Wednesday 10 May 2023 03:55 PM IST : By സ്വന്തം ലേഖകൻ

ഡെന്നിസ് ജോസഫ്, തിരക്കഥാകൃത്തുക്കളിലെ സൂപ്പർ സ്റ്റാർ: ഓർമകൾക്ക് രണ്ട് വയസ്സ്

dennis

ഒരു പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയുടെ വിപണി സാധ്യതകളിൽ വിലയേറിയ പേരുകളിലൊന്നായിരുന്നു ഡെന്നിസ് ജോസഫ്. കൊമേഴ്സ്യൽ സിനിമയുടെ മർമമറിഞ്ഞ, തിരക്കഥാകൃത്തുക്കളിലെ സൂപ്പർ സ്റ്റാർ!

തിരക്കഥയിൽ അദ്ദേഹം സൃഷ്ടിച്ച ഇന്ദ്രജാലങ്ങൾ മമ്മൂട്ടിയെയും മോഹൻലാലിനെയും താരബിംബങ്ങളാക്കി. രാജാവിന്റെ മകനും ന്യൂ ഡൽഹിയും നിറക്കൂട്ടും സംഘവും നായർ സാബും ഇന്ദ്രജാലവും ആകാശദൂതും തുടങ്ങി വേറിട്ട പ്രമേയങ്ങള്‍ക്ക് രൂപം നൽകിയ ‍ഡെന്നിസിന്റെ പേനത്തുമ്പിനു പിന്നാലെ പ്രേക്ഷകർ തിയറ്ററുകളിലേക്കൊഴുകി. ഡെന്നിസ് എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും സംഭാഷണങ്ങളുമൊക്കെ വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഓരോ മലയാളിയുടെയും മനസ്സിലുറഞ്ഞു കിടക്കുന്നതിനു കാരണവും മറ്റൊന്നല്ല.

ആ വിജയങ്ങൾക്കിടെ പെട്ടെന്നൊരു നാൾ ‍ഡെന്നിസ് വീണു. വ്യക്തി ജീവിതത്തിലുണ്ടായ മോശം കാലം അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയെയും ബാധിച്ചു. നീണ്ട കാലത്തെ ഇടവേളയായിരുന്നു ഫലം. ഒടുവിൽ അതൊക്കെ താണ്ടി വീണ്ടും വിജയവഴിയിലേക്കു മടങ്ങിവരാനുള്ള തയാറെടുപ്പാകട്ടേ, വിധിയുടെ ഭിത്തിയിൽ തട്ടി നിന്നു. ബാബു ആന്റണി നായകനാകുന്ന ‘പവർസ്റ്റാർ’ എന്ന ചിത്രത്തിലൂടെ, ഒരു മടങ്ങി വരവിനു തയാറെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആ വിയോഗം.

2021 മെയ് 10 ന്, തന്റെ 63 വയസ്സിൽ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഇന്ന് ആ മഹാപ്രതിഭയുടെ രണ്ടാം ഓർമദിനം.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളടക്കം അറുപത്തിയഞ്ചോളം സിനിമകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ‘മനു അങ്കിൾ’ കുട്ടികൾക്കുള്ള നല്ല ചിത്രത്തിനും (1988) തിരക്കഥയെഴുതിയ ‘ആകാശദൂത്’ സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുമുള്ള (1993) ദേശീയ അവാർഡുകൾ നേടി. മനു അങ്കിളും അഥർവവും അടക്കം അഞ്ചു സിനിമകൾ സംവിധാനം ചെയ്ത ഡെന്നീസ്, ‘നിറക്കൂട്ടുകളില്ലാതെ’ ആത്മകഥയും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20 ന് എം.എൻ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഡെന്നിസ് ജോസഫ്, ഏറ്റുമാനൂർ സർക്കാർ ഹൈ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽ നിന്നു ബിരുദ പഠനവും പൂർത്തിയാക്കിയ ശേഷം ഫാർമസിയിൽ ഡിപ്ലോമ നേടി. ചലച്ചിത്ര പത്രപ്രവർത്തകനായാണ് തുടക്കം. പിന്നീട് കുറച്ചുകാലം ഒരു പ്രസ് നടത്തിപ്പിൽ പങ്കാളിയായി. 1985 ല്‍, ജേസിയുടെ ‘ഈറൻ സന്ധ്യ’ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയാണ് സിനിമയിലെത്തിയത്. തുടർന്നു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി.

മലയാളത്തിന്റെ മഹാനടൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമാ ജീവിതത്തിന്റെ ചരിത്രമെഴുതുമ്പോൾ അതിൽ ഒരു പ്രധാന ഭാഗം ഡെന്നിസ് ജോസഫ് എന്ന പേരിലായിരിക്കും. മോഹൻലാലിനെ സൂപ്പർതാരമാക്കിയ രാജാവിന്റെ മകനും മമ്മൂട്ടിയുടെ താരപദവി വീണ്ടെടുത്ത ന്യൂ ഡൽഹിയും ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെയും വിജയമായിരുന്നു. ഡെന്നിസ് എഴുതിത്തയാറാക്കിയ പൂർണതയുള്ള കഥാപാത്രങ്ങളാണ് ഇരുവരുടെയും കരിയറിൽ എക്കാലവും ഓർമിക്കപ്പെടുന്ന വേഷങ്ങളിൽ പ്രധാനമെന്നതും മറക്കാവുന്നതല്ല. മമ്മൂട്ടിക്കൊപ്പം സംഘം, നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, നിറക്കൂട്ട് തുടങ്ങി തസ്കര വീരൻ വരെയുള്ള വലിയ ഹിറ്റുകളൊരുക്കിയ ഡെന്നിസ് മോഹൻലാലിനു വേണ്ടി വഴിയോരക്കാഴ്ചകളും ഇന്ദ്രജാലവും നമ്പർ ട്വന്റി മദ്രാസ് മെയിലും ഭൂമിയിലെ രാജാക്കൻമാരുമൊക്കെ സൃഷ്ടിച്ചു. രാജാവിന്റെ മകനിലും മനു അങ്കിളിലും വഴിയോരക്കാഴ്ചകളിലും ഭൂമിയിലെ രാജാക്കൻമാരിലുമായി, കരിയറിന്റെ തുടക്കത്തിൽ സുരേഷ് ഗോപിക്ക് ശ്രദ്ധേയ വേഷങ്ങൾ നൽകിയതും ഡെന്നിസാണ്.