Monday 05 December 2022 11:55 AM IST : By സ്വന്തം ലേഖകൻ

‘കണ്ടില്ലേ, അമ്മയേക്കാൾ സുന്ദരി ഞാനാ...’: കാശുമാലയും ജിമിക്കിയും സെറ്റുമുണ്ടുമുടുത്ത് എന്റെ കുട്ടി: വനിതയുടെ മുഖമായ മോനിഷ

monisha-vanitha-cover

മോനിഷയുടെ വിയോഗത്തിന്റെ ഓർമകൾ കനലായി എരിയുമ്പോൾ ഏവരുടേയും മനസു നിറയ്ക്കുന്നൊരു ചിത്രമുണ്ട്. വനിതയുടെ മുഖചിത്രമായി നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന  മുഖം. 1988 ഓഗസ്റ്റ് രണ്ടാം ലക്കത്തിലാണ് ശ്രീത്വം വിളങ്ങുന്ന ആ മുഖത്തെ വനിത മുഖചിത്രമാക്കിയത്. ഒരു നിധി പോലെ ഇന്നും സൂക്ഷിക്കുന്ന ആ മുഖചിത്രത്തെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി സംസാരിക്കുന്നു...

ഓർമയിൽ ആ മുഖം

‘ആഘോഷങ്ങള്‍ എത്തുമ്പോള്‍ എന്റെ മനസ്സ് നിറയ്ക്കുന്നൊരു മുഖമുണ്ട്. വനിതയുടെ മുഖചിത്രമായി നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന അവളുടെ മുഖം. സെറ്റ് മുണ്ടുടുത്ത്, കാശുമാലയും ജിമിക്കിയുമിട്ട്, നീണ്ടമുടിയിൽ നിറയെ മുല്ലപ്പൂ ചൂടി, സിന്ദൂരപ്പൊട്ടിട്ട്, നാടൻ മലയാളിസുന്ദരിയായി അവള്‍ അന്ന് അണിഞ്ഞൊരുങ്ങി.

1987ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാങ്ങി, സിനിമകളിൽ നായികയായും നര്‍ത്തകിയായും തിളങ്ങി നിൽക്കുന്ന കാലം. അവളുെട ആദ്യത്തെ സ്റ്റുഡിയോ ഷൂട്ട് ആയിരുന്നു അത്. േകാട്ടയത്തെത്തുമ്പോള്‍ കുടുംബസുഹൃത്ത് ശ്രീകുമാരി നായരുടെ വീട്ടിലാണ് താമസം. ഷൂട്ടിന് ഞങ്ങള്‍ െറഡിയായത് അവിെട നിന്നാണ്. ഡാൻസിന്റെ ബ്ലൗസും ശ്രീകുമാരിയുെട കസവ് മുണ്ടും വേഷ്ടിയും ഉണ്ണിയേട്ടന്റെ അമ്മ കല്യാണത്തിന് എനിക്കു തന്ന ജിമിക്കിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീകുമാരി കുറച്ച് മുല്ലപ്പൂ വാങ്ങി വന്നു. ‘എന്റെ കയ്യിലുള്ളതെല്ലാം ഡാൻസിന്റെ മാലകളാ. ആന്റിയുടെ മാലകൾ ഇട്ടോളാം’ എന്നു പറഞ്ഞവള്‍ പരമ്പരാഗതരീതിയിലുള്ള ഒരു മാലയും അണിഞ്ഞു.

ഇന്നത്തെപ്പോലെ ഫോട്ടോ നേരത്തേ കാണാനുള്ള സൗകര്യമൊന്നുമില്ലല്ലോ അന്ന്. വനിത കയ്യിൽ കിട്ടിയതും അവൾക്കു വലിയ സന്തോഷമായി. ‘അമ്മയുടെ വിചാരം അമ്മയാണ് സുന്ദരി എന്നല്ലേ, ഞാൻ തന്നെയാ സുന്ദരി’ എന്നൊക്കെ പറഞ്ഞ് എന്നെ കുറേ കളിയാക്കി.’