Thursday 02 February 2023 02:42 PM IST

ഇന്നാണ് ‘സ്ഫടികം’ ചെയ്യുന്നതെങ്കിൽ ആരായിരിക്കും ആടുതോമ? ആ സസ്പെൻസ് വെളിപ്പെടുത്തി ഭദ്രൻ

Vijeesh Gopinath

Senior Sub Editor

bhadran-story

‘സ്ഫടികം’ വീണ്ടും തിയറ്ററിലെത്തുമ്പോൾ സംവിധായകൻ ഭദ്രൻ സംസാരിക്കുന്നു

സിനിമയുടെ ഭൂപടത്തിൽ ‘സ്ഫ ടികം’ റീ റിലീസ് എങ്ങനെയാണ് അടയാളപ്പെടുത്തുക ?

അഡ്വ. മഹിമ മഹാദേവ്, കോട്ടയം

കണ്ടു കണ്ടു മലയാളികൾ ‘കരണ്ടു’ തീ ർന്ന സിനിമയല്ല സ്ഫടികം. ഇപ്പോഴും കണ്ടുകൊണ്ടേയിരിക്കുന്ന, കാണാനാഗ്രഹിക്കുന്ന ഒന്നാണ്. പുതിയ തലമുറ വലിയ സ്ക്രീനിൽ ഈ സിനിമ കണ്ടിട്ടില്ല. പുതിയ ‘സ്ഫടിക’ത്തിൽ പുത്തൻ സാങ്കേതിക വിദ്യയിലൂടെ ശബ്ദവും കാഴ്ചയും മറ്റൊരു തലത്തിലേക്കു മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു അടയാളപ്പെടുത്തലാകണമേ എന്നാണ് എന്റെ ആഗ്രഹം

ഒരു പ്രത്യേക കാലത്ത് സംഭവിച്ച സിനിമയാണു സ്ഫടികം. മനുഷ്യ മനസ്സിനകത്തു തോമ അനുഭവിക്കുന്ന സംഘ ർഷങ്ങൾ എന്നുമുണ്ട്. അതുകൊണ്ടാണു ‘സ്ഫടികം’ കുടുംബങ്ങളുടെ വികാരമായി മാറിയത്. എന്റെ മറ്റൊരു സിനിമയും ഞാൻ റീ റിലീസ് ചെയ്യില്ല.

ഇന്നാണ് ‘സ്ഫടികം’ ചെയ്യുന്നതെങ്കി ൽ ആരായിരിക്കും ആടുതോമ ?

അസ്മിൻ ബക്കർ,

ഇഷാ ഹോളിഡേയ്സ്, കൊച്ചി

ഈ കടൽ നീന്തി കടക്കാൻ ആർക്കു ശേഷിയുണ്ട് എന്നു ചോദിക്കുന്നതു പോലെയാണത്. അങ്ങനെയൊരാൾ ഇനി ഉണ്ടാകുമോ എന്നും അറിയില്ല. സംഭവിക്കേണ്ട കാലത്ത് അതു സംഭവിച്ചു. ആ ചിന്തയ്ക്ക് ഇന്നു പ്രസക്തിയില്ല. അതിൽ വന്നു ചേരാനുള്ള നടീനടന്മാർ അന്നുണ്ടായി.

സത്യസന്ധമായി പറഞ്ഞാല്‍ ആടുതോമയുടെ രൂപത്തിലേക്കു മോഹൻലാൽ പോലും ഇന്നു ഫിറ്റാണെന്നുതോന്നുന്നില്ല. അഭിനയത്തിന്റെ വിരുന്നു നഷ്ടപ്പെട്ടെന്നല്ല അതിന്റെ അർഥം, ഇന്നത്തെ മോഹൻലാലിലൂടെ അല്ല ആ സിനിമയെ കാണേണ്ടത്. തിലകൻ, നെടുമുടിവേണു, കെപിഎസിലളിത, രാജൻ പി. ദേവ്, കരമന... ഇവർക്കൊക്കെ പകരം ആരെ വയ്ക്കും?

കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന ടോക്സിക് പേരന്റിങ്ങിൽ നിന്നാണോ ‘സ്ഫടികം’ പിറന്നത് ?

ദീപു എം. നായർ, ദുബായ്

അത്ര മോശം കുട്ടിക്കാലത്തു കൂടിയല്ല ഞാൻ വളർന്നത്. അപ്പൻ കാലോചിതമായി മാറിയ ആളായിരുന്നു. പഠിച്ചാൽ നിനക്കു കൊള്ളാം എന്നേ പറഞ്ഞിരുന്നുള്ളൂ. എങ്കിലും നന്നായി പഠിക്കുന്നവർ അപ്പുറത്തുണ്ടാവുകയും പരാതികൾ സ്കൂളിൽ നിന്നു കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ‘അവനെ കണ്ടുപഠിക്കെടാ’ എന്ന താരതമ്യപ്പെടുത്തലുകൾ ഒരുപാടു കേട്ടിട്ടുണ്ട്.

പക്ഷേ, സ്കൂള്‍ ജീവിതത്തിലെല്ലാം ചാക്കോമാഷിന്റെ പല ഭാവങ്ങൾ കണ്ടിട്ടുണ്ട്. ക്ലാസിൽ നിന്നു ‘ബ്ലഡി ഫെ ലോ ഗെറ്റ് ഒൗട്ട്’ എന്നലറിയ മാഷുമാരുടെ ശബ്ദം ഇപ്പോഴും കാതിലുണ്ട്. അതു മായില്ല.

റീ റീലീസ് എന്ന തോന്നലിലേക്ക് എ ങ്ങനെ എത്തി ?

പ്രവീൺ, ശ്രീപദം, നെടുമങ്ങാട്, തിരുവന്തപുരം

കഴിഞ്ഞ പത്തു വർഷമായി മനസ്സിലുള്ള ചിന്തയാണിത്. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ‘ഈ സിനിമ ബിഗ്സ്ക്രീനിൽ കാണാൻ സാധ്യതയുണ്ടോ’ എന്ന ചോദ്യം വന്നിരുന്നു.

സിനിമയുടെ ഫിലിം ഉണ്ടോ എന്നറിയാൽ ചെന്നൈയിലെ ലാബിൽ ചെന്നപ്പോൾ തലയിൽ കൈവച്ചു കരഞ്ഞു പോയി. കുടുസ്സു മുറിക്കകത്തു കുറേ നെഗറ്റീവുകൾ കെട്ടിക്കിടക്കുന്നതിനൊപ്പം എന്റെ ‘സ്ഫടിക’വും. പരിശോധിച്ചപ്പോള്‍ ക്ലൈമാക്സിലേക്കുള്ള മൂന്നു നാലു റീലുകൾ കേടായിപോയിരുന്നു. സങ്കടത്തോടെ നിർമാതാവ് ഗുഡ്നൈറ്റ് മോഹനെ വിളിച്ചു. അദ്ദേഹം പറഞ്ഞു,‘ഒട്ടും സങ്കടപ്പെടേണ്ട ഹാർഡ് ഡിസ്കിലേക്ക് മാറ്റിയിട്ടുണ്ട്.’ അന്നു നാൽപ്പത്തിയഞ്ചു ലക്ഷം രൂപയായിരുന്നു ബ ജറ്റ്. പുതിയ മാറ്റങ്ങൾക്കു മാത്രം അതിന്റെ മൂന്നിരട്ടിയായി.

നല്ല കഥകൾ ഇല്ലെന്നതാണു മലയാള സിനിമ നേരിടുന്ന വലിയ പ്രതിസന്ധി എന്നു തോന്നിയിട്ടുണ്ടോ? അടുത്ത സിനിമ എന്നാണ് ?

മാളവിക ഗോപകുമാർ, വിദ്യാർഥിനി, കോട്ടയം

നല്ല കഥകൾ വരുന്നില്ല എന്നതു സത്യം തന്നെയാണ്. അതുകൊണ്ടു തന്നെ ദു ർലഭമായാണു നല്ല സിനിമകൾ സംഭവിക്കുന്നത്.

ചെറുപ്പക്കാർ കഴിവു കാണിക്കാൻ ശ്രമിക്കുന്നതും അറിയാൻ ശ്രമിക്കുന്നതും ക്യാമറയെ കുറിച്ചും ലൈറ്റുകളെ കുറിച്ചുമാണ്. അത്തരം പ്ലാറ്റ്ഫോമുകളിലേക്കാണ് അവരുടെ കൂടുതൽ ശ്രദ്ധ. എന്നാൽ ആദ്യം നി ൽക്കേണ്ടതു കഥയാണ്. അതിനനുസരിച്ചു വേണം ബാക്കിയെല്ലാം. അരി വിതറുന്നതു പോലെ ഡ്രോൺഷോട്ടുകൾ വച്ചിട്ടു കാര്യമില്ല. ആ പഞ്ചിൽ അത് ഉപയോഗിക്കുമ്പോഴാണു ഭംഗി.

മോഹൻ‌ലാലുമൊത്തുള്ള ഒരു വലിയ സിനിമയുടെ ആ ലോചനയിലാണിപ്പോൾ. മുൻപു പാതിവച്ചു നിർത്തേണ്ടി വന്ന ജൂതൻ എന്ന സിനിമയും ആരംഭിക്കണം.

സംവിധാനം ചെയ്യാത്ത സമയത്തും പഠിക്കുകയാണ്. ഞാൻ ചെയ്യുന്നതാണു കൃത്യമായ സിനിമ എന്നുള്ള മ ണ്ടൻ സിദ്ധാന്തങ്ങളൊന്നുമില്ല. സിനിമ കാണും തോറും നമ്മൾ ശിശു ആയിക്കൊണ്ടേയിരിക്കും. സ്ഫടികമാണു ലോകത്തിലെ ആത്യന്തിക സിനിമ എന്ന ചിന്തയില്ല. ഞാൻ ഇരുട്ടത്തു കൂളിങ് ഗ്ലാസ് വച്ചു നിൽക്കില്ല. ആ ബോധ്യം എന്നുമുണ്ട്.

വിജീഷ് ഗോപിനാഥ്