Thursday 06 April 2023 03:32 PM IST

‘ഹിറ്റ്ലർ മാധവൻകുട്ടി എന്നൊരു പേരുണ്ട് മമ്മിക്ക് നാട്ടിൽ; മമ്മിയുടെ നോട്ടത്തെ മാത്രം പേടിച്ച് നാട്ടിലെ ഒരാൺകുട്ടികളും അടുക്കാൻ വരുമായിരുന്നില്ല’

Rakhy Raz

Sub Editor

athmiyaa3455vhh ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അടുത്തിരിക്കുന്ന ആളുകൾക്കു പോലും കേൾക്കാൻ ചെവി വട്ടം പിടിക്കേണ്ടത്ര പതുക്കെയാണ് ആത്മീയയുടെ സംസാരം. മൃദുവായി സംസാരിക്കുന്നു എന്നതുകൊണ്ടു പ്രതികരിക്കാത്ത പ്രകൃതമാണ് എന്നു തോന്നാം. ആ തോന്നലിനെ തിരുത്തുന്നതായിരുന്നു അടുത്തിടെ നടന്ന സംഭവം.

ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ പെണ്ണുങ്ങൾക്കു മാത്രം പ്രതിഫലം നൽകി എന്ന ആരോപണത്തോടാണ് ആത്മീയ ശക്തമായി പ്രതികരിച്ചത്. ‘‘എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കുന്ന സ്വഭാവമല്ല എന്റേത്. പക്ഷേ, ആവശ്യമെങ്കിൽ അതു ചെയ്യും. ‘പെണ്ണുങ്ങൾക്കൊക്കെ കൊടുത്തു’ എന്ന മട്ടിൽ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വാക്കുകളിലെ മോശമായ ധ്വനിയോടാണു പ്രതികരിച്ചത്. അതു മാധ്യമങ്ങളിൽ വന്നപ്പോൾ പ്രതികരിക്കേണ്ടി വന്നു.’’

അഭിനയത്തിനിടയിൽ കൃത്യമായ ഇടവേളകളുണ്ടായിരുന്നല്ലോ. തുടക്കം മുതലേ സെലക്റ്റീവ് ആയിരുന്നോ ?

പ്രൊഡക്‌ഷൻ കൺട്രോളറും പ്രൊഡ്യൂസറുമായ സെവൻ ആർട്സ് മോഹൻ അങ്കിളിനെ എന്റെ അച്ഛൻ കെ.വി. രാജനു പരിചയമുണ്ടായിരുന്നു. അതുവഴിയാണ് വെള്ളത്തൂവൽ എന്ന ഐവി ശശി സാറിന്റെ സിനിമയിലേക്ക് ആദ്യമായി അവസരം ലഭിച്ചത്. പിന്നെ, മനം കൊത്തി പറവൈ, റോസ് ഗിറ്റാറിനാൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നഴ്സിങ് പഠിക്കാൻ ചേർന്ന സമയമായിരുന്നു. അവധിക്കാലത്തു വന്ന അവസരങ്ങളായതിനാലാണു ചെയ്യാൻ സാധിച്ചത്. നഴ്സിങ് ഇഷ്ടവിഷയം ആയിരുന്നില്ല. ഉള്ളിന്റെയുള്ളിൽ സിനിമാനടി ആകണം എന്നു മാത്രമായിരുന്നു. കുട്ടിക്കാലത്തു ദൈവങ്ങളോടും നക്ഷത്രങ്ങളോടും പ്രാർഥിക്കുമായിരുന്നു എന്നെയൊരു സിനിമാനടിയാക്കണേയെന്ന്.

എന്റെ അമ്മ പദ്മിനിയുടെ ആഗ്രഹമനുസരിച്ചാണു നഴ്സിങ്ങിനു ചേർന്നത്. പഠനസമയത്തെ സിനിമാ അവസരങ്ങളൊക്കെ ഒഴിവാക്കേണ്ടിവന്നു. മമ്മിക്കു സിനിമയിലഭിനയിക്കുന്നത് ഉൾക്കൊള്ളാനേ പറ്റുമായിരുന്നില്ല. ‘പഠിക്കുന്ന സമയത്ത് ഇതൊക്കെ വേണോ’ എന്നാണ് മമ്മി ചോദിച്ചത്. പഠനം കഴിഞ്ഞു സിനിമയിലേക്കോ നഴ്സിങ്ങിലേക്കോ തിരിയാതെ ഒന്നും ചെയ്യാതെ കഴിച്ചു കൂട്ടി. അഭിനയിക്കണം എന്ന മോഹമുണ്ടെങ്കിലും ആത്മവിശ്വാസം തോന്നിയില്ല.

‘അമീബ’യാണോ ആത്മവിശ്വാസം തന്നത്?

2016 ലാണു രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അമീബയിൽ അവസരം ലഭിക്കുന്നത്. ഒരു മൂവ്മെന്റിന്റെ ഭാഗമാകാൻ താൽപര്യമുണ്ടെങ്കിൽ ഞങ്ങളോടൊപ്പം ചേരൂ എന്നാണു സംവിധായകൻ മനോജ് കാന പറഞ്ഞത്. എൻഡോസൾഫാൻ ഇരയായ, വലിയ തലയുള്ള, ശിരസ്സിൽ മുടിയില്ലാത്ത രൂപമായിരുന്നു കഥാപാത്രത്തിന്. സിനിമയ്ക്കു മുൻപ് എൻമകജെ എന്ന പുസ്തകം വായിച്ചിരുന്നു. അതിന്റെ ഇതിവൃത്തം എൻഡോസൾഫാൻ പ്രശ്നമായിരുന്നു. ആ വായനയും വാർത്തകളിൽ നിന്നുള്ള അറിവും എൻഡോസൾഫാൻ ബാധിതരെ നേരിട്ടു കണ്ട് അവരുടെ ദയനീയ അവസ്ഥ  മനസ്സിലാക്കിയതും പ്രേരണയായി. ആ കഥാപാത്രത്തിനു ലഭിച്ച അഭിനന്ദനം ആത്മവിശ്വാസം കൂട്ടി.  

ജോസഫ് എന്ന സിനിമ ആത്മീയ എന്ന നടിയെ തിരിച്ചറിയാൻ ഇടയാക്കി.

സമുദ്രകനി സാറിനൊപ്പം വെള്ളൈ ആനൈ എന്ന ചിത്രത്തിലേക്കു വിളിച്ചപ്പോൾ ഉപേക്ഷിക്കാൻ തോന്നിയില്ല. അതിന്റെ ചിത്രീകരണത്തിന്റെ ഇടയിലാണു ‘ജോസഫ്’ ചെയ്യുന്നത്. വലിയ കുട്ടിയുടെ അമ്മയായി അഭിനയിക്കണം, തല നരപ്പിക്കണം എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും കഥാപാത്രം എനിക്കിഷ്ടമായി. ജോസഫിനു ശേഷമാണു നടി എന്ന നിലയിൽ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്.

മാർക്കോണി മത്തായി, അവിയൽ, കോൾഡ് കേസ്, നാമം, ജോൺ ലൂഥർ, ജോസഫിന്റെ തെലുങ്ക്  പതിപ്പ് എന്നിവ ചെയ്തു. അടുത്ത് റിലീസായവ ഷഫീക്കിന്റെ സന്തോഷം, അദൃശ്യം, യുഗി എന്നീ സിനിമകളാണ്. രണ്ടു സിനിമകൾ കൂടി ഉടൻ റിലീസാകും.

കുടുംബമായാണ് ആദ്യകാലത്ത് സെറ്റിലെത്തിയിരുന്നത് ?  

അഭിനയം ആഗ്രഹമായിരുന്നെങ്കിലും സിനിമയെക്കുറിച്ച് തീരെ ധാരണയില്ലായിരുന്നു. അച്ഛനും അമ്മയും രണ്ടാമത്തെ ചേച്ചിയുമൊന്നിച്ചാണ് ആദ്യമായി സെറ്റിലേക്കു പോയത്. ക്യാമറ നോക്കി  ആളുകൾ കരയുന്നതൊക്കെ കണ്ട് എങ്ങനെ ഇതു സാധിക്കുന്നു എന്ന് അദ്ഭുതം തോന്നി. നിത്യ മേനോന്റെ ഡാൻസ് സീക്വൻസ് ഷൂട്ട് ചെയ്യുന്നതു കൂടി കണ്ടതോടെ തിരികെ പോകാം, എന്നെക്കൊണ്ടിതു പറ്റില്ല എന്നായി. സിനിമയ്ക്കു വേണ്ടി കണ്ണൂരു നിന്ന് എറണാകുളം വരെ വന്നിട്ടു ചെയ്യാതെ തിരിച്ചു പോകുന്നത് അച്ഛനും അമ്മയ്ക്കും വിഷമമായതിനാലാണ് അന്ന് ഞാനഭിനയിച്ചത്.

മൂത്ത ചേച്ചി അമ്പിളി മുരളീധരൻ, രണ്ടാമത്തെ ചേച്ചി ആതിര പ്രസാദ്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞു. രണ്ടുപേർക്കും ഓരോ കുട്ടികൾ. പേര് ആത്മനിവേദ്, ധ്യാൻ. ഷെഫീക്കിന്റെ സന്തോഷം ചെയ്യുന്ന സമയത്ത് അച്ഛൻ ഞങ്ങളെ വിട്ടുപോയി.

_DSC1477

സ്കൂള്‍ കാലം മുതൽ ആരാധകരുണ്ടായിരുന്നോ ?

അച്ഛൻ വിദേശത്തായിരുന്ന സമയത്തു മമ്മിയാണ് ഞങ്ങൾ മൂന്നു പെൺകുട്ടികളെയും നോക്കി വളർത്തിയത്. വളരെ ആജ്ഞാശക്തിയുള്ള പ്രകൃതമാണ്. മമ്മിയുടെ നോട്ടത്തെ മാത്രം പേടിച്ചു നാട്ടിലെ ഒരാൺകുട്ടികളും ഞങ്ങളോട് അടുക്കാൻ വരുമായിരുന്നില്ല. ഹിറ്റ്ലർ മാധവൻകുട്ടി എന്നൊരു പേരുപോലും ഉണ്ട് മമ്മിക്ക് നാട്ടിൽ.   

അച്ഛൻ നല്ലൊരു നാടക നടനായിരുന്നു. അച്ഛനാണു ചെറുപ്പത്തിലേ എന്നിൽ അഭിനയമോഹം വളർത്തിയെടുത്തത്. കുട്ടിയായ എന്നെക്കൊണ്ട് അച്ഛൻ പല ഇമോഷനുകളും അഭിനയിപ്പിക്കുമായിരുന്നു. തുടക്കത്തിൽ തടസ്സം പറഞ്ഞെങ്കിലും മമ്മിയും പിന്നീട് പിന്തുണച്ചു.

പ്രണയിച്ചതും വിവാഹം കഴിച്ചതും സിനിമയിൽ നിന്നല്ലല്ലോ  ?

സനൂപിനു സിനിമ ഇഷ്ടമാണ്. ഒരേ സമയം ഒരേ കോളജിൽ പഠിച്ചിരുന്നെങ്കിലും എനിക്കു സനൂപിനെ അറിയില്ലായിരുന്നു. ആദ്യ സിനിമ റിലീസായപ്പോൾ ‘നമ്മുടെ കോളജിൽ നിന്നൊരാൾ സിനിമയിലെത്തിയതിൽ സന്തോഷം’ എന്ന മെസേജ് വന്നു.

കോളജ്മേറ്റ് ആണ് എന്നതും ബ്രോ – സിസ് വിളിയും എന്നെ കംഫർട്ടബിൾ ആക്കിയിരുന്നു. കുറേനാൾ ആത്മബന്ധത്തോടെ ഞങ്ങൾ ചാറ്റ് ചെയ്തിരുന്നു. സനു മെർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. ജോലി സംബന്ധമായി ഈജിപ്തിലേക്ക് പോയശേഷം ബന്ധം വിട്ടുപോയി.

രണ്ടു മൂന്നു വർഷത്തിനു ശേഷം കണ്ണൂര് നിന്നു വീടു മാറി ഞങ്ങൾ സനുവിന്റെ നാടായ തളിപ്പറമ്പിലെത്തി. അവിടെ വച്ചു പ്രതീക്ഷിക്കാതെ സനുവിനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല.  

പല വട്ടം വീടിന്റെ മുന്നിലൂടെ സനു കടന്നുപോയപ്പോൾ മുൻപ് ചാറ്റ് ചെയ്ത സുഹൃത്തല്ലേയിത് എന്നു സംശ യമായി. ചാറ്റ് ഞാൻ തപ്പിയെടുത്തു ആളെ ഉറപ്പാക്കി. എ ന്റെ പെരുമാറ്റത്തിൽ വിഷമം തോന്നി. ഞാനിതു മമ്മിയോട് പറഞ്ഞു. വീണ്ടും കണ്ടപ്പോൾ മമ്മിയാണു സനുവിനോട് സംസാരിച്ചത്.

വീടിനടുത്തുള്ള ജിമ്മിൽ ഞാനും സനുവും ഒന്നിച്ചെത്തിയതോടെ നല്ല സുഹൃത്തുക്കളായി. സൗഹൃദം പ്രണയമായി. രണ്ടുമൂന്നു കൊല്ലം പ്രണയിച്ച ശേഷം കോവിഡ് കാലത്താണു വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി വളരെ ലളിതമായ രീതിയിൽ.

നല്ലൊരു പാട്ടുകാരിയുമാണ്.

പാട്ടു പഠിച്ചിട്ടൊന്നുമില്ല. സ്കൂളിലും കോളജിലും സംഗീത മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സമ്മാനം കിട്ടുകയും കിട്ടാതിരിക്കുകയും ചെയ്തിട്ടുണ്ട്. മാനസികമായി ‘ലോ’ ആയിരിക്കുമ്പോൾ ഏറ്റവും ആശ്വാസം തോന്നുക  പാട്ടുപാടി വിഡിയോ എടുത്തു അതു  സ്വയം കേൾക്കുമ്പോഴാണ്.   

athmiya-pp
Tags:
  • Celebrity Interview
  • Movies