Friday 16 December 2022 04:21 PM IST : By സ്വന്തം ലേഖകൻ

അമ്മായി അമ്മയ്ക്ക് മരുമകന്‍ നൽകിയ സമ്മാനം! സ്പെഷ്യൽ മൊമന്റ്: വിഡിയോയുമായി സൗഭാഗ്യ

arjun-thara

മലയാളികൾക്ക് പ്രിയ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറും അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളും താരയും മകൾ സൗഭാഗ്യയും സോഷ്യൽ മീഡിയയിലൂടെ ഒരുപോലെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ഭർത്താവ് അമ്മയ്ക്കായി കരുതിവച്ച ഒരു സ്പെഷ്യൽ സർപ്രൈസിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സൗഭാഗ്യ. അമ്മ താരാകല്യാണിന് തന്റെ ഭർത്താവ് അർജുൻ ടാറ്റൂ ചെയ്തു കൊടുക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവർക്ക് മുമ്പാകെ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ചത്. ഉണ്ണിക്കണ്ണന്റെ രൂപമാണ് താരയുടെ കൈത്തണ്ടയിൽ അർജുൻ പച്ച കുത്തിയത്.

‘ഒരു മരുമകൻ അമ്മായിയമ്മയ്ക്ക് നൽകിയ മികച്ച സമ്മാനം’ എന്നാണ് വിഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചത്. തനിക്ക് ആദ്യത്തെ ടാറ്റൂ അർജുൻ ചെയ്തു തരുന്നതിന്റെ വിഡിയോയും സൗഭാഗ്യ അടുത്തിടെ പങ്കുവച്ചിരുന്നു.

നടനും നർത്തകനുമായ ടാറ്റൂ ആർട്ടിസ്റ്റുമാണ് അർജുൻ സോമശേഖർ. 2020 ഫെബ്രുവരി 20ന് ആണ് അർജുനും സൗഭാഗ്യയും വിവാഹിതരായത്. സുദർശനയാണ് ഇവരുടെ മകൾ.