Saturday 18 March 2023 02:21 PM IST

‘ഡോക്ടർമാർ തുന്നിക്കൂട്ടിയെടുത്ത ചന്ദ്രേട്ടന്റെ മുഖം, ആ വെട്ടുകൾ മറക്കാതിരിക്കാനാണ് ഞാന്‍ രാഷ്ട്രീയം ശ്വസിക്കുന്നത്’

Tency Jacob

Sub Editor

kk-rema-tp-story

പത്തു വര്‍ഷം മുന്‍പാണ് ടി.പി. ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റുകാരൻ 51 വെട്ടുകളേറ്റ് മരണത്തിനു കീഴടങ്ങിയത്. ‘‘ആ വെട്ടുകൾ മറക്കാതിരിക്കാനാണ് ഞാൻ രാഷ്ട്രീയം ശ്വസിക്കുന്നത്.’’ ടിപി യുടെ ഭാര്യ കെ.കെ. രമ

കൊല്ലപ്പെടുന്ന സമയത്തു തൈവച്ച പറമ്പത്ത് ചന്ദ്രശേഖരൻ എന്ന ടിപിക്ക് അൻപത്തിയൊന്നു വയസ്സ് നടപ്പായിരുന്നു. അത്ര തന്നെ വെട്ടിലാണ് ചോരക്കൊതിയുടെ രാഷ്ട്രീയം പറയുന്ന എതിരാളികൾ ടിപിയെ തീർത്തതും. ഇനിയീ നേരു കാക്കും പോരാളി തൻ മുഖം ലോകം കാണാതെ പോകണം എന്നവർ തീർച്ചയാക്കിയിരുന്നു.

മരണം ചുവന്ന ആ സന്ധ്യയിൽ, ഗൾഫിലേക്കു പോകുന്ന അയൽവീട്ടിലെ സുഹൃത്തിനോടു യാത്ര പറയാൻ ടിപി എത്തി. അവിടെയുണ്ടായിരുന്ന മകൻ അഭിനന്ദിന്റെ കയ്യിൽ ഹെൽമറ്റ് ഏൽപിച്ചാണ് തിരികെയിറങ്ങിയത്. സമയമെണ്ണി ഇരുളിൽ കാത്തിരുന്നവർക്ക് അതു സൗകര്യമായി. മുഖം അവർ വെട്ടുകൾ കൊണ്ടു ചിതറിച്ചു.

നിരവധി ഡോക്ടർമാർ നാലു മണിക്കൂറിലധികം അധ്വാനിച്ചാണ് മുഖം തുന്നിക്കൂട്ടിയെടുത്തത്. കെടുത്തിയിട്ടും ആളുന്ന കനലായി ചെങ്കൊടി പുതച്ച്, ടിപി വീടിന്റെ നടുത്തളത്തിൽ വീറ് അസ്തമിക്കാതെ കിടന്നു. പതറരുത് എന്നു മനസ്സിലുറച്ചിട്ടും ടിപിയുടെ ഭാര്യ രമ ഒറ്റ നോക്കിൽ തലവെട്ടിച്ചു.

‘‘പുരുഷ ഗാംഭീര്യമുള്ള എന്റെ ചന്ദ്രേട്ടനെ വീണ്ടെടുക്കാൻ അവർക്കു കഴിഞ്ഞില്ല. വെട്ടേറ്റ മുറിവുകളെ കൂട്ടിയിണക്കുന്ന തുന്നൽ പാടുകളുള്ള സ്വൽപം ചീർത്ത മുഖം ഇപ്പോഴും ഓർമയിലുണ്ട്. ഒറ്റ വെട്ടിനു തീർക്കാമായിരുന്നിട്ടും വീണ്ടും വീണ്ടുമേൽപിച്ച ആ വെട്ടുകൾ മറക്കാതിരിക്കാനാണ് ഞാൻ രാഷ്ട്രീയം ശ്വസിക്കുന്നത്.’’ രമയുടെ വാക്കുകള്‍ കനലു പോലെ കത്തുന്നു.

ടിപി കൊല്ലപ്പെട്ടതറിഞ്ഞ് കരയാതെ കരുത്തയായി നിന്ന രമയുടെ ചിത്രങ്ങള്‍ ഓര്‍മയുണ്ട്...

കരുത്തുള്ളവരായാണ് അച്ഛൻ കെ. കെ. മാധവൻ ഞങ്ങൾ മക്കളെ വളർത്തിയത്. ടിപിയുടെ മരണത്തിൽ കണ്ണീര് വീഴ്ത്തരുതെന്ന് ഉറച്ചിട്ടും എത്രയോ രാത്രികളിൽ ഉറങ്ങാനാകാതെ ഞാൻ നിലവിളിച്ചു. മരുന്നു കഴിച്ചാൽ മാത്രം ഉറങ്ങുന്ന ദിനങ്ങൾ. ആ നാളുകളെയെല്ലാം ഇപ്പോൾ അതിജീവിച്ചു. എങ്കിലും, ഓർമകൾ തിങ്ങിക്കയറി വരുന്ന ദിവസം ആകെ അലങ്കോലമാകും.

സ്നേഹം പ്രകടിപ്പിക്കുന്നത് ഇഷ്ടമുള്ള ഒരു സാധാരണ സ്ത്രീയാണ് ഞാൻ. പലപ്പോഴും എനിക്കൊപ്പമിരിക്കാതെ ചന്ദ്രേട്ടൻ തിരക്കു പിടിച്ച രാഷ്ട്രീയത്തിലേക്ക് ഇറങ്ങിപ്പോകുന്നതു കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. അതിൽ ഞ ങ്ങൾ തമ്മിൽ തർക്കങ്ങളും ഉണ്ടായിരുന്നു.

അന്നൊക്കെ ഞാൻ സമാധാനിച്ചിരുന്നത്, വയസ്സാകുമ്പോൾ ചന്ദ്രേട്ടൻ രാഷ്ട്രീയതിരക്കുകളിൽ നിന്നു വിടുതൽ നേടും. മകൻ ജോലിയൊക്കെയായി അവന്റെ ജീവിതത്തിലേക്കു മാറും. അപ്പോൾ ഞങ്ങൾക്കു മാത്രമായി സമയം കിട്ടും. അന്നത്തേക്ക് വേണ്ടി ഞാൻ എന്റെ ആഗ്രഹങ്ങളെ കാത്തുവച്ചു. പക്ഷേ, ചന്ദ്രേട്ടൻ എവിടെ?

ടിപിയെക്കുറിച്ചുള്ള ആദ്യ ഒാര്‍മകള്‍ എന്തെല്ലാമാണ് ?

ഞാൻ എസ്എഫ്ഐയിൽ ചേർന്നതിനുശേഷം പങ്കെടുത്ത സെമിനാറിൽ ക്ലാസെടുക്കാൻ വന്നപ്പോഴാണ് ടിപിയെ ആദ്യം കാണുന്നത്. പെൺകുട്ടികളുടെ ഭാഗത്തേക്ക് ശങ്കയോടെ മാത്രം നോക്കിയിരുന്ന, മുണ്ട് നിലത്തു വലിച്ചിഴച്ചു നടന്നിരുന്ന ആ നേതാവിനെ എനിക്ക് ഇഷ്ടമായില്ല. രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചേച്ചി പ്രേമയോട് ഞാനത് പറയുകയും ചെയ്തു.

വിവാഹത്തിനു വീട്ടിൽ നിർബന്ധിച്ചിരുന്നെങ്കിലും ടിപി പിടികൊടുക്കാത്തതു കാരണം അനിയന്റെ കല്യാണമാണ് ആദ്യം കഴിയുന്നത്. പാർട്ടി ബന്ധം വച്ച് ആ വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ പോയിട്ടുണ്ട്. കൂടെയുള്ള പെൺകുട്ടികൾ എല്ലാവരും സാരിയായിരുന്നു. ഞാൻ സാരി കൊണ്ടുപോകാത്തതു കൊണ്ട് ടിപിയുടെ അമ്മയുടെ സാരിയാണ് ഉടുത്തത്. എല്ലാവരും നിർബന്ധിച്ചപ്പോൾ ആ രാത്രി അവിടെ തങ്ങി. കല്യാണത്തിരക്ക് ഒഴിഞ്ഞു ഞങ്ങളെല്ലാവരും കൂടി ചീട്ടു കളിക്കാനിരുന്ന സമയത്ത് ടിപിയുടെ അനിയന്മാർ വന്ന് എന്റെ ഫോട്ടോയെടുത്തു. എനിക്കു കാര്യം മനസ്സിലായില്ല. ടിപിയുടെ മുഖത്താണെങ്കിൽ യാതൊരു ഭാവഭേദവുമില്ല. അടുക്കളയിൽ അടക്കം പറച്ചിലുണ്ടായത്രേ. ‘ആ കുട്ടിയെ ചന്ദ്രനു ഇഷ്ടമാണെന്നു തോന്നുന്നു. അതാണ് കല്യാണത്തിനു പിടിതരാത്തത്.’ എനിക്കറിയില്ലായിരുന്നു ടിപിക്ക് എന്നെ ഇഷ്ടമാണെന്ന്.

കോട്ടയത്തു നടന്ന വനിതാ ക്യാംപിൽ ഞങ്ങൾ പെൺസംഘത്തെ കൊണ്ടുപോയത് ടിപിയാണ്. കെഎസ്ആർടിസി ബസിലായിരുന്നു യാത്ര. മഴയുള്ള ആ രാത്രിയാത്രയിൽ ഞങ്ങൾ രണ്ടുപേർക്കും ഒരു സീറ്റിലിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും ഇഷ്ടം പറഞ്ഞിട്ടില്ല.

പാർട്ടിയിലുള്ള ഒരു സഖാവ് വഴിയാണ് കല്യാണാലോചന ഉന്നയിക്കുന്നത്. എന്റെ ആദ്യ ഉത്തരം ‘താൽപര്യമില്ല’ എന്നു തന്നെയായിരുന്നു. പാർട്ടി വീണ്ടും ആവശ്യപ്പെട്ടപ്പോൾ എനിക്കദ്ദേഹത്തോടു സംസാരിക്കണമെന്നു പറഞ്ഞു. ‘രമ വടകരയ്ക്കു വരൂ’ എന്നു ചന്ദ്രേട്ടൻ ക്ഷണിച്ചു. പാർക്ക് അല്ലെങ്കിൽ ബീച്ച് അങ്ങനെയൊരിടത്ത് ഇരുന്നായിരിക്കും സംസാരിക്കുക എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, പാർട്ടി ഓഫിസിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. നിറയെ ആളുകളും ചർച്ചകളും ആരവങ്ങളും. ഞാനൽപം കെറുവിച്ചു തിരിച്ചിറങ്ങി. പിന്നീട് ദിവസങ്ങൾക്കു ശേഷം ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ഞങ്ങൾ മനസ്സു തുറന്നു സംസാരിക്കുന്നത്. അതിനുശേഷം എന്റെ ജീവിതത്തിൽ ഇനി മറ്റൊരാളില്ല എന്നവണ്ണം ഞാൻ ടിപി എന്ന പ്രണയത്തിൽ ആഴപ്പെട്ടു പോയിരുന്നു. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധനായ മനുഷ്യൻ. ഞങ്ങൾക്ക് ജാതകങ്ങളുണ്ടായിരുന്നില്ല. പക്ഷേ, പത്തിൽ പത്ത് മനപ്പൊരുത്തം ഉണ്ടായിരുന്നു.

എന്നു മുതലാണ് ടിപി, ചന്ദ്രേട്ടനാകുന്നത്?

വിവാഹത്തിനു ശേഷം വീട്ടിലെല്ലാവരും വിളിക്കുന്നതു കേട്ടാണ് ചന്ദ്രേട്ടൻ എന്നു ഞാനും വിളിക്കുന്നത്. മൂന്നുമാസം കഴിഞ്ഞായിരുന്നു കല്യാണം. ഞാൻ എത്ര പ്രണയം പറഞ്ഞാലും എഴുതിയാലും ‘ഇന്നയാളുടെ വിവാഹത്തിനു വരുന്നുണ്ട്. രമ വരുമോ?’ എന്നായിരിക്കും ടിപിയുടെ കത്തിലുണ്ടായിരിക്കുക. നമുക്കൊന്നു പുറത്തു പോയിരുന്നു സംസാരിക്കാം എന്ന് എത്രയോ തവണ ഞാൻ പറഞ്ഞിരിക്കുന്നു. ഒരിക്കൽ പോലും ചന്ദ്രേട്ടൻ വന്നിരുന്നില്ല. ആളുകൾക്കിടയിൽ അവമതിപ്പു തോന്നാതിരിക്കാൻ പ്രത്യേക കരുതലുണ്ടായിരുന്നു. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് എന്നോട് എഴുതി ചോദിച്ച കത്ത് ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു അ ത്തരം പ്രണയപ്രകടനങ്ങൾ ത്യജിച്ചത്.

വിവാഹത്തിന് വീട്ടിൽ എതിർപ്പുകളുണ്ടായിരുന്നോ?

അമ്മയ്ക്കും അമ്മയുടെ സഹോദരങ്ങൾക്കും താൽപര്യമുണ്ടായിരുന്നില്ല. ടിപിക്ക് ജോലിയില്ലാത്തതായിരുന്നു കാരണം. എന്റെ അച്ഛൻ മുഴുവൻ സമയ രാഷ്ട്രീയക്കാരനായിരുന്നു. അതിന്റെ ബുദ്ധിമുട്ട് ഞങ്ങൾ നന്നായി അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.  കോളജിൽ പഠിക്കുന്ന സമയത്ത് ഞാനും സുഹൃത്ത് അനിതയും കൂടി ആശുപത്രിയിൽ പോയി ബ്ലഡ് കൊടുക്കും. നാനൂറു രൂപയാണ് പ്രതിഫലം. അതു കിട്ടിയാൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കലാണ് ആദ്യം ചെയ്യുന്നത്. പൊറോട്ടയൊക്കെ അങ്ങനെയാണ് രുചിക്കുന്നത്. അച്ഛന് ടിപിയെ വലിയ കാര്യമായിരുന്നു.

kk-rema-2

ജോലിയുണ്ടായിരുന്നോ അക്കാലത്ത്?

ബികോമും ബിബിഎയും പൂർത്തിയാക്കിയ ശേഷം ഞാൻ വയനാട് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തു. ഹോസ്റ്റലിലാണ് താമസം. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ചന്ദ്രേട്ടനെ പിരിഞ്ഞിരിക്കാൻ കഴിയാതെയായി. ഞാൻ ജോലി രാജിവച്ചു. ടിപിയെ മുഴുവൻ സമയം രാഷ്ട്രീയത്തിലേക്കു വിടണം. പകരം രമയ്ക്ക് പാർട്ടി ജോലി വാങ്ങിത്തരും എന്നൊരു കരാറുണ്ടായിരുന്നു വിവാഹസമയത്ത്. മോനുണ്ടായി കഴിഞ്ഞാണ് കോർപറേറ്റീവ് സഹകരണ ബാങ്കിൽ ജോലി കിട്ടുന്നത്. ഇപ്പോൾ മാനേജരാണ്. എംഎൽഎ ആയതുകൊണ്ട് ലീവിലാണ്.

ടിപിയുടെ ഫോൺ നമ്പറാണല്ലോ ഔദ്യോഗിക നമ്പർ?

അതിലൊരു രാഷ്ട്രീയമുണ്ട്. ‘നിങ്ങൾ കൊന്നുകളഞ്ഞിട്ടും മരിക്കുന്നില്ലല്ലോ ഞങ്ങളുടെ ടിപി’ എന്നു പറയുന്ന രാഷ്ട്രീയം. ചന്ദ്രേട്ടന്റെ ബൈക്കിന്റെ KL 18 A 6395 എന്ന നമ്പർ കളയരുതെന്ന തീരുമാനം മകൻ അഭിനന്ദിന്റേതു കൂടിയാണ്. വള്ളിക്കാട് അങ്ങാടിയിലെ വഴിയരികിൽ വച്ചു ബൈക്കിൽ പോകുന്ന ടിപിയെ വെട്ടി വീഴ്ത്തിയവർക്കുള്ള താക്കീത് കൂടിയാണ് അത്.

കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളിലാണ് ടിപി പാർട്ടി വിട്ടുപോരുന്നതും 2008ൽ റെവല്യൂഷനറി മാർക്സിസ്റ്റ് എന്ന പാർട്ടി രൂപീകരിക്കുന്നതും. കമ്മ്യൂണിസ്റ്റുകാർ എന്തെങ്കിലും ചെയ്തേക്കും എന്നൊരു പേടി ചന്ദ്രേട്ടനും അണികൾക്കുമുണ്ടായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടുകളും അങ്ങനെയായിരുന്നു. ‘രമ ഇതറിയരുത്’ എന്നു ചന്ദ്രേട്ടൻ കൂടെയുള്ളവരെ താക്കീതു ചെയ്തു. രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇ നി ഒന്നും സംഭവിക്കില്ല എന്ന് എല്ലാവരും കരുതി. എന്നാലും രാത്രിയിൽ ആരെയും ചന്ദ്രേട്ടൻ ബൈക്കിൽ കയറ്റാറില്ല. എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതു തനിക്കു മാത്രമാകണം എന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ ടിപിയുടെ ഫോട്ടോ അടങ്ങിയ ബാഡ്ജ് കുത്തി വന്നത് വാർത്തയായല്ലോ?

ടിപിയെ ഇല്ലാതാക്കാൻ നേതൃത്വം കൊടുത്തവർ ഇന്നു നിയമസഭയിലുണ്ട്. അവരുടെ മുന്നിൽ ചന്ദ്രശേഖരൻ മു ന്നോട്ടുവച്ച രാഷ്ട്രീയം സംസാരിക്കുക, എന്നതു തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

kk-rama-1

പിന്നെ, ആദ്യമായി നിയമസഭ കയറുന്നതിന്റെ ടെൻഷനുണ്ടായിരുന്നു. ആ മുഖം നെഞ്ചോടു ചേർത്തു വച്ചപ്പോൾ ആത്മവിശ്വാസം, ചന്ദ്രേട്ടൻ ഉണ്ടല്ലോ കൂടെ.

യുഡിഎഫ് പിന്തുണയോടു കൂടിയാണ് നിയമസഭയിലെത്തിയതെങ്കിലും ഒരിക്കലും അവരുടെ ഒപ്പം എല്ലാ കാര്യങ്ങളും ചെയ്യണമെന്നു നിർബന്ധിക്കാറില്ല. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും പൂർണ പിന്തുണയുമായി കൂടെയുണ്ടാകാറുമുണ്ട്.

ടിപി കൊല്ലപ്പെട്ട ദിവസത്തെ എങ്ങനെയാണ് ഓർമിക്കുന്നത്?

അച്ഛൻ കൊല്ലപ്പെട്ടു എന്നറിഞ്ഞു തളർന്നിരുന്ന പതിനേഴു വയസ്സുകാരൻ മകൻ പറ‍ഞ്ഞൊരു വേദനയുണ്ട്. ‘ഇനി നമ്മുടെ ജീവിതം പഴയതു പോലാകില്ലല്ലോ അമ്മേ.’ അന്നു മെഡിക്കൽ കോളജിൽ നിന്നു വിലാപയാത്രയായിട്ടാണ് ടിപിയെ വീട്ടിലേക്കു കൊണ്ടുവന്നത്. ‘അമ്മേ, നമുക്കും അച്ഛന്റെ ഒപ്പം ഇരിക്കാം. ഇനി ഒരിക്കലും നമുക്ക് അച്ഛനൊപ്പം യാത്ര െചയ്യാനാകില്ലല്ലോ.’ എന്ന് അഭിനന്ദ് പറഞ്ഞു. പക്ഷേ, ആ സമയത്ത് എനിക്കു പോകാൻ കഴിഞ്ഞില്ല. മകൻ പയ്യോളിയിൽ നിന്ന് അച്ഛനൊപ്പം കയറി. ചിതയിൽ വയ്ക്കുന്നതിനു മുൻപ് ചന്ദ്രേട്ടന്റെ കാൽക്കൽ മകൻ നമസ്ക്കരിക്കുന്ന കാഴ്ചയുണ്ട്. ഇന്നും അതോർക്കുമ്പോൾ ‍ഞാൻ പൊള്ളിപ്പിടയും. അസുഖം വന്നിട്ടു മരിച്ചതല്ലല്ലോ. മനഃപൂർവം ഇല്ലാതാക്കിയതല്ലേ. ആ നീറ്റൽ അവന്റെ ഉള്ളിൽ നിന്നു പോകുമോ?

പിന്നീട് ഞാനവനെ അളവറ്റ സന്തോഷത്തിൽ കണ്ടിട്ടില്ല. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും അവനു നിർബന്ധമുണ്ടായിരുന്നു. ഇലക്‌ഷൻ സമയത്ത് എനിക്കു നേരെ നടന്ന കയ്യേറ്റം അവനെ ഭയപ്പെടുത്തി. ‘അമ്മാ സൂക്ഷിക്കണം’ എന്നു കൂടെക്കൂടെ ഓർമിപ്പിക്കും.

എന്തു പെയിന്റാണ് പുതിയ വീടിന് കൊടുക്കേണ്ടത് എന്നറിയാനായി കൊല്ലപ്പെടുന്നതിനു ദിവസങ്ങൾക്കു മുൻപ് മകനെയും കൊണ്ട് ചന്ദ്രേട്ടൻ ചുറ്റുവട്ടത്തുള്ള വീടുകൾ കാണാൻ പോയിരുന്നു. ഇളം പച്ച നിറമാണ് അച്ഛനും മകനും ഇഷ്ടപ്പെട്ടത്. അതാണ് വീടിനു നൽകിയിരിക്കുന്നതും. ബിടെക് കഴിഞ്ഞ് ഒന്നര വർഷത്തോളം ഗൾഫിലായിരുന്നു അവന്‍. കോവിഡ് ആയപ്പോൾ തിരിച്ചു വന്നു. ഇവിടെ ജോലിക്കു ശ്രമിച്ചു കൊണ്ടിരിക്കുന്നു. ടി.പി. ചന്ദ്രശേഖരന്റെ എല്ലാ ഗുണങ്ങളും കരുത്തുമുള്ള മകൻ തന്നെയാണ് അഭിനന്ദ്. അവർ കൂട്ടായിരുന്നു. അവനെ നീന്തലും ബൈക്കോടിക്കാൻ പഠിപ്പിച്ചതുമെല്ലാം അച്ഛനാണ്.

ഭീഷണിക്കത്തുകൾ ഇപ്പോഴും വരുന്നുണ്ടോ?

ചെയ്തതിൽ കൂടുതലൊന്നും ഇനി എന്നോടും മകനോടും ചെയ്യാനില്ലല്ലോ. ചന്ദ്രേട്ടൻ എന്റെ കൂടെയുണ്ട്. ഞാൻ എപ്പോഴും ആത്മഹർഷത്തോടെ മാത്രം ഓർക്കുന്ന ഒരു ഓർമയുണ്ട്. മോനെ പ്രസവിക്കുന്ന സമയത്ത് ചന്ദ്രേട്ടൻ ജാഥയിലാണ്. ആശുപത്രിയിൽ അഡ്മിറ്റായ ദിവസം രാവിലെ മുതൽ രാത്രി വരെ കൂടെയുണ്ടായിരുന്നു. ‘ചന്ദ്രേട്ടൻ പോയ്ക്കോ, രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാവൂ’ എന്നു പറഞ്ഞാണ് വിട്ടത്. പക്ഷേ, അന്നു തന്നെ എനിക്ക് വേദന തുടങ്ങി. പ്രസവം കഴിഞ്ഞെത്തുമ്പോൾ ചന്ദ്രേട്ടൻ മുറിയിലുണ്ട്. മോനുമുണ്ട്. ഞങ്ങൾ അച്ഛനും അമ്മയുമായിരിക്കുന്നു. വീട്ടുകാരെല്ലാമുണ്ട് കൂടെ. എല്ലാവരുടെയും ഇടയിൽ വച്ചു ചന്ദ്രേട്ടൻ എന്റെ കയ്യിൽ അമർത്തി പിടിച്ചു. ആ ഹൃദയത്തുടിപ്പ് ഇപ്പോഴും എന്റെ ഉള്ളംകയ്യിൽ മിടിക്കുന്നുണ്ട്. അതാണ് എന്റെ ഊർജം.

വനിത ആർക്കൈവ്സ്