Monday 06 February 2023 11:48 AM IST : By സ്വന്തം ലേഖകൻ

ത്യാഗരാജന്റെ ഇടപെടലുകളോ, അജിത്തുമായുള്ള മൽസരമോ ? താരപദവിയിൽ നിന്നു പ്രശാന്തിനെ ഫീൽഡ് ഔട്ട് ആക്കിയ കാരണം എന്ത് ?

prasanth

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി തമിഴ് സിനിമയിൽ ചുവടുറപ്പിച്ചു, താരനിരയിലേക്കുയർന്ന ചെറുപ്പക്കാരില്‍ പ്രധാനികളാണ് അജിത്തും വിജയ്‌യും സൂര്യയും വിക്രവും മാധവനും പ്രശാന്തും ഉൾപ്പടെയുള്ളവർ.

ഇവരിൽ പ്രശാന്തിന് ആദ്യഘട്ടത്തില്‍ ഒരൽ‌പ്പം താരത്തിളക്കം കൂടുതലുമായിരുന്നു. മണിരത്നവും ഷങ്കറുമുൾപ്പടെയുള്ള വലിയ സംവിധായകരുടെ സിനിമകളിൽ നായകവേഷത്തിലെത്തിയതും നടൻ ത്യാഗരാജന്റെ മകനെന്ന വിലാസവും ‘ചെമ്പരത്തി’യും ‘ജീൻസ്’ ഉും നേടിയ വലിയ വിജയവും മലയാളത്തിൽ ക്ലാസിക് ചിത്രമായ ‘പെരുന്തച്ചന്‍’ ‍ൽ അഭിനയിച്ചതുമൊക്കെ പ്രശാന്തിനെ പ്രേക്ഷകർക്കു പ്രിയങ്കരനാക്കി.

വലിയ സിനിമാ കുടുംബത്തിൽ നിന്നുള്ള ഇളമുറക്കാരനു കിട്ടുന്ന എല്ലാ പരിഗണനകളും പ്രശാന്തിനും കിട്ടിയിരുന്നു. പ്രശാന്തിന്റെ അപ്പൂപ്പനായ പെകതി ശിവറാം നടനും സംവിധായകനുമായിരുന്നു, അമ്മൂമ്മ ജയന്തിയും നടി. പ്രശാന്തിന്റെ കസിൻ ആണ് സൂപ്പർതാരം വിക്രം. എന്നാൽ തങ്ങൾ ബന്ധുക്കളാണെന്ന് ഇരുവരും എവിടെയും പറഞ്ഞിട്ടില്ല. ത്യാഗരാജന്റെ ചേച്ചിയുടെ മകനാണ് വിക്രം.

prasanth-3

പ്രശാന്തിനോട് കഥ പറയാൻ നിർമാതാക്കളും സംവിധായകരും കാത്തിരുന്ന കാലമായിരുന്നു അത്. ആരാധകരും ധാരാളം. ‘ടോപ് സ്റ്റാർ’, ‘കാതൽ ഇലവരസൻ’ എന്നീ ചെല്ലപ്പേരുകളും പ്രശാന്തിനുണ്ടായി. പ്രശാന്ത് മദ്യപാനിയാണെന്ന വ്യാജവാർത്ത അക്കാലത്ത് തമിഴ്നാട്ടിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ കാലം പോകെ മറ്റുള്ളവരൊക്കെ സൂപ്പർതാര പദവികളിലേക്കുയർന്ന്, ആരാധകെ ആവേശിച്ചപ്പോൾ പ്രശാന്തിന് നേട്ടമുണ്ടാക്കാനായില്ല. തുടർച്ചയായ പരാജയങ്ങളും സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ പിഴവും ആവർത്തിക്കപ്പെട്ട കഥാപാത്രഘടനയും പ്രശാന്തിനു തിരിച്ചടിയായി : പോകെപ്പോകെ ഫീൽഡ് ഔട്ടുമായി!

പ്രശാന്തിന്റെ കരിയറിൽ പ്രധാന തിരിച്ചടിയായത് പിതാവ് ത്യാഗരാജന്റെ ഇടപെടലുകളാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. മകനെ വലിയ താരമാക്കാനുള്ള ത്യാഗരാജന്റെ തിടുക്കപ്പെട്ടുള്ള ശ്രമങ്ങളും അതിനായി അദ്ദേഹം സൃഷ്ടിച്ച സിനിമകളും പാളി. നടൻ അജിത്തുമായി പ്രശാന്തിനുണ്ടായിരുന്നു എന്നു പറയപ്പെടുന്ന മൽസരവും ഒരു പരിധിവരെ ദോഷമായി. ഇതിനിടെ ‘ചോക്ലേറ്റ്’, ‘വിന്നർ’ എന്നീ ചിത്രങ്ങൾ‌ വിജയിച്ചെങ്കിലും താരനിരയിലേക്കു തിരികെയെത്താനും ചുവടുറപ്പിക്കാനും അതൊന്നും മതിയാകുമായിരുന്നില്ല.

വിവാഹജീവിതത്തിലെ പാളിച്ച പ്രശാന്തിനെ മാനസികമായി ഉലച്ചു. ഭാര്യ പ്രശാന്തിനെതിരെ സ്ത്രീധനപീഡനത്തിനു കേസ് കൊടുത്തത് വലിയ വാർത്തയായി. കുടുംബത്തെയാകെ അതു ബാധിച്ചു. പ്രശാന്ത് വളരെയധികം വേദനിച്ച ഘട്ടം. പിന്നാലെ കരിയർ ഗ്രാഫും താഴേക്കായി.

2006 ൽ ‘അടൈകളം’ എന്ന ചിത്രത്തിനു ശേഷം അഞ്ച് വർ‌ഷത്തോളം സിനിമയിൽ നിന്നു മാറി നിന്ന പ്രശാന്ത് 2011 ൽ ത്യാഗരാജന്റെ സംവിധാനത്തില്‍ ‘പൊന്നാർ സെൽവൻ’ എന്ന ചിത്രത്തിലൂടെയാണ് തിരികെയെത്തിയത്. തുടർന്ന് ത്യാജരാജന്റെ തന്നെ സംവിധാനത്തിൽ ‘മമ്പട്ടിയാൻ’. എന്നാൽ മകനെ നായകനിരയിലേക്കു തിരികെയെത്തിക്കുവാനുള്ള ത്യാഗരാജന്റെ ശ്രമങ്ങളൊന്നും കാര്യമായി വിജയിച്ചില്ല. ‘പരാജയം എന്ന ഭൂതം’ പ്രശാന്തിനെ വീണ്ടും വീണ്ടും ചുറ്റിവരിയുകയായിരുന്നു. ഒപ്പം വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളും.

prasanth-2

രണ്ടാം വരവിന്റെ തുടക്കവും പാളിയതോടെ, തെലുങ്കിൽ രാം ചരണ്‍ തേജ നായകനായ ‘വിനയ വിധേയ രാമ’യിൽ ഒരു അപ്രധാന റോളിലും അദ്ദേഹം എത്തി. ഇപ്പോൾ ‘അന്ധാദുൻ’ എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘അന്ധഗൻ’ ആണ് പ്രശാന്തിന്റെതായി റിലീസിനൊരുങ്ങുന്നത്. അതിലറിയാം ബാക്കി...