Thursday 19 January 2023 11:58 AM IST : By സ്വന്തം ലേഖകൻ

‘എന്റെ നായിക കാർത്തിക അമ്മൂമ്മയായതിനു ശേഷം ഞാൻ ആദ്യമായി കാണുകയാണ്’: ബാലചന്ദ്രമേനോന്റെ കുറിപ്പ്

karthika

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് കാർത്തിക. സിനിമയിൽ നിന്നു വിട്ടു കുടുംബജീവിതത്തിന്റെ തിരക്കുകളിൽ കഴിയുന്ന താരത്തെ നീണ്ട കാലത്തിനു ശേഷം വീണ്ടും നേരിൽ കണ്ടതിന്റെ സന്തോഷം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.

ബാലചന്ദ്രമേനോന്റെ കുറിപ്പ് –

ഇന്ന് ഒരു നല്ല ദിവസം ....

മൂന്നു ദിവസത്തേക്ക് തിരുവന്തപുരത്തെത്തിയതാണ് ഞാൻ . ഇവിടെ വന്നാൽ രാവിലത്തെ ഒരു മൂന്നു മണിക്കൂർ ഗോൾഫ് ക്ലബ്ബിൽ ഞാൻ ഒറ്റക്കിരിക്കും . ഒറ്റക്കാണ് എന്നു കരുതി ഞാൻ അലസമായി ഇരിക്കുകയല്ല . ഞാൻ എന്നോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും . ഗോൾഫ് റെസ്റ്റാറന്റിലെ കട്ടൻ ചായയിൽ തുടുത്ത നാരങ്ങാ ഇതൾ പിഴിഞ്ഞ് നുണഞ്ഞു കൊണ്ടു പഴയ കാര്യങ്ങൾ ഓർത്തിരിക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ് ..സാധാരണ ആ സമയത്തു ഞാൻ മാത്രമേ റെസ്റ്റാറന്റിൽ കാണൂ. എന്നാൽ ഇന്നു ഞാൻ ചെന്നപ്പോൾ അവിടെ പതിവില്ലാത്ത ഒരു കൂട്ടം . ആരോ പറഞ്ഞു അതിനുള്ളിൽ ഒരു കുടുംബ സംഗമം നടക്കുകയാണെന്ന് . ആരെടാ എന്റെ ഈ സ്വകര്യതയെ ഹനിക്കാൻ വന്നത് എന്നൊരു ഈർഷ്യ എനിക്ക് തോന്നാതിരുന്നില്ല . ഗോൾഫിലെ പച്ചപ്പരപ്പിലുള്ള ബെഞ്ചുകളിൽ ഒന്നിൽ ഞാൻ ഒതുങ്ങി കൂടി . ..

അങ്ങിനെയിരിക്കെ എനിക്ക് മൂത്ര ശങ്ക അനുഭവപ്പെട്ടു . റെസ്റ്റാറന്റിൽ വാഷ് റൂം ഉണ്ട് . എന്നാൽ അപരിചിതരായ ആൾക്കാർക്കിടയിലൂടെ പോകാൻ ഒരു ജാള്യത . പോരെങ്കിൽ 'സെൽഫിക്ലിക്കുകളും' ഓർമ്മ വന്നു . അപ്പോഴാണ് ഓഫീസിനുള്ളിൽ ഉള്ള വാഷ്‌റൂം ഓർമ്മ വന്നത്. അവിടെ എത്തിയപ്പോൾ നന്നെ പരിചിതമായ ഒരു മുഖം !

എന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായ കാർത്തിക എന്ന സുനന്ദയുടെ ഭർത്താവ് ഡോ.സുനിൽ !

അപ്പോഴാണ് റെസ്റ്റാറന്റിലെ ആൾക്കൂട്ടത്തിന്റെ ഉത്തരവാദി അദ്ദേഹമാണെന്നറിഞ്ഞത് .

അതാകട്ടെ ഏറെ സന്തോഷകരമായ ഒരു വർത്തമാനവും .

കാർത്തികയുടെ മകൻ ഡോ. വിഷ്ണുവിന്റെയും പൂജയുടേയും മകൾ ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് അവിടെ നടന്നത് എന്ന് പറഞ്ഞാൽ എന്റെ നായിക കാർത്തിക അമ്മൂമ്മയായതിനു ശേഷം ഞാൻ ആദ്യമായി കാണുകയാണ്. എല്ലാവർക്കും സന്തോഷമായി .

അത് ഈ ഗ്രൂപ് ഫോട്ടോയിൽ പരിണമിച്ചു .

കാർത്തികയെ പറ്റി എനിക്കേറെ പറയാനുണ്ട് .

അത് ' fimy FRIDAYS 'ൽ ഞാൻ പിന്നീട് പറയും .

പക്ഷെ ഒന്ന് ഞാൻ ഇപ്പോൾ പറയാം .

എന്റെ നായികമാരിൽ ഇന്നും ഞാനുമായിട്ടു whatsapp ൽ എങ്കിലും വല്ലപ്പോഴും ബന്ധം സൂക്ഷിക്കുന്നത് കാർത്തികയാണ് . എന്റെ സിനിമാ ആസ്വാദകർ എന്നെ കാണുമ്പോഴൊക്കെ കാർത്തികയെ കുറിച്ച് കൗതുകപൂർവ്വം അന്വേഷിക്കാറുമുണ്ട് . സിനിമാ അഭിനയം നിർത്താനായി തീരുമാനിച്ചപ്പോൾ കാർത്തിക എന്നോട് പറഞ്ഞു :

"ഞാൻ സാറിൽ തുടങ്ങി ..സാറിന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചു വേണം എനിക്ക് അവസാനിപ്പിക്കാനും ..."

ഞാൻ ആ വാക്കു പാലിച്ചു . ഞാൻ നിർമ്മിച്ച്, വിജി തമ്പി ആദ്യമായി സംവിധായകനായ ' ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് " ആയിരുന്നു കാർത്തികയുടെ അവസാന ചിത്രം !

"സാറും അപ്പൂപ്പനായല്ലോ ?" എന്നു കാർത്തികയുടെ ചോദ്യം .

"ഒരിക്കലുമില്ല ..." എന്ന് ഞാൻ.

"എനിക്കറിയാമല്ലോ . മകൻ വിനുവിനും മകൾ ഭാവനയ്ക്കും ഏഴു വയസ്സുള്ള പെൺകുട്ടികൾ ഉണ്ടെന്നു ?"

" ശരിയാ ...

"അപ്പോൾ സാറ് അപ്പൂപ്പനായല്ലോ ..."

"അപ്പൂപ്പാ " എന്ന് വിളിച്ചു എന്നെ വയസ്സനാക്കണ്ടാ എന്ന് കരുതി ആ പ്രയോഗം എന്റെ കുടുംബത്തിൽ ഞാൻ നേരത്തെ വിലക്കി ...പകരം ഞാൻ അവർക്കു " ഗാപ്പ " യാണ് .

വിളിക്കാനും സുഖം കേൾക്കാനും ഇമ്പം ...

ഒരു പൊട്ടിച്ചിരിയിൽ ഞങ്ങൾ ആശംസകൾ അർപ്പിച്ചു പിരിഞ്ഞു ...

അല്ലാ , ഞാൻ ആലോചിക്കുകയായിരുന്നു . 'ഉണ്ടു കഴിഞ്ഞ നായർക്ക് ഒരു വിളി തോന്നി ' എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട് .എന്ന് പറഞ്ഞതു പോലെ ഇടക്കൊക്കെ ഒരു മൂത്ര ശങ്ക ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നുന്നു . അങ്ങിനെ എനിക്ക് തോന്നിയില്ലായിരുന്നുവെങ്കിൽ ഗോൾഫിൽ ഒരു മൂലയിൽ കാർത്തികയും മറു മൂലയിൽ ഞാനും ഇരുന്ന് പരസ്‌പരം കാണാതെ അറിയാതെ പിരിഞ്ഞേനെ !

തമ്പുരാന് സ്തുതി !!!

that's ALL your honour !