Monday 16 January 2023 12:12 PM IST

‘എനിക്കപ്പോൾ 23 വയസ്, ആരോഗ്യം മോശമായി തുടങ്ങി... മറ്റൊരാള്‍ എന്നെ സംരക്ഷിക്കുമെന്ന് വിശ്വസിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല’

V.G. Nakul

Sub- Editor

mamtha-mohan-das-ivw

വേദനകളെ മായ്ക്കാൻ പോന്ന നിറപുഞ്ചിരി. മലയാളിക്ക് മംമ്ത മോഹൻദാസ് വെറുമൊരു അഭിനേത്രി മാത്രമല്ല. ആത്മവിശ്വാസത്തിന്റെ കെടാവിളക്കാണ്. ജീവിതത്തിൽ തന്നെ തേടിയെത്തിയ രോഗപീഡകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സിനിമയെക്കുറിച്ചും പറയുമ്പോഴൊക്കെ മംമ്തയുടെ കണ്ണിൽ ആ തിളക്കം കാണാം. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. ആ പ്രതിസന്ധിയേയും ആത്മവിശ്വാസത്തോടെ നേരിടുമ്പോൾ മംമ്ത വനിതയോടു പറഞ്ഞ വാക്കുകളും പ്രസക്തമാകുകയാണ്. ജീവിതം, സിനിമ, സ്വപ്നങ്ങൾ... മംമ്ത 2020ൽ വനിതയോടു പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി...

സിനിമയിൽ എത്തിയിട്ട് 15 വർഷം പൂർത്തിയാകുമ്പോൾ പുതിയ റോളിലേക്ക് കടക്കുന്നു, മംമ്ത മോഹൻദാസ്...

അലസതയോ ക്ഷീണമോ  ഉള്ള മുഖത്തോടെ ഒരിക്കലും മംമ്തയെ കാണാനാകില്ല. പകൽ മുഴുവനും നീണ്ട സിനിമാ ഷൂട്ടിങ് കഴിഞ്ഞ് വനിതയുെട കവര്‍ഷൂട്ടിനെത്തിയപ്പോള്‍ അന്തി മയങ്ങിത്തുടങ്ങിയിരുന്നു. അപ്പോഴും മുഖത്ത് തിളങ്ങുന്ന ഊര്‍ജം, തെളിമയുള്ള ചിരി... രാത്രി ഏറെ വൈകി സംസാരിക്കാനിരിക്കുമ്പോഴും അതേ ഊര്‍ജം അവിടമാകെ പ്രസരിക്കുന്നു.

‘‘മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ എനര്‍ജി വളരെ കുറവാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ, മറ്റുള്ളവരുടെ അഭിപ്രായം തിരിച്ചാണ് കേട്ടോ.’’ ചിരിയോെട മംമ്ത പറഞ്ഞു തുടങ്ങി. ‘‘സത്യത്തില്‍ ഞാന്‍ എന്റെ എനര്‍ജി മുറുകെപ്പിടിക്കാന്‍ തുടങ്ങിയത് അതിന്റെ മൂല്യം മനസ്സിലാക്കിയ ശേഷമാണ്. സാധാരണ മനുഷ്യനെക്കാള്‍ കൂടുതല്‍ എനര്‍ജി സ്വിങ്‌സ് ഉണ്ടെനിക്ക്. ആരോഗ്യത്തിലുള്‍പ്പടെയുള്ള മുന്‍ അനുഭവങ്ങളില്‍ നിന്നാണ് അതുണ്ടായത്.

എനിക്ക് ഒരു സമയം ഒന്നില്‍ മാത്രമേ ശ്രദ്ധിക്കാനാകൂ. അവിടെ ഞാന്‍ പൂര്‍ണമായും ശ്രദ്ധിക്കുകയും ചെയ്യും. അഭിനയിക്കുമ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴുമെല്ലാം അങ്ങനെ തന്നെ. എല്ലാ പ്രവൃത്തികളെയും ഒരു ധ്യാനം പോലെയാണ് കാണുന്നത്. എന്തു ചെയ്യുമ്പോഴും അതു പൂര്‍ണതയോടെ, ഏറ്റവും നന്നായി ചെയ്യണം എന്നാണു വിശ്വാസം.

കരിയറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും നടി എന്ന നിലയില്‍ മംമ്തയെ മുന്നോട്ടു കൊണ്ടു പോകുന്നത് ഈ ശ്രദ്ധയും ഊര്‍ജവുമാണോ ?

കരിയറില്‍ ഉയര്‍ച്ച താഴ്ചകളും ഇടവേളകളും ഉണ്ടായിട്ടുണ്ട്. 2009 മുതല്‍ സിനിമകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചു. അതേ സമയം തിരഞ്ഞെടുക്കുന്ന സിനിമകളുടെയും കഥാപാത്രങ്ങളുടേയും നിലവാരം കൂട്ടുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തു.

ഹരിഹരന്‍സാര്‍ എന്ന വലിയ സംവിധായകനൊപ്പം തുടങ്ങിയതിന്റെ ശ്രദ്ധ ആദ്യം മുതല്‍ കിട്ടിയിരുന്നു. എങ്കിലും ആദ്യ നാലു വര്‍ഷം എന്താണു ചെയ്യുന്നതെന്ന് എനിക്കു തന്നെ ധാരണയില്ലായിരുന്നു. സിനിമ എന്റെ പാഷന്‍ ആണെന്നു േപാലും അറിയില്ലാത്ത അവസ്ഥ. അന്നും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും അർപണബോധവും ഉണ്ടായിരുന്നു. എന്തിനാണ് ഇ ത്രയും ആത്മാര്‍ഥത കാണിക്കുന്നതെന്നൊന്നും അപ്പോള്‍ അ റിയുമായിരുന്നില്ല. പരീക്ഷയ്ക്ക് പഠിക്കുന്നതു പോലെയാണ് ഞാന്‍ സിനിമയെയും സമീപിച്ചിരുന്നത്.

വളരെ കഠിനാധ്വാനിയായ അച്ഛന്റെ മകളാണ് ഞാന്‍. കഠിനാധ്വാനത്തിനു ഫലം ലഭിക്കും എന്നു വിശ്വസിക്കാന്‍ തുടങ്ങിയതു പോലും അദ്ദേഹത്തില്‍ നിന്നാണ്.

ഒരിക്കലും  സിനിമയെ  പണമുണ്ടാക്കാനുള്ള ഉപാധിയായി പരിഗണിച്ചിരുന്നില്ല. സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങളോ, അറിവോ ഇല്ലാത്തതു കൊണ്ട് വന്‍ പ്രൊജക്റ്റുകളോട് ‘നോ’ പറഞ്ഞിട്ടുണ്ട്. കരിയറില്‍ വളരാന്‍ വേണ്ടി എങ്ങനെ അവസരങ്ങളെ ഉപയോഗിക്കാം എന്നൊന്നും ചിന്തിച്ചിട്ടില്ല. അതുകൊണ്ടൊക്കെയാകാം ഇതുവരെ ഇന്‍ഡസ്ട്രിയില്‍ നിന്നൊരു മോശം അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാന്‍ കൊടുത്ത ബഹുമാനം എക്കാലവും സിനിമ എനിക്കു തിരികെ തന്നിട്ടുണ്ട്.

സിനിമ കരിയറാക്കാം എന്നു തീരുമാനിച്ചത് എപ്പോഴാണ് ?

സിനിമ കരിയര്‍ ആക്കി അതില്‍ മനസ്സുറപ്പിക്കാന്‍ തീരുമാനിച്ചത് 2009 ല്‍ ആണ്. രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ വീണ്ടും മലയാളത്തിലേക്കു വരുന്ന സ മയമാണത്. 'പാസഞ്ചര്‍' ആയിരുന്നു തുടക്കം. പക്ഷേ, അതേ വര്‍ഷം എ ന്റെ ആരോഗ്യം മോശമായി തുടങ്ങി. ഇരുപത്തിമൂന്നു വയസ്സാണ് അപ്പോള്‍. അത്രയും ചെറിയ പ്രായത്തില്‍ ഒരാള്‍ നിങ്ങളെ അടിച്ചു വീഴ്ത്തുന്ന അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. കരിയറോ വ്യക്തി ജീവിതമോ ഒന്നും പൂര്‍ണമായി എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള പാകം പോലും ആയിട്ടില്ല.

എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാന്‍ വീണ്ടും കുറച്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നു. ആ പോരാട്ടത്തിനു ശേഷം ഞാനാകെ മാറി. ആ മാറ്റം സിനിമയിലും പ്രതിഫലിച്ചു.

Mamtha-interview

ഇനിയും എന്തോ തെളിയിക്കാന്‍ ബാക്കിയുണ്ടെന്ന തോന്നലാണ് എന്നെ ഓരോ വട്ടവും സിനിമയിലേക്ക് തിരികെ എത്തിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒ ന്നിനെ ഒരാളില്‍ നിന്നു പറിച്ചു മാറ്റുമ്പോള്‍ അതിനെ കയ്യെത്തി പിടിക്കാന്‍ അയാള്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കും. അതാണ് എന്റെയുള്ളിലെ എനര്‍ജിയെ ഇങ്ങനെ പിടിച്ചുനിര്‍ത്തുന്നത്.

ജീവിതത്തിലും ആ മാറ്റം പ്രതിഫലിച്ചോ...?

ജീവിതത്തിലെ ഒരു പോയിന്റില്‍ വച്ച് ഞാന്‍ ഉറപ്പിച്ചു, സ്വതന്ത്രയായ സ്ത്രീയായി നില്‍ക്കാന്‍ എനിക്ക് സാധിക്കണമെന്ന്. മറ്റൊരാള്‍ എന്നെ സംരക്ഷിക്കുമെന്ന് വിശ്വസിച്ച് ജീവിക്കാന്‍ ഒരുക്കമായിരുന്നില്ല. അച്ഛനും അമ്മയും എന്നെ വളര്‍ത്തി യത് ചുണക്കുട്ടിയായാണ്. ‘മംമ്തയെ ആരുടെയെങ്കിലും കയ്യില്‍ അങ്ങേല്‍പ്പിക്കണം. എന്നിട്ട് സ്വസ്ഥരാകണം’ എന്ന ചിന്ത ഒരിക്കലും അവര്‍ക്കുണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. മംമ്ത മ റ്റൊരാളെ ആശ്രയിച്ച് ജീവിക്കേണ്ടി വരരുത് എന്ന നിര്‍ബന്ധം അവര്‍ക്കുണ്ട്.

പതിമൂന്നോ പതിനാലോ വയസ്സു മുതല്‍ വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയ ആളാണ് ഞാന്‍. അതെന്റെ  ജീവിതശൈലിയുടെ ഭാഗമാണ്. എന്തു ചെയ്യുമ്പോഴും അതേക്കുറിച്ച് കൃത്യമായ അറിവുണ്ടാകണം എന്നു നിര്‍ബന്ധമുണ്ട്. ചില കാര്യങ്ങളില്‍ പെട്ടെന്നു തീരുമാനമെടുക്കാന്‍ പറ്റില്ല എന്നതു മാത്രമാണ് ഇതിെന്‍റയൊരു കുഴപ്പം.

മുന്‍പ് പ്രായത്തിന്റെതായ ചില എടുത്തുചാട്ടങ്ങൾ ഉണ്ടായിരുന്നു. എപ്പോഴും അച്ഛന്റെ കൃത്യമായ ശ്രദ്ധ എന്റെ തീരുമാനങ്ങളില്‍ ഉണ്ട്. ഞാന്‍ ഒരു പടി മുന്നോട്ട് വച്ചാല്‍, അച്ഛന്‍ അഞ്ച് പടി എന്നെ പിന്നൊട്ടു നടത്തും. ഒരുപക്ഷേ, അച്ഛന്റെയും അമ്മയുടേയും ഈ പിടി ഉള്ളതുകൊണ്ടാകാം ഞാന്‍ ഇന്ന് കൃത്യമായ ഒരിടത്ത് എത്തിയത്. എത്ര മുന്നോട്ടു പോകുന്നു എന്നതിനേക്കാള്‍ പ്രധാനമാണല്ലോ കൃത്യമായ ഇടത്ത് എത്തി നില്‍ക്കുന്നത്.

നിര്‍മാണ രംഗത്തേക്കുള്ള വരവും കൃത്യമായ ധാരണകളോടെയായിരിക്കുമല്ലോ ?

തീര്‍ച്ചയായും. വളരെയധികം പഠിച്ചു മനസ്സിലാക്കിയ ശേഷ മാണ് പ്രൊഡക്‌ഷന്‍ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചത്. അതിനു പിന്നില്‍ ഒരുപാടു കാരണങ്ങളുമുണ്ട്. എന്റെ വലിയ സ്വപ്നമാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്‌ഷന്‍സിലൂടെ യാഥാര്‍ഥ്യമാകുന്നത്. നിര്‍മാണ രംഗത്തേക്കു കടക്കുമ്പോള്‍, അ തൊരു വെല്‍ ഓര്‍ഗനൈസ്ഡ് പ്രൊഡക്‌ഷന്‍ കമ്പനിയാകണം എന്നു നിര്‍ബന്ധമായിരുന്നു. അതിലേക്കെത്തിയപ്പോള്‍ ഇനി തുടങ്ങാം എന്നു തീരുമാനിക്കുകയായിരുന്നു.

ഈ സമയത്ത് ഇതൊരു റിസ്‌കല്ലേ എന്നു പലരും ചോദിച്ചു. അതൊന്നും എന്നെ നിരുത്സാഹപ്പെടുത്തിയില്ല. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പടെ കൂടുതല്‍ അവസരങ്ങളുടെ കാലമായാണ് ഞാനിതിനെ കാണുന്നത്. സിനിമയെക്കുറിച്ച് ഒന്നും അറിയാതെ, കുറേ കാശുമായി വരുന്ന നിര്‍മാതാവ് അല്ല ഞാന്‍. സിനിമയിലെ എന്റെ ഇത്ര കാലത്തെ പരിചയം കൂടിയാണ് ഞാന്‍ ഇതില്‍ നിക്ഷേപിക്കുക.

ഇവിടെ എന്തോ വലിയ മാറ്റം സൃഷ്ടിക്കാനാണ് ഞാന്‍ വ രുന്നത് എന്നല്ല. ഒരുപാട് കഴിവുകളുള്ള ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. അവര്‍ക്കൊക്കെ അവസരങ്ങള്‍ ഒരുക്കാനാണ് ആഗ്രഹിക്കുന്നത്.

എന്താണ് നിര്‍മാണത്തിലെ ആദ്യ ചുവടുവയ്പ്പ് ?

‘പ്രൊഡക്‌ഷന്‍ നമ്പര്‍ സീറോ’യാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വലിയ ലോഞ്ചിങ് ആണ് ആഗ്രഹിച്ചതെങ്കിലും കോവിഡ് എല്ലാം മാറ്റിമറിച്ചു.

കമ്പനിയുടെ ആദ്യ സിനിമ മേയില്‍ തുടങ്ങേണ്ടതായിരുന്നു. അഡ്വാന്‍സും മറ്റും കൊടുക്കേണ്ട സമയത്താണ് കോവിഡിന്റെ പ്രശ്‌നങ്ങള്‍ വന്നത്. പണമെല്ലാം ചെലവഴിച്ച ശേഷമാണ് ഈ പ്രതിസന്ധികള്‍ തുടങ്ങിയതെങ്കില്‍ ഒരു പുതിയ നിര്‍മാണ കമ്പനിയെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടിലായേനെ. നിലവില്‍ രണ്ടു മൂന്നു തിരക്കഥകള്‍ ഉറപ്പിച്ചിട്ടുണ്ട്.

 'പ്രൊഡക്‌ഷന്‍ നമ്പര്‍ സീറോ' ഒരു യുട്യൂബ് കണ്ടന്റാണ്. ലോകമേ എന്നാണ് പേര്. പ്രസന്ന മാസ്റ്ററിന്റെ കൊറിയോഗ്രഫി, അഭിനന്ദന്‍ രാമാനുജന്റെ ക്യാമറ, ഭാനി ചന്ദ് ആണ് സംവിധാനം. കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ...

mamtha-mohandas

വാഡ്രോബില്‍ ഇരുന്ന് പാട്ട് റിക്കോർഡ് ചെയ്ത ക്രിയേറ്റീവ് ഐഡിയ ഏറെ ചർച്ച ചെയ്യപ്പെട്ടുവല്ലോ?

സത്യത്തില്‍ വാഡ്രോബില്‍ ഇരുന്ന് ഞാന്‍ ആദ്യം റിക്കോഡ് ചെയ്തത് ‘റുമാല്‍ അമ്പിളി...’ അല്ല. അതിനു മുന്‍പ് ‘കാര്‍ബണ്‍’ എന്ന ചിത്രത്തിന്റെ കുറച്ചു ഭാഗം ഞാന്‍ അതേ വാഡ്രോബില്‍ ഇരുന്നാണ് ഡബ് ചെയ്തത്. സിങ്ക് സൗണ്ട് ആയിരുന്നു 'കാര്‍ബണി'ന്റെത്. അതില്‍ വെള്ളച്ചാട്ടം പശ്ഛാത്തലമായുള്ള സീനില്‍ എന്റെയും ഫഹദിന്റെയും ശബ്ദം ഒട്ടും കേള്‍ക്കുന്നില്ലെന്ന് വേണു സാറും സൗണ്ട് എന്‍ജിനീയറും വിളിച്ചു പറഞ്ഞു. ഞാനപ്പോള്‍ യുഎസിലാണ്. ഉടന്‍ വേണം എന്നു പറഞ്ഞപ്പോള്‍ പെട്ടെന്നു തോന്നിയ ആശയമാണ്.

എന്റെ കയ്യില്‍ നല്ല മൈക്ക് ഉള്ളതാണ് ധൈര്യം. ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. സംഭവം വിജയിച്ചു. ‘കാര്‍ബണി’ന്റെ രണ്ടു സീന്‍ ഞാന്‍ വാഡ്രോബില്‍ ഇരുന്നാണ് ഡബ് ചെയ്തത്. ആ ധൈര്യത്തിലാണ് ‘ലാല്‍ബാഗി’ലെ ‘റുമാല്‍ അമ്പിളി...’ വാഡ്രോബില്‍ കയറിയിരുന്ന് റിക്കോര്‍ഡ് ചെയ്തതും. ഇനിയും അത്യാവശ്യ ഘട്ടങ്ങളില്‍ വാഡ്രോബ് സ്റ്റുഡിയോ ആയി ഉപയോഗിക്കാനാണ് തീരുമാനം.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ അമേരിക്കയിലേക്കു പോയി വരുന്ന ഒരാൾ മംമ്തയാണോ ?

പല സുഹൃത്തുക്കളും എന്നെ ഇപ്പോൾ മംമ്ത മോഹൻദാസ് എന്നല്ല, ‘മംമ്ത മോദി’ എന്നാണ് വിളിക്കുന്നത്. എന്റെ ജീവിതത്തിൽ സംഭവിച്ച മറ്റെല്ലാം പോലെ ഈ യാത്രയും സാഹചര്യം ആവശ്യപ്പെട്ടു തുടങ്ങിയതാണ്. ഒരു ഘട്ടത്തിൽ, ആരോഗ്യപ്രശ്നങ്ങൾ കൂടിയപ്പോൾ ലൊസാഞ്ചൽസിൽ പൂർണമായും ജീവിതം അടിയറവു വയ്ക്കേണ്ടി വന്നു. അങ്ങനെ 2015 ലെ സമ്മർ മുതൽ, രണ്ടാഴ്ചയിൽ ഒരിക്കൽ ഇന്ത്യ, കാനഡ, ദുബായ്, ലൊസാഞ്ചൽസ് എന്നിങ്ങനെ യാത്ര ചെയ്യുകയാണ്.

ഇപ്പോഴത്തെക്കാൾ കുറഞ്ഞ ഇടവേളയിലായിരുന്നു ആദ്യ കാല യാത്രകൾ. അതു കാരണം ഒരുപാട് സിനിമകൾ വേണ്ടെന്നു വയ്ക്കേണ്ടി വന്നു. അതോടെ ഞാൻ സിനിമ കുറച്ച് അവധിക്കാലങ്ങളുടെ എണ്ണം കൂട്ടി. വലിയ ഇടവേളകൾ ജോലിയെ കൂടുതൽ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്. ഞാനിതിനെക്കുറിച്ച് പലരോടും പറഞ്ഞിരുന്നെങ്കിലും ഈ കൊറോണക്കാലത്താണ് അവധികളെടുത്ത് ഊർജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലരും മനസ്സിലാക്കിയത്.

എങ്കിലും യാത്രകൾ വളരെ ഇഷ്ടമാണ്. ഈ യാത്രകളിൽ കൂടുതൽ കണ്ടത് കടലും ആകാശവും കുറേ യാഥാർഥ്യങ്ങളുമാണ്. ഒരു പക്ഷേ, ഈ തുടർ യാത്രകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയാൽ ഇന്ത്യയിലേക്കു പൂർണമായി മടങ്ങി വരുന്നതിനെക്കുറിച്ച് ചിന്തിക്കും.  

സോളോ ഹീറോയിന്‍ ചിത്രമാണല്ലോ ലാല്‍ബാഗ് ?

'ലാല്‍ബാഗ്' എനിക്കു വളരെയധികം തൃപ്തി നല്‍കിയ സിനിമയാണ്. സോളോ ഹീറോയിന്‍ എന്ന നിലയില്‍ എന്റെ രണ്ടാമത്തെ സിനിമ. ‘നീലി’യാണ് ആദ്യം. വലിയ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ തമിഴിലും ഒരു സിനിമ ചെയ്തു. പ്രഭുദേവയാണ് നായകന്‍, ‘ഊമൈ വിഴികള്‍’.

‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ ആണ് മറ്റൊരു പുതിയ വിശേഷം. അതേ കഥാപാത്രമായി അതേ ടീമിനൊപ്പം വീണ്ടും  പ്രവര്‍ത്തിക്കുന്നതിന്റെ  എക്‌സൈറ്റ്‌മെന്റുണ്ട്. സോ ഹന്‍ സീനുലാലിന്റെ ‘അണ്‍ലോക്ക്’ ആണ് ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ.

ദൈവവിശ്വാസിയാണോ ?

സത്യത്തില്‍ എനിക്കറിയില്ല. ഈ പ്രപഞ്ചത്തിലും നമുക്കു ചുറ്റുമുള്ള മനുഷ്യരിലും ഊര്‍ജമുണ്ടെന്ന് ഞാന്‍ വിശ്വസിക്കു ന്നു. ആ ഊര്‍ജം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു വിഷമം വരുമ്പോള്‍ ‘ഞാന്‍ പ്രാർഥിക്കാം...’ എന്നൊക്കെ പറയുന്നതില്‍ എനിക്കു താല്‍പര്യമില്ല. ഞാന്‍ കുറച്ചു കൂടി പ്രായോഗികമായി ചിന്തിക്കുന്ന ആളാണ്. പ്രാര്‍ഥനയ്ക്കപ്പുറം പ്രവൃത്തിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

നമ്മെ സഹായിക്കുന്ന ഊര്‍ജം

മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം, ദിലീപ് തുടങ്ങി പുതുതലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടൊവീനോ തോമസ് ഉൾപ്പടെയുള്ളവർക്കൊപ്പം മംമ്ത നായികയായി ?

അതു വളരെ രസകരമായ ഒരു അനുഭവമാണ്. പക്ഷേ, ഞാനതിനെക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ല. ഒപ്പം ജോലി ചെയ്ത എല്ലാവരിൽ നിന്നും ഏറ്റവും അധികം മനസ്സിലാക്കാൻ ശ്രമിച്ചതും മനസ്സിലാക്കിയതും ഒരു വ്യക്തി എന്ന നിലയിൽ അവർ എങ്ങനെയാണ് എന്നാണ്. അതിനപ്പുറത്തേക്ക് അവരുടെ പ്രശസ്തിയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. വ്യക്തി എന്ന നിലയിൽ അവർ സൂക്ഷിക്കുന്ന ഊർജമാണ് അവർക്കൊപ്പം അഭിനയിക്കുമ്പോൾ നമ്മളെയും സഹായിക്കുക.

മോഹൻലാലിന്റെയും ശോഭനയുടെയും കടുത്ത ആ രാധികയായ ഞാൻ ‘ബാബാകല്യാണി’യിൽ ലാലേട്ടന്റെ നായികയായി. ആരാധിക നായികയായി അഭിനയിക്കുന്നു എന്ന അതിശയത്തിലായിരുന്നു ആദ്യമൊക്കെ. പിന്നീടാണ് ആ വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് മനസ്സിലാക്കിത്തുടങ്ങിയതു പോലും.

എന്തിനാണീ േവര്‍തിരിവ് ?

മലയാള സിനിമയിൽ ഇപ്പോൾ നടിമാർക്കിടയിൽ ഒരു ചേരിതിരിവ് ഉണ്ട് എന്ന ചർച്ച സജീവമാണല്ലോ?

അന്തിമമായി എല്ലാ സ്ത്രീകളുടെയും ആവശ്യം അവർക്കു പറയാനുള്ളത് മറ്റുള്ളവര്‍ കേൾക്കണം, അവരുടെ കരുത്തിനെ ബഹുമാനിക്കണം, അവർക്ക് ഒരു വിലാസം ഉണ്ടാകണം എന്നൊക്കെയാണ്. ഒരു തരത്തിലുള്ള വിവേചനവും അടിച്ചമർത്തലും അവർ ആവശ്യപ്പെടുന്നില്ല. സ്വതന്ത്രയായിരിക്കാന്‍ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു. സ്ത്രീ വിരുദ്ധത എപ്പോഴും ഉണ്ടാകും. അതിനെ പരിഗണിക്കേണ്ടതില്ല. മികച്ച ഒരുപാട് കാര്യങ്ങൾ നമുക്കു ചുറ്റുമുണ്ട്. അതു ശ്രദ്ധിക്കാമല്ലോ.

അതുകൊണ്ടൊക്കെത്തന്നെ, എന്തിനാണ് ഉള്ളിൽ ത ന്നെ ഈ വേർതിരിവ് ഉണ്ടാക്കി വയ്ക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഞാനാരെയും ഡബ്യുസിസി മെമ്പറായിട്ടോ അല്ലാത്ത ആളായിട്ടോ ഒന്നുമല്ല കാണുന്നത്. അതൊരു വ്യത്യാസം ഉണ്ടാക്കുന്നതായും എനിക്കു തോന്നുന്നില്ല. കൂടുതൽ ശക്തരാകുക ഒന്നിച്ച് നിൽക്കുമ്പോഴാണെന്ന് ഞാൻ വിശ്വസിക്കുന്നു. വഴക്കിനോ തർക്കത്തിനോ ഉള്ള എനർജി എനിക്കില്ല. ആകെയുള്ളത് കഴിവുള്ളവർക്ക് അവസരം തുറന്നു കൊടുക്കാനുള്ള മനസ്സ് മാത്രമാണ്. ഈ നിമിഷം നമ്മളുണ്ട്. പക്ഷേ, അത് എന്നെന്നും നിലനിൽക്കണമെന്നില്ല....