Thursday 18 May 2023 10:27 AM IST : By സ്വന്തം ലേഖകൻ

അങ്ങനെയൊരാൾ ജീവിതത്തെ വെറുക്കാൻ മാത്രം എന്താണ് സംഭവിച്ചത് ? അകാലത്തിൽ പൊലിഞ്ഞ മയൂരി

mayuri

2005 ജൂണ്‍ 16ന്, തന്റെ 22 വയസിലാണ് മയൂരി ജീവനൊടുക്കിയത്. ചെന്നൈ അണ്ണാനഗറിലെ വസതിയില്‍ തൂങ്ങിമരിക്കും മുമ്പ്, വിദേശത്തു പഠിക്കുന്ന സഹോദരന് മയൂരിയെഴുതിയ കത്ത് വീട്ടില്‍ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു. അതിൽ, മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിത്തതിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും അവർ എഴുതിയിരുന്നു. അതാണോ സത്യം ? അതോ മറ്റെന്തെങ്കിലുമോ ? ഇന്നോളം അതിനൊരുത്തരം കണ്ടെത്തിയിട്ടില്ലെങ്കിലും മയൂരിയുടെ മരണം ചലച്ചിത്ര പ്രേമികളിൽ സൃഷ്ടിച്ച നടുക്കം ചെറുതായിരുന്നില്ല.

മലയാളി പ്രേക്ഷകരുടെ മനസ്സിൽ മയൂരിക്കൊരു സുന്ദരിയായ യക്ഷിയുടെ രൂപമാണ്. ‘ആകാശ ഗംഗ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മയൂരി അവതരിപ്പിച്ച ഗംഗ എന്ന ഈ ടൈറ്റിൽ കഥാപാത്രം അവർക്ക് നേടിക്കൊടുത്ത പ്രശസ്തി ചെറുതല്ല. തുടർന്ന് മലയാളത്തിൽ മയൂരിയെത്തേടി നിരവധി അവസരങ്ങൾ വന്നെങ്കിലും അതൊന്നും അവരിലെ പ്രതിഭയെ വേണ്ടും വിധം ഉപയോഗിക്കുന്നതായില്ല. മരിക്കും മുമ്പ്, 7 വർഷത്തെ കരിയറിൽ, മലയാളം തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുപതോളം സിനിമകളിൽ മയൂരി അഭിനയിച്ചു.

1983 ല്‍ കൊല്‍ക്കത്തയിലാണ് മയൂരി എന്ന ശാലിനിയു‍‍ടെ ജനനം. എട്ടാം ക്ലാസ് വരെ ബംഗളൂരുവിലാണ് പഠിച്ചത്. പിന്നീട് കുടുംബസമേതം ചെന്നൈയിലേക്ക്. ചെന്നൈയിലെ എതിരാജ് കോളജില്‍ അവസാനവര്‍ഷ ബി.എ ഇക്കണോമിക്‌സിന് പഠിക്കുമ്പോഴാണ്, 1998 ൽ ആദ്യ സിനിമയായ ‘കുംഭകോണം ഗോപാലു’വിൽ അഭിനയിച്ചത്. തുടർന്ന് ‘സമ്മര്‍ ഇന്‍ ബെത്‌ലെഹം’മിലൂടെ മലയാളത്തിലേക്ക്. ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് തുടങ്ങിയവയാണ് മലയളത്തിൽ മയൂരിയുടെ മറ്റു പ്രധാന ചിത്രങ്ങൾ. പതിയെപ്പതിയെ മലയാളത്തിൽ നിന്നു വിട്ടു നിന്ന മയൂരി, അവസാനകാലങ്ങളിൽ തമിഴ്–കന്നഡ സിനിമകളിലാണ് കൂടുതൽ ശ്രദ്ധിച്ചത്. മന്മഥന്‍, കനാകണ്ടേന്‍, വിസില്‍, സെവൻ ജി റെയിന്‍ബോ കോളനി തുടങ്ങിയവയാണ് തമിഴിൽ മയൂരിയുടെ പ്രധാന ചിത്രങ്ങൾ.

mayoori-2

വിടർന്ന കണ്ണുകളും മനോഹരമായ ചിരിയുമായിരുന്നു മയൂരിയുടെത്. ഒരു നായികയ്ക്കാവശ്യമായ എല്ലാ ഗുണഗണങ്ങളുമുണ്ടായിട്ടും അത്തരം പ്രധാന വേഷങ്ങളിലേക്ക് മയൂരിയെ ആരും പരിഗണിച്ചില്ല. കഴിവിനൊത്ത അവസരങ്ങൾ കിട്ടാത്തതിൽ നിരാശയുണ്ടായിരുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും എന്തുകൊണ്ട് ആത്മഹത്യയെന്ന തീരുമാനത്തിലേക്ക് മയൂരി എത്തി എന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

സിനിമയോടും ജീവിതത്തോടും വളരെയധികം അഭിനിവേശവും താൽപര്യവും പുലര്‍ത്തിയിരുന്നയാളാണ് മയൂരി എന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം. പ്രശസ്തിയും അംഗീകാരങ്ങളുമല്ല, അഭിനയത്തിലൂടെ ലഭിക്കുന്ന മനസ്സിന്റെ സംതൃപ്തി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പല അവസരങ്ങളിലും മയൂരി പറഞ്ഞിട്ടുമുണ്ട്. അങ്ങനെയൊരാൾ ജീവിതത്തെ വെറുക്കാൻ മാത്രം എന്താണ് സംഭവിച്ചത് ? വ്യക്തി ജീവിതവും സിനിമാജീവിതവും ഒരുമിച്ചു കൊണ്ടുപോവാന്‍ പ്രത്യേക വൈഭവം വേണം, ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നുവെന്ന് അടുത്ത സുഹൃത്തും നടിയുമായ സംഗീത ഒരു അഭിമുഖത്തിൽ പറഞ്ഞത് ചർച്ചയായിരുന്നു. മയൂരി എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരമായി ചിലർ ഈ ഉത്തരത്തെ വ്യാഖ്യാനിക്കുന്നുണ്ട്.

mayoori-1

എന്തായാലും പ്രതിഭാധനയായ, കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരേണ്ടിയിരുന്ന ഒരു അഭിനേത്രി അകാലത്തിൽ ജീവിതം തട്ടിയുടച്ചു മരണത്തിലേക്ക് നടന്നു പോയി...