Tuesday 06 December 2022 04:45 PM IST : By സ്വന്തം ലേഖകൻ

സ്വർണത്തിൽ കുളിച്ച് വിലകൂടിയ പട്ടുസാരിയണിഞ്ഞ് ഇളിച്ചു നിൽക്കാൻ എങ്ങനെ കഴിയുന്നു: സരയു ചോദിക്കുന്നു

sarayu

വിവാഹം ആർഭാടമാകണമെന്ന് നിർബന്ധം പിടിക്കുന്ന പെൺകുട്ടികൾക്കെതിരെ ശക്തമായി പ്രതികരിച്ച് നടി സരയു. അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് വിവാഹ ദിനങ്ങൾ ആഡംബരത്തിൽ കുളിപ്പിക്കുന്നവരോടാണ് സരയുവിന്റെ മറുപടി. പെൺകുട്ടികൾ വിവാഹ ദിനങ്ങൾ ആഘോഷമാക്കേണ്ടത് സ്വയം അധ്വാനിക്കുന്ന പണം കൊണ്ടാകണം. അല്ലാതെ അച്ഛനമ്മമാർ മുണ്ടു മുറുക്കിയുടുത്ത് കൂട്ടിവയ്ക്കുന്ന പണം കൊണ്ടാകരുതെന്നും സരയു ഓർമിപ്പിക്കുന്നു.

വിവാഹദിവസം സ്വർണത്തിൽ മൂടണമെങ്കിലോ അൻപതിനായിരം രൂപയുടെ സാരി വാങ്ങണമെങ്കിലോ അത് അടുത്ത തലമുറയ്ക്കുവേണ്ടി പണം കൂട്ടി വച്ച്, ജീവിക്കാൻ മറക്കുന്ന ജനതയെ നമ്മുടെ നാട്ടിലേ കാണാൻ കഴിയൂ. പെൺകുട്ടി പിറക്കുമ്പോൾ ആധി പിടിച്ചു ജീവിക്കുന്ന മാതാപിതാക്കളെ ഇനി തിരുത്താൻ കഴിയില്ലെന്നും പുതിയ തലമുറ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്നും സരയു പറയുന്നു

നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000 ന്റെ സാരി വേണോ.... സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ.അതിന് ആദ്യമൊരു ജോലി നേടൂ... എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം. അച്ഛനമ്മമാർ അധ്വാനിച്ച് വിയർപ്പൊഴുക്കി ഉണ്ടാക്കിയെടുത്ത പട്ടുസാരിയണിഞ്ഞ്, സ്വർണം ധരിച്ച് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്കു മനസ്സ് വരുന്നു? എന്താണ് സോഷ്യൽ മീഡിയയിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്. നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസ്സിലാക്കലും ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?.’

അടുത്ത തലമുറയ്ക്ക് കാശ് കൂട്ടി വച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ? പെൺകുട്ടി ആണേ എന്നു പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണദിവസം ലക്ഷ്യം വച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസ്സിലാക്കിയെടുക്കും. ’–സരയുവിന്റെ വാക്കുകൾ.