Monday 06 February 2023 09:41 AM IST : By സ്വന്തം ലേഖകൻ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ഐറ്റം ? ‘ലിയോ’ പ്രൊമോ സിനിമാ ഗ്രൂപ്പുകളിൽ പ്രധാന ചർച്ച

leo

വിജയ‌്‌‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘ലിയോ’ യുടെ ടൈറ്റിൽ പ്രഖ്യാപന പ്രൊമോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിൽ പ്രധാന ചർച്ച. വൻ ഹിറ്റായ ഈ ‘ബ്ലഡി സ്വീറ്റ്’ വിഡിയോയ്ക്ക് പിന്നാലെ ‘ലിയോ’ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ഐറ്റം ആണോ എന്ന ചോദ്യങ്ങളും സജീവം.

വിക്രം സിനിമയിലൂടെ തന്റേതായ യൂണിവേഴ്സ് പ്രഖ്യാപിച്ച ലോകേഷ് ഈ ചിത്രത്തിൽ എന്ത് മാജിക്ക് ആകും ഒരുക്കിവച്ചിരിക്കുക എന്ന ആകാംക്ഷയും ആരാധകരിലുണ്ട്.

തൃഷയാണ് ചിത്രത്തിൽ നായിക. ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലൻ വേഷത്തിൽ. തെന്നിന്ത്യയിലെ വന്‍ താരനിര സിനിമയുടെ ഭാഗമാകുന്നു. മലയാളി താരം മാത്യു തോമസും ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് – ഫിലോമിന്‍ രാജ്.

ലിയോ എന്ന പേരും വിജയ്‌യുടെ ലുക്കും ടൈറ്റിൽ ടീസറും പുറത്തുവന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ഹോളിവുഡ് ചിത്രമായ ‘ഹിസ്റ്ററി ഓഫ് വയലൻസ്’ന്റെ പ്ലോട്ടുമായി ‘ലിയോ’യുടെ കഥയ്ക്ക് സാമ്യമുണ്ടെന്നാണ് ടീസർ കണ്ട ചിലരുടെ കണ്ടെത്തൽ. ഹിസ്റ്ററി ഓഫ് വയലൻസിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.