Saturday 31 December 2022 03:51 PM IST

കീറി തുന്നിയ നിക്കറും ഷർട്ടുമിട്ട് സ്കൂളിലെത്തി; കൂട്ടുകാർ ഓമനപ്പേരും സമ്മാനിച്ചു, ‘മൂടു കീറിയ ജിനോ’: ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ദിവസങ്ങൾ

V R Jyothish

Chief Sub Editor

_DSC5289 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ജിനോ കുന്നുംപുറത്ത് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ദൈവം നടപ്പിലാക്കിയ ചില വിസ്മയ പദ്ധതികൾ...

തണുത്തുറഞ്ഞ ഒരു ഡിസംബർ മാസത്തിലാണ് ജിനോയും ജനിച്ചത്. ഒരു കുന്നിന്റെ നെറുകയിൽ; വെള്ളവും വഴിയും വൈദ്യുതിയുമില്ലാത്ത വീട്ടിൽ.

വെളുപ്പിന് മൂന്നു മണിക്ക് ഉറക്കമുണരും. ടാപ്പിങ് ലൈറ്റ് തലയിൽ വച്ചുകെട്ടി അപ്പനോടൊപ്പം റബർ ടാപ്പിങ്ങിനിറങ്ങും. സ്കൂൾ നേരം വരെ ജോലി തുടരും. ഇതിനു പുറമേ ദിവസവും താഴെ തൊടിയിൽ നിന്ന് അഞ്ചു കുടം വെള്ളമെങ്കിലും ചുമന്ന് മുകളിൽ വീട്ടിലെത്തിക്കണം. വഴിത്തല തൃക്കൈകുന്ന് യുപി സ്കൂളിലും പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും എന്നും വൈകി വരുന്ന കുട്ടിയായിരുന്നു ജിനോ. വൈകുന്നേരം സ്കൂളിൽ നിന്നു വന്നാൽ ഷീറ്റ് പുരയിലേക്ക് ഓടും. മഞ്ഞു പെയ്തു തുടങ്ങും അവിടെ നിന്നു വീട്ടിലെത്താൻ.

ആ ഓട്ടം ഇപ്പോൾ എത്തിനിൽക്കുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇറക്കുന്ന സിയോൺ ക്ലാസിക്സ് എന്ന സ്ഥാപനത്തിലാണ്. പത്തു ഭാഷകളിലായി ആയിരത്തിഅറുനൂറോളം ഭക്തിഗാനങ്ങൾ. 182 രാജ്യങ്ങളിൽ പബ്ലിഷിങ് ലൈസൻസ്. യുട്യൂബിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ്. സിനിമാ സംഗീതരംഗത്തെ പ്രതിഭകൾ സിയോൺ ക്ലാസിക്സുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.

എനിക്കായ് എന്റെ ദൈവം

സ്കൂളിൽ പഠിക്കുമ്പോൾ പാട്ടിലും അഭിനയത്തിലും മറ്റു കലാപരിപാടികളിലും സജീവസാന്നിധ്യമായിരുന്നു ജിനോ. അതുകൊണ്ടുതന്നെ അധ്യാപകർക്കും പ്രിയപ്പെട്ടവനായി. റബർ തോട്ടത്തിലെ ജോലിയോടൊപ്പം മകന്റെ കലാവാസനയ്ക്കും അപ്പൻ കൂട്ടു നിന്നു. പള്ളിയിലെ ഗായകസംഘത്തിൽ മകനെയും ചേർത്തു. പിൻനിരയിൽ നിന്നു പാടിയ ജിനോ വളരെപ്പെട്ടെന്ന് മുൻനിര പാട്ടുകാരനും കീബോർഡ് വായനക്കാരനുമായി.

ആയിടയ്ക്കാണ് മൂത്ത പെങ്ങളുെട വിവാഹം ഉറപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അപ്പനെ ഏറെ അലട്ടി. ‘‘എന്തായാലും ഞങ്ങളുടെ കുടുംബത്തിലുണ്ടായ ഒരു സന്തോഷത്തിനും അപ്പൻ നിന്നില്ല.’’ ജിനോ പറയുന്നു.

പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അപ്പൻ കുന്നുംപുറത്ത് ജോസ് മാത്യു മരിക്കുന്നത്. അതിനു ശേഷം കീറി തുന്നിയ നിക്കറും ഷർട്ടുമിട്ട് സ്കൂളിലെത്തിയ ജിനോയ്ക്ക് കൂട്ടുകാർ ഓമനപ്പേരും സമ്മാനിച്ചു. ‘മൂടു കീറിയ ജിനോ.’ അപ്പന്റെ മരണത്തോടെ കീറിപ്പോയത് തന്റെ ജീവിതമാണെന്ന് പറയാനൊന്നും ജിനോ നിന്നില്ല. മൂന്നു പെങ്ങന്മാരും അമ്മ മേരിയും പത്താംക്ലാസുകാരനായ ജിനോയും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ദിവസങ്ങൾ.

ഉപജീവനത്തിനുവേണ്ടി പല ജോലികളും ചെയ്തു. ചില വീടുകളിൽ ജോലിക്കു നിന്നു. അക്കൂട്ടത്തിൽ കോൺഗ്രസ് നേതാവ് അന്തരിച്ച പി. ടി. തോമസിന്റെ വീടും ഉണ്ടായിരുന്നു. ജിനോയിലെ കലാകാരനെ തിരിച്ചറിഞ്ഞ പി. ടി. തോമസ് ചെയ്ത സഹായങ്ങൾ വിലമതിക്കാനാകാത്തതാണെന്നു ജിനോ തന്നെ പറയുന്നു. അതുപോലെ സഹായിച്ച മ റ്റൊരാൾ തൊടുപുഴയുടെ സ്വന്തം പി. ജെ. ജോസഫാണ്. ഗായകൻ കൂടിയായ പി. ജെ. ജോസഫ് ജിനോ എന്ന കലാകാരനെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിജയവഴികളിൽ ചില സാന്നിധ്യങ്ങളെ നന്ദിയോടെ ഓർക്കുന്നുണ്ട് ജിനോ കുന്നുംപുറത്ത്.

ആ സമയത്താണ് താൻ നല്ലൊരു അഭിനേതാവാണെന്ന തോന്നൽ ജിനോയെ പിടികൂടിയത്. തന്റെ ‘കഴിവുകൾ’ സിനിമയ്ക്കുവേണ്ടി ഉപയോഗിക്കണമെന്ന് ജിനോ കരുതി. പിന്നെ, വീ ടും നാടും ഉപേക്ഷിച്ച് അലച്ചിലായിരുന്നു. ലൊക്കേഷനുകളിൽ സഹായിയായി. ജൂനിയർ ആർട്ടിസ്റ്റായി. കുടുംബം നോക്കാതെ തെണ്ടി നടക്കുന്നവൻ എന്നൊരു പേരും ചാർത്തിക്കിട്ടി.

പക്ഷേ, ദിവസങ്ങൾ ചെല്ലുന്തോറും താൻ പരാജയപ്പെടുകയാണെന്ന ചിന്ത ജിനോയ്ക്കുണ്ടായി. മകന്റെ മനസ്സിലെ കുറ്റബോധം മനസ്സിലാക്കിയ അമ്മ, സമാധാനത്തിനുവേണ്ടി ധ്യാനം കൂടാൻ അമ്മ ഉപദേശിച്ചു. അങ്ങനെ ജിനോ ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ ഒരാഴ്ചത്തെ ധ്യാനത്തിനു കൂടി. ധ്യാനത്തിന്റെ അവസാനദിവസങ്ങളിൽ കേട്ട ഒരു പാട്ടിൽ നിന്നാണു തുടക്കം;

‘കരയുന്ന മിഴികളിൽ കണ്ണീർ തുടയ്ക്കുവാൻ കാരുണ്യരൂപാ വരുമോ?’ ഈ വരികൾ ജിനോയുടെ ഹൃദയത്തിൽ കൊത്തിവലിച്ചു. ആ ഗാനം മുഴുവൻ കേൾക്കാൻ കഴിയാെത ജിനോ അലമുറയിട്ടു കരഞ്ഞു. വീടുപേക്ഷിച്ച്, ഉത്തരവാദിത്തങ്ങൾ ഉപേക്ഷിച്ച് സിനിമയെന്ന മരീചികയ്ക്കു പിന്നാലെ അലഞ്ഞതിൽ വ്യാകുലപ്പെട്ടു.

പുതിയൊരു മനുഷ്യനായാണ് ജിനോ വീട്ടിെലത്തിയത്. സ്വന്തമായൊരു ഉപജീവനമാർഗം കണ്ടെത്തണമെന്ന ആഗ്രഹമുണ്ടായി. അതിനുള്ള വഴികൾ ആലോചിച്ചു. ഒരുപാട്ടിന് തന്റെ മനസ്സിനെ ഇങ്ങനെ സ്വാധീനിക്കാൻ കഴിഞ്ഞാൽ ഇതുപോലെയുള്ള ഗാനങ്ങൾ എത്ര ആയിരം ഹൃദയങ്ങളെ സ്വാധീനിക്കുന്നുണ്ടാകും? ഈ തിരിച്ചറിവാണ് ജിനോയുടെ വഴി തെളിച്ചത്.

jino-cris

കരയുന്ന മിഴികളിൽ

വൻകിട ബാനറുകൾ സംഗീതലോകത്തെ പ്രഗത്ഭരെ ഉൾപ്പെടുത്തി നൂറുകണക്കിന് ആൽബങ്ങൾ പുറത്തിറക്കുന്ന കാലം. ലക്ഷങ്ങളുടെ ബിസിനസായിരുന്നു അത്. അവിടെയാണ് ആഗ്രഹവും അമ്മ പൊതിഞ്ഞു നൽകിയ അൻപതിനായിരം രൂപ ജീവിതസമ്പാദ്യവുമായി ഒരു ചെറുപ്പക്കാരൻ കാലെടുത്തു വയ്ക്കുന്നത്. ഇളയമകളുടെ കല്യാണത്തിനായി അമ്മ നീക്കിവച്ചതായിരുന്നു ആ പണം.

ആത്മീയരംഗത്ത് പ്രവർത്തിക്കുന്ന ബേബി ജോൺ ക ലയന്താനിയെപ്പോലെയുള്ള കലാകാരന്മാരുടെ സഹായത്തോടെ ജിനോ തന്റെ ആദ്യത്തെ ആൽബം പുറത്തിറക്കി. സിയോൺ എന്നായിരുന്നു േപര്. സിഡി വിൽക്കുന്ന കടകൾ കേരളത്തിൽ അങ്ങോളമിങ്ങോളം സജീവമായിരുന്നെങ്കിലും അവരാരും സിയോൺ എന്ന ആൽബത്തെയോ ജിനോ എന്ന നിർമാതാവിനെയോ സ്വീകരിച്ചില്ല. സ്വപ്നം കൊണ്ടു പണിതുയർത്തിയ തന്റെ കൊട്ടാരം തകർന്നു വീഴാൻ പോകുന്നു എന്ന അറിവ് ഉൾക്കൊള്ളാൻ ജിനോയ്ക്കായില്ല. എങ്ങനെയെങ്കിലും തന്റെ മുടക്കുമുതൽ തിരിച്ചുപിടിക്കണമെന്ന് ജിനോ തീരുമാനിച്ചു. അതിനുവേണ്ടി സിഡിയുടെ വിൽപന സ്വയം ഏറ്റെടുത്തു.

ബസ്‌സ്റ്റാൻഡിലും  റെയിൽവേ സ്റ്റേഷനിലും പള്ളിപ്പറമ്പുകളിലും പെരുന്നാളിടങ്ങളിലും സിഡി വിറ്റു. അർത്തുങ്കൽ, വേളാങ്കണ്ണി, മണർകാട്, വെട്ടുകാട്, മലയാറ്റൂർ അങ്ങനെ തീർഥാടനകേന്ദ്രങ്ങളിൽ അന്തിയുറങ്ങി.

ഈ കഠിനദിനങ്ങൾ  ജിനോയ്ക്ക് മുടക്കുമുതൽ മാത്ര മല്ല ചെറിയൊരു ലാഭവും നേടിക്കൊടുത്തു. അത് അടുത്ത ആൽബത്തിനുള്ള പ്രചോദനമായി. കണ്ണീർ, വയൽ സീനായ് എന്നീ മൂന്നു ഭക്തിഗാന ആൽബങ്ങൾ കൂടി പുറത്തിറക്കി ജിനോ തന്റെ ഭക്തിഗാനസപര്യയ്ക്കു തുടക്കം കുറിച്ചു. 2003-ൽ പുറത്തിറങ്ങിയ ‘ദിവ്യദാനം’ എന്ന ആൽബം ലോകമെമ്പാടുമുള്ള മലയാളികൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ‘എനിക്കായ് എന്റെ ദൈവം...’ തുടങ്ങിയ ദിവ്യഗാനങ്ങൾ ഇന്നും പ്രാർഥനാഗീതങ്ങളായി പാടുന്നു. അവിടെനിന്നിങ്ങോട്ട് നൂറിലധികം ഭക്തിഗാന ആൽബങ്ങൾ പുറത്തിറക്കി. നൂറാമത്തെ ആൽബം ‘ഗോഡ്’ എം. ജയചന്ദ്രനായിരുന്നു സംഗീതം നൽകിയത്.

ഇപ്പോൾ സമൃദ്ധിയുടെ നടുവിൽ നിൽക്കുമ്പോഴും ജിനോ ഓർക്കുന്നത് പണ്ട് സ്കൂളിൽ ഒപ്പം പഠിച്ചവരെയാണ്. താൻ ആഹാരം കഴിച്ചിട്ടില്ലെന്നു മനസ്സിലാക്കി തനിക്ക് ആഹാരം കൊണ്ടു തന്നവരെ. വസ്ത്രങ്ങൾ കൊണ്ടുതന്നവരെ. കാരുണ്യത്തോടെ സംസാരിച്ചവരെ. അവർക്കൊക്കെ വേണ്ടി ജിനോ ഇന്നും മുട്ടിൽ നിന്നു പ്രാർഥിക്കുന്നു.

ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിൽ ഗ്രൗണ്ട് ഓഫിസറാണ് ജിനോയുടെ ഭാര്യ ജോസ്മി. പ്ലസ് വൺ വിദ്യാർഥിയായ ഷാരോൺ, പത്താംക്ലാസുകാരി സിയോൺ, നഴ്സറിക്കാരനായ ജോർഡൻ‍ എന്നിവരാണു മക്കൾ. അ മ്മ മേരി ജോസും ജിനോയ്ക്ക് ഒപ്പമാണു താമസം. മൂത്ത പെങ്ങൾ ജിൻസി സകുടുംബം തിരുപ്പൂരിൽ. രണ്ടാമത്തെ പെങ്ങൾ ജീന കന്യാസ്ത്രീയാണ്. ഇപ്പോൾ ഉത്തർപ്രദേശിൽ. മൂന്നാമത്തെ പെങ്ങൾ ജിനി സകുടുംബം ഇടുക്കിയിൽ.

പ്രാർഥനകളാണ് തന്റെ വിജയത്തിന്റെ വഴിവെളിച്ചമെന്ന് ജിനോ ഇന്നും വിശ്വസിക്കുന്നു. കുട്ടിക്കാലത്ത് പാട്ടുപാടുമ്പോൾ കിട്ടുന്ന പ്രതിഫലം ആഹാരമോ വെള്ളമോ ആയിരുന്നു. ഏതെങ്കിലും വീട്ടിൽ ചെന്ന് ഒരു പാട്ടു പാടിയാൽ മതി അവർ ആഹാരം കൊടുക്കും. അല്ലെങ്കിൽ വെള്ളം കൊടുക്കും. ആ ഓർമയിൽ ഒരു നിമിഷം ജിനോ പ്രാർഥിച്ചു; പിന്നെ പാടി;

‘ആരാധനയ്ക്ക് ഏറ്റം യോഗ്യനായവനേ...

അനശ്വരനായ തമ്പുരാനേ......’

Tags:
  • Movies