Thursday 01 December 2022 11:56 AM IST

‘താൽപര്യം ഉണ്ടോ എന്ന് ചോദിക്കും മുമ്പ് അവൾ ചാടി വീണ് യെസ് പറഞ്ഞു...’: ആശ ശരത്തും മകളും ഒന്നിക്കുന്ന ‘ഖെദ്ദ’ എത്തുന്നു

V.G. Nakul

Sub- Editor

asha-sarath

മറ്റൊരു താരപുത്രി കൂടി മലയാള സിനിമയുടെ നായികാനിരയിലേക്ക്. മലയാളത്തിന്റെ പ്രിയ അഭിനേത്രി ആശ ശരത്തിന്റെ മകൾ ഉത്തര ശരത്താണ് ഈ പുതുമുഖം.

മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’യിൽ ആശ ശരത്തിനൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. സിനിമയിലും ഇരുവരും അമ്മയും മകളുമായാണ് അഭിനയിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ സംവിധായകനാണ് മനോജ് കാന. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ‘ചായില്യം’, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ‘അമീബ’ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ചിത്രം നാളെ തിയറ്ററുകളിലെത്തും.

‘‘അഭിനയത്തിലേക്ക് പങ്കു ആദ്യമാണ്. നൃത്തം പഠിക്കുന്നുണ്ട്. എനിക്കൊപ്പം പെർഫോമൻസുകളിലും പങ്കെടുത്തിട്ടുണ്ട്. അവൾക്ക് ഉള്ളിൽ ഒരിഷ്ടം അഭിനയത്തോട് ഉണ്ടായിരുന്നു. നേരത്തെ, എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കിലും ഞങ്ങൾ ദുബായിൽ ആയിരുന്നതിനാൽ സാഹചര്യങ്ങൾ ഒത്തു വന്നിരുന്നില്ല. പഠനം കഴിഞ്ഞു മതി എന്നു ഞങ്ങളും പറഞ്ഞു’’. – ഖെദ്ദ’യിലേക്കുള്ള ഉത്തരയുടെ, തന്റെ പങ്കുവിന്റെ വരവിനെക്കുറിച്ച് ആശ ശരത്ത് ‘വനിത ഓൺലൈനി’ൽ മനസ്സ് തുറന്നിരുന്നു.

‘‘2020 മാർച്ച് മുതൽ എനിക്കൊപ്പം പങ്കു നാട്ടിലുണ്ടായിരുന്നു. ഗുരുവായൂരിൽ ഒരു നൃത്ത പരിപാടിക്കെത്തിയതാണ്. ലോക്ക് ഡൗൺ കാരണം തിരികെ പോകാൻ സാധിച്ചില്ല. ആ സമയത്താണ് ഈ അവസരം വന്നത്. ഞാൻ അതിനും മുമ്പ് കേട്ട കഥയാണ് ‘ഖെദ്ദ’യുടെത്. ആ സമയത്ത് ഡേറ്റ് ക്ലാഷും മറ്റുമായി പ്രൊജക്ട് നീണ്ടു പോയി. കുറച്ച് കഴിഞ്ഞ് ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു.

ലോക്ക് ഡൗൺ സമയത്താണ് പ്രൊജക്ടുമായി മനോജ് സാർ വീണ്ടും സമീപിച്ചത്. തിരക്കഥ വായിക്കാൻ വന്നപ്പോഴാണ് അദ്ദേഹം മോളെ കണ്ടതും അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്നു ചോദിച്ചതും.

മോൾക്ക് അഭിനയത്തിലേക്ക് വരണം എന്ന് താൽപര്യമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് അവൾക്ക് യുകെയിൽ മാസ്റ്റേഴ്സിന് അഡ്മിഷൻ റെഡിയായെങ്കിലും അടുത്ത വർഷത്തേക്ക് നീട്ടി വച്ചിരിക്കുകയായിരുന്നു.

a3

ഞാൻ താൽപര്യം ഉണ്ടോ എന്ന് ചോദിക്കും മുമ്പ് തന്നെ അവൾ ചാടി വീണ് യെസ് പറഞ്ഞു. നല്ല കഥാപാത്രം, സിനിമ ഒക്കെക്കൂടിയായപ്പോൾ അവൾ വളരെ എക്സൈറ്റഡായിരുന്നു. അമ്മയും മകളും പ്രധാന കഥാപാത്രങ്ങളായി വരുന്ന, സാമൂഹിക പ്രാധാന്യമുള്ള ഒരു കഥയാണ് ചിത്രത്തിന്റെത്.

വലിയ സിനിമ, ചെറിയ സിനിമ എന്നൊന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല. നല്ല കഥകഥാപാത്രം എന്നതിനായിരുന്നു മുൻതൂക്കം. മറ്റൊന്ന്, ഒട്ടും പ്ലാൻ ചെയ്തല്ല സിനിമയിലേക്കുള്ള മോളുടെ വരവ്. അവസരം വന്നപ്പോൾ ഭാഗ്യം എന്നു കരുതി. ഉത്തരയ്ക്ക് തുടക്കത്തിനുള്ള ഏറ്റവും നല്ല അവസരമായാണ് ഈ ചിത്രത്തെ പരിഗണിക്കുന്നത്. പെർഫോമൻസ് ഓറിയന്റഡ് റോളാണ് ലഭിച്ചിരിക്കുന്നത്.

ലൊക്കേഷനിൽ ഞങ്ങൾ രണ്ട് ആർ‌ട്ടിസ്റ്റുകൾ എന്ന നിലയിലാണ് ഇടപഴകിയത്. അമ്മയും മകളും വീട്ടിൽ. അഭിനയിക്കുമ്പോൾ ഉത്തരയും ആശയുമാണ്. അതാണ് പ്രൊഫഷനലി പ്രാക്ടിക്കൽ ആയ രീതി എന്നാണ് വിശ്വാസം’’.– ആശ പറഞ്ഞു.

അടുത്തിടെ ഫാഷൻ‌ റാംപിലും ഉത്തര തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുന്നു. വിവാഹിതരും അവിവാഹിതരുമായ യുവതീയുവാക്കൾക്കു വേണ്ടി എഫ്ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോയില്‍ ഫസ്റ്റ് റണ്ണറപ്പാണ് ഉത്തര. റാംപിലെ ആദ്യ ചുവട് പുരസ്കാര നേട്ടത്തോടെയായതിന്റെ സന്തോഷം ഉത്തരയും പങ്കുവച്ചിരുന്നു.

a2

‘‘ആദ്യത്തെ റാംപ് വാക്കായിരുന്നു. ശരിക്കും ഒരു മനോഹരമായ അനുഭവം. ഗ്രൂമിങ് സെക്ഷനൊക്കെ നന്നായി ആസ്വദിച്ചു. സൗന്ദര്യ മത്സരം എന്നതിനപ്പുറം സ്ത്രീ ശാക്തീകരണം, ഗാർഹീക പീഡനം കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അങ്ങനെയൊരു ശ്രമത്തിന്റെ ഒപ്പം നിൽക്കാനായതിലും അഭിമാനമുണ്ട്’’. – ഉത്തര പറഞ്ഞു.

‘‘ഒരു ആർട്ടിസ്റ്റ് ആകണമെന്നതാണ് എന്റെ സ്വപ്നം. മോഡൽ, ഡാൻസർ, ആക്ട്രസ് ഇതൊക്കെയായി മുന്നോട്ടു പോകുകയെന്നതാണ് പാഷൻ. വളരെയേറെ ഗൗരവത്തോടെയാണ് ഞാവനയെ സമീപിക്കുന്നതും. ഒപ്പം പഠനത്തിലും ശ്രദ്ധ കൊടുക്കും. രണ്ടും സാധിക്കുമെന്നു വിശ്വസിക്കുന്നു. ഐശ്വര്യ റായ് ആണ് എന്റെ റോൾ മോഡൽ. കരിയറിലെ അവരുടെ ശ്രദ്ധയും നേട്ടങ്ങളും എന്നെ പ്രചോദിപ്പിക്കുന്നു.

a4

‘ഖെദ്ദ’ഒരു ഗംഭീര അനുഭവമായിരുന്നു. ഒരു നല്ല ടീമിനൊപ്പം ജോലി ചെയ്യാനായതും നേട്ടമായി. എല്ലാ മേഖലയിലും പ്രതിഭകളുടെ ഒരു സംഘം ആ ചിത്രത്തിനൊപ്പമുണ്ട്. ഞാൻ പ്രതീക്ഷിച്ചതിലുമധികം ആസ്വദിച്ചാണ് ആ ചിത്രം പൂർത്തിയാക്കിയത്’’.– ഉത്തരയുടെ വാക്കുകൾ.

ആശ ശരത്–ശരത് ദമ്പതികളുടെ മൂത്ത മകളായ ഉത്തരയുടെ വിവാഹനിശ്ചയം അടുത്തിടെയായിരുന്നു. ആദിത്യ മേനോനാണ് വരൻ. വിവാഹം ഉടനുണ്ടാകും.

എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സിൽ മാസ്റ്റർ ഡിഗ്രി കഴിഞ്ഞ ഉത്തര നൃത്തത്തിലും സജീവമാണ്.