Friday 13 January 2023 02:33 PM IST

‘കല്യാണവും കുട്ടികളുമൊക്കെയായി ജീവിക്കുന്നതു സ്വപ്നം കണ്ട പൈങ്കിളി പ്രണയമായിരുന്നു അത്’: പ്രിയ പറയുന്നു

Roopa Thayabji

Sub Editor

priya-varrier-123

ഒന്നു കണ്ണിറുക്കിയതേ ഉള്ളൂ പ്രിയ വാരിയർ , സൈബർ ലോകം മുഴുവൻ അതിൽ വീണു. സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാർ പദവിയും 73 ലക്ഷം കടന്ന ഫോളോവേഴ്സുമായി നേട്ടങ്ങൾ അനവധി ഉണ്ടായിട്ടും പ്രിയ കാത്തിരുന്നതു രണ്ടാമതൊരു മലയാള സിനിമയ്ക്കു വേണ്ടിയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘ഫോർ ഇയേഴ്സ്’ മികച്ച അഭിപ്രായം നേടുമ്പോൾ നാലു വർഷത്തെ ആ കാത്തിരിപ്പു ഫലിച്ചെന്നു പറഞ്ഞാണു പ്രിയ സംസാരിച്ചു തുടങ്ങിയത്.

‘‘പെട്ടെന്നു കൈവന്ന പ്രശസ്തിയിൽ മതിമറക്കുന്ന ആ ളല്ല. അതിൽ മുങ്ങി ആഗ്രഹങ്ങളെ മറക്കുകയുമില്ല. ഇപ്പോഴാണ് എന്റെ സമയമെത്തിയത്. രണ്ടാം ക്ലാസ് മുതലുള്ള സ്വപ്നമാണു സിനിമ. നല്ല കഥാപാത്രങ്ങളിലൂടെ ഇവിടെ നിൽക്കാനാണു തീരുമാനം.’’ പാട്ട്, പ്രണയം, സ്വപ്നങ്ങൾ... പ്രിയ വാരിയർക്കു പറയാൻ വിശേഷങ്ങളേറെ.

‘ഫോർ ഇയേഴ്സി’ന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു പൊട്ടിക്കരയുന്ന വിഡിയോ വൈറലായല്ലോ ?

നാലു വർഷത്തിനു ശേഷം വീണ്ടുമൊരു മലയാളം സിനിമ ചെയ്ത ‍ഞാൻ അതു കാണുമ്പോൾ കരഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. സ്വപ്നം സഫലമായി എന്നു തോന്നിയ നിമിഷം. ജീവിതത്തിൽ ഒരിക്കലേ അങ്ങനെയൊരു മൊമന്റ് കിട്ടൂ. ഹൃദയം നിറഞ്ഞു കരച്ചിൽ പൊട്ടിപ്പോയതാണ്.

‘ഫോർ ഇയേഴ്സി’ലെ എല്ലാ കഥാപാത്രങ്ങളെയും നേ രത്തേ കാസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നൊരു ദിവസം ര ഞ്ജിത് ശങ്കർ സർ വിളിച്ചു, ‘ഒരു വേഷമുണ്ട് ചെയ്യാമോ.’ നായകനായ സർജാനോ ഖാലിദ് നേരത്തേ തന്നെ സുഹൃത്താണ്, നിച്ചു എന്നാണ് അവന്റെ വിളിപ്പേര്. ചില രംഗങ്ങ ൾ അഭിനയിക്കുമ്പോൾ ഞങ്ങൾ പ്ലാൻ ചെയ്തു ചില ടിപ്സ് ഇടും. അതു രഞ്ജിത് സർ പ്രോത്സാഹിപ്പിക്കും. ആ ഗൈഡൻസ് വരാനിരിക്കുന്ന സിനിമകളിലും ഗുണം ചെയ്യും.

എന്തേ മലയാളത്തിൽ തിരിച്ചെത്താൻ ഇത്ര വൈകി ?

‘അഡാർ ലവ്വി’നു ശേഷം പ്രതീക്ഷിച്ചതു പോലെ ഹൈപ് ഉണ്ടായില്ല എന്നതാണു സത്യം. കാരണം എനിക്കുമറിയില്ല. എന്നെക്കുറിച്ചു ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു തോന്നുന്നു. ചിലർ പറഞ്ഞു കേട്ടതു ഞാൻ വലിയ പ്രതിഫലം ചോദിക്കുന്നു, ബജറ്റിൽ നിൽക്കില്ല എന്നാണ്. എന്നോടു ചോദിച്ചാലല്ലേ പ്രതിഫലം അറിയാനാകൂ. പലരും എന്നെ നായികയാക്കാൻ ശ്രമിച്ചു. പക്ഷേ, എങ്ങനെ കോണ്ടാക്ട് ചെയ്യണമെന്നറിയില്ലായിരുന്നു എന്നും പറഞ്ഞു കേൾക്കാറുണ്ട്. ഞാൻ മുംബൈയിലാണെന്നാണു പലരുടെയും ധാരണ. ചിലർ സെൽഫി എടുക്കാൻ വരുന്നതു കഷ്ടപ്പെട്ട് ഇംഗ്ലിഷ് സംസാരിച്ചാണ്. ‘പൊന്നുചേട്ടാ, ഞാൻ മലയാളിയാണ്’ എന്നുപറയുമ്പോൾ അവർ അന്തംവിടും.

2022 പകുതിക്കു ശേഷമാണു സിനിമയിൽ തിരക്കായി എന്ന തോന്നൽ പോലും ഉണ്ടായത്. ഞാനും രജീഷ വിജയനും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ വരുന്ന ‘കൊള്ള’ റിലീസിനൊരുങ്ങുന്നു. ഹിന്ദിയിലെ ആദ്യസിനിമ ശ്രീദേവി ബംഗ്ലാവും റിലീസ് കാത്തിരിക്കുകയാണ്. ഇഷ്കിന്റെ തെലുങ്ക് റീമേക്കിലെ പ്രധാനവേഷവും ചെയ്തു. വികെപി സംവിധാനം ചെയ്യുന്ന ‘ലൈവി’ലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മംമ്ത മോഹൻ ദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ എന്നിവരാണു മറ്റു താരങ്ങൾ. ‘യാര്യ ടു’ എന്ന ഹിന്ദി സിനിമയാണ് ഇനി. തമിഴിൽ നിന്നുള്ള ഓഫറാണു കൊതിയോടെ കാത്തിരിക്കുന്നത്.

priya-1

ബോയ്ഫ്രണ്ടിനെ തിരയുകയാണല്ലോ എല്ലാവരും ?

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരാളോടു ക്രഷ് തോന്നിയത്. കല്യാണവും കുട്ടികളുമൊക്കെയായി ജീവിക്കുന്നതു വരെ സ്വപ്നം കണ്ട പൈങ്കിളി പ്രണയമായിരുന്നു അത്. വളരെ കമ്മിറ്റഡ് ആയ മറ്റൊരു പ്രണയമുണ്ടായിരുന്നു. രണ്ടു വർഷം മുൻപ് അതും അവസാനിച്ചു. അമ്മയും അച്ഛനുമെല്ലാം അംഗീകരിച്ച ബന്ധമായിരുന്നു അത്. ബ്രേക് അപ് ആയപ്പോൾ എന്നേക്കാൾ കരഞ്ഞത് അമ്മയാണ്. ഇപ്പോൾ സിനിമ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. 23 വയസ്സല്ലേ, ഇനിയും സമയമുണ്ടല്ലോ.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്യാം ബാബു