Thursday 08 December 2022 04:28 PM IST : By സ്വന്തം ലേഖകൻ

ഇനി കുഞ്ഞു കരഞ്ഞാല്‍ ‘ക്രൈ റൂമി’ൽ ഇരുന്ന് സിനിമ കാണാം; തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവും വരെ! ശിശു സൗഹാർദ്ദമായി സർക്കാർ തിയറ്ററുകൾ

theatre-cryroom

കൈക്കുഞ്ഞുങ്ങളുമായി തിയറ്ററില്‍ സിനിമ ആസ്വദിക്കാന്‍ എത്തുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമാകാന്‍ ഒരുങ്ങി സർക്കാർ തിയറ്ററുകൾ. സർക്കാർ തിയറ്ററുകൾ വനിതാ ശിശു സൗഹാർദ്ദ തിയറ്ററുകളായി മാറ്റുന്നതിന്റെ ഭാ​ഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്‌സിൽ ക്രൈ റൂം സജ്ജീകരിച്ചു. ഇതു സംബന്ധിച്ചുള്ള കുറിപ്പും ചിത്രങ്ങളും മന്ത്രി വി എന്‍ വാസവന്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. 

മന്ത്രി വി എന്‍ വാസവന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

കുഞ്ഞുങ്ങളുമായി തിയറ്ററിൽ എത്തുന്ന രക്ഷിതാക്കൾക്ക് സിനിമ ആസ്വദിക്കാൻ കഴിയുന്നത് വളരെ അപൂർവമാണ് തിയറ്ററിലെ ഇരുട്ടും ശബ്ദവും വെളിച്ചവുമായി പൊരുത്തപ്പെടാതെ കുട്ടികൾ അസ്വസ്ഥരാവുകയും തിയറ്റർ വിട്ടു പുറത്തുവരേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. 

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഇനി തിയറ്റർ വിടേണ്ട ആവശ്യമില്ല. സർക്കാർ തിയറ്ററുകൾ വനിതാ ശിശു സൗഹാർദ്ദ തിയറ്ററുകളായി മാറ്റുന്നതിന്റെ ഭാ​ഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്‌സിൽ ക്രൈറൂം സജ്ജീകരിച്ചിട്ടുണ്ട്.

കെഎസ്എഫ്ഡിസി ക്രൈ റൂമുകൾ കൂടുതൽ തിയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്. ശബ്‌ദം പുറത്തേക്ക്‌ കേൾക്കാത്ത രീതിയിൽ നിർമ്മിച്ച ക്രൈ റൂമിൽ, തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്‌. കൂടാതെ കുഞ്ഞുമായി ക്രൈ റൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച കെഎസ്എഫ്ഡിസിഇയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Tags:
  • Movies