേഖലകൾ ക്രമീകരിക്കാനോ ഉദ്യോഗമാറ്റത്തിനോ അവസരമുണ്ടാകും.

വേർപിരിഞ്ഞു താമസിക്കുന്ന ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാനുള്ള സാഹചര്യം വന്നു ചേരും. മറ്റു ചിലർക്കു നിയ മപരമായി വേർപെട്ടു പുനർവിവാഹമുണ്ടാകും. പൂർവിക സ്വത്ത് അടുത്ത തലമുറയിലുളളവർക്ക് രേഖാപരമായി നൽകാനിടവരും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശകർമം നിർവഹിക്കും. നിക്ഷേപസമാഹരണത്തിൽ ലക്ഷ്യപ്രാപ്തി നേടും.ശമ്പള വർധന മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. മകൾക്കു തന്നേക്കാൾ ഉയർന്ന പദവിയുള്ള ഉദ്യോഗം ലഭിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും.

വാഗ്‌വാദങ്ങളിൽ നിന്നും പിന്മാറണം. കാർഷിക ആദായം വർധിക്കുന്നതിനാൽ കൂടുതൽ പണം മുടക്കി വിപുലമാക്കും. കുടുംബതർക്കം പരിഹരിക്കുന്നതിനു നേതൃത്വം നൽകാൻ ഇടവരുന്നതിൽ കൃതാർഥതയുണ്ടാകും. ജാമ്യം നിൽക്കുന്നത് ഈ വർഷം ഒഴിവാക്കണം. വിസ്തൃതിയുള്ള ഗൃഹം വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും.

പുണര്‍തം

ഉദാരമതികളായ ഇവർ ഏവരേയും സ്നേഹിക്കാൻ കഴിയുന്നവരും സത്‌സ്വഭാവികളെന്നു പേരുകേട്ടവരുമായിരിക്കും.

ദേവത : അദിതി, മൃഗം : പൂച്ച,

പക്ഷി : ചെമ്പോത്ത്, വൃക്ഷം : മുള

പുതുവർഷ ഫലം

വിദഗ്ധ ചികിത്സകളാലും ഭക്ഷണ ക്രമീകരണങ്ങളാലും ആ രോഗ്യം തൃപ്തികരമായിരിക്കും. സേവന സാമർഥ്യത്താൽ അ ധികൃതരുടെ അനുമോദനങ്ങളും പ്രോത്സാഹനങ്ങളും നേടും.മേലധികാരിയുടെ അഭാവത്തിൽ പലപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതനാകും. വിദ്യാർഥികൾക്ക് പ രീക്ഷയിൽ വിജയം ഉണ്ടാകും. നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള ഗൃഹം വാങ്ങുമെങ്കിലും പഴയ ഗൃഹത്തിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. രക്തശുദ്ധിക്കുറവിനാൽ ആലസ്യവും ക്ഷീണവും അനുഭവപ്പെടും. സുതാര്യക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. ലക്ഷ്യബോധവും ദിശാബോധവും ഉള്ള മക്കളുടെ പ്രവർത്തനങ്ങളിൽ ആത്മാഭിമാനം തോന്നും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

തൊഴിൽമേഖലകളിലെ അനിഷ്ടാവസ്ഥകൾ പരിഹരിച്ചു വർഷാന്ത്യത്തിൽ വിജയമുണ്ടാകും. കരാർ ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. അനുമതികൾക്കുളള അപേക്ഷകളിൽ പൂർണത പോരാത്തതിനാൽ നിരസിക്കപ്പെടും. ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറാൻ വേണ്ടപ്പെട്ടവർക്ക് നിർദേശം നൽകും. മത്സരങ്ങളിൽ വിജയിക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. ഗർഭപരിരക്ഷയും വിശ്രമവും വേണ്ടിവരും. റോഡ് വികസനത്തിനു ഭൂമി വിട്ടു നൽകും. 2018ൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ബൃഹത് പദ്ധതികൾക്കു തുടക്കം കുറിക്കും. ഏറെക്കുറെ പൂർത്തിയായ ഗൃഹം താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ തയാറാകും. സാഹചര്യങ്ങൾ വിപരീതമായതിനാൽ സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറും. കടംകൊടുത്ത സംഖ്യ വർഷാന്ത്യത്തിൽ ഗഡുക്കളായി തിരിച്ചു ലഭിക്കും.

പൂയം

ശാസ്ത്രം,സാഹിത്യം എന്നിവയിൽ പാണ്ഡിത്യമുള്ളവരും നല്ല വാഗ്‌മികളുമായിരിക്കും.

ദേവത : ബൃഹസ്പതി, മൃഗം : ആട്,

പക്ഷി : ചെമ്പോത്ത്, വൃക്ഷം : അരയാൽ

പുതുവർഷ ഫലം

നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങാനിടവരും.ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശകർമം നിർവഹിക്കും. കടംകൊടുത്ത സംഖ്യ മധ്യസ്ഥർ മുഖാന്തിരം ഗഡുക്കളായി ലഭിക്കുവാൻ ധാരണയാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും.

നാഡീ–അസ്ഥി–ശ്വാസസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സകൾ ആവശ്യമായി വരും. കഴിഞ്ഞവർഷം തുടങ്ങിവച്ച കർമപദ്ധതികൾ ഈ വർഷം പൂർത്തീകരിച്ച് സാമ്പത്തിക നേട്ടത്തിനു യോഗമുണ്ട്. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. നിയുക്ത പദവിയിൽ നിന്നും സ്ഥാനക്കയറ്റവും വ്യതിചലനവും ഉണ്ടാകും.

ഗർഭ രക്ഷയ്ക്കായ് അവധിയെടുത്ത് വിശ്രമം വേണ്ടിവരും. ജനസ്വാധീനം വർധിക്കും. വിദേശബന്ധമുള്ള വ്യാപാര – വിപണന – വിതരണ മേഖലകൾ തുടങ്ങും. പുതിയ ഭരണസംവിധാനം പ്രയോജനകരമാകും വിധത്തിൽ അനുഭവത്തിൽ വന്നുചേരും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്താൻ അവസരമുണ്ടാകും.

വസ്തു സംബ ന്ധമായ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയായ വിഷയത്തിനു ചേരും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അ പേക്ഷകൾക്ക് അനുകൂല പ്രതികരണമുണ്ടാകും.

ആയില്യം

നിഗൂഢ കാര്യങ്ങൾ കണ്ടെത്താൻ പ്രത്യേക കഴിവും തികഞ്ഞ സദാചാര വാദികളുമായിരിക്കും.

ദേവത: സർപ്പങ്ങൾ, മൃഗം: കരിമ്പൂച്ച,

പക്ഷി: ചെമ്പോത്ത്, വൃക്ഷം: നാകം

പുതുവർഷ ഫലം

ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും. അർപ്പണ മനോഭാവത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടും. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നത് ഈ വർഷം നന്നല്ല. വിദ്യാർഥികൾക്ക് പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കിൽപോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയില്ല. മാതാവിനും മാതൃസഹോദരങ്ങൾക്കും ഈ വർഷം ദോഷകാലമാണ്. ഔദ്യോഗികമായി മാനസിക സംഘർഷം വർധിക്കും. ഗർഭിണികൾക്ക് പൂർണ വിശ്രമവും ഗർഭപരിരക്ഷയും വേണ്ടിവരും.

വേണ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരുമെങ്കിലും സുരക്ഷിതമായ രേഖകൾ വാങ്ങാൻ മടിക്കരുത്. ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. റോഡു വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. സ്വത്തു തർക്കം നീണ്ടാൽ സഹോദരങ്ങളുമായി അലോഹ്യമാകും. വിദേശത്ത് താമസിക്കാൻ അവസരമുണ്ടാകും. അഭിവൃദ്ധിക്കുറവിനാൽ നിലവിലുള്ള ഗൃഹം വിൽപന ചെയ്ത് വാസ്തു ശാസ്ത്രപ്രകാരം ഭൂമി വാങ്ങി പുര പണിയാൻ തീരുമാനിക്കും. വാത – അസ്ഥിരോഗ പീഡകൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. യാത്രാക്ലേശം വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രവർത്തനങ്ങൾക്ക് നവംബർ മുതൽ ഫലമുണ്ടാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരാൻ അവസരമുണ്ടാകും. പിതൃസ്വത്തി ൽ ഗൃഹനിർമാണം തുടങ്ങിവയ്ക്കുമെങ്കിലും പൂർത്തീകരിക്കാൻ കാലതാമസം േനരിടും.

മകം

ശൗര്യസ്വഭാവമുള്ള ഇക്കൂട്ടർ പൊതുവേ ധനികരും സുഖലോലുപരും അഭിമാനികളും പുണ്യകാര്യങ്ങളിൽ തൽപരരും ആയിരിക്കും.

ദേവത : പിതൃക്കൾ, മൃഗം : എലി,

പക്ഷി : ചെമ്പോത്ത്, വൃക്ഷം : പേരാൽ

പുതുവർഷ ഫലം

പുരാണം, ഇതിഹാസം തുടങ്ങിയവയുടെ നല്ല ആശയങ്ങൾ പൊതുജനങ്ങൾക്ക് പകർന്നുകൊടുക്കുന്നതിൽ കൃതാർഥതയുണ്ടാകും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താ ൽ ആശ്ചര്യമനുഭവപ്പെടും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ സാധിക്കും. സുരക്ഷിതത്വമുള്ള സ്ഥലത്തേക്കു മാറിത്താമസിക്കാൻ നിർബന്ധിതനാകും. ഭൂമിക്ക് പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകയാൽ വിൽപനക്ക് തയാറാകും. തൊഴിൽമേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും.

അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അംഗീകാരം ലഭിക്കും. ഗൃഹോപകരണങ്ങളിൽ നിന്ന് അഗ്നി ഭീതിക്ക് സാധ്യതയുണ്ട്. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ജനാംഗീകാരം ലഭിക്കും. ദീർഘകാല വീക്ഷണത്തോടു കൂടിയ പദ്ധതികൾ വിഭാവനം ചെയ്യും. ഭരണസംവിധാനത്തിലുള്ള അപാകതകൾ നിഷ്കർഷയോടുകൂടി തിരുത്താൻ സാധിക്കും. വാത – നീർദോഷ – പ്രമേഹ രോഗങ്ങൾക്ക് വിദഗ്ധ ചികി ത്സയും പ്രാണായാമവും വ്യായാമവും വേണ്ടിവരും. മനസ്സംതൃപ്തിയോടു കൂടി ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യാനിടവരും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. പുത്ര പൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും.

പൂരം

സംസാരിച്ച് ആളുകളെ വശത്താക്കാൻ മിടുക്കരായിരിക്കും. ഏതു മേഖലയിൽ പ്രവർത്തിച്ചാലും പ്രശസ്തരാകും.

ദേവത : ആര്യമാവ്, മൃഗം : ചുണ്ടെലി,

പക്ഷി : ചെമ്പോത്ത്, വൃക്ഷം : പ്ലാശ്

പുതുവർഷ ഫലം

സാഹചര്യങ്ങൾക്കനുസരിച്ച് ഉദ്യോഗം ഉപേക്ഷിക്കേണ്ടതായി വരുമെങ്കിലും സുഹൃത്തിന്റെ സ്ഥാപനത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കും. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്കു പോകുക, സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുക തുടങ്ങിയവ അബദ്ധങ്ങൾക്കു വഴിയൊരുക്കും. പലപ്പോഴും ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും.

ഗൃഹനിർമാണത്തിനു കൊടുത്ത സംഖ്യ തിരിച്ചു വാങ്ങും. കലാ – കായിക മത്സരങ്ങളിൽ പരാജയപ്പെടും. നാ ഡീ – അസ്ഥിരോഗ പീഡകളാൽ അസ്വാസ്ഥ്യമുണ്ടാകുമെങ്കിലും വിദഗ്ധ ചികിത്സകളാൽ രോഗമുക്തി കൈവരും.

വാഹനാപകടത്തിനു സാക്ഷിയാകും. മേലധികാരിയുടെ ആജ്ഞകൾ അർധമനസ്സോടു കൂടി അനുസരിക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും. രോഗപീഡകൾ വർധിക്കുന്നതിനാൽ അവധിയെടുക്കാനിടവരും. ശ്രമിച്ചു വരുന്ന വിഹാഹത്തിന് തീരുമാനമാകും. സാമ്പത്തിക ക്രമക്കേടുകളും അനൈക്യതകളും കാരണം കൂട്ടുകച്ചവടത്തിൽ നിന്ന് ഒഴി‍ഞ്ഞു നിൽക്കും. ഔദ്യോഗിക ജീവിതത്തിൽ അനിഷ്ടങ്ങളും അപ്രീതിയും ഉണ്ടാകുമെങ്കിലും കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും കൈവരും. വാഹനം മാറ്റി വാങ്ങാനുള്ള സാഹചര്യം വന്നുചേരും. ഭർത്താവിനോടൊപ്പം വിദേശത്ത് താമസിക്കാൻ അവസരമുണ്ടാകും. ഉന്നതന്മാരോടും മേലധികാരികളോടും വാക്കു തർക്കത്തിനു പോകരുത്. അത്യധ്വാനത്താൽ പരിശ്രമസാഫല്യവും സാമ്പത്തിക നേട്ടവും കൈവരും.

ഉത്രം

എതിർലിംഗത്തിൽപ്പെട്ടവർക്കു പ്രിയപ്പെട്ടവരായിരിക്കും. ബന്ധുക്കൾക്കിടയിൽ മാന്യമായ സ്ഥാനമുള്ള ഇവർ ജ്ഞാനികളും ഉദാരമനസ്കരും നന്ദിയുള്ളവരുമായിരിക്കും.

ദേവത: ഭഗൻ, മൃഗം: ഒട്ടകം,

പക്ഷി: കാകൻ, വൃക്ഷം: ഇത്തി

പുതുവർഷ ഫലം

ഗൃഹനിർമാണം പൂർത്തീകരിക്കും. മേലധികാരികളുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റം ഉണ്ടാകും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. ആത്മാർഥമായി പ്രവർത്തിക്കുന്ന എല്ലാ കാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ സഫലമാകും. പ്രലോഭനങ്ങൾ വന്നുചേരുമെങ്കിലും യുക്തിപൂർവം പിന്മാറുകയാണ് ഭാവിയിലേക്ക് നല്ലത്. നിശ്ചിത കാലയളവിന് മുമ്പ് ഉദ്യോഗത്തിൽ നിന്നു വിരമിച്ച് ജന്മനാട്ടിലേക്ക് തിരിച്ചു വരും. ഉദര–നാഡീരോഗ പീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അധികൃതരുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റ ചുമതല ഏറ്റെടുക്കേണ്ടതായ സാഹചര്യം വന്നുചേരും. നടപടി ക്രമങ്ങളിൽ കൃത്യത പാലിക്കാൻ നിർബന്ധിതനാകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറാകും. പുത്രന് തന്നേക്കാൾ പ്രശസ്തിയും പദവിയും ഉണ്ടെന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും.

ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരങ്ങൾ വന്നുചേരും. വർഷങ്ങളായി നടത്തിവന്നിരുന്ന ചികിത്സകളാലും ഈശ്വരാരാധനകളാലും ഗർഭം ധരിക്കും. ഈ വർഷം പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം വന്നുചേരും. പുത്രിയുടെ വിവാഹത്തിനു തീരുമാനമാകും. പിതൃസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. പുത്രിയോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്രയ്ക്ക് പുറപ്പെടും. ജൈവകൃഷിക്ക് താൽപര്യവും ഉത്സാഹവും സന്നദ്ധതയും പ്രാവർത്തികമാകും.

അത്തം

ശത്രുക്കളെ മുഴുവൻ സ്നേഹം കൊണ്ടു കീഴടക്കാൻ കഴിയുന്നവരാണ് ഈ നക്ഷത്രക്കാർ. പൊതുവേ ധനവാന്മാരായ ഇവരിൽ പലരും പല കാരണങ്ങളാൽ ജനിച്ച നാടുവിട്ടു താമസിക്കുന്നവരായിരിക്കും.

ദേവത: ആദിത്യൻ, മൃഗം: പോത്ത്,

പക്ഷി: കാകൻ, വൃക്ഷം: അമ്പഴം

പുതുവർഷ ഫലം

അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. കഴിഞ്ഞ വർഷം മുടങ്ങിയ വിദേശയാത്ര സഫലമാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. കുടുംബാംഗങ്ങളോടൊപ്പം പുണ്യതീർഥ – ഉല്ലാസ – വിനോദയാത്രയ്ക്ക് അവസരം വ ന്നുചേരും. മക്കളോടൊപ്പം മാസങ്ങളോളം അന്യദേശത്ത് താമസിക്കാനിടവരും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹത്തിലേക്ക് മാറി താമസിക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ ബൃഹത് പദ്ധതികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നത് പുതിയ ഉദ്യോഗത്തിനു വഴിയൊരുക്കും. ഭരണസംവിധാനം പുനഃക്രമീകരിച്ച് ധ്രുവീകരണം അവലംബിച്ച് തൊഴിൽ മേഖലയിൽ ലക്ഷ്യം കൈവരിക്കും.

സാമൂഹ്യസേവനങ്ങൾക്ക് സർവാത്മനാ സഹകരിക്കുന്നത് ജനപിന്തുണയ്ക്ക് വഴിയൊരുക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് അമൂല്യമായ പാഠ്യപദ്ധതിക്കു ചേരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും യോഗാഭ്യാസവും ശീലിക്കും. അറിവും കഴിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. ശിരോ – നാഡീ രോഗങ്ങളാ ൽ ആയുർവേദ ചികിത്സ വേണ്ടിവരും. വർഷങ്ങൾക്കുശേഷം സഹപാഠികളെ കാണാനിടവരും. ആഭരണവും വാഹനവും മാറ്റി വാങ്ങും. കലാ – കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ശോഭിക്കും. വിൽപനോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. അവസരങ്ങൾ വിനിയോഗിക്കാൻ വിദഗ്ധ നിർദേശവും അഹോരാത്രം പ്രവർത്തനവും സുഹൃത് സഹായവും വേണ്ടിവരും. ഈ വർഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിലും കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുക്കാനിടവരും.

ചിത്തിര

ഉത്സാഹികളായ ഇവർ വാദപ്രതിവാദം നടത്താൻ താൽപര്യമുള്ളവരും വസ്ത്രം, ആഭരണങ്ങൾ എ ന്നിവയിൽ ഭ്രമമുള്ളവരുമാകും.

ദേവത : ത്വഷ്ട്രാവ്, മൃഗം : ആൾപുലി,

പക്ഷി : കാകൻ, വൃക്ഷം : കൂവളം

പുതുവർഷ ഫലം

പുതിയ കർമപദ്ധതികൾ ഏറ്റെടുക്കാനും ഫലപ്രാപ്തി നേടാനും യോഗമുണ്ട്. സാമ്പത്തിക – ഭൂമി ക്രയവിക്രയങ്ങളിൽ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കലാ കായിക മത്സരങ്ങൾ, സാഹിത്യരചനകൾ, പരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയവയിൽ അന്തിമ നിമിഷത്തിൽ വിജയമുണ്ടാകും. പരസ്പര വിശ്വാസം നഷ്ടപ്പട്ടതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. വിദേശവാസികൾക്ക് അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെട്ട് ജന്മനാട്ടിൽ തിരിച്ചെത്തും. നഷ്ടം സഹിച്ച് ഭൂമി വിൽപന സാധ്യമാക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പ്രതീക്ഷിച്ച അംഗീകാരം കുറയും. ക്ലേശാവസ്ഥകളെ സഹിച്ചാണെങ്കിലും ഉപരിപഠനത്തിന് ശ്രമിക്കുകയാണ് വേണ്ടത്.

പണം കടം കൊടുക്കാൻ ഇടവരുമെങ്കിലും ആവശ്യമായ രേഖകൾ വാങ്ങാൻ മറക്കരുത്. അർഹമായ മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ശമ്പളവും ലഭിക്കാൻ നിയമസഹായം തേടാനും ജൂൺ മുതൽ ലഭിക്കാനും യോഗമുണ്ട്. ഉദ്യോഗമുപേക്ഷിച്ചോ ഉദ്യോഗത്തിനോടനുബന്ധമായോ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നത് സ്വീകരിക്കുകയാകുംഭാവിയിലേക്ക് നല്ലത്. മാതാവിന് അരിഷ്ട കാലമാണ്. സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നേതൃമാറ്റം ഉപേക്ഷിക്കുകയാണു നല്ലത്. വിരോധികളായ പലരുമായും ലോഹ്യമായിത്തീരും. സാഹസപ്രവൃത്തികളിൽ നിന്നും ഈ വ ർഷം പിന്മാറണം. കരൾ, ഹൃദയം, കൈ, കാൽ, മുട്ടുകൾ തുടങ്ങിയവയ്ക്ക് ബലക്ഷയം വരുന്നതിനാൽ വിദഗ്ധ പരിശോധനയും ചികിത്സയും വേണ്ടിവരും. പുതിയ കൃഷി വികസനത്തിന് സർവ്വാത്മനാ സഹകരിക്കും.

ചോതി

ധർമ്മത്തെ വിട്ടു പ്രവർത്തിക്കാത്ത ഇവർക്ക് ദാരിദ്ര്യം ഒരിക്കലും അനുഭവിക്കേണ്ടി വരില്ല .

ദേവത: വായു, മൃഗം: മഹിഷം,

പക്ഷി: കാകൻ, വൃക്ഷം: നീർമരുത്

പുതുവർഷ ഫലം

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. മാതാവിന് അസുഖം വർധിക്കുന്നതിനാൽ പലപ്പോഴും ജന്മനാട്ടിലേക്കു യാത്ര വേണ്ടിവരും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനുചേരും. ഈശ്വരപ്രാർഥനകളാലും അശ്രാന്തപരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. വാസ്തുശാസ്ത്രപ്പിഴയുള്ള ഗൃഹം വിൽപന ചെയ്ത് ഐശ്വര്യമുള്ള ഗൃഹത്തിലേക്കു മാറിത്താമസിക്കും. ആഗ്രഹിക്കുന്ന ഭൂമി വിൽപന സഫലമാകും. വസ്തു തർക്കം ര മ്യമായി പരിഹരിക്കാനും അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കാനും യോഗമുണ്ട്.

തൊഴിൽമേഖലകളോട് അനുബന്ധമായി ആധ്യാത്മിക ആത്മീയ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തും. അനാഥരായ കുടുംബാംഗങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതായി വരും. നിശ്ചയിച്ചുറപ്പിച്ച പ്രണയബന്ധത്തിന് അകൽച്ചയും കരാർ ജോലികൾക്കു തടസ്സങ്ങളും വന്നുചേരും. ഭൂമിക്രയവിക്രയങ്ങളിൽ രേഖാപരമായി നിയമസഹായം തേടും. പുണ്യതീർഥ – വിനോദ – ഉല്ലാസയാത്ര നിശ്ചയിച്ച തീയതിയിൽ നിന്നു മാറ്റി വയ്ക്കുന്നതു സാധ്യമാകുമെങ്കിലും പകർച്ചവ്യാധിയും ആശുപത്രി വാസവും വേണ്ടിവരും.

സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറണം. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കുന്നതിനാൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും ഒഴിവാക്കണം. പ്രതിപക്ഷത്തുള്ളവരെയും കൂട്ടി ഭരിക്കുവാൻ അത്യന്തം പരിശ്രമം വേണ്ടി വരും.

വിശാഖം

മുൻകോപികളായ ഇവർ ജീവിതത്തിലുടനീളം സമ്പന്നരും ഭാഗ്യവാന്മാരുമായിരിക്കും.

ദേവത : ഇന്ദ്രാഗ്‌നി, മൃഗം : സിംഹം,

പക്ഷി : കാകൻ, വൃക്ഷം : വയ്യങ്കതവ്

പുതുവർഷ ഫലം

അനാവശ്യമായ ആധി ഉപേക്ഷിക്കണം. അപ്രതീക്ഷിതമായി ഗൃഹമാറ്റമുണ്ടാകും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ മേലധികാരിയുടെ പ്രീതിയും സ്ഥാനമാനഭാഗ്യവും സൽകീർത്തിയും വന്നുചേരും. വിദേശയാത്ര സഫലമാകും. അനാവശ്യമായ സംശയം, മുൻകോപം, അമിതമായ ആത്മവിശ്വാസം തുടങ്ങിയവ ഉപേക്ഷിക്കണം. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും.

കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. സാമ്പത്തികമായി മിച്ചം വയ്ക്കാനും സംതൃപ്തിയുള്ള ഗൃഹം വാങ്ങാനും യോഗമുണ്ട്. ഉപകാരം ചെയ്തു കൊടുത്ത ചിലരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. സഹോദര–സുഹൃദ് സഹായഗുണമുണ്ടാകും. സന്താനഭാഗ്യത്തിനു യോഗമുണ്ട്.

ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. സാഹിത്യം, കല, കായികം തുടങ്ങിയവയിൽ പ്രകീർത്തി നേടും. ഗർഭരക്ഷ കരുതി ദൂരയാത്രകൾ ഒഴിവാക്കണം. അനുചിത പ്രവൃത്തികളിൽ നിന്നു ആത്മാർഥ സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രവൃത്തിയിലുള്ള നിഷ്കർഷ, ആത്മാർഥത, ലക്ഷ്യബോധം തുടങ്ങിയവ ഔ ദ്യോഗികമായി ഉത്തരോത്തരം അഭിവൃദ്ധിക്ക് വഴിയൊരുക്കും. ഉന്നതരുമായി സുഹൃദ്ബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ തൊഴിലവസരങ്ങൾ സംജാതമാകും. കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കാനിടവരും. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. വാത–ഉദരരോഗ പീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

അനിഴം

സംസാര തൽപരരായ ഇക്കൂട്ടർ ധർമം വിട്ടു പ്രവർത്തിക്കാത്തവരും വിഷാദഭാവം ഇഷ്ടപ്പെടുന്നവരുമാണ്.

ദേവത: മിത്രൻ, മൃഗം: മാൻ,

പക്ഷി: കാകൻ, വൃക്ഷം: ഇലഞ്ഞി

പുതുവർഷ ഫലം

വിദഗ്ധരുടേയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ച് പ്രവർത്തിച്ചാൽ തൊഴിൽമേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. അധികച്ചെലവ് നിയന്ത്രിക്കണം. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള ജോലി മാറ്റമുണ്ടാകും. വാഹന ഉപയോഗത്തിൽ സൂക്ഷിക്കുക. നാഡീരോഗ പീഡകൾക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും. ജനമധ്യത്തിൽ പരിഗണന ലഭിക്കുമെങ്കിലും കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. പൊതുവെ സുഖ ദുഃഖസമ്മിശ്രമായ ഫലങ്ങളാണ് ഈ വർഷം അനുഭവയോഗ്യമാകുക.

പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നു പിന്മാറുകയാണ് നല്ലത്. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാ കും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാനിടവരും. നിഷ്പ്രയാസം സാധിക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്ത പരിശ്രമം വേണ്ടി വരും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. അവസ്ഥാഭേദങ്ങൾക്കനുസരിച്ച് മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും. അവതരണ ശൈലിയിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. ഉപരിപഠനത്തിന് ചേരാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകും. പണം മുൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുകയാണ് നല്ലത്. പുതിയ കരാർ ജോലികൾ നടപ്പാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാകുകയില്ല.

തൃക്കേട്ട

ആരോഗ്യദൃഢഗാത്രരും മനസ്സിന് എപ്പോഴും സന്തോഷമുള്ളവരുമായിരിക്കും ഇവർ. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടാനും മിടുക്കരാണ്.

ദേവത: ഇന്ദ്രൻ, മൃഗം: കേഴമാൻ,

പക്ഷി: കോഴി, വൃക്ഷം: വെട്ടി

പുതുവർഷ ഫലം

ദാമ്പത്യ ബന്ധത്തിന് അനിഷ്ടതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും നിയന്ത്രണവും വേണം. പൂർവിക സ്വത്ത് ലഭിക്കും. നിർത്തിവച്ച പാഠ്യപദ്ധതി പുനരാംരഭിക്കും. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ പരിഹരിക്കും. ബന്ധുസഹായത്താൽ വിവാ ഹം തീരുമാനിക്കും. ഓർമശക്തിക്കുറവിനാൽ പണമിടപാടുകളിൽ നിന്നു സ്വയം ഒഴി‍ഞ്ഞുമാറും.

ജാതിമതഭേദമില്ലാതെ പ്രവർത്തിക്കുന്നതിനാൽ പൊതുജന പ്രീതി നേടും. ഒന്നിൽക്കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, കൂടുതൽ അധ്വാനിച്ച് സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിന് കടം വാങ്ങേണ്ടതായി വരും. സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. തിരസ്കരണ മനോഭാവത്തോടുകൂടിയ മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിനു വഴിയൊരുക്കും.

അനുമോദനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും ആത്മപ്രശംസ ഒഴിവാക്കണം. സംഭവബഹുലമായ കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള മനസ്സാന്നിധ്യമുണ്ടാകും. വ്യവഹാരവിജയത്താൽ അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. മാതാപിതാക്കളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ഈശ്വരപ്രാർഥനകളാലും സൗമ്യസമീപനത്താലും പ്രതികൂല സാഹചര്യങ്ങളെ ഏറെക്കുറെ അതിജീവിക്കും. ഔദ്യോഗികമായും പ്രവൃത്തി മണ്ഡലങ്ങളിലും ക്ലേശങ്ങൾ സഹിക്കേണ്ടതായി വരും. ഉപരിപഠനത്തിന്റെ ഭാഗമായ പദ്ധതി സമർപ്പണത്തിന് കാലതാമസം നേരിടും. പിതൃതുല്യനായ ബന്ധുവിന്റെ അകാലവിയോഗത്തിൽ അതീവ ദുഃഖമനുഭവപ്പെടും. വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടു വീഴ്ചയ്ക്കു തയാറാകും.

മൂലം

ചഞ്ചല ചിത്തരായ ഇവർ എല്ലാക്കാര്യത്തിലും അറിവുള്ളവരും സുഖം അനുഭവിക്കുവാൻ ഇഷ്ടപ്പെടുന്നവരും ധനവാന്മാരുമായിരിക്കും.

ദേവത : നിര്യതി, മൃഗം : ശ്വാവ്,

പക്ഷി : കോഴി, വൃക്ഷം : വയനം

പുതുവർഷ ഫലം

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യാനുള്ള പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും. ഗർഭപരിരക്ഷയും വിശ്രമവും വേണ്ടിവരും. അസുഖാവസ്ഥയിലായ മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കാൻ അന്യദേശത്തേക്കു കൊണ്ടുപോകും. കുടുംബസമേതം വിശേഷ ദേവാലയ ദർശനം നടത്താനിടയുണ്ടാകും. വിഭവസമാഹരണ യ‍ജ്ഞത്തിൽ അന്തിമ നിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കാൻ സാധിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിക്ക് ചേരും. പ്രവർത്തനശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്താൻ നിർബന്ധിതനാകും. ഹൃദ് – നാഡീരോഗ പീഡകൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. സകല ജീവജാലങ്ങൾക്കും സൗഖ്യം ഭവിക്കട്ടെ എന്ന ആശയത്തോടു കൂടിയ പ്രവർത്തനശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. ആഗ്രഹിച്ചപോലെ സന്താനഭാഗ്യമുണ്ടാകും. വിദ്യാർഥികൾക്ക് അകാരണഭയവും ഉദാസീന മനോഭാവവും ഉണ്ടാകും.

സാരസ്വതഘൃതം കാലത്ത് കുളിച്ച് സേവിക്കുന്നത് ഓർമശക്തിക്ക് ഉപകരിക്കും. ഗതാഗതനിയമം പാലിക്കാത്തതിനാൽ ഒന്നിലധികം ത വണ പിഴ അടയ്ക്കേണ്ടതായി വരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ ഉപരിപഠനത്തിന് ചേരും. സഹകരണ പ്രസ്ഥാനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കാനിടവരുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നു പിന്മാറുകയാണ് നല്ലത്. ആശയങ്ങളും ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ചു ചെയ്യുന്നത് ഫലപ്രദമാകും. മേലധികാരിയുടെ പ്രതിനിധിയായി പലപ്പോഴും ജോലി ചെയ്യേണ്ടതായി വരും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും.

പൂരാടം

ഉറച്ച സൗഹൃദങ്ങളുള്ള ഇവർ വിനയമുള്ളവരും ബുദ്ധിശാലികളും വികാര ജീവികളുമായിരിക്കും.

ദേവത : ജലം, മൃഗം : വാനരൻ,

പക്ഷി : കോഴി, വൃക്ഷം : വഞ്ഞി

പുതുവർഷ ഫലം

ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങാൻ തീരുമാനിക്കും. അവധിയെടുത്ത് പുതിയ വിദ്യകൾ അഭ്യസിക്കാൻ യോഗമുണ്ട്. സഹപ്രവർത്തകരുടെ സഹായ സഹകരണത്താൽ ഏറ്റെടുത്ത ചുമതലകൾ പൂർത്തീകരിക്കാൻ സാധിക്കും. മത്സര രംഗങ്ങളിൽ വിജയിക്കും. റോഡുവികസനത്തിന് ഭൂമി വിട്ടു നൽകാൻ നിർബന്ധിതനാകും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രേവശകർമം നിർവഹിക്കും. അശ്രദ്ധകൊണ്ട് പണമിടപാടുകളിൽ നഷ്ടം സംഭവിക്കാനിടയുണ്ട്. അപവാദാരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. വ്യവഹാരം, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും. ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഉപരിപഠനത്തിൽ വിജയശതമാനം കുറയും.

ലഭിച്ച പിതൃസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം. എതിർപ്പുകൾ വന്നുചേരുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്. പുതിയ സ്നേഹബന്ധം ഉടലെടുക്കുമെങ്കിലും വഞ്ചിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. ദീർഘകാല നിക്ഷേപം എന്ന നിലയിൽ ഭൂമി വാങ്ങാൻ തയാറാകും. പുനഃപരീക്ഷയിൽ വിജയിക്കും.സന്താനങ്ങളുടെ സൽപ്രവൃത്തികൊണ്ട് സമാധാനവും സന്തോഷവും ഉണ്ടാകും.വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും ആശയവിനിമയം നടത്താനും അവസരമുണ്ടാകും. ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ പലപ്പോഴും രാത്രിയിലും പ്രവർത്തിക്കേണ്ടതായി വരും.

ഉത്രാടം

ഹാസ്യപ്രിയരായ ഇവർ ദീനാനുകമ്പയുള്ളവരായിരിക്കും. ധാരാളം ശത്രുക്കളുണ്ടായിരിക്കും.

ദേവത: വിശ്വദേവതകൾ,

മൃഗം: കാള, പക്ഷി: കോഴി, വൃക്ഷം: പ്ലാവ്

പുതുവർഷ ഫലം

അന്യരാജ്യത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകയാൽ രാജി വ യ്ക്കാൻ തീരുമാനിക്കും. യാത്രാവേളയിൽ വിലപ്പെട്ട രേഖ കളും പണവും നഷ്ടപ്പെടാനിടയുണ്ട്. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബാംഗങ്ങളിൽ വിപരീത പ്രതികരണങ്ങളും തന്മൂലം ദാമ്പത്യ സുഖക്കുറവും അനുഭവപ്പെടും. അധ്വാനഭാരത്താൽ മറ്റ് ഉദ്യോഗത്തിന് ശ്രമിക്കുമെങ്കിലും സ്ഥാനമാനങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാജയമുണ്ടാകും. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്ക് അധികച്ചെലവ് അനുഭവപ്പെടും. സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. കാർഷിക വിളകളിൽ നിന്നു ആദായമുണ്ടാകും. അധ്വാനഭാരവും ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പരിസരവാദികളിൽ നിന്നുമുള്ള ഉപദ്രവത്താൽ മാറി താമസിക്കാൻ തീരുമാനിക്കും.

കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറും. മാതാ പിതാക്കൾക്ക് തൃപ്തിയാകുന്ന വിവാഹത്തിന് യോഗമുണ്ട്. അഴിമതി ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. വിദേശ ഉദ്യോഗം ലഭിക്കുമെങ്കിലും ശമ്പളം കൃത്യസമയത്ത് ലഭിക്കുകയില്ല. പരിധിയിലധികം പണം മുടക്കിയുള്ള തൊഴിൽ മേഖലകളിൽ നിന്നു ഈ വർഷം പിന്മാറുകയാണ് നല്ലത്. സുനിശ്ചിതമായ കാര്യങ്ങളാണെങ്കിലും അകാരണ കാലതാമസം അനുഭവപ്പെടും. സ്വന്തം കാര്യങ്ങൾ നീക്കിവച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. പൂർവിക സ്വത്ത് വിൽപന ചെയ്ത് പട്ടണത്തിൽ ഗൃഹം വാങ്ങും.

തിരുവോണം

ശാസ്ത്രാവഗാഹമുള്ളവരും പ്രശ്സതരുമായിരിക്കും. ധനികരാണെങ്കിലും ചെലവു കൂടുതലായിരിക്കും.

ദേവത : വിഷ്ണു, മൃഗം : വാനരൻ,

പക്ഷി : കോഴി, വൃക്ഷം : എരിക്ക്

പുതുവർഷ ഫലം

സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും കടബാധ്യതകൾ ഉ ള്ളതിനാൽ മിച്ചാനുഭവങ്ങൾ കുറയും. അത്യാഹിതത്തി ൽ നിന്നു രക്ഷപെടും. അധ്വാനവും ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മാതാവിന് അസുഖങ്ങൾ വർധിക്കും.ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര മേഖലയിൽ പ്രവേശിക്കും. കടം കൊടുത്ത സംഖ്യയ്ക്കു പകരം രേഖാപരമായി ഭൂമി ലഭിക്കാനിടവരും.

വ്യവഹാരാദികളിൽ പരാജയമുണ്ടാകും. അനുചിതപ്രവൃത്തികളിൽ ഏർപ്പെട്ട പുത്രനെ രക്ഷിക്കാൻ സുഹൃത്തിന്റെ സഹായം തേടും. വിവാഹം തീരുമാനമാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം.അസുഖങ്ങൾ വർധിക്കുന്നതിനാൽ ആശുപത്രി വാസം വേണ്ടിവരും. അപവാദാരോപണങ്ങളിൽ നിന്നു കുറ്റവിമുക്തമായതിനാൽ ആശ്വാസമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. അന്യരുടെ കാഴ്ചപ്പാടിൽ ധനാഢ്യനെന്നു തോന്നുന്ന വിധത്തിൽ ജീവിക്കാനിടവരും. നിരവധി ചുമതലകൾ ഏറ്റെടുക്കേണ്ടതായി വരും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. അനാരോഗ്യകരമായ അവസ്ഥാ വിശേഷത്താൽ പലപ്പോഴും അവധിയെടുക്കാനിടവരും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുക, പണം കടം കൊടുക്കുക തുടങ്ങിയവ അരുത്. അവഗണിക്കപ്പെട്ട അവസ്ഥകൾ മാറി പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.

അവിട്ടം

നേതൃത്വഗുണമുള്ള ഇവർ സംഗീതം, നാടകം എ ന്നിവയിൽ തൽപരരായിരിക്കും.

ദേവത: വസുക്കൾ, മൃഗം: സിംഹം,

പക്ഷി: മയിൽ, വൃക്ഷം: വഹ്നി

പുതുവർഷ ഫലം

മംഗളവേളയിൽ വച്ച് വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകുന്നത് പുതിയ ആശയങ്ങൾക്കും പ്രവർത്തനതലങ്ങൾക്കും ചിന്തകൾക്കും വഴിയൊരുക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. വിദഗ്ധ ചികിത്സകളാലും ഭക്ഷണ ക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിക്കും. മുൻകോപം നിയന്ത്രിക്കണം. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കുന്നതിനുള്ള അവസരം വന്നുചേരും. സഹായ മനസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.

അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. ഏറ്റെടുത്ത കർത്തവ്യങ്ങൾ അശ്രാന്ത പരിശ്രമത്താൽ നിറവേറ്റാനും തന്മൂലം കൃതാർഥതയ്ക്കും യോഗമുണ്ട്. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിൽ ആത്മാഭിമാനം തോന്നും. ജാതിമതഭേദമില്ലാതെ പ്രവർത്തിക്കുന്നതിനാൽ പൊതുജനപ്രീതി നേടും. അധികാരങ്ങളും പണമിടപാടുകളും മറ്റൊരാളെ ഏൽപ്പിച്ചുകൊണ്ടുള്ള വ്യാപാര വ്യവസായങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. ഈശ്വരപ്രാർഥനകളാൽ ഇന്റർവ്യൂ, കലാ–കായിക മത്സരങ്ങൾ,പരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയവയിൽ വിജയിക്കും.വ്യവഹാരവിജയത്താൽ അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. സമാനസംസ്കാരമുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാനവസരമുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാവുകയില്ലെങ്കിലും മേലധികാരിയുടെ പ്രവൃത്തികൾക്കൂടി നിവർത്തിക്കേണ്ടി വരും. പകർച്ചവ്യാധി പിടിപെടാനും വിദേശ ഉദ്യോഗം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ചതയം

സംസാരപ്രിയരായ ഇവർ ജനസമ്മതരായിരിക്കും. ഏതു കാര്യങ്ങളും എളുപ്പത്തിലാക്കാൻ സൂത്രങ്ങൾ ക ണ്ടെത്തും. ശത്രുക്കളെ സ്നേഹിച്ച് വശത്താക്കും.

ദേവത: വരുണൻ, മൃഗം: കുതിര,

പക്ഷി: മയിൽ, വൃക്ഷം: കടമ്പ്

പുതുവർഷ ഫലം

സദ്ചിന്തകളാൽ സജ്ജനസംസർഗം ഉണ്ടാകും. ഈശ്വരപ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. സങ്കുചിത മനോഭാവം ഉപേക്ഷിച്ചു വിശാല മനസ്ഥിതിയോടു കൂടിയ സമീപനം സൽകീർത്തിക്കും സ ജ്ജനപ്രീതിക്കും വഴിയൊരുക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. വലിയ വാഹനം വാങ്ങുവാൻ അവസരമുണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. വിദേശബന്ധമുള്ള വ്യാപാര–വിതരണമേഖല പുനരാരംഭിക്കും. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ വിജയസാധ്യത കുറയും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് അകാരണമായ ഉദാസീനമനോഭാവവും ഉണ്ടാകും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു യുക്തിപൂർവം പിന്മാറും.

പ്രവർത്തന മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. നിയുക്ത പദവിയിൽ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യുവാൻ സാധിക്കും. ആധുനിക സംവിധാനവും പൗരാണിക സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യുവാനിടവരും. സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി രക്ഷിതാക്കൾ നിശ്ചയിക്കുന്നതിനു തയാറാകും. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും.

പൂരുരുട്ടാതി

സ്വന്തം ജോലി ചിട്ടയോടെ ചെയ്യുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സൗമ്യസ്വഭാവക്കാരായ ഇവർ പൊതുവേ ദീർഘായുസ്സുള്ളവരായിരിക്കും.

ദേവത: അജൈകപാത്, മൃഗം: നരൻ,

പക്ഷി: മയിൽ, വൃക്ഷം: തേൻ‌മാവ്

പുതുവർഷ ഫലം

സുഹൃദ് സഹായഗുണത്താൽ പുതിയ പ്രവർത്തനമേഖലകൾക്കു തുടക്കം കുറിക്കും. മാതാപിതാക്കളെ വിദേശത്തേക്കു കൊണ്ടുപോകാൻ സാധിക്കും. മുൻകോപമുള്ള മേലധികാരിയുടെ സ്ഥലംമാറ്റം ആശ്വാസമുണ്ടാക്കും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും അനുഭവജ്ഞാനമുള്ളവരുടെ നിർദേശം തേടാതെ പണം മുടക്കരുത്. സംതൃപ്തിയുള്ള ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. മുൻകോപം നിയന്ത്രിക്കണം. പുത്രന്റെ നിർബന്ധത്താൽ പൂർവിക സ്വത്ത് ഭാഗം വയ്ക്കാനിടവരും. ഊഹക്കച്ചവടത്തിൽ നഷ്ടമുണ്ടാകും. അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കുടുംബത്തിലെ അകാരണ കലഹത്താൽ മാറിത്താമസിക്കാൻ നിർബന്ധിതനാകും. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്താനിടവരും. ഗൃഹനിർമാണം പൂർത്തീകരിച്ച് താമസം തുടങ്ങും. വാഹനം മാറ്റി വാങ്ങാനിടവരും. ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായി പദ്ധതി സമർപ്പണത്തിന് അംഗീകാരം ലഭിക്കും.

നഷ്ടപ്പെട്ടു എന്നു കരുതുന്ന പൂർവിക സ്വത്ത് ഏറെക്കുറെ തിരിച്ചു ലഭിക്കാൻ ധാരണയാകും. ജന്മനാട്ടിലേക്കുള്ള പുനരധിവാസത്തിന് അകാരണ തടസ്സങ്ങൾ അനുഭവപ്പെടും. ചില ചുമതലകൾ കീഴ്ജീവനക്കാരെ ഏൽപിച്ചു മേലധികാരിയുടെ പദ്ധതിക്കു സഹായിക്കുന്നതു പ്രവൃത്തി പരിചയത്തിനു വഴിയൊരുക്കും. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. വിഭാവനം ചെയ്ത പദ്ധതികൾ ഡിസംബറോടു കൂടി പ്രാബല്യത്തിലും ഫലത്തിലും വന്നുചേരും. ഹൃദ്–നാഡീരോഗ പീഡകളാൽ ആശുപത്രിവാസവും വിശ്രമവും വേണ്ടിവരും. അഭിമാനത്തെ ചോദ്യം ചെയ്തതിൽ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗമുപേക്ഷിക്കരുത്.

ഉത്രട്ടാതി

ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കുന്ന ഇവർ അധാര‍്‍മ്മികതയോട് പോരാടുന്നവരായിരിക്കും.

ദേവത : അഹിർബുധ്‌നി മൃഗം : പശു

പക്ഷി : മയിൽ വൃക്ഷം : കരിമ്പന

പുതുവർഷ ഫലം

ഉപരിപഠനത്തിനു പ്രതീക്ഷിച്ചതിലധികം പണം ചെലവാകും. വാഹന ഉപയോഗത്തിൽ പരമാവധി സൂക്ഷ്മത പുലർത്തുക. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം തൊഴിൽമാറ്റമുണ്ടാകും. സഹോദരസുഹൃത് സഹായത്താൽ നിലനിൽപിനാധാരമായ ഉദ്യോഗം ലഭിക്കും. ലാഭം കുറഞ്ഞ കരാർ ജോലികൾ ഉപേക്ഷിക്കുകയാകും നല്ലത്. മാതാവിനും മാതൃബന്ധുക്കൾക്കും ദോഷകാലമാണ്. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രത്യക്ഷവും പരോക്ഷവുമായി സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായ സഹകരണങ്ങൾ വന്നുചേരുന്നത് ആശ്വാസമാകും.

സ്വന്തം കാര്യങ്ങൾ നീക്കിവച്ച് അന്യരുടെ കാര്യങ്ങളി ൽ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ചു മറ്റൊന്നിനു ശ്രമിക്കുന്നത് അബദ്ധമാകും. അദൃശ്യമായ ഈശ്വര സാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. വരവിൽ കവിഞ്ഞ് ചെലവ് വർധിക്കുന്നതിനാൽ കടം വാങ്ങേണ്ടതായി വരും. വേണ്ടപ്പെട്ടവരുടെ അ കാലവിയോഗം അതീവ ദുഃഖത്തിനു വഴിയൊരുക്കും. പലരോടും സഹാനുഭൂതിയും സഹായമനസ്ഥിതിയും തോന്നുമെങ്കിലും സ്വന്തം നിലനിൽപിനു നിദാനമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടരുത്. നഷ്ടപ്പെട്ടു എന്നു കരുതുന്ന ആഭരണം തിരിച്ചു ലഭിക്കും. വിഷഭീതിയുണ്ടാകാതെ സൂക്ഷിക്കണം. സമയോചിതമായ ഇടപെടലുകളാൽ ഭീമമായ നഷ്ടപ്പെടലുകളിൽ നിന്നു രക്ഷപ്പെടും. ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അധ്വാനവും പ്രയത്നവും യാത്രാക്ലേശവും പരസഹായവും േവണ്ടിവരും.

രേവതി

പ്രണയാതുരമായ ഹൃദയമുണ്ടാകും. ഏതു കാര്യത്തിലും മത്സരബുദ്ധിയോടെ പ്രവർത്തിക്കും.

ദേവത: പുഷാവ്, മൃഗം: ആന,

പക്ഷി: മയിൽ, വൃക്ഷം: ഇരിപ്പ

പുതുവർഷ ഫലം

വർഷങ്ങൾക്കുശേഷം യാഥാർഥ്യം മനസ്സിലാക്കിയ സ ഹോദരങ്ങൾ ലോഹ്യം കൂടാൻ വരും. പലപ്പോഴും ഓർമക്കുറവ് അനുഭവപ്പെടും. പകർച്ചവ്യാധി പിടിപെടും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഔദ്യോഗിക മേഖ ലയിലെ സമ്മർദത്താൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും. ഉയരങ്ങൾ പിടിച്ചടക്കാനുള്ള ത്വരയിൽ ഉപകാരം ചെയ്തവരെ മറക്കരുത്. സംരക്ഷിക്കപ്പെടേണ്ടവരിൽ നിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരുന്നതിനാൽ മാനസിക സംഘർഷം വർധിക്കും. അസമയങ്ങളിലുള്ള യാത്ര ഉപേക്ഷിക്കണം. അനാരോഗ്യത്താൽ പലപ്പോഴും ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. ഔദ്യോഗിക തലത്തിൽ ചുമതലകളും യാത്രാക്ലേശവും അധികാരപരിധിയും വർധിക്കും.

രേഖയില്ലാത്ത പണമിടപാടുകളിൽ കഷ്ടനഷ്ടങ്ങളും മാനഹാനിയും വന്നുചേരും. വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. മേലധികാരിയുടെ അനാവശ്യ സംശയങ്ങൾക്കു വിശദീകരണം നൽകാൻ നിർബന്ധിതനാകും. വാഹന ഉപയോഗത്തി ൽ ശ്രദ്ധിക്കണം. നിയുക്ത പദവിയിൽ നിന്നും സ്ഥാനചലനം ഉണ്ടാകും. ഗതാഗത നിയമം പാലിക്കാത്തതിനാൽ ഒന്നിലധികം തവണ പിഴ അടയ്ക്കേണ്ടതായി വരും. നിലനിൽപിന് വിഘാതമായ പ്രവർത്തനങ്ങൾ എല്ലാ വിഭാഗത്തിൽ നിന്നുമുണ്ടാകുമെങ്കിലും ആത്മധൈര്യത്തോടു കൂടി പ്രവർത്തിച്ചാൽ അതിജീവിക്കുവാനാകും.