Wednesday 25 January 2023 09:46 AM IST : By സ്വന്തം ലേഖകൻ

ബാലകൃഷ്ണയുടെ ‘തൊക്കിനേനി’ പരാമർശം: സ്വയം അപമാനിതനാകുന്നതിന് തുല്യമെന്ന് അക്കിനേനി കുടുംബം

balakrishna

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയുടെ ‘തൊക്കിനേനി’ പരാമർശത്തിനെതിരെ അക്കിനേനി കുടുംബം. നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് സിനിമാ ഇതിഹാസവുമായ അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ചായിരുന്നു, പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ ബാലയ്യയുടെ ഈ പരിഹാസം.

‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി.രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ’ എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്.

ഇതിനു പിന്നാലെയാണ് നാഗേശ്വര റാവുവിന്റെ മകനും തെലുങ്കിലെ സൂപ്പർതാരവുമായ നാഗാർജുനയുടെ മക്കളും യുവതാരങ്ങളുമായ നാഗചൈതന്യയും അഖിൽ അക്കിനേനിയും രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ബാലകൃഷ്ണയ്ക്കെതിരെ ഇരുവരും പരോക്ഷവിമർശനം നടത്തിയത്.

എൻ.ടി. രാമറാവു, അക്കിനേനി നാഗേശ്വര റാവു, എസ്.വി. രംഗറാവു എന്നിവർ തെലുങ്ക് സിനിമയുടെ നെടുംതൂണുകളാണെന്നും അവരെ അവഹേളിക്കുന്നത് സ്വയം അപമാനിതനാകുന്നതിന് തുല്യമാണെന്നും ഇരുവരും ട്വീറ്റ് ചെയ്തു.

അന്തരിച്ച അക്കിനേനി നാഗേശ്വര റാവുവിനെപ്പോലെയുള്ള ഒരു ഇതിഹാസത്തെ അപകീര്‍ത്തിപ്പെടുത്തിയത് തെറ്റായിപ്പോയെന്നാണ് പ്രേക്ഷകരുടെയും വിമർശനം.