Friday 20 January 2023 05:07 PM IST

‘അഭിനയിക്കാൻ കോളജിൽ നിന്ന് പെർമിഷൻ കിട്ടിയില്ല; ആ സിനിമ തിയറ്ററിലിരുന്നു കണ്ടു ‍കരഞ്ഞു’; അഭിനയ ജീവിതത്തെക്കുറിച്ച് മഞ്ജിമ മോഹൻ

Roopa Thayabji

Sub Editor

manjima-moo45677fu ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, കോസ്റ്റ്യൂം: vasansi_jaipur, drzya_ridhisuri, inkpikle ആഭരണം : merojewellery, sachdeva.ritika, konikajewellery സ്റ്റൈലിങ്: നിഖിത നിരഞ്ജൻ

മലയാളത്തിൽ നായികയായി തുടങ്ങി തമിഴിലെ പ്രോമിസിങ് സ്റ്റാർ ആയി ചുവടുറപ്പിച്ച മഞ്ജിമ മോഹൻ മനസു തുറക്കുന്നു. 

എന്തുകൊണ്ടാണ് മലയാളത്തിലേക്ക് വരാൻ വൈകുന്നത് ?

സിനിമയിൽ വന്ന കാലത്ത് അച്ഛൻ പറഞ്ഞു, ‘പെട്ടെന്ന് സിനിമകൾ ചെയ്തിട്ട് അങ്ങു മാഞ്ഞുപോകരുത്. വളരെ പതുക്കെ സിനിമ ചെയ്താലും കുഴപ്പമില്ല, കൂടുതൽ കാ ലം ഓർമിക്കപ്പെടാവുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കണം.’ ഒരുപാടു പടങ്ങൾ ഒരേസമയം ചെയ്തു വളരെ തിരക്കിൽ ഓടിനടന്ന ആളാണ് അച്ഛൻ. ഞാൻ വളരുന്ന കാലത്തൊന്നും അച്ഛനെ അടുത്ത് കിട്ടിയിട്ടേയില്ല. അതൊക്കെ എന്റെ മനസ്സിലും ഉണ്ട്.  

മലയാളത്തിലേക്ക് എന്താണു വരാത്തത് എന്നാണ് എ പ്പോഴും എല്ലാവരും ചോദിക്കുന്നത്. മലയാളത്തിൽ നിന്ന് ഓഫറുകളൊന്നും വരുന്നില്ല എന്നതാണ് സത്യം. കേട്ടത് പല കാരണങ്ങളാണ്. ഞാൻ പ്രതിഫലം കൂടുതൽ ചോദിക്കുമത്രേ. നാട്ടിലില്ല എന്നതാണ് മറ്റൊരു കഥ. ആരു വഴിയാണ് കോണ്ടാക്ട് ചെയ്യേണ്ടത് എന്നറിയില്ല എന്നതാണ് ഏറ്റവും തമാശ തോന്നിയ കാരണം. സിനിമാട്ടൊഗ്രഫർ വിപിൻ മോഹൻ എന്ന എന്റെ അച്ഛനെ അറിയാത്ത ഏതെങ്കിലും ടെക്നീഷ്യൻ മലയാളത്തിലുണ്ടോ? ‘വടക്കൻ സെൽഫി’ക്കു ശേഷം മലയാളത്തിൽ ചെയ്തത് ‘മിഖായേലാ’ണ്. പിന്നീട് നായികയായ ‘സംസം’ ഹിന്ദിയിൽ കങ്കണ അഭിനയിച്ച ‘ക്വീനി’ന്റെ റീമേക്കാണ്. അത് റിലീസായിട്ടില്ല. 

‘വടക്കൻ സെൽഫി’യിലെ കരച്ചിൽ സീൻ ട്രോളായല്ലോ ?

വളരെ ആത്മാർഥമായിട്ടാണ് ചെയ്തതെങ്കിലും, ഒരുപക്ഷേ, കുട്ടി മഞ്ജിമയുടെ ഇമേജു കൂടി ഉള്ളതു കൊണ്ടാകും അതു ട്രോളായത്. സിനിമ റിലീസായ ശേഷം തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം ആ സീൻ നീക്കാമോ എന്നു വിനീതേട്ടനോടു ചിലർ ചോദിച്ചിരുന്നു.  

നാട്ടിൽ അങ്ങനെയാണെങ്കിൽ തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്. ആ സിനിമയുടെ ട്രെയ്‌ലർ കണ്ടിട്ട് ഗൗതം മേനോൻ സാർ എന്റെ നമ്പർ വാങ്ങി എന്ന് വിനീതേട്ടൻ പറഞ്ഞപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്. 

പിന്നെയൊരു ദിവസം മാളിൽ നിൽക്കുമ്പോൾ മെസേജ്, ‘ഹായ് മഞ്ജിമ. ദിസ് ഈസ് ഗൗതം വാസുദേവ് മേനോൻ. ക്യാൻ ഐ സ്പീക് ടു യു.’ പിന്നാലെ സാറിന്റെ കോൾ വന്നു, ഓഡിഷനു വേണ്ടി ചെല്ലാൻ. നാട്ടിൽ കരച്ചിൽ ട്രോളായെങ്കിലും അതാണ് തമിഴിലെ ഭാഗ്യം. 

ദൈവത്തോട് എപ്പോഴും പ്രാർഥിക്കുന്നത് ഒരേയൊരു കാര്യമാണ്, ‘എനിക്ക് ഉള്ളത് എന്താണെന്നു വച്ചാൽ തന്നിട്ട് എനിക്കില്ലാത്തത് എന്റെ കൺമുന്നില്‍ കാണിക്കുക പോലും ചെയ്യല്ലേ’ എന്ന്. കണ്ടുകൊതിച്ചിട്ട് കിട്ടിയില്ലെങ്കിൽ വിഷമം കൂടില്ലേ. ആ സിനിമയുടെ ഓഡിഷനു മുൻപും  ഇതുതന്നെ പ്രാർഥിച്ചു. അങ്ങനെയാണ് ‘അച്ചം എൻപത് മടമയ്യടാ’യിൽ ചിമ്പുവിന്റെ നായികയായത്.

_REE0009

ചെന്നൈ നഗരമാണോ ഇപ്പോൾ പ്രിയ ഇടം ?

പ്ലസ്ടു വരെ തിരുവനന്തപുരത്ത് നിർമല ഭവനിലാണ് പഠിച്ചത്. ബാലതാരമായി അഭിനയിച്ചതു കൊണ്ട് കുറച്ചു മുതിർന്നപ്പോഴും എവിടെ പോയാലും ആളുകൾ ചുറ്റും കൂടും. നാട്ടിൽ നിന്നാൽ എല്ലാവരും തിരിച്ചറിയുമെന്നു പേടിച്ചാണ് ചെന്നൈയിലേക്കു വന്നത്. 

ബിഎസ്‍സി മാത്‍സ് പഠിക്കുന്നതിനിടെയും നായികയാകാൻ ഓഫറുകൾ വരുന്നുണ്ടായിരുന്നു. ആദ്യം സിനിമയേ വേണ്ടെന്നു വച്ച് ഇരുന്നു. പക്ഷേ, ഏതോ പോയിന്റിൽ മനസ്സിലായി ഇതുതന്നെയാണ് വേണ്ടത് എന്ന്. അങ്ങനെയിരിക്കെ ഒരു ഓഫർ വന്നു. പക്ഷേ, അഭിനയിക്കാൻ കോളജിൽ നിന്ന് പെർമിഷൻ കിട്ടിയില്ല. ആ സിനിമ തിയറ്ററിലിരുന്നു കണ്ടു ‍കരഞ്ഞു. 

പിന്നീട് വിനീതേട്ടനോട് അങ്ങോട്ടു ചാൻസ് ചോദിച്ചാണ് ‘ഒരു വടക്കൻ സെൽഫി’ കിട്ടിയത്. അപ്പോഴേക്കും കോഴ്സ് കഴിഞ്ഞിരുന്നു. എങ്കിലും ഇവിടം വിട്ടു പോകാൻ തോന്നിയില്ല. ചെന്നൈയോട് ഇമോഷണലി വലിയ അറ്റാച്മെന്റ് ആണ്. 

ഇപ്പോൾ പ്രാർഥിക്കുന്നത് എന്താണ് ?

സിനിമയിലേക്കും ജീവിതത്തിലേക്കും ഞാൻ തിരിച്ചു വരികയാണ്. തമിഴിൽ ഒരു സിനിമ ഉടൻ റിലീസാകാനുണ്ട്. സിനിമ സംവിധാനം ചെയ്യണമെന്നും പ്രൊഡക്‌ഷൻ ചെയ്യണമെന്നുമുണ്ട്. ഈ മോഹങ്ങളിൽ നിന്ന് എനിക്കു കിട്ടാനുള്ളവയിലേക്ക് കൈപിടിച്ചു നടത്തണേ എന്നാണ് ഇപ്പോൾ പ്രാർഥിക്കുന്നത്. പിന്നെ ജീവിതവും പുതിയ തലത്തിലേക്കു മാറുകയല്ലേ...

Tags:
  • Celebrity Interview
  • Movies