Wednesday 17 May 2023 04:37 PM IST : By സ്വന്തം ലേഖകൻ

‘എല്ലാ പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ കാൽക്കീഴിൽ സമർപ്പിക്കുന്നു; ഭാഷയുള്ള കാലത്തോളം എംടി നിലനിൽക്കും’: മമ്മൂട്ടി പറയുന്നു

malappuram-mammootty.jpg.image.845.440

മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും മന്ത്രിമാരും നിറഞ്ഞ വേദി. സാഹിത്യ, സാംസ്കാരിക രംഗത്തെ വമ്പന്മാരെല്ലാം ഇരിപ്പുറപ്പിച്ച സദസ്സ്. എംടി എന്ന രണ്ടക്ഷരം ഉത്സവമായി മാറുകയായിരുന്നു ഇന്നലെ തുഞ്ചൻ പറമ്പിൽ. എഴുത്തിന്റെ നാലുകെട്ടുകൊണ്ട് മലയാളിയുടെ മനസ്സിനെയാകെ കെട്ടിയിട്ട എം.ടി.വാസുദേവൻ നായരുടെ നവതി ആഘോഷമാക്കാതിരിക്കുന്നതെങ്ങനെ. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ‘സാദരം– എംടി ഉത്സവം’ പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് 5ന് ആണ് നിശ്ചയിച്ചിരുന്നത്. പക്ഷേ, ആളുകൾ ഉച്ചയോടെ തന്നെ എത്തിത്തുടങ്ങിയിരുന്നു. അഞ്ചാവുമ്പോഴേക്കും സദസ്സ് നിറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിൽ കയറിയതിനു പിന്നാലെ മകൾ അശ്വതിയുടെ കൈപിടിച്ച് അതാ വരുന്നു എംടി. ചെയറുകളുണ്ടായിരുന്നെങ്കിലും അപ്പോൾ ആരും ഇരുന്നില്ല. ആദരവോടെ സദസ്സാകെ എഴുന്നേറ്റുനിന്നു. മലയാളിക്ക് ആനയെന്നതു പോലെത്തന്നെയാണ് എംടിയും. എത്ര കണ്ടാലും വായിച്ചാലും കൗതുകം തീരില്ല. മുഖ്യമന്ത്രിക്കും സാഹിത്യകാരൻ സി.രാധാകൃഷ്ണനുമിടയിലെ കസേരയിൽ അദ്ദേഹമിരുന്നു. 

കരമുണ്ടും ചന്ദനക്കളർ ഷർട്ടുമാണ് വേഷം. പൊതുവേ അനുസരണയില്ലാത്ത മുടി എന്തോ ഇന്നലെ പതിവുതെറ്റിച്ച് അച്ചടക്കത്തോടെയിരിക്കുന്നു. ഇതിലൊന്നും തന്നെ വലിയ ‘കഥ’ ഇല്ലെന്ന ഗൗരവ ഭാവം കറുത്ത ഫ്രെയിമിട്ട കണ്ണടയിലൂടെ പുറത്തെത്തുന്നുണ്ട്. സ്വാഗതം പ്രസംഗം തുടങ്ങി അൽപം കഴിയുമുൻപ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വേദിയിലേക്കെത്തി. നിറഞ്ഞ കയ്യടിയും ആശ്ചര്യനോട്ടവും സദസ്സിൽ. എംടി അക്ഷരമായിരുന്നെങ്കിൽ വെള്ളിത്തിരയിൽ ആ അക്ഷരങ്ങളുടെ ആകാരവും ശബ്ദവുമായിരുന്നല്ലോ മമ്മൂട്ടി. 

തിരൂർക്കാരെ കാണാൻ ഇതിലും നല്ലൊരു അവസരമില്ലെന്നു പറഞ്ഞു തുടങ്ങിയ മമ്മൂട്ടി എംടിയുമായി പരിചയപ്പെട്ടതിനെക്കുറിച്ചും എംടി തനിക്കു നൽകിയ സൗഭാഗ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. മലയാള ഭാഷയുള്ളിടത്തോളം കാലം എംടിയുടെ പേരു നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹോപഹാരമായി സ്വർണ ബ്രേസ്‌ലറ്റ് എംടിക്കു സമ്മാനിക്കാനും അദ്ദേഹം മറന്നില്ല. പരിപാടിയുടെ അവസാനമായിരുന്നു എംടിയുടെ മറുപടി. പിശുക്കിപ്പിടിച്ച് വളരെക്കുറച്ചു മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. 

അപൂർവമായി ലഭിക്കുന്ന ഇത്തരം സന്ദർഭമൊരുക്കിയവരോട് നന്ദിയാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്. കൊടിയേറ്റം മാത്രമാണ് ഇന്നലെ കഴിഞ്ഞത്. കാഴ്ചകളും എംടി അനുഭവങ്ങളുമായി 20 വരെ എംടി ഉത്സവം തുഞ്ചൻ പറമ്പിലുണ്ടാകും.

വിശദീകരിക്കാനാകാത്ത ബന്ധം: മമ്മൂട്ടി

‘‘മുൻപ് പലപ്പോഴും തിരൂരിൽ വന്നിട്ടുണ്ടെങ്കിലും തിരൂർക്കാരെ കാണാൻ ഇതിനെക്കാൾ നല്ലൊരു സന്ദർഭം ഉണ്ടാവുകയില്ല. നിങ്ങളുടെ ഈ കയ്യടിയും സ്നേഹത്തിനും സന്തോഷത്തിനും കാരണമായ എന്റെ ഗുരു എംടിയുടെ നവതി ആഘോഷത്തിൽ, അദ്ദേഹത്തിനു നൽകുന്ന ആദരവിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ഭാഷാ പിതാവിന്റെ നാടാണിത്. നമ്മളെല്ലാവരും സംസാരിക്കുന്നതും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം മലയാളത്തിലാണ്. അതിന്റെ ചെയർമാനാണ് എംടി. എന്നെ സംബന്ധിച്ച് ഞാനും എംടിയുമായുള്ള ബന്ധം എനിക്കോ അദ്ദേഹത്തിനോ വിശദീകരിച്ചു നൽകാനാവില്ല.

സഹോദരനോ, സുഹൃത്തോ, പിതാവോ, ആരാധകനോ അങ്ങനെ ഏത് തരത്തിലും എനിക്ക് അദ്ദേഹത്തോടു സഹകരിക്കാനാകും. അദ്ദേഹത്തിന്റെ കൃതികളിലെ എല്ലാ കഥാപാത്രങ്ങളായും ഞാൻ മാറിയിട്ടുണ്ട്. സിനിമയിൽ നിങ്ങൾ കണ്ടത് ചുരുക്കം കഥാപാത്രങ്ങളാകും. എന്നാൽ ഞാൻ മനസ്സിൽ കണ്ടത് ഒരുപാട് കഥാപാത്രങ്ങളാണ്. അദ്ദേഹത്തിന്റെ സംസാരിക്കുന്ന എല്ലാ കഥാപാത്രങ്ങളായും ഞാൻ മാറുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. എന്റെ ഉള്ളിൽ ആ കഥാപാത്രങ്ങളെ ഞാൻ അഭിനയിച്ച് തീർത്തിട്ടുണ്ട്. എന്നിലെ നടനെ ഒരുപാട് പരിപോഷിപ്പിച്ചിട്ടുള്ള കഥകളും കഥാപാത്രങ്ങളുമാണ് എംടിയുടേത്.

ആരും കാണാതെ കണ്ണാടിയിലോ വെള്ളത്തിലോ നോക്കി ഈ കഥാപാത്രങ്ങളായി ഞാൻ ഒരുപാട് പരിശീലിച്ചിട്ടുണ്ട്. അദ്ദേഹത്തെ പരിചയപ്പെടാൻ ഞാൻ കുട്ടിക്കാലത്തേ ആഗ്രഹിച്ചിരുന്നു. ഏതോ ഒരു ശക്തി ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. അതിനു ശേഷമാണ് എനിക്കു സിനിമയിൽ അവസരങ്ങൾ ലഭിച്ചത്. അതിനു ശേഷമാണ് എനിക്കു 41 വർഷമായി നിങ്ങളുടെ മുൻപിൽ ഇങ്ങനെ നിൽക്കാൻ സാധിച്ചത്. 

5 മാസം മുൻപും ഞാൻ അദ്ദേഹത്തിന്റെ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. ഇനിയും നല്ല കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ്. എന്റെ എല്ലാ പുരസ്കാരങ്ങളും ഞാൻ അദ്ദേഹത്തിന്റെ കാൽക്കീഴിൽ സമർപ്പിക്കുകയാണ്. ഇനി കിട്ടിയാലും അദ്ദേഹത്തിനു നൽകും. ഭാഷയുള്ള കാലത്തോളം എംടി നിലനിൽക്കുമെന്നു കൂടി പറഞ്ഞ് അവസാനിപ്പിക്കട്ടേ... ’’

Tags:
  • Spotlight