Wednesday 01 March 2023 04:56 PM IST

‘ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞിട്ടും എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത്’: അശ്വതി– രാഹുല്‍ പ്രണയകഥ

Rakhy Raz

Sub Editor

rahul-aswathy ചിത്രങ്ങൾ: രാഹുൽ രാമചന്ദ്രൻ ഇൻസ്റ്റഗ്രാം

ജീവിതത്തിൽ എന്നും ആ പെൺകുട്ടി കൂടെ വേണം എന്ന് ഒരു പയ്യനു തോന്നുന്നു. ഫോണിലൂടെ മാത്രം അറിഞ്ഞ അവളെ നേരിട്ടു കാണണം. പ്രപോസ് ചെയ്യണം.

പയ്യന്റെ വീട് പാലക്കാട്. പെൺകുട്ടി തിരുവനന്തപുരത്ത്. തൊട്ടടുത്ത പെട്ടിക്കടയിൽ പപ്പടം വാങ്ങാൻ പോലും പോകാൻ അനുവാദമില്ലാത്ത കൊറോണക്കാലത്ത് അവളെ നേരിട്ടെങ്ങനെ കാണും.

‘എന്തെങ്കിലും കാരണമുണ്ടാക്കി തിരുവന്തപുരത്തേക്കു വിട്ടാലോ?’ കഥാനായകൻ സുഹൃത്തിനോടു പറയുന്നു. കഴിഞ്ഞ ദിവസമാണു പഴം മേടിക്കാൻ പോയൊരുത്തനെ പൊലീസ് തൂക്കിക്കൊണ്ടുപോയതെന്നു പറഞ്ഞു സുഹൃത്തു കയ്യൊഴിയുന്നു.

കഥാനായകൻ മറ്റൊരു മാർഗവും കാണാതെ കാത്തിരുന്നു. ഒടുവിൽ കോവിഡ് നിന്ത്രണങ്ങൾ ഒട്ടൊന്ന് ഒഴിഞ്ഞപ്പോൾ വീട്ടുകാരോട് ‘ഒന്നു പുറത്തു പോയിട്ടു ദിപ്പ വരാം’ എന്നു പറ‍ഞ്ഞു കൂട്ടുകാരനുമൊത്ത് തിരുവനന്തപുരത്തേക്കു ബുള്ളറ്റിൽ വച്ചു പിടിച്ചു. പോയിട്ടും പോയിട്ടും തീരാത്തവണ്ണം പാലക്കാടിനും തിരുവനന്തപുരത്തിനും ഇടയ്ക്കു കേരളം നീളുന്നു.

ഈ കഥയിലെ നായകൻ ‘എന്നും സമ്മതം’ പരമ്പരയിലെ നായകൻ രാഹുൽ. നായിക ഇതേ പരമ്പരയിലെ തന്നെ നായിക അശ്വതി. ‌

ശ്ശെടാ, ഇവര് ഒന്നിച്ച് സീരിയലിൽ അഭിനയിച്ചിട്ടും തമ്മിൽ കണ്ടില്ലേ എന്നു തോന്നാം. കണ്ടില്ല. കാരണം പ്രണയിനി അശ്വതിയെ കാണാൻ രാഹുൽ പാലക്കാട്ടു നിന്നു ബുള്ളറ്റിൽ പുറപ്പെടുമ്പോൾ ഇവർ രണ്ടാളും അഭിനയിച്ചു തുടങ്ങിയിരുന്നില്ല.

സ്വർഗത്തിലോ, നമ്മൾ സ്വപ്നത്തിലോ...

‘‘ഉച്ചയോടെ ഞാനും സുഹൃത്തും തിരുവനന്തപുരത്തെത്തി. ആവേശത്തോടെ ഞാൻ അശ്വതിയെ വിളിച്ചു. നെഞ്ചത്തു കത്തി കുത്തിയിറക്കിയതുപോലെ മറുപടി വന്നു. ‘ഞാനൊരു മരണവീട്ടിലാണ് രാഹുൽ. കാണാൻ കഴിയുമെന്നു തോന്നുന്നില്ല.’ നിന്നെ കാണാൻ വേണ്ടി മാത്രമാണു ഞാൻ ഇത്രയും ദൂരം വന്നത് എന്നൊക്കെ പറഞ്ഞിട്ടും അവളുടെ മനസ്സലിയുന്നില്ല. എനിക്ക് ദേഷ്യവും സങ്കടവും തോന്നി. ‘എന്തായാലും പറ്റിയതു പറ്റി, ഇവിടെ എനിക്കൊരു സുഹൃത്തുണ്ട്. അവന്റെ ഹോട്ടലിൽ പോയി ഫൂഡ് അടിച്ചു സമാധാനിക്കാം’ എന്നു സുഹൃത്ത്.

ഫൂഡ് എങ്കിൽ ഫൂഡ് എന്നു കരുതി അങ്ങോട്ടു വ ച്ചു പിടിച്ചു. കൺമുന്നിൽ അതാ ഒരു കിടിലൻ ഹോട്ടൽ. ‘നിനക്ക് ഇത്ര വമ്പൻ ഫ്രണ്ട്സ് ഒക്കെ ഉണ്ടോടേയ്’ എന്നു ചോദിച്ച് കൂട്ടുകാരനെയും കൂട്ടി വലിയ ഡൈനിങ് ഏരിയയുടെ അരികത്തായി ഇരുന്നു.

നടുവിലൊരു ടേബിളിൽ കേക്ക് ഒരുക്കി വച്ചിരുന്നു. അതിനിടെ മുറി നിറയെ പുക നിറഞ്ഞു. സിനിമയില്‍ കാണുന്ന സ്വപ്നസീൻ പോലെ. പുകയുടെ മറവിലൂടെ അതാ, അവൾ വരുന്നു. എന്റെ അശ്വതി...‌‌

‘‘രാഹുലുമായുള്ള സൗഹൃദവും അതു പ്രണയത്തിലേക്കു നീങ്ങിയതും എന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു. രാഹുലിന്റെ വീട്ടിൽ അറിയിച്ചതു ഞ ങ്ങൾ തമ്മിൽ കണ്ട ശേഷമാണ്. എന്റെ അച്ഛൻ രാജേന്ദ്രനും അമ്മ സുജയ്ക്കും അനിയൻ അനന്തുവിനും രാഹുലിനെ എല്ലാ അർഥത്തിലും ഇഷ്ടമായി. അവരുടെ അനുവാദത്തോടെയാണു തമ്മിൽ കാണാൻ നിശ്ചയിച്ചത്. ‌

രാഹുലിനു സർപ്രൈസ് കൊടുക്കണം എന്ന് ആ ഗ്രഹമുണ്ടായിരുന്നു. കൂടെ വന്ന രാഹുലിന്റെ സുഹൃത്തുമായി ചേർന്നാണ് ഇതൊക്കെ പ്ലാൻ ചെയ്ത് ഒരുക്കിയത്. പക്ഷേ, ആ പുക ഞാൻ പറഞ്ഞു സെറ്റ് ചെയ്തതായിരുന്നില്ല. അവർ കറക്ട് സമയത്ത് അന്തരീക്ഷം ക്ലീൻ ചെയ്യാനോ കൊതുകിനെ ഓടിക്കാനോ പുക അടിച്ചതാണ്.’’ അശ്വതിക്ക് ചിരി.

സർപ്രൈസ് നൽകിയ ആദ്യ ചാൻസ്

‘‘അഭിനയിക്കുക എന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നില്ല. പാട്ടായിരുന്നു ഇഷ്ടമേഖല. ഫാംഡി കോഴ്സ് പൂർത്തിയായ സമയത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോ കണ്ട് അഭിനയിക്കാൻ ഓഫറുകൾ വന്നെങ്കിലും എനിക്കോ വീട്ടുകാർക്കോ താൽപര്യമില്ലായിരുന്നു.’’ അശ്വതി പറഞ്ഞു.

‘‘അശ്വതിയെപ്പോലെ ആയിരുന്നില്ല ഞാൻ. അഭിനയിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ആദ്യമൊക്കെ ഫ്ലോപ് ആയിരുന്നെങ്കിലും സാവധാനം ലൈക്കും ഫോളോവേഴ്സും കൂടി വ ന്നു. ബിടെക് കഴിഞ്ഞശേഷം കൊച്ചിയിൽ ഒരു കോഴ്സ് ചെയ്യാൻ വന്ന സമയത്താണു സുഹൃത്ത് വഴി അശ്വതിയെ പരിചയപ്പെടുന്നത്.

ആ സമയം മുതൽ ഒഡീഷന് പോയിത്തുടങ്ങിയിരുന്നു. തമിഴ് അറിയാവുന്നതിനാൽ തമിഴ് സിനിമ–സീരിയൽ ഒ ഡീഷനുകളിലും പങ്കെടുത്തിരുന്നു. അവസരം ഒന്നും വരാതായപ്പോൾ ജോലി തേടി ബെംഗളൂരുവിലേക്കു പോയി. നല്ല ജോലിയില്ലാതെ അശ്വതിയെ സ്വന്തമാക്കാനാകില്ലല്ലോ. ആ സമയത്താണ് ആദ്യ അവസരം വരുന്നത്. തമിഴ് സീരിയലായിരുന്നു, ഷൂട്ട് തിരുവന്തപുരത്തും.’’

ബാക്കി വിശേഷം പറഞ്ഞത് അശ്വതിയാണ്. ‘‘എന്റെ അച്ഛനും അമ്മയ്ക്കും അഭിനയം കരിയറാക്കുന്നത് ഇ ഷ്ടമായിരുന്നില്ല. എങ്കിലും രാഹുലിന് അവസരം ലഭിച്ചപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ല. സാവധാനം രാഹുലിന്റെ വീട്ടിലും ഇഷ്ടം അറിയിച്ചു. രാഹുലിന്റെ അച്ഛൻ രാമചന്ദ്രൻ, അമ്മ സ്മിത. അച്ചമ്മയും അനിയത്തി ദേവികയും അടങ്ങുന്നതാണു കുടുംബം.

രാഹുൽ എന്നെ അഭിനയിക്കാൻ പ്രോത്സാഹിപ്പിക്കുമായിരുന്നു. നിനച്ചിരിക്കാതെ എനിക്കും അവസരം വന്നു. കിട്ടണം എന്ന ആഗ്രഹമില്ലാത്തതിനാലും കിട്ടും എന്ന വിശ്വാസമില്ലാത്തതിനാലും ഒഡീഷന് പങ്കെടുക്കാൻ ടെൻഷൻ ഉണ്ടായില്ല. രാഹുൽ പറഞ്ഞതുകൊണ്ട് അച്ഛനും അമ്മയും അവരുടെ നിലപാടിൽ അയവു വരുത്തി.

എന്നും സമ്മതം പരമ്പരയിലേക്കു സെലക്ട് ആയ വിവരം പ്രൊഡ്യൂസർ ജയകൃഷ്ണൻസാറും ഭാര്യ ബിനി ജയകൃഷ്ണനുമാണ് വിളിച്ചു പറയുന്നത്. അതിനൊപ്പം മറ്റൊരു കാര്യവും പറഞ്ഞു, ‘ഇൻസ്റ്റഗ്രാമിൽ അശ്വതി ഇട്ടിരുന്ന ഫോട്ടോയിലെ പയ്യനാണു നായകൻ’. ഇതു പറയാൻ രാഹുലിനെ വിളിച്ചപ്പോൾ രാഹുലിനു വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു.

ഇപ്പോൾ ഒരു വർഷത്തിലധികമായി ‘എന്നും സമ്മതം’ അഭിനയിച്ചു തുടങ്ങിയിട്ട്. സീരിയലിൽ എന്റെ ഭർത്താവാണ് രാഹുൽ. 30 എപ്പിസോഡിനു ശേഷം മരണപ്പെടുന്ന ക ഥാപാത്രമായിരുന്നു രാഹുലിന്റേത്. പക്ഷേ, കപ്പിൾ ഹിറ്റ് ആയതോടെ എപ്പിസോഡുകളുടെ എണ്ണം കൂടി.

രാഹുലിനൊപ്പം പാർട്ണർ ആയി അഭിനയിക്കുന്നത് തുടക്കത്തിൽ എനിക്കു ചമ്മലായിരുന്നു. ഇപ്പോൾ അനായാസം അഭിനയിക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രഡിറ്റും രാഹുലിനും സംവിധായകൻ ബിനു വെള്ളത്തൂവലിനും അവകാശപ്പെട്ടതാണ്.

റീൽ കപ്പിളിൽ നിന്നും റിയൽ കപ്പിളിലേക്ക്

സീരിയലിലെത്തിയ ശേഷമാണു ഞങ്ങൾ പ്രണയിച്ചത് എന്നാണു പലരും കരുതുന്നത്. ഞങ്ങളൊന്നിച്ചു ചെയ്ത റീലുകൾ മിക്കതും ഹിറ്റായി. റീൽ കപ്പിൾ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. അപ്പോഴൊന്നും പ്രണയവാർത്ത പലർക്കും അറിയില്ല.

ഞങ്ങൾ പ്രണയത്തിലാണ് എന്നറിഞ്ഞ ശേഷം പലരിൽ നിന്നും നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നു. ‘രാഹുലിന് ഞാൻ ചേരുന്നില്ല, വണ്ണം കൂടുന്നു’ തുടങ്ങിയ ബോഡി ഷെയ്മിങ്. രണ്ടുപേർ പരസ്പരം ഇഷ്ടപ്പെടുന്നു എന്നറിഞ്ഞിട്ടും എന്തിനാണ് ഇത്തരത്തിൽ അഭിപ്രായം പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ‘എന്നും സമ്മത’ത്തിലെ കഥാപാത്രത്തിനു വേണ്ടിയാണു വണ്ണം കൂട്ടിയത്. മോശം കമന്റുകൾ വല്ലാതെ വിഷമിപ്പിച്ചിരുന്നു, ഇപ്പോൾ അതൊന്നും കാര്യമാക്കാറില്ല.’’

rahul-aswathy

‘‘ഞങ്ങളുടെ വിവാഹനിശ്ചയം സെപ്റ്റംബർ പതിന്നാലിനായിരുന്നു. നിശ്ചയത്തിനു മുന്നോടിയായാണു യുട്യൂബ് ചാനലിനെക്കുറിച്ചു ചിന്തിക്കുന്നത്. ഞങ്ങൾ എങ്ങനെയാണോ അതേ രീതിയിലാണു വിഡിയോയിൽ വരുന്നത്. ആദ്യ വിഡിയോക്ക് തന്നെ രണ്ടു ലക്ഷത്തോളം വ്യൂസ് കിട്ടി.’’ എന്നു രാഹുൽ.

‘‘സീരിയലിൽ രാഹുലിന്റെ കഥാപാത്രത്തിന്റെ മരണശേഷമാണു യുട്യൂബ് ചാനൽ തുടങ്ങുന്നത്. അതോടെ രാഹുലിനെയും എന്നെയും ഒന്നിച്ചു കാണാൻ ഇഷ്ടമുള്ളവർ ചാനലിലേക്ക് എത്തി.

രാഹുലിന്റെ കഥാപാത്രത്തിന്റെ മരണ സീനുകൾ ചെയ്തുകൊണ്ടിരിക്കെയാണു വീട്ടിൽ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. അതു നന്നായി എന്നു തോന്നുന്നു ഇപ്പോൾ. മരണരംഗം ഷൂട്ട് ചെയ്യുന്നത് എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. ആ രൂപത്തിൽ രാഹുലിനെ നോക്കാൻ തന്നെ ടെൻഷനായിരുന്നു. അഭിനയിക്കുകയാണെങ്കിൽ പോലും അങ്ങനെ കാണേണ്ടി വരുന്നത് ഒരു പെണ്ണിനും സഹിക്കാനാകില്ല. ആ കിടപ്പിൽ കിടന്നു കണ്ണിറുക്കിയും ആംഗ്യങ്ങൾ കാണിച്ചും രാഹുൽ എന്നെ കൂൾ ആക്കി. സീൻ കഴിഞ്ഞ ശേഷം എനിക്കും രാഹുലിനും കിട്ടുന്ന പ്രേക്ഷകരുടെ സ്നേഹം അളവില്ലാത്തതാണ്.

റീൽ കപ്പിളായും റിയൽ കപ്പിളായും അംഗീകാരം നേടിയ സന്തോഷത്തിൽ വിവാഹദിനം സ്വപ്നം കാണുകയാണ് ഞങ്ങളിപ്പോൾ.’’ അശ്വതി രാഹുലിന്റെ കൈ പിടിച്ചു.

രാഖി റാസ്