Thursday 04 January 2024 02:29 PM IST

‘മകളുടെ സ്കൂളിൽ നിന്നു ഫോൺകോൾ വന്നാൽ പേടിക്കുന്ന അമ്മയാണ് ‍ഞാൻ’: മകളെക്കുറിച്ചുള്ള സ്വപ്നം: ശോഭന പറയുന്നു

Tency Jacob

Sub Editor

shobhana-story

പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു ചിലങ്ക കിലുങ്ങും. അതാണ് മലയാളിക്ക് ശോഭന. ചലനങ്ങളിൽ പോലും നൃത്തം നിറയുന്ന അഴക്. ഇന്നലെയേക്കാൾ മിഴിവോടെ ഇന്നും മലയാള സിനിമയിൽ തിളങ്ങുന്ന നായിക.

മഹാനടിക്കു ചേരുന്ന തലയെടുപ്പോടെ നടന്നുവരുന്ന ശോ‌ഭനയെ തന്നെ നോക്കി നിന്നു. പിന്നെ, ശോഭനയുടെ പുതിയ ജീവിതവിശേഷങ്ങൾ കേട്ടിരുന്നു.

ആരാണ് ശോഭന എന്നു ചോദിച്ചാൽ സ്വയം എങ്ങനെ വിശേഷിപ്പിക്കും?

ഞാൻ ഒരിക്കലും എന്നെ കുറിച്ചു ആഴത്തിൽ ചിന്തിച്ചിട്ടേയില്ല. അതിനായി സമയം കളഞ്ഞിട്ടുമില്ല. അച്ഛനും അമ്മയും ഒരുപാട് പുകഴ്ത്തി പറഞ്ഞുകേട്ട ഒാർമകളുമില്ല. ചെറുപ്രതികരണങ്ങളായിരുന്നു അവരുടെ അഭിനന്ദനങ്ങൾ. നർത്തകി, നടി എന്നീ ടാഗുകൾ ഭ്രമിപ്പിച്ചിട്ടുമില്ല. പല കലകളിൽ മുഴുകുന്നവർക്ക് അത്തരം ടാഗ് കൊടുക്കേണ്ടതില്ല എന്നാണ് തോന്നൽ. എല്ലാവരും ആർട്ടിസ്റ്റ് ആണ്. ആരുടെയെങ്കിലും ജീവി തത്തിൽ പ്രചോദനമാകാൻ കഴിഞ്ഞു എന്ന നിലയിൽ ഓർമിക്കപ്പെടാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്.

പക്ഷേ, ശരിക്കും ഞാൻ ആരെന്ന ചോദ്യം അപ്പോഴുമുണ്ട്. ഇനിയുള്ള നാളുകളിൽ ‘ഹു ആം ഐ’ എന്നൊരു പുസ്തകം എഴുതുമായിരിക്കും. ഒരുപക്ഷേ, അതിലുണ്ടാകും ഈ ചോദ്യത്തിനുള്ള ഉത്തരം.

കൗമാരകാലത്ത് എന്തായിരുന്നു ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട്? അതിനടുത്തു വരുന്നുണ്ടോ ഇപ്പോഴത്തെ ജീവിതം?

പതിമൂന്നു വയസ്സും പത്തു മാസവുമുള്ളപ്പോഴാണ് സിനിമയിൽ എത്തുന്നത്. ജീവിതത്തെക്കുറിച്ച് ഗാഢമായി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിലേ തിരക്കിലായി. പത്മരാജൻ, അടൂർഗോപാലകൃഷ്ണൻ, കെ. ബാലചന്ദർ, ഫാസിൽ എന്നിങ്ങനെയുള്ള വലിയ ആളുകളോട് സംസാരിക്കാനും ഒപ്പം വർക്ക് ചെയ്യാനും കഴിഞ്ഞു. അതായിരുന്നു എന്റെ പാഠശാല. കോളജിനേക്കാൾ അടിപൊളിയായിരുന്നു ആ സർവകലാശാല. ഒരു വർഷം 22 സിനിമ അഭിനയിച്ച അവസരങ്ങളുണ്ട്. നടി ഉർവശിയും അങ്ങനെയാണ്. ആ പ്രായത്തില്‍ ജീവിക്കേണ്ടിയിരുന്ന ജീവിതം, ചിന്തകൾ, ഇഷ്ടങ്ങൾ ഒന്നിനും സമയം കിട്ടിയില്ല. ഇപ്പോൾ ഒാർക്കുമ്പോൾ ചെറുതായി നഷ്ടബോധം തോന്നുന്നുണ്ട്.

നൃത്തം പഠിക്കാനെത്തുന്ന ശിഷ്യകളോട് ഗുരുവിന്റെ ഗൗരവചട്ടക്കൂടുകളില്ലാതെയാണോ പെരുമാറുന്നത്?

ഇപ്പോഴത്തെ കുട്ടികൾ ‘എൻടൈറ്റിൽഡ് ജനറേഷൻ’ ആ ണ്. നമ്മൾ വളർന്ന രീതി വച്ച് അവരോടും അങ്ങനെയാകണം എന്നു പറയുന്നതിൽ അർഥമില്ല. ചില ചോദ്യങ്ങൾക്ക് അവരാഗ്രഹിക്കുന്ന ഉത്തരമായിരിക്കില്ല നമ്മൾ കൊടുക്കുന്നത്. അവർ കാര്യങ്ങൾ മനസ്സിലാക്കുന്നതു വരെ സൗഹൃദപരമായി നിൽക്കുക എന്നതേ ചെയ്യാനുള്ളൂ. സോഷ്യൽമീഡിയയിൽ കാണുന്നത്ര കൂൾ അല്ല ഞാൻ. ഞാനെന്ന അധ്യാപികയെ ആദ്യമൊക്കെ തിരിച്ചറിയാതെ പോയവരുണ്ട്. പിന്നീട് മനസ്സിലാക്കി തിരിച്ചു വരും. ചിലപ്പോൾ അതിനു വർഷങ്ങൾ എടുക്കും.

എന്റെ ഗുരു, ചിത്രാക്ക എന്നു ഞാൻ വിളിക്കുന്ന ചിത്രാ വിശ്വേശ്വരൻ, ആ കാലഘട്ടത്തിലെ മറ്റു ഗുരുക്കന്മാരുടെ അത്ര കർക്കശക്കാരിയായിരുന്നില്ല.

ശോഭന ഒരു അച്ഛൻകുട്ടിയാണോ?

തീർച്ചയായും. അച്ഛന്റെ പൊക്കമാണ് എനിക്കു കിട്ടിയിരിക്കുന്നത്. സ്വഭാവവും അച്ഛന്റെയാണ്. അച്ഛൻ ഉപദേശങ്ങളൊന്നും തരില്ല. ഞങ്ങളിങ്ങനെ ഒരേ മുറിയുടെ ഒാരോ മൂലയിലിരുന്ന് വായിക്കുകയോ ചിന്തിക്കുകയോ ചെയ്തുകൊണ്ടിരിക്കും. ഇടയ്ക്ക് ഞങ്ങൾ കൺകോണിലൂടെ നോക്കും. നോട്ടങ്ങളിലൂടെയാണ് ഞങ്ങൾ കൂടുതൽ സംസാരിച്ചിരുന്നത്. പറയാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറയുന്ന ആളാണ് അച്ഛൻ ചന്ദ്രകുമാർ.

ട്രാവൻകൂർ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന ലളിത പത്മിനി രാഗിണിമാരുടെ ഒറ്റ അനിയനല്ലേ. കുറേ ലോകപരിചയമുണ്ടായിരുന്നു. നിശബ്ദമായി എനിക്ക് ആത്മവിശ്വാസം പകർന്നു തന്നിരുന്ന വ്യക്തിയാണ്. അച്ഛനെ എനിക്കറിയാമായിരുന്നു. എനിക്കറിയാമെന്ന് അച്ഛനും അറിയാമായിരുന്നു.

നല്ല വായനക്കാരനും ചരിത്രകാരനുമാണ്. അതുപോലെ ആർക്കിടെക്ചറിനെ കുറിച്ചും അറിവുണ്ട്. എൻജിനീയറായിരുന്നു. വലിയ കാര്യങ്ങളൊന്നും ചെയ്ത് ഊർജം കളയാനിഷ്ടപ്പെട്ടില്ല. ഒരു സർജറിക്കു ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല. അങ്ങനെയാണ് മരണം സംഭവിച്ചത്.

എന്റെ നൃത്തമോ അഭിനയമോ കണ്ടു വളരെയൊന്നും അഭിനന്ദിച്ചിട്ടില്ല. മരിക്കുന്നതിനു മുൻപൊരിക്കൽ പത്മസുബ്രഹ്മണ്യത്തോടൊപ്പമുള്ള എന്റെ നൃത്തം കണ്ടു ‘ന ന്നായി ചെയ്തു’ എന്നു പറഞ്ഞു. ‘സ്മോൾ’ അടിക്കുന്ന ആളാണ്. മദ്യത്തിന്റെ പുറത്താണോ യഥാർഥത്തിലാണോ അതു പറഞ്ഞതെന്നു എനിക്കിപ്പോഴും സംശയമുണ്ട്.

അമ്മ ഓമന, ഡോക്ടറാണ്. അച്ഛനിൽ നിന്നു തികച്ചും വ്യത്യസ്ത. അമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നതും ചെയ്യുന്നതും. മലേഷ്യയിലാണ് അമ്മജനിച്ചതും വളർന്നതും. അച്ഛനും അവിടെയായിരുന്നു ജോലി. അവർ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു. പക്ഷേ, നായർ, പിള്ള ഒക്കെ നോക്കിയാണ് കല്യാണം. അതുകൊണ്ട് അവരുടെ പ്രേമത്തെക്കുറിച്ച് എനിക്കഭിപ്രായമില്ല.

കുട്ടിക്കാലം ഇപ്പോഴും കൊതിപ്പിക്കുന്ന ഓർമയാണോ?

അച്ഛനും അമ്മയും ഞാനും ഒരുമിച്ചുണ്ടായ സന്ദർഭങ്ങ ൾ വളരെ കുറവായിരുന്നു. ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഒരുമിച്ചിരിക്കും. അത്രതന്നെ. സാധാരണ പോലെയുള്ള ഒരു വീട്. അതിൽ കവിഞ്ഞൊന്നുമില്ല.

എന്റെ അപ്പച്ചിമാരൊരുമിച്ചുള്ള ഓർമകളാണ് അധികവും. അതിൽതന്നെ പപ്പിമ്മയുടെ കൂടെയുള്ള ഓർമകൾ ഒരിക്കലും മനസ്സിൽ നിന്നു വിട്ടു പോകില്ല. അതുപോലെ നടി ശ്രീവിദ്യയെ കുറിച്ചുള്ള ഓർമകൾ. അക്ക ഞങ്ങളുടെ കുടുംബസുഹൃത്തു കൂടിയായിരുന്നു. ‘അയനം’ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയം. എനിക്കതിൽ വലിയ റോളൊന്നുമില്ല. ശ്രീവിദ്യ അക്കയാണ് നായിക. എനിക്കു ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഞാൻ അക്കയുടെ റൂമിൽ പോയി. അക്കയുടെ മേക്കപ് നടക്കുന്നു.

ഞാൻ അവിടെയിരുന്ന സ്നാക്സ് എടുത്തു കഴിച്ചു. അ തുകണ്ടു അവരുടെ ഹെയർ ഡ്രസ്സർ പറഞ്ഞു. ‘‘അയ്യോ, അതു എടുക്കല്ലമ്മാ, വിദ്യാമ്മയുടേത്.’’ അതുകേട്ട് വിദ്യാക്ക അവരെ വിലക്കി. ‘‘അങ്ങനെയൊന്നും പെരുമാറരുത്. അവരും എന്നെപോലെ മുഖത്ത് പാൻകേക്ക് ഇടുന്ന ആർട്ടിസ്റ്റ് ആണ്. നമ്മളെല്ലാം ഒന്നല്ലേ.’’ വലിയൊരു ജീവിതപാഠമായിരുന്നു അത്. സുകുമാരിയാന്റിയും വീട്ടിലെ ഒരാ ൾ പോലെയായിരുന്നു എനിക്ക്. എന്നെ അറിയുന്ന, മനസ്സിലാക്കുന്ന വ്യക്തികളെല്ലാം പോയ്ക്കൊണ്ടിരിക്കുന്നു.

കൂടെ അഭിനയിച്ചിരുന്ന പലരും അരങ്ങൊഴിയുമ്പോൾ ശൂന്യത അനുഭവപ്പെടുന്നുണ്ടോ?

ഇൻസ്റ്റഗ്രാം എനിക്കു ശരിയാകാത്തത് ഈയൊരു കാര്യത്തിലാണ്. ഒരാൾ മരിച്ചു മിനിറ്റുകൾക്കുള്ളിൽ അവരെകുറിച്ചുള്ള ഓർമകൾ എഴുതി അടുത്ത സുഹൃത്തുക്കൾ പോസ്റ്റ് ചെയ്യുന്നതു കാണാം. ഞാനുമങ്ങനെ ചെയ്യണമെന്ന് ആളുകൾ പ്രതീക്ഷിക്കാൻ പാടില്ല. കെപിഎസി ലളിത ചേച്ചി പെട്ടെന്നു പോയി. ലളിത ചേച്ചി എന്റെ സുഹൃത്താണ്.

വാട്സാപ്പിൽ ഞങ്ങൾ നിരന്തരം സംസാരിക്കുമായിരുന്നു. ‘‘ശോഭൂ...’’ എന്ന വിളിയും പിന്നെ, കുറേ വർത്തമാനങ്ങളും വരും. ഞാൻ അവസാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലും ഒരുമിച്ചഭിനയിച്ചു.

പുതിയ ടെക്നോളജിക്കു മുന്നിൽ ഞാൻ പകച്ചു നിൽക്കുമ്പോൾ ചേച്ചി അനായാസമായി അഭിനയിച്ചു പോകുന്നു. ഞാൻ സംശയം ചോദിച്ചു. ‘അതങ്ങ് വരും ശോഭൂ...’ എന്നായിരുന്നു ചേച്ചിയുടെ മറുപടി. ആ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. വേണുച്ചേട്ടൻ, തിലക ൻ ചേട്ടൻ ഇവരൊക്കെ എന്റെ അധ്യാപകരായിരുന്നു.

നാരായണി, അമ്മയുടെ സിനിമകൾ കണ്ടിട്ടുണ്ടോ?

അടുത്തിടെയാണ് കണ്ടത്. ‘അമ്മാ, വാട്ട് ആർ യു ഡൂയിങ്.’ അവൾക്കത് കണ്ട് അമ്പരപ്പാണ്. ‘ഞാൻ ഇങ്ങനെയായി രുന്നു’ എന്നു ചെറുചിരിയോടെ പറഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ അവൾക്ക് ഇഷ്ടപ്പെട്ടില്ല. അതിൽ എനിക്കു ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദർശൻ. എന്റെ കാര്യത്തിൽ മകൾ കുറച്ചു പൊസസ്സീവാണ്.

അവൾക്കു മൂന്നു വയസ്സുള്ളപ്പോഴാണ് ഞാൻ ‘തിര’ എന്ന സിനിമ ചെയ്യുന്നത്. തിയറ്ററിൽ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്ക്രീനിൽ എന്നെ കണ്ടതും അവൾ എന്റെ മുഖത്തേക്കു നോക്കി. പിന്നീട് എന്തോ ചിന്തയാൽ, എന്റെ കയ്യും വലിച്ചു പുറത്തേക്കു കൊണ്ടു പോയി. ‘മണിച്ചിത്രത്താഴ്’ അവൾക്കിഷ്ടപ്പെട്ടു.

മകൾ അനന്തനാരായണിയോട് കർശനക്കാരിയാണോ?

അത്യാവശ്യം. മകളുടെ സ്കൂളിൽ നിന്നു ഫോൺകോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ‍ഞാൻ. അ വരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാൻ പേടിക്കും. അവൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായി. ചെന്നൈയിൽ ഞാൻ പഠിച്ച അതേ സ്കൂളിലാണ് അവളും പഠിക്കുന്നത്.

കോളജ് പഠനം സ്െറ്റല്ലാ മാരിസിൽ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഞാൻ പറയുന്നതിന്റെ എതിരേ ചെയ്യൂ. അതാണല്ലോ പ്രായം. അതുകൊണ്ടു ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യേണ്ട എന്നേ ഞാൻ പറയൂ. അപ്പോഴതു ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇപ്പോഴും അവളെനിക്കു ചെറിയ കുട്ടിയാണ്. ഞാൻ കൂട്ടുകാരൊത്തു ഒരുമിച്ചു കൂടുമ്പോൾ കൂടെ കൊണ്ടുപോകാറുണ്ട്.

മകൾക്ക് നൃത്തത്തിൽ താൽപര്യമുണ്ടോ?

കഴിഞ്ഞ മാസം അവൾ എന്റെയടുത്തു വന്നു പറഞ്ഞു. ‘എനിക്ക് നൃത്തം പഠിക്കണം.’ അതുവരെ വിളിച്ചാൽ വരും എന്നല്ലാതെ അത്ര താൽപര്യമുണ്ടായിരുന്നില്ല. നിർബന്ധിക്കാനും എനിക്ക് ഇഷ്ടമില്ല. ‘നിനക്ക് പഠിക്കണം എന്നു തോന്നുമ്പോൾ വരൂ’ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ഗൗരവമായി നൃത്തപഠനം തുടങ്ങിയിട്ടുണ്ട്.

സത്യൻ അന്തിക്കാടിന്റെയും മകൻ അനൂപ് സത്യന്റെയും സിനിമയിലഭിനയിച്ചു. ആ അനുഭവം പറയാമോ?

അനൂപ് വളരെ വ്യത്യസ്തനായ സംവിധായകനാണ്. ആ ർട്ടിസ്റ്റിന്റെ സൗകര്യം കൂടി നോക്കിയാണ് അവർ ഷോട്ടെടുക്കുന്നത്. ഒന്നിനും ടെൻഷനില്ല. എഡിറ്റിങ്ങും നല്ലതാണ്. അനൂപ് ഇപ്പോൾ എന്റെ നല്ല സുഹൃത്തും കൂടിയാണ്. അനൂപിന്റെ ആദ്യ സിനിമയിൽ അഭിനയിച്ചെങ്കിലും സ ത്യൻ സാറിന്റെ ആദ്യ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ലല്ലോ. അതുകൊണ്ടു താരതമ്യം ചെയ്യാന്‍ കഴിയില്ല.

‘ഞാൻ തന്നെയാണ് എന്റെ സുഹൃത്ത്’ എന്നു ഒരിക്കൽ പറഞ്ഞതോർമയുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണോ?

അന്നത്തെ കാലത്ത് എന്റെ മാനസികനിലയും പ്രായവും വ്യത്യാസമായിരുന്നു. ഇന്ന് എനിക്കു നിറയെ കൂട്ടുകാരുണ്ട്. ഇവിടെ ഞങ്ങൾ നടിമാരുടെ ഒരു ഗ്രൂപ്പുണ്ട്. രേവതി, സുഹാസിനി എന്നിവരൊക്കെയായി കാണാറുണ്ട്.

സ്ത്രീകൾ അഭിപ്രായം പറയാൻ മടിച്ചിരുന്ന കാലത്തേ തുറന്ന അഭിപ്രായ പ്രകടനങ്ങളായിരുന്നല്ലോ ശോഭനയുടെ രീതി?

എന്റെ അഭിപ്രായം പറയുന്നതിനു പേടിക്കുന്നത് എന്തിന്? ഞാൻ ധരിക്കേണ്ട പാവാടയുടെ ഇറക്കം ഞാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. അത്തരത്തിൽ സംസാരിക്കുന്നതിനെ എതിർക്കുന്നവർ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നിരിക്കാം. മാതാപിതാക്കൾ എന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചിരുന്നു.

shobhana-1

ഒരു സിനിമയിൽ റേപ് സീനുണ്ടായിരുന്നു. ഞാനതിനു ഓക്കെ അല്ലെന്നു കഥ പറഞ്ഞ സമയത്തേ അറിയിച്ചിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. പക്ഷേ, ആ സീനിൽ ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിച്ചു സിനിമയിൽ ചേർത്തു. സിനിമ ഇറങ്ങിയപ്പോൾ അച്ഛൻ അതു പ്രശ്നമാക്കി. എന്റെ അനുവാദമില്ലാതെ അതു ചെയ്തത് ശരിയല്ലല്ലോ. എനിക്കു കംഫർട്ടബിൾ എന്നു തോന്നുന്നതേ ചെയ്യാറുള്ളൂ. മലയാളത്തിൽ എനിക്കു മോശം അനുഭവങ്ങളുണ്ടായിട്ടില്ല.

മലയാള സിനിമയുടെ ഇഷ്ടനായികയായിരുന്ന ശോഭനയെ, ശോഭന എന്ന വ്യക്തിക്കും വളരെ ഇഷ്ടമായിരുന്നോ?

എനിക്ക് ആ ശോഭനയെ ഇപ്പോൾ ടിവിയിൽ കാണുമ്പോ ൾ ഒട്ടും ഇഷ്ടം തോന്നാറില്ല. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നില്ലേ എന്നൊക്കെ തോന്നും. ‘മണിച്ചിത്രത്താഴ്’ കാണുമ്പോള്‍ പോലും എനിക്കതു തോന്നാറുണ്ട്.

ഇപ്പോഴത്തെ സ്വപ്നങ്ങളെന്താണ്?

നിറയെ സ്വപ്നങ്ങളുണ്ട്. ഭരതനാട്യത്തെക്കുറിച്ചു ഡോക്യുമെന്റേഷൻ ചെയ്യണമെന്നതാണ് വര്‍ഷങ്ങളായുള്ള ആഗ്രഹം. അതിനു നല്ല ഫണ്ട് ആവശ്യമാണ്. വായനക്കാരായ ആളുകളെല്ലാം തന്നു സഹായിക്കണം. ഇപ്പോൾ ഞാ ൻ നൃത്തത്തിലൊരു അക്കാദമിക് കോഴ്സ് ചെയ്യുന്നുണ്ട്. അതിന്റെ അസൈൻമെന്റുകൾ, പരീക്ഷ എല്ലാം കൂടി തിരക്കിലാണ്.

അഭിനയം, നൃത്തം അല്ലാതെയുള്ള ഇഷ്ടം?

പേനകൾ എന്റെ ദൗർബല്യമാണ്. അതിന്റെ വലിയൊരു ശേഖരമുണ്ട്. എഴുതാനും ഇഷ്ടമാണ്.

എന്താണ് മകളെ മാധ്യമങ്ങളിൽ നിന്നു മാറ്റിനിർത്തുന്നത്?

എന്തിനു ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരണം? അവൾ സാധാരണ കുട്ടിയാണ്. അത്രമാത്രം.

shobhana-3

ടെൻസി ജെയ്ക്കബ്

ഫോട്ടോ: അരുൺ പയ്യടിമീത്തൽ

കോസ്റ്റ്യൂം : റൗക്ക, കൊച്ചി