Friday 13 January 2023 10:28 AM IST

‘ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കണം എന്നൊരു വ്യക്തത വേണം’: വിവാഹ സങ്കൽപ്പത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

Rakhy Raz

Sub Editor

aiswarya-lakshmi-66

Apparently, you are not supposed to talk about the things you love wayyyy too much, So, shhhhh

എന്നൊരു കുറിപ്പും പച്ച ബോർഡിൽ ക്ലിപ്പ് ചെയ്ത വെള്ള പേപ്പറിൽ ‘കുമാരി’ എന്നൊരു പേരും ചേർത്ത് ഇൻസ്റ്റഗ്രാമിൽ ഐശ്വര്യലക്ഷ്മി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഐശ്വര്യയുടെ വരാനിരിക്കുന്ന ചിത്രം ആണ് ‘കുമാരി’ എന്ന് എല്ലാവർക്കും അറിയാം. ആ ‘ശ്‌ശ്‌ശ്‌ശ്’ ഇൽ ഒളിച്ചു വച്ചിരിക്കുന്ന രഹസ്യം, ഐശ്വര്യലക്ഷ്മി ‘കുമാരി’യുടെ സഹസംവിധായിക കൂടിയാണ് എന്നതാണ്.

‘‘ഓരോ സിനിമകൾ കഴിയും തോറും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം കൂടി വരുന്നുണ്ട്. കോമഡി, ഡാൻസ് ഒക്കെ ചെയ്യണം. ഫിലിം മേക്കിങ്ങിന്റെ മറ്റു മേഖലകളും പഠിക്കണം. ഒരേ കാര്യം മാത്രം ജീവിതത്തിൽ ചെയ്തുകൊണ്ടിരിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല’’

ഐശ്വര്യലക്ഷ്മിയാണ് നായിക എന്നു കേട്ടാൽ ‘ബോൾഡ് സ്ത്രീ കഥാപാത്രം’ എന്ന് പ്രേക്ഷകർ ഉറപ്പിക്കും?

സ്ത്രീകൾ അബലകളാണ് എന്നു പറഞ്ഞു കേട്ട് വളർന്നിട്ടുള്ളവരാണ് നമ്മൾ. അറിയാതെ നമ്മുടെ ഉള്ളിലും ഇത് സത്യമാണെന്ന ധാരണ കടന്നുകൂടാം. ബോൾഡ് കഥാപാത്രങ്ങൾ വരുമ്പോൾ അത് വളർന്നുവരുന്ന ത ലമുറയെ സ്വാധീനിക്കും.

സ്വന്തം കാര്യം സ്വന്തമായി ചെയ്യാൻ സ്ത്രീകൾക്ക് കഴിയും എന്നൊരു ബോധം ഇത്തരം കഥാപാത്രങ്ങൾ സമൂഹത്തിന് നൽകിയിട്ടുണ്ട്. അതുകൊണ്ട് അവ എനിക്കിഷ്ടമാണ്. എനിക്ക് ചെയ്യാൻ ഭാഗ്യം കിട്ടിയല്ലോ എ ന്ന് തോന്നിപ്പിച്ച ഒരു സിനിമയാണ് ‘അർച്ചന 31 നോട്ട് ഔട്ട്’. നല്ല പാട്ടുകൾ കോമഡി ഒക്കെയുണ്ട്. സന്തോഷം തന്ന മറ്റൊരു വർക് ‘പൊന്നിയിൻ സെൽവൻ’ ആണ്.

മണിരത്നം സിനിമ ഏതൊരു നടിയുടെയും സ്വപ്നമല്ലേ?

‘പൊന്നിയിൻ സെൽവൻ’ എന്ന മണിരത്നം സിനിമ അ നൗൺസ് ചെയ്തപ്പോൾ തന്നെ സിനിമയ്ക്ക് അടിസ്ഥാനമായ, കൽക്കി കൃഷ്ണമൂർത്തി എന്ന തമിഴ് എഴുത്തുകാരന്റെ നോവൽ ഞാൻ വായിച്ചു തുടങ്ങിയിരുന്നു.‌ അ പ്പോഴാണ് പലരും സ്വപ്നം കാണുന്ന ആ വിളി വരുന്നത്. ‘മണിരത്നം സാറിനെ ചെന്നു കാണണം..’ അത് ‘പൊന്നിയിൽ സെൽവനി’ലേക്കായിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു.

അദ്ദേഹത്തെ കണ്ടപ്പോൾ ‘നോവൽ വായിച്ചു തുടങ്ങി’ എന്നു ഞാൻ പറഞ്ഞു. ‘എങ്കിൽ വായന നിർത്തൂ’ എന്നാണ് സർ പറഞ്ഞത്. നോവലിൽ പറയുന്നതിൽ നിന്നു സിനിമയ്ക്ക് വ്യത്യാസമുണ്ട്. കഥാപാത്രത്തെക്കുറിച്ചുള്ള മുൻധാരണ അഭിനയത്തെ സ്വാധീനിക്കരുത് എ ന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.

എങ്കിലും ഞാൻ നോവൽ വായിച്ചു. സിനിമയിൽ എ ന്റെ ഭാഗം മാത്രമേ ഇപ്പോഴെനിക്ക് അറിയൂ. ഡബ്ബിങ് ചെയ്തപ്പോൾ എന്റേതല്ലാത്ത ചില ഭാഗങ്ങൾ കണ്ടു. മുഴുവനായും സിനിമ എങ്ങനെയായിരിക്കും എന്ന മണിരത്നം മാജിക് കാണാൻ കാത്തിരിക്കുകയാണ് ഞാനും.

കഴിഞ്ഞ വർഷം മലയാളത്തിൽ ഒരു സിനിമ മാത്രം ?

മലയാളത്തിൽ ഞാൻ വളരെ കുറച്ചു പ്രൊജക്റ്റുകളേ ചെയ്യുന്നുള്ളൂ എന്നത് സങ്കടമുള്ള കാര്യമാണ്. മലയാളത്തിൽ ആകുമ്പോൾ അത്രയും നല്ല സിനിമകൾ മാത്രം ചെയ്യണം എന്ന നിർബന്ധമുണ്ട്. മികച്ച ഉള്ളടക്കം ആയിരിക്കണം. 2020 ലാണ് ‘കാണെക്കാണെ’ ചെയ്യുന്നത്. 2021ൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് ‘അർച്ചന 31’. അതിപ്പോൾ 2022ൽ നിൽക്കുന്നു.

തമിഴ്– തെലുങ്ക് സിനിമകളിൽ കുറച്ചുകൂടി പരീക്ഷണാത്മക റോളുകൾ സ്വീകരിക്കുന്നുണ്ട്. എനിക്ക് പുതിയതായി എന്തെങ്കിലും ചെയ്യാൻ ഉണ്ടാകണം, കുറഞ്ഞത് പുതിയ ഒരു പെയറിങ് എങ്കിലും ആകണം എന്നുണ്ട്.

തെലുങ്കിലെ ആദ്യ ചിത്രം ‘ഗോഡ്സെ’ ആണ്. അതിൽ പൊലീസ് ഒാഫിസറാണ്. രണ്ടാമതായി ചെയ്ത തെലുങ്ക് സിനിമ കോവിഡ് കാരണം റിലീസ് ചെയ്യാൻ പറ്റിയിട്ടില്ല. ‘മഹാനദി’ എഴുതിയ പദ്‌മാവതി എന്ന എഴുത്തുകാരിയുടെ സിനിമയാണത്. ഇന്നും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് സങ്കടപ്പെടുത്തുന്ന വളരെ ഗൗരവതരമായ ഉള്ളടക്കമുള്ള സിനിമയാണത്.

തുടക്കത്തിൽ അറിയാത്ത ഭാഷയിൽ എങ്ങനെ മുന്നോട്ട് പോകും എന്ന ചിന്തയുണ്ടായിരുന്നു. അഭിനയിച്ചു തുടങ്ങിയപ്പോൾ ഭംഗിയുള്ള ഭാഷയാണ് തെലുങ്ക് എന്ന് മനസ്സിലായി. വൈകാരികത നിറഞ്ഞു നിൽക്കുന്ന ഭാഷ.

ഇപ്പോൾ തമിഴിലെ പ്രമുഖ കഥാസമാഹാരത്തിലെ അ ഞ്ച് കഥകൾ ആമസോൺ പ്രൈമിനു വേണ്ടി ചെയ്യുന്ന സിനിമയിൽ ഒരു കഥയിൽ ഞാനുണ്ട്. 2019, 2020, 2021 വർഷങ്ങളിലെ പല സിനിമകളും റിലീസ് ചെയ്യാനിരിക്കുന്നേയുള്ളൂ.

തമിഴ് അഭയാർഥികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ‘ജഗമേ തന്തിരം’ എന്ന സിനിമ ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്നു. കാർത്തിക് സുബ്ബരാജിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ഇഷ്ടമായിരുന്നു. ഓഡിഷന് പോയാണ് അവസരം നേടിയെടുത്തത്.

പുറം രാജ്യത്ത് പോയി ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമയായിരുന്നു എനിക്കത്. ശ്രീലങ്കയിൽ നിന്നും അഭയാർഥിയായി എത്തി ലണ്ടനിൽ താമസിക്കുന്ന കഥാപാത്രമാണ്. അവരുടെ യാത്ര വാർത്തകളിൽ വായിച്ചുള്ള അറിവേ എ നിക്കുണ്ടായിരുന്നുള്ളൂ.

അത്തരം അനുഭവങ്ങളുള്ളവരുമായി സംസാരിക്കാനും അവരുടെ യഥാർഥ ജീവിതാനുഭവം അറിയാനും ഈ സിനിമ അവസരം തന്നു.

ഗോവിന്ദ് വസന്തയുമൊത്തുള്ള മനോഹര ചിത്രങ്ങൾ സോ ഷ്യൽ മീഡിയയിൽ ഒരുപാടു പേരെ ആകർഷിച്ചു?

ഞാൻ എംബിബിഎസ് മൂന്നാം വർഷം പഠിക്കുമ്പോൾ ചെയ്ത പരസ്യത്തിന്റെ മ്യൂസിക് ഗോവിന്ദേട്ടനായിരുന്നു. പരസ്യത്തിന്റെ റിലീസ് നടക്കുമ്പോൾ പോലും മ്യൂസിക് ചെയ്തത് ആരാണെന്ന് എനിക്കറിയില്ലായിരുന്നു.

തൈക്കുടം ബ്രിജിന്റെ സംഗീതപരിപാടിയിൽ വച്ച് ഗോവിന്ദേട്ടനും ഭാര്യയും ഐശ്വര്യലക്ഷ്മിയല്ലേ എന്നു ചോദിച്ച് പരിചയപ്പെട്ടു.

പേര് വിളിച്ചു പരിചയപ്പെട്ടു എന്നത് എന്നെ ശരിക്കും സ ന്തോഷിപ്പിച്ചു. താനാണ് മ്യൂസിക് ചെയ്തത് എന്ന് ഗോവിന്ദേട്ടൻ പറഞ്ഞാണ് ഞാനറിഞ്ഞത്.

‘പരസ്യത്തിലെ അഭിനയം വളരെ നന്നായി. സിനിമക ൾ ചെയ്തുകൂടേ’ എന്ന് ആദ്യമായി ചോദിക്കുന്നത് ഗോവിന്ദേട്ടനാണ്. സിനിമകളോടുള്ള എന്റെ സ്നേഹം വളർത്തിയത് അവരാണ്. ആ പരിചയം ഗാഢസൗഹൃദമായി.

ഗോവിന്ദേട്ടന്റെ അച്ഛനും അമ്മയും പാടും, സഹോദരി കവിത എഴുതും. അവരുടെ സംഭാഷണങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് ശരിക്കും രസകരമാണ്.

എന്റെ വീട്ടിൽ അക്കാദമിക്സ് ആണ് കൂടുതലും സംസാരിക്കുന്നതെങ്കിൽ അവരുടെ വീട്ടിൽ കലയെക്കുറിച്ചാണ് സംസാരം ഏറെയും. ഒറ്റ മകളായ എനിക്ക് കുഞ്ഞിലേ കിട്ടാതെ പോയ സഹോദരന്റെയും സഹോദരിയുടെയും സ്നേഹം ഗോവിന്ദേട്ടനും കുടുംബവും എനിക്ക് തരുന്നു.

സിനിമയ്ക്കു മുൻപ് മോഡലിങ്ങിൽ തിളങ്ങിയ താരമാണ്. പ ക്ഷേ, ഒൗട്ട്ഫിറ്റ്സ് ഒക്കെ ഇപ്പോൾ തീർത്തും ലളിതമാണല്ലോ?

ശരിയാണ്. ഫാഷൻ സങ്കൽപങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാറില്ല. െഎ ക്യാച്ചിങ് അല്ലാത്ത, ധരിക്കാൻ സുഖപ്രദമായ വേഷങ്ങൾ മാത്രമേ ഇപ്പോൾ തിരഞ്ഞെടുക്കാറുള്ളൂ. വ്യക്തി എന്ന നിലയിൽ എനിക്കുണ്ടായ മാറ്റത്തിന്റെ ഭാഗമാണത്. വളരെ ശാന്തമായ മനസ്സ് നിലനിർത്താനും സന്തോഷങ്ങളേയും സൗഹൃദങ്ങളേയും ഏറെ വിലമതിച്ചുകൊണ്ട് ജീവിക്കാനുമാണ് ഇപ്പോൾ ഇ ഷ്ടം.

aiswarya-lakshmi-ivw

പെൺകുട്ടികളുടെ വിവാഹപ്രായം ചർച്ചയാകുന്ന കാലത്ത് അർച്ചന 31 നോട്ട് ഔട്ടിലെ നായികയ്ക്ക് പറയാനുള്ളത് ?

ആണായാലും പെണ്ണായാലും കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്. ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത നേടാൻ കുറഞ്ഞത് 25 വയസ്സെങ്കിലും ആകണം എന്നാണ് എന്റെ തോന്നൽ.

എല്ലാവർക്കും അങ്ങനെയാകണം എന്നില്ല. ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കിടണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം. അത് 40 ആകാം, 45 ആകാം. കുടുംബം അല്ല ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വ്യക്തി തന്നെയാണ്.

എനിക്കിപ്പോൾ കരിയറിലാണ് ഫോക്കസ്. ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കണം എന്നൊരു വ്യക്തത കടന്നു വരും വരെയ്ക്കും ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് ഇഷ്ടം. വ്യക്തിജീവിതത്തിൽ ഓരോരുത്തർക്കും ആ വശ്യമായ സ്വകാര്യത വേണം എന്നു ചിന്തിക്കുന്നയാളാണ് ഞാൻ. എങ്കിലും വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെങ്കിൽ തീർച്ചയായും ഞാനത് പറയും.

വനിത 2022ൽ പ്രസിദ്ധീകരിച്ച അഭിമുഖം

രാഖി റാസ്