Tuesday 30 May 2023 04:27 PM IST : By സ്വന്തം ലേഖകൻ

കനിവിന് കാത്തുനിന്നില്ല, വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് പേങ്ങൻ യാത്രയായി: അന്ത്യാഞ്ജലി

harish

രോഗത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് നടൻ ഹരീഷ് പേങ്ങൻ യാത്രായായി. നർമവും ലാളിത്യവും കലർന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിയ താരം ഹരീഷ് പേങ്ങൻ അന്തരിച്ചു.കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. അടിയന്തരമായി കരൾ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറായിരുന്നുവെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു. ഇതേ തുടർന്ന് ഹരീഷ് പേങ്ങനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവർത്തകർ രംഗത്തെത്തി.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം.