Thursday 20 October 2022 04:25 PM IST

‘ഷംസീർ മിശ്രവിവാഹിതനാണെന്നാണ് എതിർപാർട്ടിക്കാരുടെ പ്രചരണം’: സഹല നൽകുന്ന മറുപടി: കുടുംബസമേതം സ്പീക്കർ

Roopa Thayabji

Sub Editor

shamseer-vanitha

സർക്കസിന്റെ നാടാണു തലശ്ശേരി. പക്ഷേ, ഈ നാട് രാഷ്ട്രീയ സർക്കസുകൾക്ക് അരങ്ങായിട്ടില്ല. ഒപ്പം നിൽക്കുന്നവരെ ‘സഖാവാ’യി ചേർത്തുപിടിക്കുന്നതാണ് ശീലം. ഉ റച്ച നിലപാെടടുക്കുകയും അതിലുയരുന്ന ശബ്ദത്തിന് ഉരുക്കു പോലെ കരുത്തുണ്ടാകുകയും ചെയ്യുമെന്നതാണ് കണ്ണൂരുകാരുടെ ‘മാനിഫെസ്റ്റോ.’ അതാണ് എ.എൻ. ഷംസീറിന്റെയും മേൽവിലാസം.

നിയമസഭാ സ്പീക്കറായി ചുമതലയേറ്റെടുത്തതിന്റെ 15ാം ദിവസമാണ് ഷംസീറിനെ കണ്ടത്, കണ്ണൂരിലെ ‘ഹൗസി’ൽ വച്ച്. ഭാര്യ ഡോ.പി.എം. സഹലയ്ക്കും മകൻ ഇസാനുമൊപ്പം ഇരിക്കുമ്പോൾ ‘സഭയുടെ നാഥൻ’ തനി ഗൃഹനാഥനായി.

സ്പീക്കർ പദവി അപ്രതീക്ഷിതമായിരുന്നോ ?

തീർത്തും യാദൃച്ഛികമായാണ് ഈ സ്ഥാനത്തെത്തിയത്. സെപ്റ്റംബർ രണ്ടിനാണ് പാർട്ടി തീരുമാനം അറിഞ്ഞത്, മൂന്നിന് ചെന്നൈയിലെ ആശുപത്രിയിൽ പോയി കോടിയേരി ബാലകൃഷ്ണൻ സഖാവിനെ കണ്ടു. എന്നെ കണ്ട് അദ്ദേഹം ചിരിച്ചു. പിന്നെ, കയ്യിൽ മുറുകെ പിടിച്ച് അനുഗ്രഹം പോലെ ‘ന ന്നായി’ എന്നു പറഞ്ഞു. (ഇതെഴുതുമ്പോൾ പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണന്റെ ചിത എരിയുകയാണ്.)

രാഷ്ട്രീയത്തിലേക്കു കൈപിടിച്ചത് കോടിയേരിയല്ലേ ?

ഞങ്ങളുടെ വീടുകൾ തമ്മിൽ നടക്കാവുന്ന ദൂരമേയുള്ളൂ. പണ്ടു ഞങ്ങളുടെ കുടുംബം സോഷ്യലിസ്റ്റ് ആശയങ്ങളോടു ചായ്‌വുള്ളതായിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തലശ്ശേരിയിലും പരിസരത്തും കലാപം അമർച്ച ചെയ്യാൻ മുൻകൈ എടുത്തത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെയാണ്. ഞങ്ങളുടെ തറവാട് വീട് ആക്രമിക്കാൻ വന്നവരെ തടഞ്ഞത് കോടിയേരിയുടെ ഭാര്യാപിതാവ് രാജു മാസ്റ്ററും സഖാക്കളുമായിരുന്നു. കലാപം അവസാനിച്ചതോടെ ഒരു യാഥാർഥ്യം തിരിച്ചറിഞ്ഞു, സഹായിക്കാൻ കമ്മ്യൂണിസ്റ്റുകാരേ ഉള്ളൂ.

രാഷ്ട്രീയ പശ്ചാത്തലമില്ലാതെ രാഷ്ട്രീയത്തിലെത്തി ?

ഉപ്പ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. പത്തുമാസം ലോകമാകെ കറങ്ങിയിട്ട് അഞ്ചുമാസം നാട്ടിലുണ്ടാകും. മക്കൾ നന്നായി പഠിക്കണമെന്നായിരുന്നു ഉപ്പയുടെ നിർബന്ധം. ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത് വീട്ടിലാർക്കും അത്ര താൽപര്യമില്ലായിരുന്നു.

തൊണ്ണൂറുകളുടെ തുടക്കം. ഞാനന്ന് ഒൻപതാം ക്ലാസ്സിലാണ്. സ്കൂൾ ഇലക്‌ഷനിൽ മത്സരിച്ചെങ്കിലും എംഎസ്എഫുകാരനായ കൂട്ടുകാരൻ ത്വാലിബിനോടു തോറ്റു. പത്താം ക്ലാസ്സിൽ ഞാനവനെ തോൽപ്പിച്ചെങ്കിലും സ്കൂൾ ലീഡർ സ്ഥാനത്തേക്കു വിജയിക്കാനായില്ല. തോറ്റുപോയ ഞങ്ങൾ അന്നുച്ചയ്ക്ക് ഒരു കാഴ്ച കണ്ടു. ബ്രണ്ണൻ കോളജിൽ എല്ലാ സീറ്റും തൂത്തുവാരിയ എസ്എഫ്ഐക്കാർപ്രകടനമായി തലശ്ശേരി ടൗണിലേക്കു വരുന്നു. ആ ജാഥ കണ്ടു മോഹിച്ചാണ് പ്രീഡിഗ്രിക്ക് ബ്രണ്ണനിൽ ചേർന്നത്.

സെക്കൻഡ് ഗ്രൂപ്പെടുത്തത് ഡോക്ടറാകാനാണ്. പിന്നീടു പഠിച്ചതു കേട്ടാൽ ചിരി വരും. ഡിഗ്രിക്ക് ഫിലോസഫി. അതു കഴിഞ്ഞ് എൽഎൽബി. എൽഎൽഎമ്മിനു ഹെൽത് കെയർ ലോ ആയിരുന്നു മെയിൻ. സമരം രൂക്ഷമായി ജയിലിലായതോടെ പരീക്ഷ എഴുതിയില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യപരാജയം ഞെട്ടിച്ചോ ?

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയമാണ്. ആ കേസിൽ എനിക്കു ബന്ധമുണ്ടെന്ന് പ്രചരണമുണ്ടായി. അത് എതിർപാർട്ടിക്കാരുടെ ‘ബോംബ്’ ആയിരുന്നു.

അടുത്ത നിയമസഭാ തിര‍ഞ്ഞെടുപ്പിൽ വിജയിച്ചു. ‘ഫൂ ഡ് ചെയിൻ’ പോലെ രസമുള്ളൊരു ട്രയാങ്കിൾ ഉണ്ടതിൽ. എ.പി. അബ്ദുല്ലകുട്ടി മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ചു. മുല്ലപ്പള്ളി എന്നെ തോൽപിച്ചു. ഞാൻ അബ്ദുല്ലക്കുട്ടിയെ തോൽപിച്ചു.

സഹല: പ്രചരണത്തിനു ചെന്ന എന്നോടു പലരും ‘അസ്സലാമു അലൈക്കും’ പറയും. തിരിച്ചു സലാം കൊടുക്കുമ്പോ ൾ അവർ അന്തം വിടും. എതിർപാർട്ടിക്കാരുടെ പ്രചരണം ഷംസീർ മിശ്രവിവാഹിതനാണെന്നും പി. ജയരാജേട്ടന്റെ സഹോദരിയാണ് ഞാൻ എന്നുമാണത്രേ.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകുമാർ എരുവെട്ടി