Friday 12 May 2023 02:11 PM IST

8 വർഷത്തെ ആ ബന്ധം വല്ലാതെ സങ്കടത്തിലാക്കിയാണ് അവസാനിച്ചത്, ഒടുവിൽ കൂട്ടിരുന്നു കിട്ടി ഈ പ്രണയം: പ്രബിന്‍ പറയുന്നു

Roopa Thayabji

Sub Editor

prabin-serial

ചെമ്പരത്തി സീരിയലിലെ അനിയൻകുഞ്ഞ്, ‘കുടുംബശ്രീ ശാരദ’യിലെ കുസൃതി വിടാത്ത നായകൻ വിഷ്ണു. അങ്ങനെ സീരിയലിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കുറുമ്പുളള നടനാണ് പ്രബിൻ.

 നേരിൽ കണ്ടപ്പോൾ ആദ്യം ചോദിച്ചതും ആ ചോദ്യം തന്നെ, ‘എവിടുന്നു കിട്ടി ഇത്ര കുറുമ്പ് ?’ കണ്ണിറുക്കി ചിരിച്ച് ഉടൻ വന്നു മറുപടി, ‘‘എപ്പോഴും സീരിയസ്സായി മസിലു പിടിച്ച് ഇരിക്കുന്നതിലും നല്ലതല്ലേ അൽപം കുറുമ്പൊക്കെ കാണിച്ചു ബാക്കിയുള്ളവരെ സന്തോഷിപ്പിക്കുന്നത്... ഒറ്റ മോൻ ആയതിന്റെയാകും എന്നൊക്കെ പലരും പറയും, പക്ഷേ, അങ്ങനെയല്ല കേട്ടോ...’’

ബാക്കി പറഞ്ഞതു പ്രബിന്റെ ഭാര്യ സ്വാതിയാണ്. ‘‘സീരിയലിൽ ഉത്തരവാദിത്തമില്ലാത്ത ആളാണെങ്കിലും റിയൽ ലൈഫിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യുന്നയാളാണു പ്രബിൻ. ഞങ്ങൾക്കു രണ്ടുപേർക്കും ജോലിയുണ്ട്. എന്നേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നത് പ്രബിനാണ്. എങ്കിൽ പോലും എല്ലാ കാര്യവും ഓർത്തുവച്ച് നിറവേറ്റും.’’ തൃശൂരിലെ വീട്ടിലിരുന്നു പ്രബിൻ സംസാരിക്കുമ്പോൾ സ്വപ്നങ്ങളും ചിരിയും നിറച്ചു ഭാര്യ സ്വാതിയും അമ്മ ശോഭകുമാരിയും അമ്മൂമ്മ മാധവിയമ്മയും ഒപ്പമിരുന്നു.

അഭിനയ മോഹം കുട്ടിക്കാലം മുതലുണ്ടോ ?

എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. പിന്നെ, അമ്മയും അമ്മൂമ്മയും ഞാനും. അ മ്മയ്ക്കു കോടതിയിലാണു ജോലി. വീട്ടിലെപ്പോഴും ‍ഞാനും അമ്മൂമ്മയും മാത്രമേ കാണൂ.

ദൂരദർശൻ കാലമല്ലേ, ഞായറാഴ്ച ദിവസം കാത്തിരുന്നു ഹിന്ദി, മലയാളം സിനിമകളൊക്കെ കണ്ടത് ഇപ്പോഴും ഓർമയുണ്ട്. അമ്മൂമ്മ സിനിമാ പ്രേമിയാണ്. നാട്ടിൽ ശ്രീജ എന്നൊരു സി ക്ലാസ് തിയറ്ററുണ്ട്. ഞാനും അമ്മൂമ്മയും കൂടി അവിടെ വരുന്ന സിനിമകളെല്ലാം കാണാൻ പോകും. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു ‘മണിച്ചിത്രത്താഴ്’ കണ്ടത്. അന്നു കണ്ണാടിയുടെ മുന്നിൽ നിന്നു നാഗവല്ലിയായും സണ്ണിയായും നകുലനായുമൊക്കെ ഞാൻ തകർത്തഭിനയിച്ചത്രേ.

പിന്നെ, ഓരോ സിനിമ കാണുമ്പോഴും കണ്ണാടിക്കു മുന്നിൽ നടനാകും. ‘പൂവിനു പുതിയ പൂന്തെന്നലി’ലെ മമ്മൂക്ക വെടി കൊണ്ടുവീഴുന്ന സീനൊക്കെ എത്രവട്ടം അഭിനയിച്ചിട്ടുണ്ടെന്നോ? അപ്പോഴും മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കാൻ ചമ്മലായിരുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ സ്കൂളിൽ കൂട്ടുകാരെ കൂട്ടി മിമിക്സ് പരേഡ് സ്കിറ്റു പോലെ ചെയ്തു. ഡ്രാമകളും ഡാൻസുമൊക്കെയായി പിന്നെ, സ്റ്റേജിൽ തന്നെയായി.

സീരിയലിൽ അവസരം വന്നത് എങ്ങനെ ?

മൊബൈൽ കാലം വന്നപ്പോൾ എല്ലാവരെയും പോ ലെ മ്യൂസിക്കലിയും ഡബ്സ്മാഷുമൊക്കെ എനിക്കും ഹരമായി. പലവട്ടം ചെയ്ത്, എനിക്കു നന്നായി തൃപ്തിപ്പെട്ടാൽ അതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. അഭിനയിക്കാനുള്ള മോഹം കൊണ്ടു കുറേ ഒഡിഷനുകൾക്കും പോയി.

പ്ലസ്ടു വരെ തൃശൂരിലെ പല സ്കൂളുകളിലാണു പഠിച്ചത്. അതിനു ശേഷം ബിബിഎ പഠിക്കാനായി മൈസൂരുവിലേക്കു പോയി. കുസാറ്റിലെ ബ്രിം കോളജിലാണ് എംബിഎ ചെയ്തത്. അതിനു ശേഷമാണ് അഭിനയ രംഗത്തേക്കു വന്നത്.

അതിനു പിന്നിലൊരു കഥയുണ്ട്. മൈസൂരുവി ൽ ബിബിഎയ്ക്കു പഠിക്കുമ്പോൾ ഒരേയൊരു കാര്യത്തിലായിരുന്നു വിഷമം, നാട്ടിൽ നടക്കുന്ന ഒഡിഷനുകളിൽ പങ്കെടുക്കാൻ പറ്റില്ല.

പഠനം കഴിഞ്ഞു തിരിച്ചു വന്നതോടെ എങ്ങനെയും കൊച്ചിയിൽ എത്തണം എന്നായി മോഹം, സിനിമയുടെ പറുദീസയാണല്ലോ ആ നഗരം. അങ്ങനെയാണ് എംബിഎ കുസാറ്റിലാക്കിയത്. പക്ഷേ, സിനിമയായിരുന്നു മനസ്സു നിറയെ. എംബിഎ അവസാന പരീക്ഷയുടെ സമയത്താണു സീ കേരളം ചാനൽ ലോഞ്ച് ചെയ്യുന്നത്. പരീക്ഷയുടെ അന്നു തന്നെയാണ് എന്റെ ഓഡിഷൻ. പത്തിനു തുടങ്ങിയ പരീക്ഷ ഒരു മണിക്കൂറു കൊണ്ടു പൂർത്തിയാക്കി ഞാൻ സാറിന്റെ കാലു പിടിച്ചു.

ഡീനിന്റെ പെർമിഷൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്രേ, ‘വിട്ടേക്കൂ, നമ്മുടെ കോളജിൽ നിന്ന് ഒരു മോഹൻലാലോ മമ്മൂട്ടിയോ ഉണ്ടായാലോ...’ ആ ഒഡിഷനിലാണ് എനിക്കു സീരിയലിൽ ഗ്രീൻ കാർഡ് കിട്ടിയത്. അങ്ങനെ ചെമ്പരത്തിയിലെ അരവിന്ദായി.

തുടക്കക്കാരനു കിട്ടാവുന്ന സ്വപ്ന വേഷമാണല്ലോ അത് ?

ചെമ്പരത്തിയിൽ സെക്കൻഡ് ഹീറോയായിരുന്നു, അക്ഷരാർഥത്തിൽ തുടക്കക്കാരനു കിട്ടാവുന്ന മികച്ച കഥാപാത്രം. എല്ലാ ഇമോഷൻസും ഉള്ള നല്ല അഭിനയ സാധ്യതയുള്ള വേഷവും. ആദ്യഷെഡ്യൂളിലെ ആദ്യ ദിവസം ഞാൻ ഷൂട്ടിങ്ങിനു ചെന്നു. സംവിധായകൻ ഡോ.എസ്. ജനാർദനൻ സാർ സീൻ പറഞ്ഞു തന്നു, ഒരു പെൺകുട്ടിയുടെ കൈ പിടിച്ചു വിരലുകളിൽ തലോടുന്ന ഷോട്ട്. കേട്ടപ്പോൾ തന്നെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി.

നാലഞ്ചു ടേക് എടുത്തിട്ടും ഷോട്ട് ഓക്കെയാകുന്നില്ല. എന്റെ ടെൻഷനും പേടിയും കണ്ട് സാർ കളിയാക്കി, ‘നീ കോളജിലൊക്കെ ചെയ്യും പോലങ്ങു ചെയ്താൽ പോരേ. എന്തിനാ ഇത്ര പേടിക്കുന്നത്...’ ഒരു പെൺകുട്ടിയുടെയും കൈപിടിച്ചു തലോടിയിട്ടേയില്ല എന്ന സത്യം എനിക്കല്ലേ അറിയൂ.

ആദ്യം കുറച്ചു ടെൻഷനടിച്ചെങ്കിലും അഭിനയത്തിലെ കളരിയായിരുന്നു ചെമ്പരത്തി. ആ സീരിയലിൽ എന്റെ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തു. ആ സീരിയലിൽ നിന്നാണ് ഒരു വലിയ പാഠം പഠിച്ചത്, സീരിയലിലെ അഭിനയം നന്നായാലും മോശമായാലും അതിന് ഒരു ദിവസത്തെ ആയുസ്സേയുള്ളൂ.

prabin-fam അമ്മ ശോഭകുമാരി, പ്രബിൻ, സ്വാതി, അമ്മൂമ്മ മാധവിയമ്മ

ആ സീരിയൽ ചെയ്യുമ്പോൾ നായകനാകാൻ വലിയ മോഹമായിരുന്നു. അതേ ടീമിന്റെ അടുത്ത സീരിയലിലൂടെ അതു സാധിച്ചു. ചെമ്പരത്തി ഷെഡ്യൂൾ തീർന്നു പത്തു ദിവസത്തിനകമാണു ‘കുടുംബശ്രീ ശാരദ’ തുടങ്ങിയത്. സിനിമയിലെ നായകനെ പോലെ, തിയറ്ററിൽ സിനിമ കാണുന്നവരുടെ ഇടയിലേക്ക് മമ്മൂക്കയുടെ ഇൻട്രോ സീനിനൊപ്പമായിരുന്നു അതിലെ എന്റെ ഇൻട്രൊഡക്ഷനും. ആ രംഗം പറഞ്ഞു കേട്ടപ്പോഴേ ത്രില്ലടിച്ചു.

പ്രണയത്തെ കുറിച്ചു പറഞ്ഞില്ലല്ലോ...

ആദ്യപ്രണയം ഇപ്പോഴും ഓർമയുണ്ട്. അത്രമാത്രം ജീവിതത്തിൽ സ്വാധീനമുണ്ടാക്കിയ എട്ടു വർഷത്തെ ആ ബന്ധം വല്ലാതെ സങ്കടത്തിലാക്കിയാണ് അവസാനിച്ചത്. ആരെയും വിഷമിപ്പിച്ച് എല്ലാം വെട്ടിപ്പിടിച്ചു നേടുന്ന പ്രണയത്തിൽ ഒരർഥവുമില്ലെന്നും മറ്റുള്ളവർക്കു വേണ്ടി കൂടി സന്തോഷങ്ങൾ മാറ്റിവയ്ക്കണമെന്നും തിരിച്ചറിഞ്ഞതു കൊണ്ടു രണ്ടുപേരും കൂടി തീരുമാനിച്ചാണ് അത് അവസാനിപ്പിച്ചത്.

സ്വാതിയും ഞാനും ആദ്യം അടുത്ത സുഹൃത്തുക്കളായിരുന്നു. ബഹുരാഷ്ട്ര കമ്പനിയിൽ ലീഗൽ ഡിപാർട്ട്മെന്റിലാണു സ്വാതിക്കു ജോലി. സൗഹൃദം പതിയെ പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ വഴിമാറി.

ആ സമയത്തു സ്വാതിയുടെ അമ്മ കാൻസർ ട്രീറ്റ്മെന്റിലാണ്. കീമോ നടക്കുന്നത് എന്റെ വീടിനടുത്തുള്ള ആശുപത്രിയിലാണ്. ഇടയ്ക്ക് അമ്മയ്ക്കു വേണ്ടി ഞാൻ തന്നെ മട്ടൺ ഒക്കെ കുക്ക് ചെയ്തു കൊണ്ടുപോകും. ആ പോക്കിനു മറ്റൊരു ലക്ഷ്യമുണ്ടു കേട്ടോ. ആശുപത്രി കന്റീനിലിരുന്നു 10 മിനിറ്റു സ്വാതിയോടു വർത്തമാനം പറയാം. രണ്ടു വർഷം മുൻപാണു സ്വാതിയുടെ അച്ഛൻ മരിച്ചത്. അതിനു പിന്നാലെ അമ്മയുടെ രോഗം കൂടിയായി ആകെ വിഷ മത്തിലായ അവൾക്കു കൂട്ടിരിക്കുന്നതായിരുന്നു അന്നത്തെ ഇഷ്ടം.

കോവിഡ് കാലത്തെ വിവാഹം ടെൻഷനടിപ്പിച്ചോ ?

വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ എനിക്കു 27 വയസ്സേ ഉള്ളൂ, കുറച്ചു നേരത്തേയായോ എന്നൊരു സംശയമേ ഉള്ളൂ. കോവിഡ് കാലമാണ്. ഓരോ ദിവസവും കേസുകൾ കൂടിവരുന്നു. കല്യാണത്തിന് ആകെ 100 പേരേ പാടുള്ളൂ, വീട്ടുകാരും ബന്ധുക്കളുമൊക്കെയായി ആരുടെയൊക്കെ പേരു വെട്ടണമെന്നായി കൺഫ്യൂഷൻ.

സ്വാതിക്ക് എറണാകുളത്താണു ജോലി, ഞാൻ തിരുവനന്തപുരത്തും. വിവാഹം നിശ്ചയം കഴിഞ്ഞു നീണ്ട എഴു മാസത്തെ ഇടവേളയ്ക്കു ശേഷം പുടവ കൊടുക്കുന്ന ചടങ്ങിനാണു ഞങ്ങൾ വീണ്ടും കണ്ടത്. ആ കാത്തിരിപ്പിന്റെ സുഖമുണ്ടല്ലോ, അതു നന്നായി എൻജോയ് ചെയ്തു.

ക്യാമറയ്ക്കു മുന്നിലാണു കരിയറെന്നു തീരുമാനിച്ചോ ?

അങ്ങനെ തീരുമാനിച്ചതു ചെറുപ്പത്തിലെങ്ങോ ആണ്. സ്വന്തമായി പ്രൊഡക്‌ഷൻ കമ്പനിയും മോഹമാണ്. പിബിഎൻ സിനിമാസ് എന്ന പേരുവരെ കണ്ടുവച്ചിട്ടുണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ജനങ്ങളെ ചിന്തിപ്പിക്കാനും ഒരു ഡയലോഗ് കൊണ്ടെങ്കിലും ചിലത് ഓർമിപ്പിക്കാനുമാകണം, അതാണു സ്വപ്നം.