Saturday 04 February 2023 10:48 AM IST : By സ്വന്തം ലേഖകൻ

അകന്നു കഴിയുമ്പോഴും അവനു വേണ്ടി അവർ ഒന്നിച്ചു: മകന്റെ വിവാഹ സുദിനത്തിൽ ഒന്നിച്ചെത്തി പ്രിയനും ലിസിയും

priyan-lissy

ഒരാൾ പ്രേക്ഷകർക്ക് ഓർക്കാൻ ഒത്തിരി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ, മറ്റൊരാൾ ഹൃദയത്തിൽ ചേക്കേറിയ നടി. പ്രിയദർശനും ലിസിയും പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. ഇരുവരും വേർപിരിഞ്ഞപ്പോൾ അവരെ സ്നേഹിക്കുന്ന പലരും ഒത്തിരി വേദനിച്ചു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയ സ്നേഹ നിമിഷങ്ങൾ പ്രേക്ഷകർ മനസു നിറഞ്ഞു ഏറ്റെടുക്കുകയാണ്. മകന്റെ വിവാഹ സുദിനത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

വിവാഹമോചിതരായി അകന്നു താമസിക്കുന്ന ലിസിയും പ്രിയനും ‌മകന്‍ സിദ്ധാർഥിനു വേണ്ടിയാണ് ഒന്നിച്ചെത്തിയത്. സിദ്ധാർഥിന്റെ വിവാഹ നാളിൽ നിറഞ്ഞ മനസോടെ ഇരുവരും എത്തിയത് ഹൃദ്യമായ നിമിഷമായി.

അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് സിദ്ധാർഥിന്റെ ജീവിത സഖിയായത്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യവുമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണിയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മലയാള സിനിമയിലെ സ്റ്റാർ കപ്പിളായ സംവിധായകൻ പ്രിയദർശനും നടി ലിസിയും 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് പിരിയാൻ തീരുമാനിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം നടന്നത്.  പ്രിയദർശൻ സിനിമകളിലെ ശാലീനത നിറയും മുഖമായിരുന്നു സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം ഗാഢബന്ധത്തിലേക്ക് വഴുതിമാറിയിരുന്നു. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ.2015 ലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പിരിയാൻ തീരുമാനിച്ചു എന്ന് ഇരുവരും പ്രഖ്യാപിച്ചത്. കാൽ നൂറ്റാണ്ടോളം സന്തുഷ്ടരായി ജീവിച്ച ലിസിയും പ്രിയനും വേർപിരിയാൻ തീരുമാനിച്ചത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. 

ഇരുവരും ചേർന്ന് നൽകിയ സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി ഇവര്‍ക്ക് നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നും വ്യക്തമാക്കിയായിരുന്നു ഇവർ. ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം അച്ഛൻ പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി വർക്ക് ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു.