Monday 27 March 2023 01:41 PM IST : By സ്വന്തം ലേഖകൻ

അവസാന യാത്രയ്ക്കായി ചമയമിട്ട് ഇന്നസെന്റ്...നൊമ്പരമായി ഒരു ചിത്രം

innocent-new

മരിക്കാത്ത ചിരിയോർമകൾ സമ്മാനിച്ച് മലയാളത്തിന്റെ ഒരേയൊരു ഇന്നച്ചൻ പോയി...ആ പ്രതിഭയുടെ അടയാളപ്പെടുത്തലായ നൂറുകണക്കിനു കഥാപാത്രങ്ങളും നർമത്തിൽ പൊതിഞ്ഞ ജീവിതസന്ദർഭങ്ങളും മാത്രം ഇനി ബാക്കി...

ഇപ്പോഴിതാ, അവസാന യാത്രയ്ക്കായി ചമയമിടുന്ന ഇന്നസെന്റിന്റെ ഒരു ചിത്രമാണ് നൊമ്പരമാകുന്നത്.

നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ വിയോഗം മലാളികളിൽ സൃഷ്ടിക്കുന്നത് വലിയ നൊമ്പരമാണ്. പ്രിയതാരത്തിന് വിടനൽകുകയാണ് സിനിമാ ലോകവും ആരാധകരും.

മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചു. രാവിലെ 8 മുതൽ 11 വരെയായിരുന്നു ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക് കൊണ്ടു പോയി. വൈകിട്ടു 3നു വീട്ടില്‍ എത്തിക്കും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.

ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. 75 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു.

തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലായി 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ അധ്യക്ഷനായിരുന്നു.

1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ പരാജയപ്പെട്ടു.