Thursday 19 January 2023 10:58 AM IST : By സ്വന്തം ലേഖകൻ

ഷൂട്ടിനിടെ ബോട്ടുകൾ കൂട്ടിയിടിച്ചു, വിജയ് ആന്റണിക്ക് ഗുരുതര പരുക്ക്...താരം ഐസിയുവില്‍

vijay-antony

‘പിച്ചൈക്കാരന്‍ 2’ ചിത്രീകരണത്തിനിടെ ബോട്ടുകള്‍ കൂട്ടിയിടിച്ച് നടന്‍ വിജയ് ആന്റണിക്ക് ഗുരുതര പരുക്ക്. വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്.

ചിത്രത്തിന്റെ മലേഷ്യയിലെ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം. ജലത്തില്‍ വച്ചുള്ള ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ രണ്ട് ബോട്ടുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരുക്ക് ഗുരുതരമല്ല.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്ന് നിര്‍മ്മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് പറഞ്ഞു. ‘മലേഷ്യയിലെ ലങ്കാവി ആയിരുന്നു ലൊക്കേഷന്‍. അദ്ദേഹം ഓടിച്ചിരുന്ന ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു വലിയ ബോട്ടില്‍ ഇടിക്കുകയായിരുന്നു. ഛായാഗ്രാഹകന്‍ അടക്കമുള്ള സംഘമായിരുന്നു ആ ബോട്ടില്‍. ഇടിയുടെ ആഘാതത്തില്‍ വിജയ് ആന്റണിയും കാവ്യയും വെള്ളത്തിലേക്കു വീണു. കാവ്യ ഥാപ്പറിന് തലയില്‍ പരിക്കേറ്റെങ്കിലും ഗുരുതരമല്ല. എന്നാല്‍ വിജയ്‍യുടെ പരിക്ക് കുറച്ചുകൂടി ഗൗരവമുള്ളതാണ്. അദ്ദേഹത്തിന്റെ തലയിലും ചുണ്ടിലും മുറിവുകള്‍ ഉണ്ട്. കുറച്ചുനേരം അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും മുറിവുകള്‍ കാരണം ‌‌ സംസാരിക്കാനാവുന്നില്ല. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. കുടുംബാംഗങ്ങള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. നില കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് കുടുംബത്തിന്‍റെ തീരുമാനം’.– ധനഞ്ജയന്‍ പറയുന്നു.