Monday 29 May 2023 11:24 AM IST

‘എനിക്കു 38 വയസ്സായി, എന്റെ വണ്ണമല്ല, ആരോഗ്യമാണു കണക്കിലെടുക്കേണ്ടത്’: ചികിത്സ വേണ്ടത് അവർക്ക്: മഹാലക്ഷ്മി രവീന്ദർ പ്രണയം

Vijeesh Gopinath

Senior Sub Editor

maha-ravi

മഹാലക്ഷ്മി ഈ വിവാഹ ഫോട്ടോ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒപ്പം പ്രണയത്താലി പോ‌ലെ രണ്ടു വരിക്കുറിപ്പും. ‘നീ ജീവിതത്തിലേക്കു കടന്നു വന്നത് എന്റെ ഭാഗ്യമാണ്. ലവ് യൂ.’

പക്ഷേ, മഹാലക്ഷ്മി വിവാഹം കഴിച്ച രവിന്ദർ ചന്ദ്രശേഖരന്റെ ‘ഭാരം’ ചിലരുടെ മനസ്സിനു താങ്ങാനായില്ല. പിന്നെ, നടന്നത് ബോഡി ഷെയ്മിങിന്റെ ബോംബിങ്. ‘അച്ഛനും മകളും’ ‘പണം മോഹിച്ചുള്ള വിവാഹം’ തുടങ്ങി മനോരോഗത്തിന്റെ പല തരം ഭാവങ്ങൾ സോഷ്യൽ മീഡിയയിലിരുന്നു പരിഹാസച്ചിരി ചിരിച്ചു. ഇന്ത്യയ്ക്കു പുറത്തുള്ള മാധ്യമങ്ങളിൽ വരെ വാർത്തകൾ നിറഞ്ഞു.

സോഷ്യൽമീഡിയയിലെ ‘കമന്റേറു’ കൊണ്ട് ആരും തകർന്നു പോയേക്കാം. പക്ഷേ, അത് എഴുതിയവരുടെ മുഖമടച്ചൊന്നു പൊട്ടിച്ചു കൊണ്ടാണു ലിബ്രാ പ്രൊഡക്‌ഷൻസ് നിർമാണക്കമ്പനിയുടെ ചെന്നൈയിലെ ഒാഫിസിലിരുന്നു ര വിന്ദറും മഹാലക്ഷ്മിയും സംസാരിച്ചു തുടങ്ങിയത്.

‘‘കമന്റിട്ടവരുടെ മനസ്സിനാണു കുഴപ്പം. എന്താകാം അവര്‍ക്കു സഹിക്കാൻ പറ്റാതെ വന്നത് ? എന്റെ വണ്ണം. പിന്നെ, മഹാലക്ഷ്മി എന്ന സുന്ദരിയെ പങ്കാളിയായി ലഭിച്ചത്. ശരീരവണ്ണം കൂടിയവർക്കു വിവാഹമേ പാടില്ല എന്നു ചിന്തിക്കുന്നവരാണു പലരും. അപ്പോഴാണു പ്രശസ്തയായ, സുന്ദരിയായ നടിയെ വിവാഹം കഴിക്കുന്നത്. അതെങ്ങനെ സംഭവിച്ചു എന്നാണവരുടെ ചിന്ത. അതുകൊണ്ടാണ് ഒന്‍പതാമത്തെ ലോകാദ്ഭുതമായി ഇതിനെ കാണുന്നത്. ആ ചിന്ത ഒരു സമൂഹത്തിന്റെ രോഗമാണ്. അതിനാണു ചികിത്സ വേണ്ടത്. ആ രോഗികളെ ഒാർത്തു ഞങ്ങളുടെ സന്തോഷം എന്തിനു നഷ്ടപ്പെടുത്തണം.’’ രവിന്ദർ പൊട്ടിച്ചിരിച്ചു.

സൂപ്പർ ഹിറ്റ് വിഡിയോ ജോക്കി

മഹാലക്ഷ്മി എന്ന ‘വിഡിയോ ജോക്കി’യുടെ പേരു കൗമാരത്തിലേ രവി കേട്ടിട്ടുണ്ടായിരുന്നു. മിക്ക ചെറുപ്പക്കാരുടെയും ക്രഷ് ആയിരുന്നു അന്ന് ആ ക്യൂട്ട് അവതാരക. മ്യൂസിക് ചാനലുകൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. സൺ മ്യൂസിക്കില്‍ പിറന്നാള്‍ ആശംസിച്ചു പാട്ടുകള്‍ െഡഡിക്കേറ്റു െചയ്യുന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നതു മഹാലക്ഷ്മി ആയിരുന്നു. സംഭവം വന്‍ ഹിറ്റ്. ധാരാളം ആരാധകര്‍.

മഹാലക്ഷ്മി: ഒരു വാശിക്കാരി കുട്ടിയായിരുന്നു ഞാന്‍. വീട്ടില്‍ അത്ര ലാളിച്ചാണു വളര്‍ത്തിയത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതിനിടയ്ക്ക് ഒൻപതു സ്കൂളുകൾ മാറി. ‘ടീച്ചർ അടിച്ചു,’ ‘കൂടെയുള്ള കുട്ടികൾ കളിയാക്കി’ അങ്ങനെ പല കാരണങ്ങൾ‌ കൊണ്ടു സ്കൂളുകൾ മാറിക്കൊണ്ടിരുന്നു.

അച്ഛൻ ശങ്കർഅയ്യ സിനിമയിൽ കൊറിയോഗ്രഫറാണ്. ആർആർആർ, ബാഹുബലി, പൊന്നിയിൻസെൽവൻ തുടങ്ങിയ വന്‍സിനിമകളുടെ നൃത്തസംവിധാന സംഘത്തിനൊപ്പം അച്ഛനും ഉണ്ട്. കൊക്കൊ ബാബു എന്നൊരു ബംഗാളി സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. പക്ഷേ, അഭിനയം എന്ന മോഹവുമായി എനിക്കു വീട്ടിൽ കയറാനാവില്ല. ഭയങ്കര സ്ട്രിക്ട്.

കോളജിൽ പഠിക്കുമ്പോഴാണ് ഒരു സുഹൃത്ത് എന്റെ ഫോട്ടോ സൺ ടിവിയിലേക്ക് അയച്ചു കൊടുക്കുന്നത്. അവര്‍ ഒാഡിഷന് വിളിക്കുമ്പോഴാണു സംഗതി ഞാനറിയുന്നതു തന്നെ. വീട്ടിൽ പറഞ്ഞപ്പോഴേ ‘നോ’ പറ‍ഞ്ഞു. പിന്നെ കരച്ചിൽ, വാശി, അറ്റകൈയ്ക്ക് അവസാന അടവിറക്കി, ആത്മഹത്യാ ഭീഷണി. അച്ഛനും അമ്മയും അതിൽ വീണു. അങ്ങനെ വിഡിയോ ജോക്കി ആയി.

യുഎന്നിൽ നിന്നു പ്രൊഡ്യൂസറിലേക്ക്...

രവിന്ദർ‌: കുട്ടിക്കാലത്തു ക്രിക്കറ്റും ഫു‍ട്ബോളുമൊക്കെ ഞാൻ കളിച്ചിരുന്നെന്നു പറഞ്ഞാൽ ഇപ്പോഴാരും വിശ്വസിക്കില്ല. അന്നേ സിനിമ കാണൽ ഹോബിയാണ്. മറ്റൊരു ഹോബി നല്ല ഭക്ഷണം കഴിക്കുന്നതും. കുറച്ചു കഴിഞ്ഞപ്പോൾ ഇതു രണ്ടും ഹാബിറ്റായി.

എൻജിനീയറിങ് കഴിഞ്ഞ് ടെക്കി ആയി. പിന്നീടു സ്വിറ്റ്സർ‌ലൻഡില്‍ എംബിഎ പഠിക്കാൻ പോയി. തുടര്‍ന്ന് െഎക്യരാഷ്ട്ര സംഘടനയില്‍ ജോലി. ടെലികോം വിദഗ്ധനായി ലാറ്റിനമേരിക്കയിലും സൗത്ത് അമേരിക്കയിലും പ്രോജക്ടുകൾ ചെയ്തു. അവിടെ നിന്നു സിനിമയിലേക്ക് എത്തിയതിനെ രണ്ടക്ഷരത്തിൽ വിശേഷിപ്പിക്കാം, വിധി.

ഒരു തമിഴ് ചാനലിൽ താരനിശയുമായി ബന്ധപ്പെട്ടു ച ർച്ചയ്ക്കു പോയതാണ്. അവിടെ നിന്നാണു സിനിമാ നിർമാണത്തിൽ നിക്ഷേപമിറക്കാനായി ഒരാളെ കണ്ടെത്തുന്നത്. അങ്ങനെ 13 വർഷം മുൻപ് ആദ്യ സിനിമ നളനും നന്ദിനിയും നിർമിച്ചു. തിരിച്ചറിയും വരെ സിനിമ ഒരു മിത്താണ്. അകലെ നിന്നു കൈമാടി വിളിച്ചു കൊണ്ടേയിരിക്കും. മോഹത്തോടെ നമ്മളതിൽ വീഴും. പക്ഷേ, ബിസിനസിൽ പരാജയമായിരിക്കും. അതാണ് ആദ്യ സിനിമയിൽ പറ്റിയത്. പിന്നീടു ജോലി ഉപേക്ഷിച്ചു മുഴുവൻ സമയവും സിനിമയിലേക്കു മാറി.

mahalakshmi-2

മിസിസ് രവി ആകാൻ താൽപര്യം ഉണ്ടോ?

മഹാലക്ഷ്മി: രാധികാ ശരത് കുമാറിന്റെ മകളുടെ റോൾ അഭിനയിച്ചാണു ഞാന്‍ സീരിയലിലേക്ക് എത്തിയത്. െടലിവിഷനിലെ അവതരണം കണ്ട് ഇഷ്ടപ്പെട്ടാണ് സീരിയലിലേക്കു വിളിക്കുന്നത്. അച്ഛൻ സമ്മതിക്കില്ലെന്ന് ഉറപ്പാണ്. അമ്മയോടു മാത്രം പറഞ്ഞ് അഭിനയിക്കാൻ പോയി. ചിത്തിയിലെ കാവേരി – അതാണ് ആദ്യ കഥാപാത്രം. ആ ക്‌ഷൻ മുതൽ കട്ട് വരെ എല്ലാം എനിക്കു പുതുമ.

ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത ദിവസം ഒാര്‍മയുണ്ട്. ഞാൻ അച്ഛനോട് ഒന്നു ടിവി ഒാൺ ചെയ്യാൻ പറഞ്ഞു. സീരിയലില്‍ എന്നെ കണ്ടതോടെ അച്ഛന്റെ മുഖം മാറി. ഒറ്റ വാചകമേ പറഞ്ഞുള്ളൂ. ‘മതിയാക്കിക്കോ. ഇതു നിന്റെ ആദ്യത്തെയും അവസാനത്തെയും സീരിയലാണ്.’ ആ സീരിയലും കഥാപാത്രവും വലിയ ഹിറ്റായി. തുടര്‍ന്ന് അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു മുപ്പത്തഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. മലയാളത്തിൽ സ്വാമി അയ്യപ്പന്‍, ഹരിചന്ദനം എന്നീ സീരിയലുകളിലും അഭിനയിച്ചു.

രവിന്ദർ: മുന്നറിവാൻ എന്ന സിനിമയിലേക്കു നായികയെ അന്വേഷിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണു മഹാലക്ഷ്മിയെ കുറിച്ചു കാസ്റ്റിങ് ഡയറക്ടർ പറഞ്ഞത്. വിഡിയോ ജോക്കി കാലത്ത് ഒരുപാടു പേരുടെ ക്രഷ് ആയിരുന്ന ആളാണെന്നു പിന്നീടാണു തിരിച്ചറിഞ്ഞത്.

ഷൂട്ടിനിടയിൽ ഞാൻ മഹാലക്ഷ്മിയെ ശ്രദ്ധിച്ചു. കൃത്യസമയത്തു സെറ്റിലെത്തും. രാവിലെ മുതൽ വൈകിട്ടുവരെ കോസ്റ്റ്യൂം ഇട്ടിരുന്നിട്ട്, ഷൂട്ടില്ലെന്ന് അറിയിച്ചാലും പരാതി പറയില്ല. ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത. ഇതൊക്കെ എന്നെ ആകർഷിച്ചു.

നിർമാതാവ് ആണെങ്കിലും സെറ്റിൽ ആരെയും ഒരു പരിധികഴിഞ്ഞു മനസ്സിലേക്ക് എടുക്കാറില്ല. എന്നിട്ടും ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം ഡിന്നറിനു പോയി. അന്നാണു ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നത്. അനുഭവിച്ച പല കാര്യങ്ങളിലും സമാനതകൾ ഉണ്ടായിരുന്നു.

മഹാലക്ഷ്മി: ഏതോ ഒരു നിമിഷത്തില്‍ വച്ച് ഇനിയുള്ള ജീവിതം ഇദ്ദേഹത്തിന്റെ കൂടെയായാൽ നല്ലതാകുമെന്നു തോന്നി. പ്രണയം പറയുകയായിരുന്നില്ല. അന്നേരമാണു വളരെ പ്രാക്ടിക്കൽ ആയ ചോദ്യം രവിയില്‍ നിന്നു ഞാൻ കേട്ടത്. ‘മിസിസ് രവിന്ദർ ആവാൻ താൽപര്യമുണ്ടോ?’

പിന്നെ, എല്ലാം പെട്ടെന്നായിരുന്നു. സെപ്റ്റംബർ ഒന്നാം തീയതി തിരുപ്പതിയിൽ വച്ചു വിവാഹം.

കണ്ടാലറിയില്ല, കഴിക്കുന്നത് എന്തെന്ന്

രവിന്ദർ: നല്ല ഭക്ഷണം തേടി ഒരുപാടു യാത്രചെയ്യുന്നവരാണ് ഞങ്ങൾ. എെന്ന കണ്ടാൽ നോൺവിഭവങ്ങൾ ഒരുപാടു കഴിക്കുന്ന ആളാണെന്നല്ലേ തോന്നുക. പക്ഷേ, ആഴ്ചയിൽ ആറു ദിവസവും ഞാൻ വെജിറ്റേറിയനാണ്. ഭക്ഷണത്തിൽ ചില ചിട്ടകളും ഉണ്ട്. നോൺവിഭവങ്ങളിൽ ചിക്കനും മട്ടണും മാത്രമേ കഴിക്കൂ. അതും നാട്ടുകോഴി കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ തൊടില്ല. വല്ലപ്പോഴും ഞണ്ട് കഴിക്കും, അതും അമ്മ ഉണ്ടാക്കുന്നത്.

ഇതിനു േനരെ വിപരീതമാണു മഹാലക്ഷ്മി. ഞാന്‍ ഒരു ദിവസം മാത്രം േനാണ്‍ കഴിക്കുമ്പോള്‍ മഹാലക്ഷ്മി ഏഴു ദിവസവും മാംസാഹാരം കഴിക്കും. രാവിലെ ഇഡ്ഡലിയാണെങ്കില്‍ െെവകിയേ എണീക്കൂ. എന്നിട്ടു മട്ടൺ ബിരിയാണി ഒാർഡർ ചെയ്യും. പക്ഷേ, ഞങ്ങളെ കണ്ടാലോ? മറിച്ചല്ലേ തോന്നുക.

വിവാഹം കഴിഞ്ഞ നാളുകളിലെ ഒരു തമാശ പറയാം. ഒാമനിച്ചു വളർത്തിയതു കൊണ്ട് അടുക്കള കാര്യങ്ങളെക്കുറിച്ചു മഹാലക്ഷ്മിക്ക് ധാരണയില്ല. ഒരിക്കൽ മഹാലക്ഷ്മി യുട്യൂബില്‍ നോക്കി മുട്ട പുഴുങ്ങി. കുറച്ചു കഴിഞ്ഞ് ഞാന്‍ ചെന്നു നോക്കുമ്പോള്‍, വെള്ളം വറ്റി, പാത്രം കരിഞ്ഞു മുട്ട കറുത്തിരിക്കുന്നു. പുഴുങ്ങിയ മുട്ട കറുത്തു പോയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നറിയാം. അതുെകാണ്ടു ഞാന്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടു. ഇ പ്പോള്‍ പാചകമൊക്കെ പഠിച്ചു വരുന്നു.

mahalakshmi-1

ബോഡിഷെയ്മിങ്

മഹാലക്ഷ്മി: ബോഡിഷെയ്മിങ് എനിക്കു പരിചിതമേ അ ല്ല. വിവാഹഫോട്ടോയ്ക്കു ചുവടെ ഒരാൾ വളരെ മോശമായ ഒരു കാര്യം എഴുതി. എന്നിട്ടു ബ്രാക്കറ്റിൽ തമാശയായാണെന്നു പറഞ്ഞു. ‘ഈ തമാശ അമ്മയോടും സഹോദരിമാരോടും പോയി പറയൂ’ എന്നു ഞാൻ മറുപടിയും കൊടുത്തു. ഒപ്പം ബ്രാക്കറ്റിൽ ഇതും തമാശയാണെന്നും എഴുതി അതോടെ അയാൾ കമന്റും ഡിലീറ്റ് ചെയ്തു പോയി.

രവിന്ദർ: വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ എന്റെ തടി ചിലർക്കു തമാശയായി തോന്നും എേന്ന ഞാൻ പ്രതീക്ഷിച്ചുള്ളൂ. അത് ഇത്രത്തോളം വലിയ സംഭവമാകുമെന്നു ഞാന്‍ കരുതിയില്ല.

മെലിഞ്ഞിട്ടായാലും തടിച്ചിട്ടായാലും ചിലർക്കു പരിഹസിക്കാനുള്ള ‘ടൂൾ’ ആണ് വണ്ണം. ആദ്യമൊക്കെ അതു കേട്ടു വിഷമം തോന്നിയിരുന്നു. ജിമ്മിൽ പോകാനും ഒാടാനും നടക്കാനുമൊക്കെ തുടങ്ങി. എല്ലാ തടിയന്മാരെയും പോലെ അതു കുറച്ചു ദിവസം കഴിഞ്ഞു നിന്നു പോയി.

പിന്നീടാണ് അതിന്റെ വിഡ്ഢിത്തം തിരിച്ചറിഞ്ഞത്. എനിക്കു 38 വയസ്സായി. ആരോഗ്യവാനാണെന്നത് എന്റെ ആത്മവിശ്വാസമാണ്. വണ്ണമല്ല, ആരോഗ്യമാണു കണക്കിലെടുക്കേണ്ടത്. ഞാൻ ഹെൽത്തിയാണ്. ഒപ്പം തടിയനുമാണ്. അമിതവണ്ണം മഹത്തായ കാര്യമാണെന്നല്ല. മുടിയും നഖവും വളരുന്ന പോലെ തടിയും കൂടുന്നു. അത്രമാത്രം.

യൂട്യൂബ് ചാനലുകാർ ഫാറ്റ്മാൻ എന്നു വിളിക്കാന്‍ തുടങ്ങിയതോടെ എന്റെ വണ്ണം ബ്രാൻഡ് ആയി. പലരും ചോദിച്ചു, ബോഡിഷെയ്മിങ് ഏതെങ്കിലും തരത്തിൽ ബാധിച്ചോ എന്ന്. സത്യത്തിൽ എെന്‍റ വിവാഹം ലോകം മുഴുവന്‍ വാർത്ത ആയതോർത്ത് അദ്ഭുതമാണു തോന്നിയത്.

ഹണിമൂണിനു വിദേശത്തു പോയപ്പോൾ അവിടെയുള്ളവർ വരെ വന്നു സെൽഫി എടുക്കുന്നു. ഞാൻ നിർമിച്ച സിനിമകൾ അവർ കണ്ടിട്ടില്ല. പക്ഷേ, വിവാഹവാർത്ത ക ണ്ടിട്ടുണ്ട്. അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം കഴിഞ്ഞപ്പോൾ ഏതോ ചാനൽ ഇട്ട കാപ്ഷൻ ‘നോർത് ഇന്ത്യയിലെ രവിന്ദറും മഹാലക്ഷ്മിയും’ എന്നാണ്. 2022 ൽ നടന്ന പത്തു മഹത്തായ സംഭവങ്ങളെക്കുറിച്ച് ഒരു ചാനൽ വർഷാന്ത്യത്തിൽ ഒരു പ്രോഗ്രാം ചെയ്തു. പത്തു സംഭവങ്ങളിലൊന്നു ഞങ്ങളുടെ വിവാഹമായിരുന്നു. ഇതൊക്കെയാണു ഞങ്ങളുെട സന്തോഷം. പരിഹാസങ്ങളെയും കളിയാക്കലുകളെയും എല്ലാം ഇങ്ങനെ പോസിറ്റീവ് ആയാണ് കാണുന്നത്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

</p>