Thursday 29 December 2022 04:23 PM IST

വേളാങ്കണ്ണി മാതാവിന്റെ ദർശനപുണ്യം തേടി; കെഎസ്ആർ‌ടിസിയുടെ സൂപ്പർ‌സ്റ്റാർ ‘പച്ച ബസ്സി’ൽ...

Vijeesh Gopinath

Senior Sub Editor

chenganashery-velamkanni-ksrtc-superfast-pilgrim-travel-cover കെഎസ്ആർടിസി പച്ച സൂപ്പർ ഫാസ്റ്റിൽ വേളാങ്കണ്ണിയിലേക്ക്; ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചങ്ങനാശേരി. ഉച്ചയ്ക്കു രണ്ടു മണി കഴിഞ്ഞു പത്തു മിനിറ്റ്. യൂണിഫോമിട്ട് അച്ചടക്കത്തോടെ ഇരിക്കുന്ന ക്ലാസ്മുറിയിലേക്കു കളറുടുപ്പിട്ട കുട്ടി കയറിച്ചെല്ലുന്നതു പോലെയായിരുന്നു ആ വരവ്. ചുവപ്പും മഞ്ഞയും നിറമുള്ള ബസുകൾക്കിടയിലേക്കു പച്ചക്കുപ്പായമിട്ട വേളാങ്കണ്ണി സൂപ്പർഎക്സ്പ്രസ് പാഞ്ഞു വന്നു കുലുങ്ങി നിന്നു. പെട്ടെന്നൊരു പയ്യൻ ബസിന്റെ മുന്നിലെത്തി മൊബൈലെടുത്തു ബസിനെയും ചേർത്തുപിടിച്ചൊരു പടം പിടിച്ചു. ‘കെ’ കണക്കിനു ലൈക്ക് കിട്ടാനുള്ള സെല്‍ഫിയാണത്.

സ്റ്റാൻഡ് പിടിച്ച ബസിനെക്കുറിച്ച് അത്ര പരിചയമില്ലാത്തവർക്കായി– ചങ്ങനാശേരിയിൽ നിന്നു വേളാങ്കണ്ണിക്കുള്ള സൂപ്പര്‍ എക്സ്പ്രസ് എയർ ബസ്സാണിത്. ചുവപ്പും വെള്ളയും ഒാറഞ്ചും കുപ്പായമിട്ട ആനവണ്ടികള്‍ക്കിടയിൽ ഫുൾ‌ടാങ്ക് നൊസ്റ്റാൾജിയയും നിറച്ചോടുന്ന അപൂർവം ‘പച്ച ബസ്സു’കളിലൊന്ന്. കേരളത്തിന്റെ നിരത്തുകളിൽ നിന്നു ‘ഹരിത നിറമുള്ള’ വണ്ടികൾ‌ മാഞ്ഞു തുടങ്ങിയെങ്കിലും ഈ ബസ് പാഞ്ഞുകൊണ്ടേയിരിക്കുന്നു, റോഡിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും.

മാസങ്ങൾക്കു മുൻപ് ഈ ബസിനെ ഇറക്കിവിട്ടു പകരം പുതിയ വണ്ടിയിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. ആരാധകർ അടങ്ങിയിരിക്കുമോ? സോഷ്യൽമീഡിയയിൽ പ്രതിഷേധം ടോപ്ഗിയറിലായി. ഒടുവിൽ ഈ ബസ് പിന്നെയും ഒാടിത്തുടങ്ങി. ‘പച്ചനിറമുള്ള ആനവണ്ടി’യുടെ സാരഥി സന്തോഷിന്റെ ‘സന്തോഷ് കുട്ടൻസ്’ എന്ന ഫെയ്സ്ബുക് പേജ് എടുത്തു നോക്കിയാൽ മതി, റീൽസായും പോസ്റ്റായും ബസ് ഒാടുന്നതു കാണാം. ഒപ്പം ലൈക്കടിച്ചും കമന്റിട്ടും കയ്യടിക്കുന്ന ആരാധകരെയും.

മതസൗഹാർദത്തിെന്‍റ വണ്ടി

chenganashery-velamkanni-ksrtc-superfast-pilgrim-travel-bus മുസ്തഫ, സന്തോഷ്, ബിനോമോൻ; ബസിലെ സഞ്ചാരികൾ

ചങ്ങനാശേരിയിൽ നിന്നു ഉച്ചയ്ക്കു രണ്ട് മുപ്പതിനാണ് വേളാങ്കണ്ണിക്കുള്ള ബസു പുറപ്പെടുന്നത്. അതേ സമയം വേളാങ്കണ്ണിയിൽ നിന്നു ചങ്ങനാശേരിക്കുള്ള ബസും പുറപ്പെടും. സീറ്റുകൾ മുൻകൂട്ടി കെഎസ്ആർടിസിയുടെ ഒാൺലൈൻ സൈറ്റ് വഴി ബുക്ക് ചെയ്യാം. ഞങ്ങളുടെ യാത്രയിൽ ചങ്ങനാശേരി മുതൽ പാലക്കാടു വരെ സന്തോഷ് ആയിരുന്നു ഡ്രൈവർ. പാലക്കാടു മുതൽ വേളാങ്കണ്ണി വരെ വളയം പിടിച്ചത് മുസ്തഫയും. ബിനോമോൻ കണ്ടക്ടർ.

സന്തോഷ്: ‘‘1999 മുതലാണ് വേളാങ്കണ്ണിയിലേക്കുള്ള സർവീസ് തുടങ്ങുന്നത്. ചന്ദനക്കുടവുമൊക്കെയായി മതസൗഹാർദത്തിന്റെ നാടാണു ചങ്ങനാശേരി. അവിടെ നിന്നു പുറപ്പെടുന്ന ഈ ബസിൽ യാത്ര ചെയ്തു പഴനിയിലും വേളാങ്കണ്ണിയിലും നാഗപട്ടണത്തിറങ്ങി നാഗൂർ ദർഗയിലും പോവാം. അതുകൊണ്ട് ഇതൊരു മതസൗഹാർദ ബസാണ്.’’

ബിനോമോൻ: ‘‘15 വർഷത്തോളമായി ഈ ബസ്സിൽ കണ്ടക്ടറാണ്. പല പേരുകളിൽ ഫാൻസ് ഗ്രൂപ്പുകളുള്ള ബസ്സാണിത്. കഴിഞ്ഞ ഏപ്രിലിൽ ഈ സർവീസ് സ്വഫ്റ്റിനു വഴിമാറാൻ തീരുമാനിച്ചപ്പോൾ വാർത്ത വൈറലായി. അതുകണ്ട് ബ്രസീലിൽ നിന്നും കാനഡയിൽ നിന്നുമൊക്കെ ഒരുപാടു പേർ വിളിച്ചു പഴയ ഒാർമകൾ പങ്കുവച്ചു.’’ മുസ്തഫ: ‘‘ഈ കാണുന്ന സ്റ്റിക്കർ‌ വർക്കുകൾ ചെയ്തത് ചങ്ങനാശേരിയിലെ മനീഷ് എന്ന ആരാധകനാണ്. സുനാമി ഉണ്ടായ ദിവസം മാതാവിന്റെ കൃപകൊണ്ട് സർവീസ് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഈ വണ്ടിയും ഒലിച്ചു പോയേനെ...’’

അനൗൺസ്മെന്റ് മുഴങ്ങി:

‘േകാട്ടയം, അങ്കമാലി, തൃശൂര്‍, പാലക്കാട് വഴി വേളാങ്കണ്ണിക്കുള്ള സൂപ്പർ എക്സ്പ്രസ് എയർബസ് സ്റ്റാൻഡിന്റെ മധ്യഭാഗത്തു പാർക്ക് ചെയ്തിരിക്കുന്നു....’ സമയം രണ്ടു മുപ്പത്. ഡോറടഞ്ഞു, അഭയം തേടിയുള്ള യാത്ര തുടങ്ങുകയാണ്. ആരാധനയോടെ ലക്ഷങ്ങളെത്തുന്ന മണ്ണിലേക്ക്. സങ്കടങ്ങൾ ഉരുകിയലിയുന്ന വേളാങ്കണ്ണിയിലേക്ക്...

പകുതിയിലേറെ സീറ്റും നിറഞ്ഞു. ജനാലയിലെ ഗ്ലാസ് നീക്കി വച്ചു. അകത്തേക്കു വരണ്ട കാറ്റടിച്ചു കയറി. കണ്ണടച്ചപ്പോൾ ഉള്ളിൽ നിറഞ്ഞത് മാതാവിന്റെ കരുണ തുളുമ്പുന്ന മുഖം. ദുരിതക്കടലിൽ അലയുന്ന എല്ലാവർക്കും അഭയതീരമാകുന്ന അമ്മ.

പ്രാർഥനാ ഭരിതം, യാത്ര

കോട്ടയവും മൂവാറ്റുപുഴയും കടന്നു ബസ് പറന്നു തുടങ്ങി. പലരും ചെറിയ മയക്കത്തിലേക്കു ചാരിക്കിടന്നു. പെരുമ്പാവൂരിൽ ചായകുടിക്കാൻ പത്തുമിനിറ്റ്. പിന്നെയും യാത്ര. ആഴ്ചകൾക്കു മുന്നേ സീറ്റുകൾ റിസർവ് ചെയ്തവരാണ‌ു പല യാത്രക്കാരും. വിരലിലെണ്ണാവുന്നവർ മാത്രമാണു ചെറിയ ദൂരത്തേക്ക് യാത്ര ചെയ്യുന്നത്. അങ്കമാലിയിൽ നിന്നാണ് ആ കന്യാസ്ത്രീകൾ കയറിയത്. തൃശൂർ വരെയാണു യാത്ര. സീറ്റില്ലാത്തതു കൊണ്ടുകണ്ടക്ടർ ബിനോ അവരിലൊരാൾക്കു വേണ്ടി സീറ്റ് ഒഴി‍ഞ്ഞു കൊടുത്തു. തൃശൂരിലിറങ്ങാൻ തുടങ്ങുമ്പോൾ സിസ്റ്റർ യാത്രക്കാരോടു പറഞ്ഞു, ‘മാതാവിനോടു ഞങ്ങൾക്കു വേണ്ടിയും പ്രാർഥിക്കേണമേ...’

chenganashery-velamkanni-ksrtc-superfast-pilgrim-travel-kuthiran കുതിരാൻ കടന്ന്

തൃശൂർ വിട്ടപ്പോഴേക്കും ഏഴുമണി കഴിഞ്ഞു. റോഡിലെ തിരക്കു വകഞ്ഞു മാറ്റി കുതിരാൻ തുരങ്കത്തിലേക്കു ബസു കുതിക്കുകയാണ്. തൊട്ടടുത്ത സീറ്റിലുള്ളവർ‌ ജപമാലയിൽ വിരൽ തൊട്ടു, സന്ധ്യാ പ്രാർഥനയുടെ മുത്തുകൾ ഉരുവിട്ടു തുടങ്ങി. ‘കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു....’ പ്രാർഥന കഴിഞ്ഞ് അവരോടു സംസാരിച്ചു. ചങ്ങനാശേരിയിൽ നിന്നുള്ള ആറംഗ സംഘമാണ്. പാറക്കടവിൽ തോമസും ചേട്ടൻ ജോസ് ഫിലിപ്പും ഭാര്യ ആലിസും പിന്നെ, ഒരേ ഇടവകക്കാരായ ലിസമ്മയും ബീനയും കുഞ്ഞുമോളും. തോമസ് പറഞ്ഞു തുടങ്ങി, ‘‘ഇതിനു മുൻപും ചങ്ങനാശേരിയിൽ നിന്നു ബസിനു വേളാങ്കണ്ണിക്കു പോയിട്ടുണ്ട്, സുഖയാത്രയാണ്. ഉച്ചയ്ക്കു കയറിയാൽ പിറ്റേന്നു രാവിലെ ഏഴുമണിക്കു വേളാങ്കണ്ണിയിലെത്താം. എല്ലാ ദിവ സവും രാവിലെ ഒൻപതു മണിക്കു മലയാളത്തിൽ കുർബാനയുണ്ട്. അതിൽ പങ്കെടുത്തു പള്ളിയിലും കയറി വന്നു വിശ്രമിച്ച് ഉച്ചയ്ക്കു രണ്ടരയ്ക്ക് ഇതേ ബസിൽ മടങ്ങാം. മനമുരുകി പ്രാർഥിച്ചാൽ മാതാവ് അതു നിവർത്തിച്ചു തന്നിരിക്കും. അതുറച്ച വിശ്വാസമാണ്.’’

രാത്രി കനത്തു. വഴികൾ ഉറങ്ങിക്കഴിഞ്ഞു. പഴനിയും ഡിണ്ടിഗലും കണ്ടത് ഒാർമയുണ്ട്. കണ്ണു തുറന്നതു നാഗപട്ടണത്തു വച്ചാണ്. സൂര്യൻ ഒരു മെഴുകുതിരി മാത്രമേ ആകാശത്തുതെളിച്ചു വച്ചിട്ടുള്ളൂ. വെളിച്ചം പരന്നിട്ടില്ലെങ്കിലും ആകാശം നോക്കിയാൽ അറിയാം കടൽ അടുത്തുണ്ട്. ഇനി ഉറങ്ങാൻ നേരമില്ല. പരിശുദ്ധമാതാവിന്റെ അനുഗ്രഹക്കരയിലേക്ക് അധികം ദൂരമില്ല.

ദുഃഖിതരിൽ അലിവേറും നാഥേ...

chenganashery-velamkanni-ksrtc-superfast-pilgrim-travel-velamkanni ഉണ്ണീശോയും മാതാവും; നേർച്ചയായി തലമുണ്ഡനം ചെയ്യുന്നു

തിരക്കിന്റെ തീരത്താണു ബസ് നിന്നത്. ശനിയാഴ്ചയാണിന്ന്, കൂടുതൽ ഭക്തർ എത്തുന്ന ദിവസം. യാത്രക്കാർ തിരക്കിട്ട് ഇറങ്ങാൻ തുടങ്ങി. ഉറപ്പാണ്, എല്ലാ മനസ്സിലും ഒരൊറ്റ മുഖമേയുള്ളൂ, കരുണയുടെ വെണ്മ നിലാവൊഴുകുന്ന ആ രൂപം. അപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്ത മാതാവിനു മുന്നിലേക്കു നടന്നു തുടങ്ങി. തൂവെള്ള നിറത്തിൽ തലയുയർത്തി നിൽക്കുന്ന പള്ളി. നീലാകാശം തൊടുന്ന ഗോപുരങ്ങൾ. ‘ചോദിക്കുവിൻ നിങ്ങൾക്ക് നൽകപ്പെടും’ എന്ന വാഗ്ദാനത്തിൽ ശരണപ്പെട്ട് എത്തിയ നൂറു കണക്കിനാളുകൾ. വലിയ വാതിലിനു മുന്നിൽ എത്തിയപ്പോൾ മനസ്സു പറഞ്ഞു, കരുണയുടെ തണലിലേക്കാണു കയറുന്നത്. എല്ലാം പൊറുക്കുന്ന അമ്മ വിളിക്കുന്നുണ്ട്. കൈവിടില്ല. അകത്തേക്കു കാലെടുത്തു വച്ചു. മനസ്സിൽ തണുപ്പിന്റെ വിരൽ തൊടുന്നു. പാപച്ചൂട് ഏറ്റുപറയുന്നതുകൊണ്ടാവാം പല കണ്ണുകളിലും കണ്ണീർകടലിരമ്പുന്നുണ്ട്. കനലു പൊള്ളിച്ച മനസ്സിലൊന്ന‌ു തൊട്ടു തണുപ്പിക്കാന്‍ അപേക്ഷിക്കുന്നവർ, യാചനകൾ സ്വീകരിക്കാൻ കേണുപറയുന്നവർ...

തിരക്കിലൊഴുകി അൾത്താരയ്ക്കു മുന്നിലെത്തി. വെളിച്ചത്തിന്റെ വെള്ളിത്തെളിച്ചത്തിൽ‌ സ്വർണനിറമുള്ള പട്ടുടുത്തു മാതാവിന്റെ രൂപം. കയ്യിൽ ഉണ്ണിയേശു. വേദനകള്‍ക്കുമുള്ള ഉത്തരമാണ് ആ പു‍ഞ്ചിരി. അമ്മയെ കാണുന്ന എല്ലാ കു‍ഞ്ഞുങ്ങളെയും പോലെ മനസ്സു പറഞ്ഞു, എന്നെയും ചേർത്തു നിർത്തൂ, അഭയം തരൂ...

അതിരുകളില്ലാത്ത സ്നേഹം

chenganashery-velamkanni-ksrtc-superfast-pilgrim-travel-fr-irudayaraj-procession ഫാ. ഇരുദയരാജ്; പ്രദക്ഷിണം

‘‘അദ്ഭുതങ്ങളുടെ നഗരമാണ് വേളാങ്കണ്ണി. ഇവിടെ അ മ്മയുടെ കാരുണ്യം തേടി വരുന്നവരെല്ലാം ഒരുപോലെയാണ്. മാതാവ് അവരുടെ ദുഃഖങ്ങൾ കേട്ട് അദ്ഭുതങ്ങൾ സമ്മാനിക്കുന്നു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലാ, എല്ലാ മതവിശ്വാസികളും മാതാവിന്റെ അരികിൽ അഭയം തേടി വരാറുണ്ട്.’’ റെക്ടർ വെരി റെവറന്റ് ഫാ. സി. ഇരുദയരാജ് പറയുന്നു. ‘‘വിശുദ്ധ മറിയം ആരോഗ്യ മാതാവ് എന്നാണ് അറിയപ്പെടുന്നത്. രോഗപീഡകളാൽ നീറുന്ന ഏറെപ്പേര്‍ ഇവിടെയത്താറുണ്ട്. കൂടാതെ, സന്താനഭാഗ്യത്തിനും കുടുംബബന്ധങ്ങൾ ദൃഡമാക്കാനും വിവാഹം നടക്കാനും ഒക്കെ പ്രാർഥനകളുമായി വിശ്വാസികള്‍ എത്തുന്നു. രാവിലെ 5.45ന് പ്രാർഥന തുടങ്ങുന്നു. രാത്രി ഒൻപതു മണിവരെ പള്ളി തുറന്നിരിക്കും. ഒരു മണിക്കൂർ നീളുന്ന കുർബാന പല ഭാഷയിലുണ്ട്. ഇംഗ്ലിഷ്, തമിഴ്, ഹിന്ദി, മലയാളം, കന്നട എന്നീ ഭാഷകളിൽ ദിവസവും മറാത്തി ഉൾപ്പെടെയുള്ള ഭാഷകളിൽ ഫീസ്റ്റ് സമയത്തും കുർബാന ഉണ്ട്. ഭാഷയ്ക്കും ഇവിടെ അതിർവരമ്പുകളില്ല. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ മലയാളികളെത്താറുള്ളത്.’’

കഥകളുറങ്ങുന്ന തീരം

അള്‍ത്താരയ്ക്ക് അരികിലൂടെ പുറത്തേക്കു നടന്നു. ഇറങ്ങിച്ചെല്ലുന്നതു നൂറുകണക്കിനു മെഴുകുതിരികൾക്കു മുന്നിലേക്കാണ്. ആള്‍പ്പൊക്കമുള്ള നിലവിളക്കിലെ നാളത്തിൽ നിന്നു പ്രാർഥനയോടെ മെഴുകുതിരി കത്തിക്കുന്നവർ. ദുഃഖങ്ങൾ മാതാവിനെ ഏൽപ്പിച്ചു കഴുകി തെളിഞ്ഞ മനസ്സിന്റെ തെളിച്ചമുണ്ട് ഒാരോ മുഖത്തും. ഇനി കഥകളുറങ്ങുന്ന മുറ്റത്തേക്കിറങ്ങി നടക്കാം. നാനൂറു വർഷങ്ങൾക്കു മുൻപ് പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ കൈകളിലേന്തി ഒരു ആട്ടിടയക്കുട്ടിക്കു ദർശനം നൽകിയ കഥ വേളാങ്കണ്ണിയിലേക്കുള്ള യാത്രയിലേ കേട്ടിരുന്നു.

chenganashery-velamkanni-ksrtc-superfast-pilgrim-travel-inside-church പള്ളിക്കുള്ളിൽ മെഴുകുതിരികളുമായി ഭക്തർ

നാഗപട്ടണത്തെ ഒരു ധനികനു പാലുമായി പോവുകയായിരുന്നു ആ കുട്ടി. തടാകക്കരയിലെ ആൽമരച്ചുവട്ടിലിരുന്ന് അവനൊന്നു മയങ്ങി. കണ്ണു തുറന്നപ്പോൾ മുന്നിൽ തേജസുള്ള ഒരമ്മയും കുഞ്ഞും. കുഞ്ഞിനു കൊടുക്കാനായി കുറച്ചു പാൽ ആ അമ്മ ആവശ്യപ്പെട്ടു. സന്തോഷത്തോടെ ആ ഇടയബാലൻ പാൽ കൊടുത്തു. അമ്മയെയും കുഞ്ഞിനെയും യാത്രയാക്കി ആ ബാലൻ ധനികന്റെ വീട്ടിലേക്കു നടന്നു. ദാഹിച്ചെത്തിയ കുഞ്ഞിനുപാലു പകർന്നു നൽകാനായെങ്കിലും അളവു കുറഞ്ഞതു കൊണ്ടു മുതലാളിയുടെ വഴക്കു കേൾക്കുമോ എന്ന ഭയവും അവന് ഉണ്ടായിരുന്നു. ധനികന്റെ വീട്ടിലെത്തി പാൽപാത്രം തുറന്നു നോക്കി. പാൽ‌ നിറഞ്ഞു തുളുമ്പുന്നു. ഗ്രാമത്തിൽ ഈ വാർ‌ത്ത പരന്നു.

chenganashery-velamkanni-ksrtc-superfast-pilgrim-travel-jesus-statue യേശുദേവന്റെ പ്രതിമ

വേളാങ്കണ്ണിയിലെ കടൽ തീരത്തു മാതാവിന്റെ ചൈതന്യമുണ്ടെന്നു നാട്ടുകാർ തിരിച്ചറിഞ്ഞു. ചെറിയൊരു ചാപ്പൽ അവിടെ ഉയർന്നു വന്നു. അന്നത്തെ തടാകത്തിന്റെ സ്ഥാനത്ത് ഇന്നു ചെമ്പു പൊതിഞ്ഞ കിണറാണ് ഉള്ളത്. പള്ളിയിൽ നിന്നിറങ്ങിച്ചെന്നതു മണൽപാതയിലേക്കാണ്. മുട്ടിൽ ഇഴഞ്ഞു പ്രാർഥനയോടെ പോവുന്ന ഭക്തരെ ഈ വഴിയിൽ കാണാം. ചുട്ടുപൊള്ളുന്ന മണലിൽ കാൽമുട്ടു കുത്തി നീന്തിയാണു പള്ളിയിലേക്കു പോവുന്നത്. പൊള്ളുന്ന ചൂടിലും അവർ പ്രാർഥനയുടെ തണലിലാണ്. പാത ചെന്നു നിൽക്കുന്നതു ചെമ്പുപൊതിഞ്ഞ കിണറിനു മുന്നിൽ. പലരും കിണറിനെ പുണർന്നു നിന്നു മാതാവിനോടുള്ള അപേക്ഷകൾ മന്ത്രിക്കുകയാണ്. പള്ളിയിലേക്കു കയറി. അൾത്താരയിൽ മാതാവു പ്രത്യക്ഷപ്പെട്ട െഎതിഹ്യം ആവിഷ്കരിച്ചിട്ടുണ്ട്.

ഉണ്ണിയേശുവിനെ എടുത്ത മാതാവ്. പാൽ നീട്ടുന്ന ബാലൻ. വിശ്വാസത്തിന്റെ മിടിപ്പറിഞ്ഞാണ് ഒാരോ നിമിഷവും കടന്നു പോവുന്നത്. പുറത്തേക്കിറങ്ങി ചെന്നത് മോണിങ് സ്റ്റാർ ദേവാലയത്തിനു മുന്നിലേക്കാണ്. ബസ്സിൽ ഒന്നിച്ചു യാത്ര ചെയ്ത അച്ഛനെയും മകനെയും അവിടെ വച്ചു കണ്ടു. തൊടുപുഴ ഹെഡ് പോസ്റ്റ് ഒാഫിസിൽ ജോലി ചെയ്യുന്ന ഡേവിസ് കുര്യാക്കോസും മകൻ കുര്യനും. ‘‘അമ്മയുടെ ആരോഗ്യത്തിനു വേണ്ടി പ്രാർഥിക്കാനായിരുന്നു ഈ യാത്ര. രാവിലെ ഒൻപതു മണിക്ക് മോണിങ് സ്റ്റാർ ചർച്ചിലുള്ള മലയാളം കുർബാനയിയിൽ പങ്കെടുത്തു. രണ്ടായിരംപേർ പങ്കെടുത്ത വലിയ കുർബാനയാണ് ഇന്നു നടന്നത്. ആ പള്ളിയുടെ നിർമാണം തന്നെ അദ്ഭുതമാണ്. അകത്തു തൂണുകളില്ല. ആർച്ചിലാണ് നിർമിച്ചിരിക്കുന്നത്.’’ ഡേവിസും മകനും യാത്ര പറഞ്ഞു മുന്നോട്ടു പോയി. ആയിരക്കണക്കിനു പേരെ ഉൾക്കൊള്ളാവുന്ന രീതിയിലാണു ദേവാലയ നിർമിതി. മധ്യഭാഗത്തു സ്വർണ നിറത്തിൽ അൾത്താര.

chenganashery-velamkanni-ksrtc-superfast-pilgrim-travel-morningstar-chruch മോണിങ് സ്റ്റാർ ചർച്ച്

പുറത്തേക്കു നടന്നപ്പോഴാണ് ആകാശത്തേക്ക് ഉയർ‌ന്നു നിൽക്കുന്ന യേശുദേവന്റെ രൂപം കണ്ടത്. അടിത്തറയുടെ പൊക്കം 16 അടിയാണ്. പ്രതിമയുടെ ഉയരം 62 അടിയും. തിരുക്കരങ്ങൾ തീർത്ത തണലിനു താഴെ നിന്നു ഫോട്ടോയെടുക്കുന്ന സന്ദർശകർ.

കടൽത്തീരത്തേക്ക്...

കടൽത്തീരത്തേക്കുള്ള വഴിയ‌ിൽ ഇരുവശവും കച്ചവടക്കാർ. മുന്നോട്ടു നടന്നപ്പോൾ തലമുണ്ഡനം ചെയ്യാനുള്ള ഹാൾ‌. ആഗ്രഹങ്ങൾ മാതാവിന്റെ അനുഗ്രഹത്താൽ നേടിയ സന്തോഷ നേർച്ചയായി തലമുണ്ഡനം ചെയ്യുന്നത് ഇവിടെയാണ്. ഇടുക്കിയിൽ നിന്നുള്ള നിഥിനെ കണ്ടു. ഒരുവയസ്സുള്ള മകൾ പൊന്നൂട്ടിയുടെ തല മൊട്ടയടിക്കാൻ തു ടങ്ങിയപ്പോഴേക്കും കരച്ചിലിന്റെ കെട്ടഴി‍ഞ്ഞു. നിഥിനും കൂടി മൊട്ടയടിച്ചപ്പോൾ കരച്ചിൽ പൊട്ടിച്ചിരിയായി. ‘‘ഒരു പ്രാർഥനയുണ്ടായിരുന്നു. അതു നടന്ന സന്തോഷത്തിലാണു ഞങ്ങൾ.’’ നിഥിൻ പറഞ്ഞു.

chenganashery-velamkanni-ksrtc-superfast-pilgrim-travel-shops യേശുദേവന്റെ പ്രതിമ; മെഴുകുതിരിക്കട

റോഡരികിൽ വഴിപാടായി സമർപ്പിക്കാനുള്ള സാധനങ്ങൾ നിരത്തി വച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുണ്ടാവാനുള്ള പ്രാർഥനയായി തെങ്ങിൻ തൈ സമർപ്പിക്കും. പള്ളിക്കരികിൽ തൊട്ടിൽ കെട്ടുന്നവരുമുണ്ട്. മാതാവിന് അർപ്പിക്കാനുള്ള മുല്ലപ്പൂ മാല വാങ്ങാൻ നല്ല തിരക്ക്. പല നിറത്തിലുള്ള െമഴുകുതിരികൾ തിങ്ങിനിറ‍ഞ്ഞ കടയിലും ആൾക്കൂട്ടമാണ്. ആറടിപ്പൊക്കമുള്ള മെഴുകുതിരിവരെയുണ്ട്.

സന്ധ്യയെത്തുന്ന ഭംഗിയിലാണു കടൽതീരം. മാതാവ് പോർച്ചുഗീസു നാവികർക്കു ജീവൻ തിരികെ നൽകിയെത്തിച്ചത് ഈ തീരത്താണത്രെ. പതിനേഴാം നൂറ്റാണ്ടിൽ ചൈനയിലെ മക്കാവോ തുറമുഖത്തു നിന്നു കൊളംബോയിലേക്കു പോവുകയായിരുന്നു പോർച്ചുഗീസ് കപ്പൽ. കടൽ ക്ഷോഭിച്ചു. കപ്പൽ തകരുമെന്നുറപ്പായി, മരണം മുന്നിൽ കണ്ട നാവികർ പരിശുദ്ധ കന്യാമറിയത്തെ വിളിച്ചപേക്ഷിച്ചു. പെട്ടെന്നു കടൽ ശാന്തമായി. കപ്പൽ വേളാങ്കണ്ണി തീരത്തണഞ്ഞു. അവിടെ കണ്ട മാതാവിന്റെ ചാപ്പലിലേക്ക് അവർ ഒാടിച്ചെന്നു പ്രാർഥിച്ചു. ആൾത്തിരയെണ്ണി നിൽ‌ക്കുമ്പോഴാണു കൊച്ചിയിൽ നിന്നുള്ള ജോസഫിനെ പരിചയപ്പെട്ടത്. ശനിയാഴ്ചകളിൽ നടക്കുന്ന പ്രദക്ഷിണത്തെ കുറിച്ചു ജോസഫാണു പറഞ്ഞു തന്നത്. ആ കാഴ്ച കാണാൻ പള്ളി മുറ്റത്തേക്കു വേഗത്തിൽ നടന്നു. വലിയ രൂപക്കൂട് തോളിലെടുത്തു പള്ളിമുറ്റത്തേക്കു കൊണ്ടു വന്നു. രൂപക്കൂടിനുള്ളില്‍ മാലയിട്ട് അലങ്കരിച്ച മാതാവ്. ചുറ്റും െെവദ്യുത ദീപങ്ങളുെട പ്രഭ. പ്രാർഥനയ്ക്കു തുടക്കമായി. തൂവെള്ള നിറമുള്ള പള്ളിക്കു മേൽ സന്ധ്യയുടെ ചുവപ്പ് പരന്നു. മാതാവിന്റെ രൂപത്തിനു പിന്നാലെ ആയിരങ്ങളാണു നടക്കുന്നത്. ധൂപഗന്ധം കാറ്റിൽ അലിയുന്നു. പ്രദക്ഷിണം തീർന്നു മാതാവിന്റെ രൂപം മടങ്ങി. പ്രാർഥനയുടെ തിരയിൽ നനഞ്ഞ് ആമേൻ പറയുന്ന വിശ്വാസികൾ. മാലയിൽ നിന്നു കൊഴിഞ്ഞുവീണ മുല്ലപ്പൂക്കൾ‌ എടുത്തു വയ്ക്കാൻ അവർ തിരക്കു കൂട്ടി. യാത്രയുടെ ഒാർമഗന്ധം, മാതാവിന്റെ അനുഗ്രഹം. ഇതെല്ലാമായി ആ പൂക്കൾ മാറും.

chenganashery-velamkanni-ksrtc-superfast-pilgrim-travel-night-view വേളാങ്കണ്ണിയുടെ രാത്രി ദൃശ്യം

ഒൻപതു മണി കഴിഞ്ഞതോെട പള്ളിമുറ്റത്തു തിരക്കൊഴിഞ്ഞു. തിരികെ നടക്കുമ്പോൾ തോന്നി, കാറ്റു പോലും വേളാങ്കണ്ണി മാതാവിന്റെ നൊവേന ചൊല്ലുന്നുണ്ട്. സ്നേഹാർദ്രമായ ഈശോയുടെ തിരുഹൃദയ സ്നേഹത്തെ പ്രതി എന്റെ ഈ എളിയ യാചനകൾ കേൾക്കണമെന്നും എന്റെ അപേക്ഷകൾ സാധിച്ചു തരേണമെന്നും അങ്ങയോടു ഞാൻ ഏറ്റം വിനീതമായി പ്രാർഥിക്കുന്നു. ആമേൻ....