Saturday 17 June 2023 11:05 AM IST

‘തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന കുഴമ്പിട്ടു കുളിക്കുന്ന സാധാരണക്കാരിയാണ് ഞാൻ... ന്യൂജെൻ ആയിട്ടില്ല’

Roopa Thayabji

Sub Editor

namitha-new-56

മുന്‍പ് വനിതയോടു സംസാരിക്കവേ നമിത പ്രമോദ് പറഞ്ഞു, ‘‘അഞ്ചു വർഷം കഴിയുമ്പോൾ ഒരുപക്ഷേ, ഞാൻ വിവാഹിതയായിട്ടുണ്ടാകും. ഇതിനിടെ സിനിമയിൽ നല്ല കുറേ വേഷങ്ങൾ ചെയ്തിട്ടുണ്ടാകും. വിവാഹശേഷം അഭിനയം നിർത്തി സ്വന്തമായി ബിസിനസ് തുടങ്ങിയിട്ടുണ്ടാകും...’’ പുതിയ ലക്കം വനിതയുടെ കവർ ഫോട്ടോഷൂട്ടിനു ശേഷം സംസാരിച്ചപ്പോൾ ആദ്യം ചോദിച്ചതും അതു തന്നെ, ‘‘അഞ്ചു വർഷം ആകുന്നു. വിവാഹത്തെ കുറിച്ച് ആലോചിക്കും മുൻപേ ബിസിനസിലേക്കു കാൽ വച്ചല്ലോ?’’

ഒരു നിമിഷം പോലും ചിന്തിക്കാതെ, പക്വതയുള്ള പെൺകുട്ടിയായി നമിത മറുപടി പറഞ്ഞു. ‘‘ആളുകളും അനുഭവങ്ങളുമെല്ലാം നമ്മളെ സ്വാധീനിക്കും. കാലം മാറുമ്പോൾ കാഴ്ചപ്പാടുകൾ മാറുമെന്നല്ലേ. അതിനനുസരിച്ചു ബെറ്റർ പേഴ്സൺ ആകുക എന്നതിലാണു കാര്യം. ജീവിതം ഒരു ഒഴുക്കിലങ്ങനെ പോകും. വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്നു പറഞ്ഞത് അന്നത്തെ മണ്ടൻ തീരുമാനമാണ്.’’

ഇരവും രജനിയും രഞ്ജിത് സിനിമയുമൊക്കെയായി റിലീസുകൾ ഏറെ വരാനുണ്ടല്ലോ ?

രജനി അൽപം നിഗൂഢത ഉള്ള ത്രില്ലർ സിനിമയാണ്. കാളിദാസും ഞാനും സഹോദരങ്ങളാണ് അതിൽ. ഇരവ് പറയുന്നതു സാമൂഹികപ്രസക്തിയുള്ള വിഷയമാണ്. ഡാനിയൽ ബാലാജിയും ജാഫർ ഇടുക്കിയും സർജാനോ ഖാലിദുമൊക്കെയാണു പ്രധാന വേഷങ്ങളിൽ. ര ഞ്ജിത് സിനിമയിൽ ആസിഫ് അലി ആണു നായകൻ. ആണ്, കപ്പ്, എതിരെ എന്നീ സിനിമകൾ റിലീസാകാനുണ്ട്. കോവിഡിനു മുൻപും കോവിഡ് കാലത്തും കമിറ്റ് ചെയ്തവയാണ് ഇവയെല്ലാം.

എപ്പോഴും ചിരിയും തമാശയുമായി നടക്കുന്ന കാളിദാസ് ഭക്ഷണപ്രിയനാണെന്നു കൂടി മനസ്സിലായത് ‘രജനി’യുടെ ഷൂട്ടിങ് സമയത്താണ്. നേരത്തേ തന്നെ കാരവാനിൽ എല്ലാ ഭക്ഷണവും വാങ്ങിവയ്ക്കും. എന്നിട്ട് എല്ലാവരെയും വിളിച്ചു നിർബന്ധിച്ചു കഴിപ്പിക്കും.

ഇരവിന്റെ ഷൂട്ടിങ് വാഗമണ്ണിലായിരുന്നു. വൈകിട്ടു നാലിനു തുടങ്ങി പിറ്റേന്നു രാവിലെ ആറോടെ തീരുന്ന രീതിയിലാണ് ഷെഡ്യൂൾ. എനിക്കു തണുപ്പ് ഒട്ടും പറ്റില്ല, പോരാത്തതിനു കാട്ടിലെ ഷൂട്ടിങ്ങും. കുറച്ചു കഷ്ടപ്പെട്ടെങ്കിലും ആ വർക്കിനിടെയാണ് എന്റെ ബെർത് ഡേ ആഘോഷിച്ചത്. സർപ്രൈസായി കൊണ്ടുവന്ന കേക്ക് ഞാൻ തണുത്തു വിറച്ചാണു മുറിച്ചത്.

ഇരവിന്റെ ഡബ്ബിങ് പൂർത്തിയായപ്പോൾ കിട്ടിയ ഈ ബ്രേക്കിൽ ടൂർ പ്ലാൻ ചെയ്തിരിക്കുകയാണ്. അനിയത്തി അഖിത ലിവർപൂളിലാണ് പഠിക്കുന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബറ എന്നിങ്ങനെ ട്രിപ് കഴിഞ്ഞു വരുമ്പോഴേക്കും ഈ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടാകും.

ബിസിനസ് എന്ന സ്വപ്നം വന്നത് എങ്ങനെയാണ് ?

എന്റെ കാശ് കയ്യിൽ നിന്നു പുറത്തുപോകില്ല എന്നു കുടുംബത്തിൽ തന്നെ ഒരു ‘ചീത്ത’പ്പേരുണ്ട്. അതു പക്ഷേ, പിശുക്കല്ല കേട്ടോ. അന്നും ഇന്നും എന്നും പ്രൈസ് ടാഗ് നോക്കാതെ ഒന്നും ഞാൻ വാങ്ങാറില്ല. കാശിനെ വാല്യൂ ചെയ്യുന്നതു കൊണ്ടാണ് ആ ശീലം കിട്ടിയത്.

കുടുംബത്തിനു പല ബിസിനസുകളും ഉണ്ട്. അച്ഛന്റെ കസിൻ സന്തോഷിന് യുഎസിൽ റസ്റ്ററന്റ് ചെയിൻ ഉണ്ട്, കുടുംബത്തിലും വേറെ ഒരുപാടു ഷെഫുമാരുണ്ട്. ഞാൻ ബിസിനസ് പ്ലാൻ ചെയ്തപ്പോൾ പല ഐഡിയകളും മനസ്സിൽ വന്നെങ്കിലും ഇറ്റാലിയൻ, വെസ്റ്റേൺ ഡിഷസ് മാത്രമുള്ള കഫേ എന്ന തീരുമാനത്തിലെത്തിയത് അങ്ങനെയാണ്. കൊച്ചി, പനമ്പിള്ളി നഗറിലാണ് എന്റെ സമ്മർ ടൗൺ റെസ്റ്റോ കഫേ.

namitha-interview-47

സിനിമയിലെ അഞ്ചു കൂട്ടുകാരികൾ ചേർന്നു ബിസിനസ് ഉദ്ഘാടനം ചെയ്യുന്നു. വെറൈറ്റി ഐഡിയ ആണല്ലോ ?

കഫേ തുടങ്ങുന്ന വിവരം വളരെ നാൾ മുൻപേ ആസിഫിക്കയ്ക്ക് അറിയാമായിരുന്നു. ഇക്കയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു പ്ലാൻ. പക്ഷേ, ഷൂട്ടിങ്ങിന്റെ തിരക്കു കാരണം വരാൻ പറ്റാത്ത സാഹചര്യമായി. അങ്ങനെയാണ് അടുത്ത സുഹൃത്തുക്കൾ കൂടിയായ അപർണ ബാലമുരളിയെയും രജീഷ വിജയനെയും അനു സിതാരയെയും മിയയെയും വിളിച്ചത്. തിരക്കിനിടയിലും കൃത്യസമയത്തു വന്ന് അവരെല്ലാം കൂടി ഉദ്ഘാടനം നടത്തിയപ്പോൾ സംഗതി വെറൈറ്റിയായി.

അന്നു വൈകിട്ട് ഒരു സ്പെഷൽ അതിഥി വന്നു, മമ്മൂക്ക. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു കേട്ടപ്പോൾ സന്തോഷം ഇരട്ടിയായി. അച്ഛനാണു കാര്യങ്ങൾ നോക്കുന്നതെങ്കിലും കൊച്ചിയിലുള്ളപ്പോൾ ഞാനും പോകും. മാനേജരും സർവീസ് ക്യാപ്റ്റനുമൊക്കെയായി 20ലേറെ ജീവനക്കാരുണ്ട്. കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങി ബിസിനസ് വിപുലമാക്കുന്നതാണ് അടുത്ത സ്വപ്നം.

സിനിമയും ബിസിനസും പോലെ വിവാഹം പ്ലാൻ ചെയ്യണ്ടേ ?

ഇപ്പോൾ ചോദിച്ചാലും ഞാൻ പറയും, അഞ്ചു വർഷം കഴിയുമ്പോൾ വിവാഹം കഴിഞ്ഞിട്ടുണ്ടാകും എന്ന്. പക്ഷേ, സന്ദർഭവും ആളുമൊക്കെ ഒത്തു വരണമല്ലോ. ഒരു കാര്യം ഉറപ്പിച്ചു പറയാം, ‍ഞാനൊരു നല്ല പാർട്നർ ആയിരിക്കും. അച്ഛൻ പ്രമോദും അമ്മ ഇന്ദുവും തമ്മിലുള്ള സ്നേഹവും അടുപ്പവുമാണ് എന്റെ ടെക്സ്റ്റ് ബുക്.

വിവാഹത്തിനു മുൻപ് കുറേ വർഷം അച്ഛൻ ഖത്തറിലായിരുന്നു. ഞാനും അഖിതയുമൊക്കെ ജനിച്ചു കഴിഞ്ഞ് ഒരിക്കൽ അച്ഛൻ വീണ്ടും വിദേശത്തേക്കു പോയി. എപ്പോഴും അസുഖം വരുന്ന കുട്ടികളായിരുന്നു ‍ഞങ്ങൾ. അച്ഛന് അമ്മ അയയ്ക്കുന്ന എല്ലാ കത്തിലും ഞങ്ങൾ പതിവായി എഴുതുന്ന ഒരു വാചകമുണ്ട്, ‘പനി മാറി, സ്കൂളിൽ പോയി തുടങ്ങി.’ അച്ഛന്റെ മറുപടി വരും മുൻപേ ഞങ്ങൾ വീണ്ടും ആശുപത്രിയിലാകും. വൈകാതെ അ ച്ഛൻ നാട്ടിലേക്കു മടങ്ങി. പിന്നെ അവരുടെ സ്നേഹവും ആത്മബന്ധവും കണ്ടാണു ഞങ്ങൾ വളർന്നത്. അവർ ഭയങ്കര ജോളിയാണ്, പരസ്പരം വലിയ ബഹുമാനവും. അ ച്ഛൻ എപ്പോഴും പറയും, സെൽഫ് റെസ്പെക്റ്റ് വിട്ട് ഒന്നും ചെയ്യരുത്. നോ പറയേണ്ടിടത്തു നോ പറയണം.

ആ ചിട്ടകളിൽ വളർന്നതു കൊണ്ടാകും ഞാനിപ്പോഴും ന്യൂജെൻ ആയിട്ടില്ല. രണ്ടു ദിവസം കൂടുമ്പോൾ തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന, ആഴ്ചയിലൊരിക്കൽ ദേഹത്തു കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാൻ. കൊറിയൻ പോയിട്ട് ഇംഗ്ലിഷ് പാട്ടു പോലും കേൾക്കാറില്ല. എ.ആർ. റഹ്മാനും ഹാരിസ് ജയരാജുമാണു ഫേവറിറ്റ്സ്.

ഒരു ചോദ്യം കൂടി... സിനിമ നിർമിക്കുമോ, അതും ബിസിനസാണല്ലോ ?

ശരിയാണല്ലോ, ഈ ഐഡിയ എന്താ എനിക്കു നേരത്തേ തോന്നാത്തത്. പക്ഷേ, ഇപ്പോൾ ആ പ്ലാൻ ഇല്ല കേട്ടോ. ഭാവിയിൽ ഉണ്ടാകുമോയെന്നും അറിയില്ല.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ