Saturday 25 February 2023 03:13 PM IST

‘വിശക്കുമ്പോഴും ഉറക്കം നഷ്ടപ്പെടുമ്പോഴും മാത്രമാണു ബേസിലിനു ദേഷ്യം വരുന്നത്’; ചിരിയും തമാശയും വിശേഷങ്ങളുമായി ബേസിൽ ജോസഫും കുടുംബവും..

Roopa Thayabji

Sub Editor

basilllpibb778 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചിരിയും തമാശയും സിനിമയും വിശേഷങ്ങളുമായി സംവിധായകൻ ബേസിൽ ജോസഫും കുടുംബവും..

മകനെ ദൈവവഴിയിലേക്ക് വിടാൻ മോഹിച്ചിരുന്നോ ?

ഫാ. ജോസഫ്: ഞാൻ ജനിച്ചതു മുവാറ്റുപുഴയിലാണ്, കാരിമറ്റത്ത്. എനിക്കു മൂന്നു വയസ്സുള്ളപ്പോഴാണു നീലഗിരിക്കടുത്ത് എരുമാടേക്കു കുടിയേറിയത്. തങ്കമ്മയും മുവാറ്റുപുഴക്കാരിയാണ്. പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി കിട്ടിയതോടെ സുൽത്താൻ ബത്തേരിയിലെത്തി.

അപ്പൻ മദ്ബഹാ ശുശ്രൂഷകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന് അപ്പൻ മോഹിച്ചു. അങ്ങനെ 24ാം വയസ്സിൽ പട്ടം കിട്ടി. ആ കൊല്ലം തന്നെയായിരുന്നു വിവാഹം. ബേസിലിനു കുട്ടിക്കാലത്തേ ഹാർമോണിയവും പാട്ടുമൊക്കെയായിരുന്നു താൽപര്യം. അതുകൊണ്ട് അവരുടെ ഇഷ്ടത്തിനു പഠിപ്പിക്കാനാണു മോഹിച്ചത്.  പ്ലസ്ടുവിനു നല്ല മാർക്കു വാങ്ങി അവൻ പാസായി. വയനാട് ജില്ലയിൽ തന്നെ എൻട്രൻസിൽ മികച്ച റാങ്ക് വാങ്ങിയാണു തിരുവനന്തപുരം സിഇടിയിൽ അഡ്മിഷൻ വാങ്ങിയത്.

അവിടെ പഠിക്കുന്ന കാലത്താണു ഷോർട്ട് ഫിലിമിൽ അഭിനയിച്ചതും സംവിധാനം ചെയ്തതുമൊക്കെ. മുഴുവൻ സമയവും സിനിമയിൽ പോകില്ല എന്നായിരുന്നു വിശ്വാസം. പിന്നീട് ഇൻഫോസിസിലെ ജോലി രാജി വച്ചു സിനിമയിലേക്കു പോകുന്നു എന്നു കേട്ടപ്പോൾ വിഷമം തോന്നി. ‘സിനിമയിൽ ക്ലിക്കായില്ലെങ്കിൽ ജോലിയിൽ തിരിച്ചുകയറാ’മെന്ന് പറഞ്ഞെങ്കിലും ‘അച്ചന്റെ മോൻ സിനിമയിൽ പോയല്ലേ’ എന്നൊക്കെ പലരും ചോദിക്കുമ്പോൾ സങ്കടം പിന്നെയും വരും.

ബത്തേരിയിലെ ഐശ്വര്യ–അതുല്യ തിയറ്ററിൽ നിന്നു ‘കുഞ്ഞിരാമായണം’ കണ്ട ദിവസം മറക്കാനാകില്ല. ഓരോരോ സിനിമകളായി ഹിറ്റായപ്പോൾ വലിയ സന്തോഷം തോന്നി. മറ്റൊരു രസമെന്തെന്നോ, പണ്ടു കുറ്റം പറഞ്ഞ ഒരു ബന്ധു ഈയിടെ വിളിച്ചു, ‘മോനെക്കൊണ്ടൊരു സിനിമ ചെയ്യിക്കണം. ഒന്നു റെക്കമൻഡ് ചെയ്യാമോ...’ ‘ജോജി’യിലെ പള്ളീലച്ചനായി ഇവനെ കണ്ടപ്പോഴും അറിയാതെ കണ്ണുനിറഞ്ഞു.

‘ജയഹേ’യിലെ പോലെ കടുംപിടുത്തക്കാരനാണോ വീട്ടിൽ ?

എലിസബത്ത്: അല്ലേയല്ല, ആളു ഭയങ്കര ചിൽ ആണ്. കുറച്ചു സീരിയസ് സ്വഭാവക്കാരി ആയ എന്നെ ബേസിലാണു ബാലൻസ് ചെയ്യുന്നത്. വിശക്കുമ്പോഴും ഉറക്കം നഷ്ടപ്പെടുമ്പോഴും മാത്രമാണു ബേസിലിനു ദേഷ്യം വരുന്നത്.

പണ്ടേ കുറുമ്പൻ ആയിരുന്നോ?

ഫാ. ജോസഫ്: അടുത്ത വീട്ടിലെ നീരജയും ബേസിലും ഒരു ക്ലാസ്സിലാണ്. അവളെ ‘കുഞ്ഞി’ എന്നാണു വീട്ടിൽ വിളിക്കുന്നത്. ക്ലാസ്സിൽ ചെന്നിട്ടും ഇവനവളെ ‘കുഞ്ഞീ’ എന്നു വിളിക്കും. ആ പരാതിയുമായി വൈകിട്ട് അവൾ വീട്ടിൽ ഹാജരുണ്ടാകും. ഇതു പതിവായതോടെ രണ്ടാളെയും രണ്ടു ഡിവിഷനിലാക്കി. ബേസിലിന്റെ വിളിപ്പേര് ‘ബീബി’ എന്നാണ്. ഇത്ര പ്രകോപിപ്പിച്ചിട്ടും നീരജ ആ പേരു വിളിച്ചിട്ടില്ല. 

1669897807970

ബേസിൽ: എന്നെ പേടിച്ചിട്ടാകും, അവളിപ്പോൾ രാജ്യം തന്നെ വിട്ടു, ഓസ്ട്രേലിയയിലാണ്. ചേച്ചി ഷിൻസിയും ഞാനും തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്. ആയിടയ്ക്കു ‍ഞാൻ കരാട്ടെ ക്ലാസ്സിനു ചേർന്നു. ചേച്ചിയോടായിരുന്നു പരീക്ഷണങ്ങൾ. എത്രവട്ടം തല കല്ലെറിഞ്ഞു പൊട്ടിച്ചിട്ടുണ്ടെന്നോ. പിന്നെയൊരു നമ്പരുണ്ട്. തറയിൽ പൗഡർ വിതറിയിടും. അറിയാതെ നടന്നു വരുന്നയാൾ അതാ സ്ലിപ് ആയി താഴെ. ഷിൻസി ഇപ്പോൾ ബെംഗളൂരുവിൽ ഐബിഎമ്മിലാണ്. 

എലിസബത്ത്: ഇപ്പോഴും കുരുത്തക്കേടിനു കുറവൊന്നുമില്ല. ഷൂ ഇടാനായി കുനിയുമ്പോൾ പിന്നിലൂടെ വന്ന് ഉന്തിയിടും, മൂക്കുംകുത്തി വീഴുമ്പോൾ കൈകൊട്ടി ചിരിക്കും.

പൂച്ചയെ പേടിച്ചു ഞെട്ടുന്ന വിഡിയോ വൈറലായല്ലോ ?

ബേസിൽ: എലിയുടെ ആന്റിയുടെ വീട്ടിലെ പൂച്ചയാണത്, പാച്ചു. പണ്ടുമുതലേ മൃഗങ്ങളെ പേടിയാണ്. റോഡിലൂടെ പോകുമ്പോൾ പട്ടിയെ കണ്ടാൽ മുട്ടിടിക്കും. ആദ്യം സംവിധാനം ചെയ്ത ‘പ്രിയംവദ കാതരയാണോ’ എന്ന ഷോർട്ട് ഫിലിമിലെ പ്രധാന കഥാപാത്രം പട്ടിയാണ്. ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ പട്ടി അതാ നിലത്തു തനിച്ച്. പിന്നെ നോക്കുമ്പോൾ ഞാൻ ഡൈനിങ് ടോബിളിന്റെ മുകളിലാ. 

കരാട്ടെയും കീബോർഡും മാത്രമല്ല ക്രിക്കറ്റും ഹരമാണല്ലോ ?

എലിസബത്ത്: ഔട്ട് ആയാൽ പോലും ക്രീസിൽ നിന്നു മാറാത്ത വഴക്കാളി പ്ലെയറാണു ബേസിൽ. യൂനോയിൽ പോലും കളിച്ചു തോറ്റാൽ സമ്മതിക്കില്ല.

ബേസിൽ: തോൽക്കാൻ എനിക്ക് ഇഷ്ടമില്ല എലിസബത്ത്... റൺ ഔട്ട് എന്റെ കാഴ്ചപ്പാടിൽ ഔട്ടേയല്ല. ക്രീസിന്റെ പത്തടി അപ്പുറത്തുണ്ടെങ്കിൽ പോലും ഞാൻ അലമ്പും. പിന്നെയുള്ള നമ്പരുകൾ ഫുൾടോസും നോബോളുമാണ്. ക്രിക്കറ്റ് അന്നും ഇന്നും വലിയ താൽപര്യമാണ്, പക്ഷേ, അങ്ങോട്ടു ശോഭിച്ചില്ല. ങ്ഹാ, ഇനി സഞ്ജു സാംസൺ വഴി രാജസ്ഥാൻ റോയൽസിൽ കയറണം. 

Tags:
  • Celebrity Interview
  • Movies