Saturday 01 April 2023 03:43 PM IST : By സ്വന്തം ലേഖകൻ

‘ഞരമ്പുകൾ ഞെരുങ്ങിയ അവസ്ഥ, 8 മാസത്തോളം കൈ പാരലൈസ്ഡ് ആയി’: നിറകണ്ണുകളോടെ അനുശ്രീ

anusree-cry

വെള്ളിത്തിരയിലെ ലൈം ലൈറ്റുകൾക്ക് മുന്നിൽ നിറഞ്ഞു ചിരിച്ചു നിൽക്കുന്ന താരങ്ങളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ അനുഭവിക്കുന്ന വേദന സമാനതകൾ ഇല്ലാത്തതായിരിക്കും. ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞതും അത്തരം ചില അനുഭവങ്ങളെ കുറിച്ച് വികാരനിർഭരമായി സംസാരിക്കുകയാണ് നടി അനുശ്രീ. അഭിനയം അവസാനിപ്പിക്കേണ്ടി വരുമോ എന്നു പോലും തോന്നിപ്പോയ നിമിഷങ്ങൾ. എല്ലാ വേദനകളും കടിച്ചമർത്തി ഒരു മുറിക്കുള്ളിൽ മാസങ്ങളായി കഴിയേണ്ടി വന്നിരുന്നുവെന്നും അനുശ്രീ പറയുന്നു. ‘കള്ളനും ഭഗവതിയും’ എന്ന സിനിമയുടെ പ്രചാരണപരിപാടിക്കിടെയായിരുന്നു അനുശ്രീ നിറകണ്ണുകളോടെ വേദനയുടെ നാളുകളെ ഓർത്തെടുത്തത്.

‘ഇതിഹാസ സിനിമ ചെയ്തു കഴിഞ്ഞ സമയമാണത്. ഒരുതവണം നടക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഒരു കൈയ്ക്ക് ബാലൻസ് ഇല്ലാത്തതു പോലെ തോന്നി. ആദ്യം അതു കാര്യമാക്കിയില്ല. മനസിലായതുമില്ല. പക്ഷേ അതേ പ്രശ്നം വീണ്ടും വീണ്ടും വരാൻ തുടങ്ങി. കണ്ടുപിടിക്കാൻ പറ്റാത്ത അസുഖം പോലെ അതങ്ങനെ കൊണ്ടു നടന്നു. ഒരു ഘട്ടത്തിൽ ഹോസ്പിറ്റലിൽ പോയി, ഡോക്ടറെ കണ്ടു, ചെക്കപ്പ് നടത്തി, എക്സ്റേ എടുത്തു. മൂന്നുനാലു മാസത്തോളം ചികിത്സയെടുത്തു. അപ്പോഴാണ് അറിഞ്ഞത് ഒരു എക്സ്‍ട്രാ ബോൺ എന്റെ ഷോൾഡറിന് അരികിലായി വളർന്നു വരുന്നുണ്ടായിരുന്നു. അതിൽ ഞരമ്പുകൾ ആകെ ഞെരുങ്ങിയ അവസ്ഥ. മോശമായൊരു കണ്ടീഷനിൽ എത്തി. പൾസ് കയ്യിൽ കിട്ടുന്നില്ല എന്നൊരു അവസ്ഥ വരെ വന്നു. സർജറിയൊക്കെ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞതും. ഇതിഹാസ റിലീസിന് ഒരുങ്ങുന്ന സമയത്താണ് ഞാൻ ശസ്ത്രക്രിയ ചെയ്തത്. 8-9 മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. സിനിമയൊക്കെ കെട്ടി പൂട്ടി വയ്ക്കേണ്ടി വരുമോ എന്ന അവസ്ഥ. അത്രയും നാൾ ഞാൻ ഒരു മുറിയുടെ അകത്തു തന്നെയിരുന്നു.’– അനുശ്രീ പറയുന്നു.

ശരീരത്തിലെ ഒരു കുഞ്ഞി ഞരമ്പിനൊക്കെ എന്തുമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയ അനുഭവമാണത്. നമ്മുടെ ഇഷ്ടത്തിനു അനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ പറ്റില്ലെന്നു പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്. അങ്ങനെയൊക്കെ സംഭവിച്ചാൽ മരിച്ചു പോകുക എന്നുള്ളതേയുള്ളൂ. സിനിമ–ട്രാവൽ എന്നൊക്കെ പറഞ്ഞ് ജീവിച്ചൊരാൾ പെട്ടെന്ന് സ്റ്റക്ക് ആയതു പോലെയായി. പെട്ടെന്നൊരു സുപ്രഭാതത്തിൽ അങ്ങനെയായപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഞാൻ ഫിസിയോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ നിന്നും കോൾ വന്നത്. ശരിക്കും അതൊരു ഹോപ്പായിരുന്നു. കൈ പോലും അനക്കാൻ പറ്റാത്ത എന്നെക്കൊണ്ട് എങ്ങനെയാ സിനിമ ചെയ്യിക്കുവാ എന്ന് ഞാൻ ചോദിച്ചു. അങ്ങനെ പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ’’–അനുശ്രീ പറഞ്ഞു.