Monday 20 February 2023 04:54 PM IST

പടയണിച്ചുവടുകളുടെ താളത്തില്‍ കുരമ്പാല പുത്തൻകാവിലെ അടവി മഹോത്സവം

Silpa B. Raj

kurampala–puthenkavil–kshethram–adavi-festival-cover ഭൈരവിക്കോലം, കുരമ്പാല പുത്തൻകാവിൽ ക്ഷേത്രം

മകരവെയിൽ മഞ്ഞക്കളം മായ്ച്ചു മറയുന്ന ആ ത്രിസന്ധ്യയിൽ വീക്കൻചെണ്ടയുടെ അകമ്പടിമേളത്തോടെ കത്തിച്ച ഓലച്ചൂട്ടുമായി കാവുചുറ്റി ആർപ്പുവിളിയിടണം. കാവുണർത്തലിന്റെ ആ കൂവൽവിളി വള്ളിക്കാനാവയൽ കടന്നു പടിഞ്ഞാറേ ചിറമുടിയിലെത്തണം. മുക്കോടിപ്പാലം കടന്നു തെക്കനതിരുമല കയറണം. ഇടയാടിപ്പള്ളിക്കൂടപ്പറമ്പു കയറി കിഴക്കേമാവരപ്പാറ വരെ പോകണം. ആ വിളി കേട്ടുണർന്നിട്ടു വേണം ഭൈരവിയും ഭൂതപ്രേത പിശാചുക്കളും പടയണി കൂടാൻ അമ്മയുടെ തിരുമുറ്റത്തെത്താൻ. നേരോർത്താൽ അവരൊക്കെ പോയ ആണ്ടുകളിലൊക്കെ ആ വിളിക്കായി കാതോർത്തു കിടക്കുകയായിരുന്നല്ലോ.

ഭൈരവി : ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്

കഥാകൃത്ത് ഭൈരവിയിൽ കോറിയിട്ട ആ ക്ഷേത്രത്തിലേക്കു നമുക്ക് പോകാം. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനു സമീപമുള്ള കുരമ്പാല പുത്തൻകാവില്‍ ഭഗവതിക്ഷേത്രത്തിന് ലോകസാംസ്കാരിക ഭൂപടത്തില്‍ ഇടംനേടിക്കൊടുത്തത് അടവി മഹോത്സവം നടക്കുന്ന ക്ഷേത്രം. ഫെബ്രുവരി 23 ന് ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിച്ച് പടയണിയോടെ അടവിക്കു തുടക്കം. 2021ൽ നടക്കേണ്ടിയിരുന്ന ഉത്സവം കോവിഡ് കാരണം മാറ്റിവച്ചതിനാലണ് രണ്ടു വര്‍ഷം വൈകിയത്. ദേശവും ദേശക്കാരും ദേവതമാരും കാത്തിരുന്ന ആ മഹോത്സവത്തിന് ഇനി ദിനങ്ങള്‍ മാത്രം. കുരമ്പാലയിലെ ഓരോ മനസ്സിലും പടയണിത്താളം നിറച്ച്, അഞ്ചു വര്‍ഷം കൂടുമ്പോള്‍ വന്നണയുന്ന അടവി മഹോത്സവത്തിനായി ചൂട്ടുവച്ച് കാവുണര്‍ത്തി കഴിഞ്ഞു.

ക്ഷേത്ര ഐതിഹ്യം

കുരുമ്പയുടെ (ഭഗവതിയുടെ) ആലയം (ഭവനം) എന്ന അർഥത്തിലാണ് നാടിന് കുരമ്പാല എന്നു പേരു വന്നതെന്ന് വിശ്വാസം.

‘‘നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടം ‘വെച്ചാരാധന’യുണ്ടായിരുന്ന ഒരു തറയായിരുന്നു. ഏകദേശം 500 വര്‍ഷങ്ങള്‍ക്കപ്പുറം കുരമ്പാലയിലുള്ള പാലപ്പള്ളിൽ കുടുംബത്തിലെ ഒരംഗം കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി ദേവിയെ ഉപാസിച്ചു. ഭക്തിയില്‍ സംപ്രീതയായ ദേവി തന്റെ ശക്തിയുടെ ഒരംശം അദ്ദേഹത്തിനു നൽകി. ആ ശക്തിയെ ശിലയിലാവാഹിച്ച് പട്ടിൽ പൊതിഞ്ഞ് അദ്ദേഹം തിരികെയെത്തി. ആ സമയം ഇവിടെ നിന്നിരുന്ന വരിക്കപ്ലാവിന്റെ ഒരു ശിഖരം കാറ്റൊന്നും വീശാതെ തന്നെ ഒടിഞ്ഞു വീണു ദേവീസാന്നിദ്ധ്യം അറിയിച്ചു. തുടര്‍ന്ന് യഥാവിധി ക്ഷേത്രം നിര്‍മിക്കുകയും ആ വരിക്കപ്ലാവിന്റെ ഒറ്റത്തടിയില്‍ എട്ടു കൈകളോടു കൂടിയ ഭദ്രകാളി കോലം ഉണ്ടാക്കി പ്രതിഷ്ഠാകർമം നിർവഹിക്കുകയും ചെയ്തു. അന്നു മുതൽ പാലപ്പള്ളിൽ കുടുംബത്തിന് വല്യച്ഛൻ സ്ഥാനം (വെളിച്ചപ്പാട്) നൽകി ക്ഷേത്രം ആദരിച്ചു വരുന്നു. ഏകദേശം 110 വര്‍ഷത്തിനു മുന്‍പ് തീര്‍ത്ത രണ്ടാമത്തെ കോലമാണ് ഇന്നുള്ളത്.’’ ക്ഷേത്രഭരണസമിതി അംഗം സി. വിനോദ് കുമാര്‍ കുരമ്പാല പറയുന്നു. ‍

അടവി മഹോത്സവം

kurampala-puthenkavil-kshethram-adavi-festival-chooral-urulal ചൂരൽ അടവി

വേലന്‍ സമുദായത്തിന്റെ കുലദേവതയായിരുന്നു അടവി. ഒരിക്കൽ ശത്രുദോഷം തീർത്ത് ഒരു വേലന്‍ തന്റെ ഉപാസനാമൂർത്തിയായ അടവിക്കൊപ്പം കുരമ്പാല വഴി വരികയായിരുന്നു. പുത്തൻകാവിൽ ദേവീക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ, ദേവി വേലനോടൊപ്പമുണ്ടായിരുന്ന അടവിയെ തന്നിലേക്ക് ആവാഹിച്ച് കൂടുതൽ ശക്തിസ്വരൂപിണിയായി. ശക്തി കൂടി ഉഗ്രഭാവത്തിലായിരുന്ന ദേവിയുടെ കോപം അടക്കാനും ദേവിയിൽ ലയിച്ച അടവിയെ പ്രീതിപ്പെടുത്താനുമാണ് അടവി മഹോത്സവം നടത്തുന്നതെന്ന് ഐതിഹ്യം. 13 ദിവസം നീളുന്ന പടയണിയും ചൂരൽ ഉരുളിച്ചയുമാണ് ഈ ഉത്സവത്തിന്റെ സവിശേഷത.

ദ്രാവിഡ സംസ്കാരങ്ങളുടെ ശേഷിപ്പാണ് അടവി എന്നു പറയാം. ദ്രാവിഡ ദേവതകളെയും ആരാധനാരീതികളെയും ആര്യവത്കരിച്ചതിനെതിരെയുള്ള പ്രതികരണം അടവിയുമായി ബന്ധപ്പെട്ട പടയണിയില്‍ പല സന്ദര്‍ഭങ്ങളിലും കാണാം. മധ്യകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിൽ വർഷം തോറും നടത്തി വരുന്ന ഒരനുഷ്ഠാന കലയാണ് പടയണി. ദാരികാസുരനെ വധിച്ച് ഉഗ്രയായി മാറിയ ഭദ്രകാളിയെ ശാന്തയാക്കാൻ പരമശിവനും ദേവഗണങ്ങളും ഭൂതഗണങ്ങളും ചേർന്നു പടയണി അവതരിപ്പിച്ചത്രേ. അതുകണ്ട് കലിയടങ്ങി കാളി പൊട്ടിച്ചിരിച്ചുവെന്ന് വിശ്വാസം.

പടയണി ആരംഭിക്കുന്നതിനു മുൻപുള്ള ചടങ്ങുകളാണ് കളമെഴുത്തുപാട്ടും കുരുതിയും. പ്രകൃതിയുമായി അഭേദ്യബന്ധം പടയണിക്കുണ്ടന്നു വ്യക്തമാക്കുന്നതാണ് കളമെഴുത്തു മുത‍ല‍ുള്ള പല അനുഷ്ഠാനങ്ങളും. മകരത്തിലെ ഭരണി നക്ഷത്രത്തിനു തൊട്ടുമുന്‍പുള്ള ചൊവ്വയോ വെള്ളിയോ ദിവസങ്ങളിലാണ് കളമെത്തുപാട്ടും കുരുതിയും നടത്തുന്നത്.

kurampala-puthenkavil-kshethram-adavi-festival-kuthirathullal കുതിര തുള്ളൽ

പ്രകൃതിദത്തമായ വർണപ്പൊടികൾ പലവിധത്തിൽ കൂട്ടിയോജിപ്പിച്ചാണ് കളമെഴുതാനുള്ള നിറങ്ങൾ തയാറാക്കുന്നത്. ദാരികനിഗ്രഹം നടത്തിയ ഭദ്രകാളിയുടെ രൂപമാണ് കളത്തിലെഴുതുന്നത്. കളമെഴുത്തിനൊപ്പം വെളിച്ചപ്പാടിന്റെ കാര്‍മികത്വത്തിലുളള കുരുതിയും നടക്കും. പുലര്‍ച്ചയോടെ കളം മായ്ച്ച ശേഷം ആ പൊടി ചൂര‍ല്‍ ഉരുളാനെത്തുന്ന ഭക്തര്‍ക്കായി മാറ്റി വയ്ക്കുന്നു. കുരുതിയില്‍ അരത്തമാണ് സമര്‍പ്പിക്കുന്നത്. മഞ്ഞളും ചുണ്ണാമ്പും കലക്കിയ രക്തത്തിന്റെ നിറമുള്ള വെള്ളമാണ് അരത്തം.

മകരത്തിലെ ഭരണിനാൾ പുത്തന്‍കാവില്‍ ഭഗവതി ജീവതയിലേറി നാടുകാണാൻ ഇറങ്ങും. ദിവസങ്ങളോളം ഭക്തരുടെ ഭവനങ്ങളിലെഴുന്നെള്ളി പറ സ്വീകരിക്കും. പറയ്ക്കെഴുന്നെള്ളത്ത് കഴിഞ്ഞ് ദേവിയെ ശ്രീകോവിലിലേക്ക് തിരികെ എഴുന്നെള്ളിച്ചു കഴിഞ്ഞാൽപ്പിന്നെ പടയണിക്ക് ചൂട്ടു വച്ച് കൂകി വിളിച്ച് കാവുണർത്തൽ അഥവാ പിശാചിനെ ഉണർത്തലായി.

താളച്ചുവടുകളുമായി പടയണിരാവുകള്‍

ഏഴര നാഴിക ഇരുട്ടിയ ശേഷം (ഏകദേശം രാത്രി പത്തുമണിയോടെ) പത്തു ദിവസം വീക്കന്‍ചെണ്ട അടിച്ച് കൂകിവിളിച്ച് കാവുചുറ്റി പിശാചിനെ ഉണർത്തിയാല്‍ പടയണിയുടെ തുടക്കമായി. മൃഗങ്ങളുടെ തോല്‍ കൊണ്ടു നിര്‍മിക്കുന്ന അസുരവാദ്യമാണ് വീക്കന്‍ചെണ്ട. വീക്കന്‍ചെണ്ട കൊട്ടുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന പ്രകമ്പനം ഭൂതപ്രേത പിശാചുക്കളെ ഉണര്‍ത്തുമെന്ന് വിശ്വാസം.

കുരമ്പാലയുടെ സ്വന്തം മേളസമ്പ്രദായമെന്ന് അറിയപ്പെടുന്ന‘വല്യമേള’ത്തോടെയാണ് പടയണി ആരംഭിക്കുന്നത്. തപ്പ്, ചെണ്ട, തകിൽ, മദ്ദളം, ഇലത്താളം, കുഴൽ ഇവയാണ് വല്യമേളത്തിനുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. വല്യമേളം കലാശത്തിലെത്തുമ്പോൾ ദേശവാസികൾ മരച്ചില്ലകൾ പിടിച്ച് ക്ഷേത്രത്തിന്റെ ഇരുവശത്തു നിന്നുമായി നടയുടെ മുന്നിലേക്ക് ഓടിയെത്തി മരച്ചില്ലകൾ ഉയർത്തി കൂകിയാർത്തു താളം തുള്ളുന്നു. ഇതാണ് തൂപ്പുകാപ്പൊലി.

താവടിയും പന്നത്താവടിയും

kurampala-puthenkavil-kshethram-adavi-festival-thavadi-thullal താവടി തുള്ളൽ

കാപ്പൊലിക്കു ശേഷം, മെയ് വഴക്കത്തോടെ ആയോധന കലകളെ ഓർമപ്പെടുത്തുന്ന രീതിയില്‍ ചുവടുവയ്ക്കുന്നതാണ് താവടി. ഒരു പ്രധാന തുള്ളൽക്കാരൻ കൈമണിയിൽ താളമിട്ടു താവടി ചവിട്ടുമ്പോൾ അയാളുടെ പിന്നിലായി കുറച്ചു പേർ കൈകോർത്തു പിടിച്ച് അതേ പോലെ ചുവടുവയ്ക്കുന്നു. താവടി തുള്ളുന്നവരുടെ ഇരുവശത്തും പൊയ്മുഖങ്ങളണിഞ്ഞ് ചുവടുകളെ വികൃതമായി അനുകരിക്കുന്നതാണ് പന്നത്താവടി.

താവടി കഴിഞ്ഞാൽ പടയണിവിനോദമായി. ഹാസ്യം കലർത്തി സാമൂഹിക വിമർശനം നടത്തുന്നതാണ് പടയണിവിനോദം. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടിന്റെ ഹാസ്യാവതരണത്തോടെയാണ് തുടക്കം. പിന്നീട് കേരളത്തിലേക്കുള്ള ആര്യാധിനിവേശത്തെക്കുറിക്കുന്ന പരദേശികളും മുതലാളി തൊഴിലാളി വ്യവസ്ഥയെ പരിഹസിക്കുന്ന ശർക്കരക്കുടവും അഴിമതിക്കാരായ നികുതിപിരിവുകാരുടെയും കള്ളുകച്ചവടക്കാരിയുടെയും കഥ പറയുന്ന മാസപ്പടിയും പ്രവര്‍ത്യാരും കേരളവും അറബിനാടുകളുമായി ഉണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ കഥ പറയുന്ന കുതിരത്തുളളലും മലദൈവങ്ങളെ സ്തുതിച്ചുകൊണ്ട് പുരുഷന്മാര്‍ തന്നെ മുടിയഴിച്ചു താളത്തിൽ ആടുന്ന മുടിയാട്ടവും മറ്റു വിനോദരൂപങ്ങളായ ചാക്ക, നമ്പൂതിരിയും വാല്യക്കാരനും, പട്ടരും കല്യാണിയും, ഊട്ടുപട്ടര്‍, ബലിപ്പട്ടര്‍, കുഞ്ഞരിക്കാ മഹർഷി, തുടങ്ങിയവയും ഓരോ ദിവസം അരങ്ങിലെത്തുന്നു. ഇവയെല്ലാം കുരമ്പാല പടയണിയിൽ മാത്രം കാണുന്ന വിനോദരൂപങ്ങളാണ്. ഇത്തരം ഇരുപതോളം വിനോദരൂപങ്ങൾ കുരമ്പാല പടയണിയുടെ സവിശേഷതയാണ്. ചൂരല്‍ അടവി നടക്കുന്ന ദിവസം രാത്രി പതിവ് പരിപാടികള്‍ക്കൊപ്പം വൈരാവി, ശീതങ്കന്‍ തുള്ളൽ എന്നീ കലാരൂപങ്ങളും ഉണ്ടാകും.

പാളയില്‍ തെളിയുന്ന ദേവതാരൂപങ്ങള്‍

kurampala-puthenkavil-kshethram-adavi-festival-kolangal ഗണപതി കോലം. കാലായക്ഷി കോലം, കാലൻ കോലം

കവുങ്ങിന്റെ പച്ചപ്പാളയുടെ പുറം ചെത്തി മിനുസപ്പെടുത്തി അതിൽ പ്രകൃതിദത്തമായ നിറങ്ങൾ കൊണ്ട് ചിത്രമെഴുതി തയാറാക്കുന്ന നാട്ടുദേവതാസ്വരൂപങ്ങളാണ് കോലങ്ങൾ. ഓരോ ദേവതയ്ക്കും ഓരോ രൂപമുണ്ട്. കോലങ്ങളുമായി കോലപ്പാട്ടിനും തപ്പുമേളത്തിനും അനുസരിച്ചു നടത്തുന്ന ചുവടുവയ്പാണ് കോലംതുള്ളൽ. ഒരു ദിവസം ഒരു കോലം മാത്രമാണ് ഇവിടെ തുളളുന്നത്. പ്രധാന കോലത്തിനു മുന്‍പായി എല്ലാ ദിവസവും ഗണപതിക്കോലം തുള്ളിയൊഴിയും. വെള്ളയും കരിയും, മറുത, വടിമാടൻ, പുളളിമാടൻ, ചെറ്റമാടൻ, 51 പച്ചപ്പാളയിൽ ഒരുക്കുന്ന കാലയക്ഷിക്കോലം, മാര്‍ക്കണ്ഡേയചരിതത്തെ ആസ്പദമാക്കിയുള്ള കാലൻകോലം, 101 പച്ചപ്പാളയിൽ തീർക്കുന്ന ഭൈരവി തുടങ്ങിയ കോലങ്ങൾ ഓരോ ദിവസവും തുള്ളിയൊഴിയും. ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാണ് കോലംതുള്ളല്‍ നടത്തുന്നത്. തുള്ളൽ അവസാനിക്കാറാകുമ്പോൾ ദേവത കോലത്തിൽ പ്രവേശിച്ച് തുള്ളിയുറഞ്ഞ് ഒഴിഞ്ഞു മാറുമെന്നും അതോടെ നാടിന്റെയും ഭഗവതിയുടെയും എല്ലാ ദുരിതവും അവസാനിക്കുമെന്നും വിശ്വാസം.

ചൂരൽ അടവി

kurampala-puthenkavil-kshethram-adavi-festival-chooral ചൂരൽ ശേഖരിക്കുന്നു, ചൂരൽ ഉരുൾച്ച

‘‘ദേവപ്രീതിക്കായി പ്രാചീനകാലത്തു നടത്തിയിരുന്ന മനുഷ്യബലിയുടെ പ്രതീകാത്മകമായ അവതരണമാണ് ചൂരൽ അടവി. പടയണി തുടങ്ങി ഒൻപതാം ദിവസമാണ് കുരമ്പാലയുടെ സാംസ്കാരിക ഉത്സവമെന്നു പേരുകേട്ട അടവി നടക്കുന്നത്. അന്നു രാവിലെ വ്രതമെടുക്കുന്നവർ പിഴുതെടുത്ത തെങ്ങ്, കവുങ്ങ്, മുള, പന ഇവയുമായി ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ചൂരൽ പിഴുതെടുക്കാൻ ദൂരയുള്ള കാവുകളിലേക്കു യാത്രയാകും. കൂർത്ത മുള്ളുകൾ നിറഞ്ഞ ചൂരല്‍ ആയുധമില്ലാതെ കൈകള്‍ കൊണ്ട് വേരോടെ പിഴുതെടുത്ത് കാല്‍നടയായി തിരികെ ക്ഷേത്രത്തിലേക്ക് എത്തും. രാത്രി 12 മണിയാകുമ്പോൾ ക്ഷേത്രം വെളിച്ചപ്പാടായ വല്യച്ഛൻ പാനക്കുറ്റിയില്‍ വച്ച് കരിക്കുകള്‍ അടിച്ച് ഉടയ്ക്കുന്നു. ഇതാണ് പാനയടി. ഈ സമയത്ത് ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തിരുന്ന് വേലൻ പറ ചാറ്റും. പറ കൊട്ടുന്നതിനെയാണ് ചാറ്റുക എന്നു പറയുന്നത്. പാനയടിക്കു ശേഷം വല്യച്ഛനിൽ നിന്നു ഭസ്മം വാങ്ങി ഭക്തർ ക്ഷേത്രത്തിനു വലംവച്ച് നടയുടെ മുന്നിലെത്തി ചൂരല്‍ ദേഹത്തുചുറ്റി വടക്കോട്ട് ഉരുളും. പ്രായപൂർത്തിയായ പുരുഷന്മാർ മാത്രമാണ് ചൂരൽ ഉരുളിച്ച നടത്തുന്നത്.’’ ക്ഷേത്രഭരണസമിതി അംഗം ദീപു ജി. പറയുന്നു.

സ്വന്തം ശരീരത്തിൽ നിന്നു വരുന്ന രക്തത്താൽ ദേവിക്കു തർപ്പണം നടത്തി അനുഗ്രഹം നേടാനായി ഓരോ അടവിക്കും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. കാര്യസിദ്ധിക്കായാണ് ചൂരല്‍ ഉരുളിച്ച വഴിപാട് നടത്തുന്നത്. ചൂരൽ ഉരുളിച്ചയുടെ സമയത്ത് അടവി ദേവതയുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ചൂരൽ ഉരുളിച്ച കഴിഞ്ഞുള്ള ദിവസം രാത്രി പിശാചുക്കളുടെ വിഹാരരംഗമാണ് എന്നുള്ളതിനാല്‍ ആരും ക്ഷേത്രപരിസരത്തേക്കു പോലും പ്രവേശിക്കരുതെന്നാണ് ആചാരം.

നായാട്ടും പടയും

kurampala-puthenkavil-kshethram-adavi-festival-marutha-kolam മറുത കോലം

അടവി കഴിഞ്ഞ ശേഷം നടത്തുന്ന ചടങ്ങാണ് നായാട്ടും പടയും. കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തുരത്തിയതിന്റെ ഓർമ പുതുക്കലാണ് ഇത്. പുലിക്കോലങ്ങളും നായ്ക്കോലങ്ങളും കരടിക്കോലങ്ങളും പന്നിക്കോലങ്ങളും എല്ലാം ഈ ചടങ്ങിൽ ഉണ്ടാകും. അയ്യപ്പന്റെ ചരിതമാണ് ഇതിൽ പാടുന്നത്. കന്യകമാരിൽ നിന്ന് ഗന്ധർവബാധ ഒഴിപ്പിക്കുന്ന പൂപ്പട, ഹാസ്യരൂപമായ കണിയാൻ പുറപ്പാട് എന്നിവയും പടയണിയോട് അനുബന്ധിച്ച് ഉണ്ടാകും. കുരമ്പാല പടയണിയിൽ മാത്രം കാണുന്ന ഒരനുഷ്ഠാനമാണ് അമ്പലവും വിളക്കും. കാവുകളിലും വൃക്ഷച്ചുവടുകളിലും ദേവതയെ കുടിയിരുത്തി ആരാധിച്ചു വന്നിരുന്ന ദ്രാവിഡരീതിയെ ആര്യവത്കരിച്ച് ക്ഷേത്രങ്ങളിലാക്കിയതിനോടുള്ള ശക്തമായ പ്രതികരണമാണ് അമ്പലവും വിളക്കും. വാഴപ്പിണ്ടി കൊണ്ട് ക്ഷേത്രത്തിന്റെ മാതൃക ഉണ്ടാക്കി പ്രതിഷ്ഠയും പൂജകളുമെല്ലാം ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു. ചടങ്ങിനൊടുവിൽ ജീവതയുടെ മാതൃകയുണ്ടാക്കി തോളിലേറ്റി ഉറഞ്ഞു തുള്ളി ക്ഷേത്രം തകർക്കുകയാണ് ചെയ്യുന്നത്.

ഭൈരവിയുടെ വരവായി

kurampala-puthenkavil-kshethram-adavi-festival-bhairavi ഭൈരവിക്കോലം

പടയണിയുടെ അവസാന നാളാണ് 101 പച്ചപ്പാളയിൽ തീർക്കുന്ന ഭൈരവിക്കോലം ക്ഷേത്രനടയ്ക്കു മുന്നിൽ എത്തുന്നത്. രണ്ടാള്‍പ്പൊക്കമുണ്ടാകും ഭൈരവിക്കോലത്തിന്. കോലത്തിനു നടുവിലായി കത്തിച്ചുവച്ച ചൂട്ടും ഉണ്ടാകും. തുള്ളിയുറയുന്ന ഭൈരവിയെ തൃപ്തയാക്കി തിരിച്ചയയ്ക്കുകയും വേണം. അതിനായി കോലത്തിനു മുന്നിൽ കരിങ്കോഴിയെ കാട്ടി പാടി വിളിച്ച് അകലെയുള്ള ചിറമുടിയിലേക്കു പോകുന്നു. ഭഗവതിയുടെ നടയ്ക്കു മുന്നില്‍ നിന്നു യാത്ര പറഞ്ഞു ഭൈരവി പോകുന്ന രംഗം ഏറെ ഹൃദയസ്പര്‍ശിയാണ്. ഭൈരവിയെ പാലമരങ്ങളും പൂക്കൈതകളും ഇലഞ്ഞിയും യക്ഷിപ്പനയും നിറഞ്ഞ ചിറമുടിയിലെത്തിച്ച ശേഷം മണ്ണാന്‍ മാന്ത്രികകർമങ്ങൾ ചെയ്യുന്നു. തുടര്‍ന്ന് കോലത്തെ പാലമരത്തിൽ തൂക്കി, ഗ്രാമവാസികൾ തിരിഞ്ഞു നോക്കാതെ നടക്കും. തിരിഞ്ഞു നോക്കിയാൽ ഭൈരവിയും ഒഴിപ്പിച്ചു വിട്ട ഭൂതഗണങ്ങളും കൂടെപ്പോരുമെന്നാണ് വിശ്വാസം.

അഞ്ചുവർഷത്തിനു ശേഷം കൂടാന്‍ ഒരു പടയണിക്കാലം. ആ സ്വപ്നം മനസ്സിലേറ്റി ഓരോ ദേശക്കാരനും തിരികെ നടക്കുമ്പോള്‍ പാളകളില്‍ വര്‍ണങ്ങളായി തെളിയാനുള്ള മൗനമായ കാത്തിരിപ്പിലാകും ഭൈരവിയും മറ്റു ദേവതമാരും...