Thursday 08 June 2023 12:26 PM IST

‘എല്ലാത്തിനെയും കാണിച്ചു കൊടുക്കാ‍ടാ നമുക്ക്’: ഇത്രയും ശത്രുക്കളുണ്ടെന്ന് ആ നിമിഷം മനസിലാക്കി: ജയിപ്പിച്ചത് വാശി: ജൂഡ് ആന്തണി

Vijeesh Gopinath

Senior Sub Editor

jude-anthany-vanitha ജൂഡ് ആന്തണിയും ഡിയാനയും

ഒരു വെള്ളിയാഴ്ച ഒാർക്കാപ്പുറത്തു പെയ്ത മഴ പോലെയായിരുന്നു ആ സിനിമ. ലക്ഷങ്ങൾ മുടക്കിയുള്ള ‘പ്രമോഷൻ’ ആർഭാടങ്ങളില്ല. നായകനും നായികയും അണിയറ പ്രവർത്തകരുമെല്ലാം ഒന്നിച്ചിരുന്നുള്ള ട്രപ്പീസുകളിയില്ല, സോഷ്യൽമീഡിയയിലെ തള്ളുതല്ലു പരിപാടികളില്ല... ആകെയുള്ളത് ആഴ്ചകൾക്കു മുന്നേ ഒട്ടിച്ച പോസ്റ്ററുകൾ മാത്രം.

അങ്ങനെ 2018 എന്ന സിനിമ പെയ്തു തുടങ്ങി. പിന്നെ നടന്നതു ചരിത്രം. പത്തു ദിവസം കൊണ്ടു നൂറുകോടി നേടിയ മലയാള സിനിമയെന്ന കയ്യൊപ്പിട്ടു. ചിലന്തിവല കെട്ടി കിടന്ന ഹൗസ്ഫുൾ ബോർഡ് പൊടിതട്ടി കുട്ടപ്പനായി നെഞ്ചും വിരിച്ചു തൂങ്ങി കിടന്നു. മലയാള സിനിമകാണാൻ തിയറ്ററുകളിൽ ആൾക്കൂട്ടമുണ്ടാകില്ലെന്നു പറഞ്ഞവരെല്ലാം 2018 സിനിമയുടെ ഒഴുക്കിൽ ഒലിച്ചു പോയി.

സിനിമ ഒാടിത്തുടങ്ങിയപ്പോൾ സന്തോഷം മാത്രമല്ല, ഡാം തുറന്നു വിട്ടതു പോലെ വിവാദങ്ങളും ഒലിച്ചു വന്നു. മുഖ്യമന്ത്രി കഥാപാത്രത്തിന്റെ കരുത്തു മുതൽ സംവിധായകൻ ജൂഡ് ആന്തണിയുടെ തുറന്നു പറച്ചിലുകൾ വരെ ഇടിയും മിന്നലും ഉണ്ടാക്കി.

വിജയത്തിനും വിവാദത്തിനും ഇടയിൽ വാശിയോടെ ജൂഡ് ആന്തണി ഇരുന്നു. എന്നെ ഒന്നു ചിരിപ്പിക്കാമെങ്കിൽ ചിരിപ്പിക്ക് എന്ന വാശിത്തുമ്പിൽ മകൾ മൂന്നുവയസുകാരി ഇസബെൽ എന്ന കുട്ടിക്കുറുമ്പിയും.

2018 കാണാൻ തിയറ്ററിലെത്തിയ ആൾക്കൂട്ടം കണ്ട് ജൂഡ് ഒന്നു ഞെട്ടിയില്ലേ?

സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം വിഡിയോ ഷൂട്ട് ചെയ്തു നിർമാതാവ് വേണു സാറിന് (വേണു കുന്നപ്പള്ളി) അയച്ചു. അതിൽ ഞാൻ പറഞ്ഞത് ഇങ്ങനെയാണ്–

‘‘എന്റെ ജീവിതത്തിലെ വലിയ സ്വപ്നമാണു സാർ നിറവേറ്റിയത്. ഒരുപാടു പണം മുടക്കി എന്നും അറിയാം. ഒന്നെനിക്ക് ഉറപ്പ് പറയാനാകും, നാളെ മുതൽ സാറിനു ഫോൺ താഴെ വയ്ക്കാൻ പറ്റില്ല. പുണ്യമാണ് ഈ സിനിമ. അതുകൊണ്ടു തന്നെ നിരാശപ്പെടേണ്ടി വരില്ല. ഇതൊരു തെളിവായി അയയ്ക്കുന്നു....’’

ഒരു തംപ്സ് അപ് ഇമോജി മാത്രം മറുപടി ആയി സാർ അയച്ചു. കേൾക്കുമ്പോൾ അഹങ്കാരമായി തോന്നും പ ക്ഷേ, അതെന്റെ ആത്മവിശ്വാസമായിരുന്നു. അത്ര കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഈ സിനിമ സംവിധാനം ചെയ്തത്. നാലുവർഷം എഴുതിയും തിരുത്തിയും മുന്നോട്ടു പോയി. അതിനിടയിൽ കനലു പോലെ പൊള്ളിച്ച എത്രയോ അനുഭവങ്ങൾ. ആ പ്രളയം കടന്നാണു ഞങ്ങളും ഈ സിനിമയും തിയറ്ററിൽ എത്തിയത്.

പല കാരണങ്ങൾ കൊണ്ടും നടക്കില്ലെന്നു കരുതിയ സിനിമ. വഴിത്തിരിവായ ഒരു സീൻ പറയാമോ?

പ്രളയത്തിൽ നെടുമ്പാശേരിയിലെ എന്റെ വീട്ടിലും വെള്ളം കയറി. കാറും ഫോണും എല്ലാം നഷ്ടപ്പെട്ടു. മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാത്രമായിരുന്നു. അപ്പോഴാണു പ്രളയം ബാധിച്ച ആളുകളിൽ പൊസിറ്റീവ് ചിന്ത കൊളുത്തി വയ്ക്കാനായി ഷോർട് ഫിലിം സംവിധാനം ചെയ്യാന്‍ ബോധിനി എന്ന സംഘടന സമീപിച്ചത്.

അതിലേക്കിറങ്ങിയപ്പോഴാണു മനോഹരമായ പൊസിറ്റീവ് കാര്യങ്ങൾ തിരിച്ചറിഞ്ഞത്. കേരളത്തെ രക്ഷിക്കാൻ കൈകോർത്തവരുടെ ചിത്രങ്ങൾ മനസ്സിൽ പതിഞ്ഞു. അതുവരെ കണ്ടിട്ടില്ലാത്ത കൂട്ടായ്മകൾ. പലപ്പോഴും അവഗണനകൾ ഏറ്റുവാങ്ങുന്ന മത്സ്യത്തൊഴിലാളികൾ, മൊബൈലിൽ കുത്തിപ്പിടിച്ച് ഇരിക്കുന്നെന്ന കുറ്റപ്പെടുത്തലുകൾ കേട്ട പുതു തലമുറ... ഇവരെല്ലാം ഒന്നിച്ചിറങ്ങി.

അതിൽ സിനിമയുണ്ടെന്നു തിരിച്ചറിഞ്ഞു ഞാൻ നിർമാതാവ് ആന്റോ ചേട്ടനെ (ആന്റോ ജോസഫ്) കണ്ടു. സിനിമ അനൗൺസ് ചെയ്ത് കഴിഞ്ഞതും പ്രശ്നങ്ങൾ തുടങ്ങി. ഈ സിനിമ നടക്കില്ല എന്നു പലരും പ്രചരിപ്പിച്ചു തുടങ്ങി. ഒപ്പം നിന്ന പലരും ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി. ഒരു ദിവസം നിർമാതാവ് ബാദുക്ക (ബാദുഷ) പറഞ്ഞു, ‘‘ആന്റോയെ കാണുന്ന പത്തു പേരിൽ എട്ടും പറയുന്നതു സിനിമയിൽ നിന്നു പിന്മാറാനാണ്. എന്നിട്ടും ആന്റോ നിങ്ങൾ‌ക്കൊപ്പം നിൽക്കുന്നു. ആ സ്നേഹം മറക്കരുത്. ’’

തകർന്നു പോയ ദിവസമായിരുന്നു. ഇത്രയും ശത്രുക്ക ൾ സിനിമയിലുണ്ടെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണ്. സ ങ്കടം സഹിക്കാനായില്ല. സഹതിരക്കഥാകൃത്ത് അഖിലിനോട് (അഖിൽ പി ധർമജൻ) ഇതു പറഞ്ഞതും കരഞ്ഞു പോയി. പിന്നെ തോന്നി, ഇങ്ങനെ ഇരുന്നിട്ടു കാര്യമില്ല. കണ്ണീരു തുടച്ച് അഖിലിനോടു പറഞ്ഞു,‘എല്ലാത്തിനെയും കാണിച്ചു കൊടുക്കാ‍ടാ നമുക്ക്. സിനിമ ഇറങ്ങിക്കഴിഞ്ഞ് ഇതിനെതിരെ പറഞ്ഞവർ‌ നാണംകെട്ട് ഒരു മൂലയ്ക്കിരിക്കണം.’ ആ വാശിയാണു മുന്നോട്ടു നയിച്ചത്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂൺ ഒന്നാം ലക്കത്തിൽ

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്യാംബാബു