Wednesday 21 December 2022 03:35 PM IST

‘അഭിനയ മോഹത്തിനു മുന്നിൽ വാപ്പ ആ ഒരൊറ്റ ഡിമാൻഡ് മാത്രമേ വച്ചുള്ളൂ’: കൊത്തിലെ സൈക്കോ പുയ്യാപ്ല: ഹക്കി ഇനി നായകൻ

Roopa Thayabji

Sub Editor

hakeem-shah

സഹനടനും സഹസംവിധായകനുമായി തിളങ്ങിയ ഹക്കിം ഷാജഹാൻ ഇനി നായകൻ

‘കൊത്തി’ലെ സൈക്കോ

നിക്കാഹ് നടത്തിയ പെണ്ണിനെ എങ്ങനെയും വീട്ടിലേക്കു കൊണ്ടുപോകുമെന്നു വാശി പിടിക്കുന്ന പുയ്യാപ്ല. ‘കൊത്തി’ലെ കഥാപാത്രം അങ്ങനെയൊരു സൈക്കോയാണ്. ശരിക്കും ഞാൻ സൈക്കോയല്ല കേട്ടോ. ഈ വികാരങ്ങളെല്ലാം എല്ലാ മനുഷ്യരുടെയും ഉള്ളിലുണ്ടാകും. ചിലരിൽ ഏറിയും കുറഞ്ഞുമിരിക്കും, അത്രേയുള്ളൂ. ചെറിയ വേഷമായാലും നായകനാണെന്നു സങ്കൽപിച്ചാണ് അഭിനയിക്കുക. ‘കൊത്തി’ൽ എന്റെ നാട്ടുകാരൻ കൂടിയായ ആസിഫ് അലിയല്ലേ നായകൻ. ആസിഫ് ആദ്യ സിനിമയിൽ നായകനായപ്പോൾ ഞാൻ ഡിഗ്രിക്കു പഠിക്കുന്നേയുള്ളൂ.

ആക്ട് ലാബ് ടു സിനിമ

അഭിനയമാണു വഴിയെന്നു മനസ്സിലുറപ്പിച്ചത് ആക്ട് ലാബ് കാലത്താണ്. ഒരേ ചിന്തയുള്ള ആളുകൾക്കൊപ്പം നിന്നതു കൊണ്ടാണു പരിശ്രമം മടുക്കാതിരുന്നത്. ആറു വർഷത്തോളം അവിടെ നിന്നു. ഒരിക്കൽ 10 ദിവസത്തെ ആക്ടിങ് ക്യാംപിനു പിന്നാലെ സംവിധായകൻ മാ ർട്ടിൻ പ്രക്കാട്ട് വന്നു. ഞാനും സുഹൃത്തുക്കളും ചേർന്ന് സ്കിറ്റ് അവതരിപ്പിച്ചതു കണ്ട് എന്നോടു കുശലം ചോദിച്ചു. അന്നെനിക്ക് നല്ല താടിയുണ്ട്. ‘നിനക്ക് താടി എടുക്കാൻ ബുദ്ധിമുട്ടുണ്ടോ’ എന്ന ചോദ്യം കേട്ടപ്പോൾ തന്നെ ചിലപ്പോൾ ചാൻസ് കിട്ടുമെന്നൊരു വിചാരം മനസ്സിൽ വന്നു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ‘എബിസിഡി’യിൽ വേഷമുണ്ടെന്നു പറഞ്ഞു വിളിയെത്തി.

കടസീലെ ബിരിയാണി

ആയിടയ്ക്ക് തിയറ്റർ ആർട്ടിസ്റ്റിനെ തേടി ഒരു തമിഴ് ടീമെത്തി. അങ്ങനെ ‘കടസീലെ ബിരിയാണി’യിൽ നായകനായി. അതിലും സൈക്കോ വേഷമാണ്. 2016ൽ ഷൂട്ടിങ് കഴിഞ്ഞെങ്കിലും ലോക്ഡൗൺ സമയത്താണ് എഡിറ്റ് ചെയ്ത സിനിമ, സംവിധായകൻ അയച്ചുതന്നത്. വിജയ് സേതുപതിയും ആ സിനിമ കണ്ടു. പ്രൊജക്ടിന്റെ ഭാഗ മാകണം എന്ന ആഗ്രഹപ്രകാരം അദ്ദേഹത്തെ വച്ച് ക്ലൈമാക്സ് വീണ്ടും ഷൂട്ട് ചെയ്തു. അതിന്റെ റിലീസിനു ശേഷമാണ് കരിയർ മാറിയത്. ഫ്രീഡം അറ്റ് മിഡ്നൈറ്റ്, അ ർച്ചന 31, നായാട്ട്, ഡിയർ ഫ്രണ്ട്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്... സിനിമയിൽ ഞാനും തിരക്കിലായി.

മോഹം പണ്ടേയുണ്ട്

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അഭിനയവും സ്റ്റേജുമാണു ഹരം. പ്ലസ്ടു പാസായ സമയത്തു സിനിമയാണു മോഹമെന്നു വീട്ടിൽ പറഞ്ഞു. വാപ്പ ഒറ്റ ഡിമാൻഡ് മാത്രമേ വച്ചുള്ളൂ, ഡിഗ്രി പാസാകണം. സിനിമ അത്ര ഗ്യാരന്റിയില്ലാത്ത മേഖലയാണെന്ന പേടി ഉണ്ടായിരുന്നു അവർക്ക്. എങ്കിലും അഭിനയമോഹത്തിൽ നിന്നു തടഞ്ഞില്ല. മൂവാറ്റുപുഴ നിർമല കോളജിൽ ബികോം ടാക്സേഷനു പഠിക്കുന്ന കാലത്തേ ഓഡിഷനുകൾക്കു പോകും. കോഴ്സ് പാസായ ശേഷം മുഴുവൻ സമയ പരിശ്രമമായി. അന്നു കണ്ട സുഹൃത്തുക്കളിൽ നിന്നാണ് ആക്ട് ലാബിനെ കുറിച്ചറിഞ്ഞത്.

അഭിനയത്തിന്റെ എബിസിഡി

ആദ്യമായി സിനിമാ ഷൂട്ടിങ് കാണുന്നതു തന്നെ അന്നാണ്. എന്റെ ആദ്യ ഷോട്ട് ദുൽഖർ സൽമാനൊപ്പമാണ്, ആ മുഖത്തു നോക്കി പറയുന്ന കൗണ്ടർ ഷോട്ട്. ആ ടേക്ക് 25 വട്ടം നീണ്ടെങ്കിലും ഞാൻ തളർന്നില്ല. പിന്നാലെ കുറച്ചു സിനിമകളും നാടകം എഴുതി സംവിധാനവുമൊക്കെയായി നാളുകൾ പോകുന്നതിനിടെയാണ് ‘ചാർലി’യുടെ കാസ്റ്റിങ് കോൾ കണ്ടത്. നേരേ ചെന്ന് അസിസ്റ്റന്റ് ഡയറക്ടറാകാൻ ചാൻസ് ചോദിച്ചു. ആ സിനിമയിൽ ‘അഭിനയിച്ചില്ല’ എന്നു ടെക്നിക്കലായി പറയാനാകില്ല. ആദ്യ ഷെഡ്യൂൾ ബ്രേക്കിൽ ദുൽഖർ പോർച്ചുഗലിലേക്കു പോയപ്പോൾ ഒരു സീനിൽ ദുൽഖറിന്റെ കോസ്റ്റ്യൂമിൽ ‍ഞാൻ ഡ്യൂപ് ആയി. ദുൽഖർ തിരികെവന്നപ്പോൾ മുഖം മാത്രം മാച്ച് ചെയ്ത് ഷോട്ട് വീണ്ടുമെടുത്തു.

വരാനുണ്ട് നായകൻ

ഡിസംബറിൽ റിലീസാകുന്ന ‘ടീച്ചറി’ൽ അമല പോളിന്റെ ഭ ർത്താവിന്റെ വേഷമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നായകവേഷമാണത്. വെട്രിമാരൻ നിർമിക്കുന്ന തമിഴ് സിനിമയും മലയാളത്തിൽ ‘പ്രണയവിലാസ’വും റിലീസിനൊരുങ്ങുന്നു. തമിഴിലും തെലുങ്കിലുമൊക്കെ പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. തൊടുപുഴയിലാണ് വീട്. ഉപ്പ ഷാജഹാനും ഉമ്മ സുഹർബാനും എന്റെ സിനിമകൾ കണ്ട് ഹാപ്പിയാണ്. അനിയത്തി രഹന കല്യാണം കഴിഞ്ഞു കുട്ടികളൊക്കെയായി വിദേശത്താണ്. അനിയൻ ഹബീബ് ഡിഗ്രിക്കു പഠിക്കുന്നു.

രൂപാ ദയാബ്ജി