Friday 02 December 2022 04:32 PM IST

‘മടങ്ങിയെത്തുമ്പോൾ ഒരു മൃതദേഹമെങ്കിലും ഉണ്ടാകും ജീവിതം വെട്ടിപ്പിടിക്കാൻ പോയവരുടെ ശരീരങ്ങൾ’: അച്ഛനോർമ: രഘുനാഥി പലേരി

V R Jyothish

Chief Sub Editor

raghunath-paleri-11

‘ഞാൻ അല്ല.... എന്റെ ഗർഭം ഇങ്ങനെയല്ല.. .’‍

‘മേലേപ്പറമ്പിൽ ആ ൺവീടി’ ലെ ഈ ഡയലോഗ് പറഞ്ഞ് അഭിനയിച്ച ശേഷം ജഗതി ശ്രീകുമാർ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയോട് ചോദിച്ചു. ‘രഘൂ...എവിടുന്നു കിട്ടി ഈ ഡയലോഗ്.’

‘‘മേലേപ്പറമ്പിൽ’ എഴുതിയതിന് എനിക്കു കിട്ടിയ ആദ്യത്തെ അവാർഡായിരുന്നു ജഗതിയുെട വാക്കുകൾ. ‘മേലേപ്പറമ്പിൽ ആൺവീട്’ ഒരു മാന്ത്രികപ്പെട്ടിയായിരുന്നു. ഞാനത് തുറന്നു എന്നുമാത്രം’’

കോഴിക്കോടിനടുത്ത് മണ്ടാരത്തിൽമുക്കിലെ രഘുനാഥ് പലേരിയുടെ വീട്ടിലെത്തുമ്പോൾ സിനിമയിലെ പലേരിക്കാലമായിരുന്നു മനസ്സിൽ. ‘പിറവി’ ‘സ്വം’ ‘വാനപ്രസ്ഥം’ എന്നീ ക്ലാസിക്കൽ മാനമുള്ള സിനിമകളിലെ സംഭാഷണങ്ങൾ.

‘മൈ ഡിയർ കുട്ടിച്ചാത്തനും’ ‘മഴവിൽക്കാവടി’യും ‘പൊന്മുട്ടയിടുന്ന താറാവും’ ‘മേലേപ്പറമ്പിൽ ആൺവീടും’ പോലെ മലയാളി മറക്കാത്ത എത്ര സിനിമകളുടെ തിരക്കഥകൾ. കഥകളും ഓർമയെഴുത്തുമായി എത്രയോ പുസ്തകങ്ങൾ.

ഈ അടുത്ത് രഘുനാഥ് പലേരി സിനിമയിൽ നിറഞ്ഞത് ‘തൊട്ടപ്പൻ’ , ‘ലളിതം സുന്ദരം’ ‘കൊത്ത്’തുടങ്ങി പതിമൂന്നു സിനിമകളിലെ അഭിനയത്തിലൂടെയാണ്. രഘുനാഥ് പലേരി സംസാരിച്ചു തുടങ്ങി;

ആദ്യസിനിമയെടുക്കാൻ വായ്പ തേടി പോയെന്ന് കേട്ടിട്ടുണ്ട്?.

സിനിമാക്കാരനാവുക ആദ്യമേയുള്ള മോഹമായിരുന്നു. വായ്പയെടുത്ത് സിനിമ യെടുക്കാനായിരുന്നു പ്ലാൻ. പക്ഷേ, അ ച്ഛൻ വിലക്കി. ആ സമയത്താണ് കണ്ണൂരിലെ മിനർവ സ്റ്റുഡിയോ ഉടമ നിർമൽ സിനിമയ്ക്ക് തിരക്കഥ ഒരുക്കാമോയെന്ന അന്വേഷണവുമായി വരുന്നത്.

ഷെരീഫാണ് കഥയും സംവിധാനവും. അങ്ങനെയാണ് ‘നസീമ’ എന്ന സിനിമയുണ്ടാവുന്നത്. െനടുമുടി വേണുവായിരുന്നു നായകൻ. സഹനടനായി മോഹൻലാലുമുണ്ട്. കണ്ണൂരായിരുന്നു ലൊക്കേഷൻ.

ഞാനും മോഹൻലാലും ഇടവേളകളി ൽ സൈക്കിളിൽ ചുറ്റാനിറങ്ങും. വഴിയരികിൽ നിന്ന് ചായ കുടിച്ചാണ് നാടുകാണൽ സവാരി. പിന്നീട് മോഹൻലാലുമൊത്ത് സിനിമകൾ െചയ്തെങ്കിലും ആദ്യസിനിമയുടെ ഓർമ ഞാനിപ്പോഴും ലോക്കറി ൽ സൂക്ഷിക്കുന്നു. ‘നസീമ’യ്ക്കു നന്ദി.

ധാരാളം എഴുതിയിട്ടുണ്ട് മാതാപിതാക്കളെക്കുറിച്ച്?

അച്ഛൻ ചേനൻവീട്ടിൽ രാഘവൻ നായർ ലോറി ‍ഡ്രൈവറായിരുന്നു. പക്ഷേ, അച്ഛനെ ‘ഹോമകുണ്ഡം’ എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. മക്കളുടെ ജീവിതത്തിനായി സന്തോഷത്തോടെ സ്വയമെരിയുന്ന ജീവിതം.

അന്ന് വളരെ അപകടം പിടിച്ച റോഡുള്ള വയനാട്ടിലേക്കായിരുന്നു അച്ഛന്റെ മിക്ക യാത്രകളും. കോഴിക്കോട്ടു നിന്നു ച രക്കുമായി വനപാതയിലൂടെ വയനാട്ടിലേക്കു പോകുമ്പോൾ അനുവാദം ചോദിക്കാതെ പാമ്പുകളും ലോറിയിൽ കയറും. ചുമടിറക്കുന്നവരുടെ ആദ്യജോലി പാമ്പുകളെ ഒഴിപ്പിക്കലാണ്.

മടക്കയാത്രയ്ക്കുമുണ്ട് പ്രത്യേകത. നാട്ടിലേക്കെത്തിക്കാൻ ഒരു മൃതദേഹമെങ്കിലും ഉണ്ടാകും. മലമുകളിൽ ജീവിതം വെട്ടിപ്പിടിക്കാൻ പോയവരുടെ ജീവനറ്റ ശരീരങ്ങൾ. ഒന്നുകിൽ മലമ്പനി, അല്ലെങ്കിൽ പാമ്പുകടി. അങ്ങനെ മരണത്തിലേക്കുള്ള വാതിലുകൾ പലത്.

പക്ഷേ, ആ കഥകളൊന്നും അച്ഛന്‍ വിശദമായി പറയാറില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഞാൻ അച്ഛന്റെ കയ്യും പിടിച്ച് നടക്കാനിറങ്ങും. എന്റെ എല്ലാ കുഞ്ഞുസംശയങ്ങൾക്കും ക്ഷമയോടെ മറുപടി പറയും. എവിടെ നിന്നാണ് അച്ഛന് ഈ ഉത്തരങ്ങളെല്ലാം കിട്ടുന്നതെന്ന് അദ്ഭുതം തോന്നിയിട്ടുണ്ട്.

അച്ഛൻ എന്നും ലോട്ടറി എടുക്കും. ഒ രു രൂപ പോലും സമ്മാനം കിട്ടിയിട്ടുമില്ല. ‘ഭാഗ്യമില്ലാത്ത നിങ്ങൾ എന്തിനാണ് ലോട്ടറിയെടുത്ത് പൈസ കളയുന്നത്..’ അമ്മ ചോദിക്കും. ‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീയും മക്കളും പട്ടിണിയാകില്ലേ?’ അതായിരുന്നു അച്ഛന്റെ മറുപടി. അങ്ങനെയൊന്നും സംഭവിക്കാത്തതാണ് ഭാഗ്യം. ലോട്ടറി അടിക്കുന്നതല്ല.

സ്കൂൾ കാലത്താണ് ഞാൻ സിനിമ കാണൽ തുടങ്ങുന്നത്. മാറ്റിനിക്കായി സ്കൂളിൽ നിന്നു ചാടും. വലിയ ചുറ്റുമതിലാണ് സ്കൂളിന്. അതുകൊണ്ട് ‘ചാട്ടം’ ഗേറ്റ് വഴിയാക്കി. പതിയെ വിവരം സ്കൂളിൽ അറിഞ്ഞു. അസംബ്ലിയിൽ വച്ച് കഠിനമായ തല്ലും കിട്ടി. എന്നിട്ടും സിനിമ തുടർന്നു, തല്ലും. തല്ലിന്റെ വേദന സഹിക്കാൻ വയ്യാതായപ്പോൾ അച്ഛനോട് കാര്യം പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെ അച്ഛൻ സ്കൂളിലേക്ക് വന്നു. ‘മോനെ, തല്ലേണ്ട മാഷേ... അവന് സിനിമ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ കണ്ടോട്ടെ...’ അതിനുശേഷം തല്ല് കിട്ടിയില്ല. സിനിമ കാണരുതെന്ന് അച്ഛൻ പറഞ്ഞതുമില്ല. എന്റെ ആദ്യത്തെ കഥ അ ച്ചടിച്ചു കണ്ടിട്ട് അച്ഛൻ പറഞ്ഞു; ‘ആൾക്കാർ അതുമിതും പറയും. അതൊന്നും കേട്ട് അഹങ്കരിക്കരുത്. ഇന്നുമില്ല അഹങ്കാരം. ഓരോ കഥ അ ച്ചടിച്ചു കാണുമ്പോഴും ആദ്യത്തെ കഥയുടെ കൗതുകം. ഓ രോ സിനിമ ഇറങ്ങുമ്പോഴും അതുതന്നെ. എന്റെ സിനിമയും പുസ്തകങ്ങളും കണ്ട ശേഷമാണ് അച്ഛന്റെ വേർപാ ട്. എന്റെ നേട്ടങ്ങൾ അച്ഛൻ കണ്ടുവെന്നതാണ് ലോട്ടറിയേക്കാൾ വലിയ ഭാഗ്യം.

പലേരി അമ്മയുടെ കുടുംബമാണോ?

അതേ. തൃക്കരിപ്പൂർ പലേരി വീട്ടിൽ പത്മാവതിയാണ് എ ന്റെ അമ്മ. അച്ഛൻ ഹോമകുണ്ഡമെങ്കിൽ അതിലെ ഹവിസ്സായിരുന്നു അമ്മ. ‍ഞങ്ങൾ മക്കൾക്ക് വേണ്ടി എരിയുന്ന ഹോമമായിരുന്നു അവർക്ക് ജീവിതം.

എല്ലാ അമ്മമാരും അങ്ങനെ തന്നെ. ദാരിദ്ര്യത്തിന്റെ കാലത്ത് സിസ്റ്ററമ്മമാർ തരുന്ന ചോളപ്പൊടി കൊണ്ട് അ മ്മ ഉപ്പുമാവ് ഉണ്ടാക്കുമായിരുന്നു. അത്രയും രുചിയുള്ള ഉപ്പുമാവ് പിന്നീടൊരിക്കലും കഴിച്ചിട്ടില്ല. ഉപ്പുമാവ് ഉണ്ടാക്കാൻ വേണ്ടി വലിയ ചീനച്ചട്ടി വാങ്ങുക അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. അന്ന് അത് നടന്നില്ല. ഇക്കാര്യം അമ്മ അയൽവീട്ടിലെ അമ്മാളുഅമ്മയോടു പറഞ്ഞു. അവരുടെ വീട്ടിൽ വലിയ ചീനച്ചട്ടിയുണ്ടായിരുന്നു.

ഭർത്താവിനെ പേടിച്ച് അവർക്ക് അത് തരാൻ പറ്റിയില്ല. അതുകൊണ്ട് അവർ ചീനച്ചട്ടിയുടെ വക്ക് ചെറുതായി പൊട്ടിച്ചു. എന്നിട്ട് േവലിക്കരികിൽ കൊണ്ടു വച്ചു. അവരുടെ ഭർത്താവ് കാൺകെ ഞാനത് എടുത്തുകൊണ്ടുവന്നു.

പത്തിരുപതു കൊല്ലം ആ ചീനച്ചട്ടി ഞങ്ങൾ ഉപയോഗിച്ചു. എല്ലാ അമ്മമാരും ഒരുപോലെയാണ്. ഭർത്താവിനെ പേടിച്ച് ചീനച്ചട്ടി പൊട്ടിച്ചു തന്ന അമ്മാളുഅമ്മയും അമ്മ തന്നെ. കാണാതായ മകനെ കാത്തിരിക്കുന്ന ‘പിറവി’യിലെ അമ്മ, ‘മേലേപ്പറമ്പിലെ’ അമ്മ, ‘പൊൻമുട്ടയിടുന്ന താറാവിലെ’ അമ്മമാർ. അങ്ങനെയെത്രയോ അമ്മമാർ.

അമ്മയെ പോലെ തന്നെ സ്നേഹത്തിന്റെ കഥയല്ലേ ഭാര്യയും?

സ്മിത എന്നാണ് ഭാര്യയുെട േപര്. അവർ എന്റെ ജീവിതത്തിലേക്ക് വരുന്നതുമൊരു കഥയാണ്. നടക്കാവിൽ നിന്ന് സ്കൂളിലേക്ക് നാലഞ്ചു കിലോമീറ്റർ നടന്നാണു പോയിരുന്നത്. ചിലപ്പോൾ അച്ഛൻ ബസ് കൂലി തരും. പത്തു പൈസയാണ് ടിക്കറ്റ് നിരക്ക്. ഡ്രൈവർക്ക് അടുത്ത സീറ്റ് ഒഴിവുണ്ടെങ്കിലേ ഞാൻ ബസിൽ കയറൂ.

അച്ഛന്റെ സുഹൃത്താണ് അദ്ദേഹം. ഇറങ്ങാൻ നേരം അദ്ദേഹമൊരു സമ്മാനം തരും. ടിക്കറ്റ് കീറിയെടുത്ത കുറ്റി. ആ കുറ്റിയുമായി ഞാൻ വീട്ടിലെത്തും. പിന്നെ, വീട്ടിലെ ചാഞ്ഞ കശുമാവ് ബസാകും. കുട്ടുകാരാണ് യാത്രക്കാർ. കുറ്റി കയ്യിലുള്ള ഞാൻ കണ്ടക്ടറും. അങ്ങനെ മരത്തെ ബസാക്കി മാറ്റിയ സങ്കൽപത്തിന്റെ ബാല്യം കടന്നു പോയി.

വിവാഹിതനാകാം എന്ന തീരുമാനവുമായി പെണ്ണുകാണലിനിറങ്ങി. വീട്ടുമുറ്റത്ത് ചെന്നപ്പോൾ ദേ, നിൽക്കുന്നുഎനിക്ക് ടിക്കറ്റ് കുറ്റി സമ്മാനമായി തരാറുള്ള അച്ഛന്റെ സുഹൃത്ത്. അദ്ദേഹത്തിന്റെ മകളാണ് സ്മിത. ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായി. വിവാഹിതരായി. രണ്ടു മക്കളുണ്ട്. മകൾ മേഘ ഇപ്പോൾ ജപ്പാനിലാണ്. മകൻ ആകാശ് നാട്ടിലുണ്ട്. രണ്ടുപേർക്കും ജോലിയായി. സുഖമായിരിക്കുന്നു.

ഭാര്യയെ മറന്നുപോയ സംഭവകഥയില്ലേ. അത് സത്യമാണോ?

കല്യാണത്തിന്റെ മൂന്നാം ദിവസമാണ് ഞാൻ ഭാര്യയെ ബ സിൽ മറന്നുവച്ചത്. കോഴിക്കോട്ടേക്ക് പ്രൈവറ്റ് ബസിലായിരുന്നു യാത്ര. പോകുന്ന വഴിക്കാണ് എന്റെ കൂട്ടുകാരൻ ഗോപിയുടെ വീട്. അവനെ കല്യാണത്തിനും കണ്ടില്ല. അവന്റെ വീടിനടുത്ത സ്റ്റോപ് എത്തിയപ്പോൾ ഭാര്യ ബസിലുള്ള കാര്യം ഓർക്കാതെ ഞാനിറങ്ങി.

നടന്നു തുടങ്ങിയപ്പോഴാണ് സ്മിതയുടെ കാര്യം ഒാർത്തത്. ഒാട്ടോ പിടിച്ച് ബസിന്റെ പിന്നാലെ പാഞ്ഞു. ബസിന്റെ പൊടി പോലുമില്ല. ഒടുവിൽ മാനാഞ്ചിറ എത്തി.

എന്നെ കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു. ഞാൻ ചെന്ന് കെട്ടിപ്പിടിച്ചു. അതോടെ ആൾക്കാർ കൂടി. ബസ് സ്റ്റോപ്പിൽ വച്ച് ഒരുത്തൻ പരസ്യമായി പെണ്ണിനെ കെട്ടിപ്പിടിക്കുന്നു. പെട്ടെന്ന് കിട്ടിയ ടാക്സിയിൽ കയറി അവിടെ നിന്ന് രക്ഷപ്പെട്ടു. അന്തം വിട്ട് വണ്ടിയോടിക്കുന്ന ടാക്സി ഡ്രൈവറോടു പറഞ്ഞു; ‘എന്റെ ഭാര്യയാടോ.... ബസിൽ മറന്നു വച്ചതാ...’

ഒരുപാട് എഴുതിയിട്ടുള്ളത് ചെന്നൈ നഗരത്തെക്കുറിച്ചാണ്?

സിനിമ തേടിയാണ് ചെന്നൈയിൽ എത്തുന്നത്. പക്ഷേ, പ്രൊജക്റ്റ് നടന്നില്ല. നാട്ടിലേക്ക് മടങ്ങാനും വഴിയില്ല. അ ങ്ങനെ ടി. നഗറിലെ അരുണാ ലോഡ്ജിൽ സുഹൃത്തിന്റെ മുറിയിൽ അഭയാർഥിയായി. നിലത്ത് പേപ്പർ വിരിച്ചാണു ഉറക്കം. ജോലിയോ ആഹാരമോ ഇല്ല. ഒരു സിനിമയുടെ പ്രൊഡക്‌ഷൻ മാനേജരോടു പറഞ്ഞു; ‘എന്തു ജോലി വേണമെങ്കിലും ചെയ്യാം.’

അയാളാണ് കാർമേഘത്തെ പരിചയപ്പെടുത്തുന്നത്. ടെലിഫോൺ കേബിളിന് കുഴിയെടുക്കുന്ന ജോലിയാണ് കാർമേഘത്തിന്. കുടുംബസമേതമാണ് അവർ ജോലി ചെയ്യുന്നത്. അമ്മയും ഭാര്യയുമെല്ലാം ഒപ്പമുണ്ട്. എന്നെ കണ്ടതും ആ അമ്മ പറഞ്ഞു. ‘ഇവനെക്കൊണ്ട് ഈ പണി ചെയ്യാൻ പറ്റില്ല. ’ ഞാനന്ന് കട്ടിക്കണ്ണട വച്ച മെലിഞ്ഞ പയ്യനാണ്. നിരാശയോടെ തിരിച്ചു ലോ‍ഡ്ജിൽ വന്നു. അന്നു വൈകുന്നേരം കാർമേഘം ലോഡ്ജിൽ വന്നു. എന്റെ ഒരു ദിവസത്തെ കൂലിയും കൊണ്ടാണ് അയാൾ വന്നത്.

എനിക്ക് ജോലി തരാൻ പറ്റാത്തതിൽ അയാൾക്കും അ മ്മയ്ക്കും വിഷമമായി. അതുകൊണ്ടാണ് അമ്മ പറഞ്ഞതുപ്രകാരം അയാൾ കൂലിയുമായി വന്നത്. ചില നേരങ്ങളിൽ ജീവിതം ഇങ്ങനെയാണ്; സിനിമയ്ക്കു പോലും അവിടെയൊന്നും എത്താൻ കഴിയില്ല.

‘മൈ ഡിയർ കുട്ടിച്ചാത്തന’ല്ലേ ബ്രേക് തന്ന സിനിമ?

നവോദയയോട് എനിക്ക് കടപ്പാടുണ്ട്. അപ്പച്ചനോടും ജിജോയോടും. അസാധാരണമായ ആശയങ്ങൾ ഉള്ള പ്രതിഭയാണ് ജിജോ. ഇന്ത്യയിലെ ആദ്യ ത്രിമാനചിത്രം ‘മൈ ‍ഡിയർ കുട്ടിച്ചാത്തൻ’ ജിജോ കണ്ട സ്വപ്നങ്ങളിൽ ഒന്നുമാത്രം. കുട്ടിച്ചാത്തൻ എന്ന ആശയവും കഥയും ജിജോയുടേതാണ്.

അതിലെ പാട്ട് കംപോസിങ് ദിനങ്ങൾ ഇന്നും തെളിമയോടെ ഉള്ളിലുണ്ട്. അന്ന് ആ മുറിയിൽ ഇളയരാജയും ബിച്ചു തിരുമലയും ജിജോയും പിന്നെ ഞാനുമുണ്ടായിരുന്നു. ഇളയരാജയുടെ മാന്ത്രികസംഗീതം. ബിച്ചുവേട്ടന്റെ വരികൾ. ‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി....’ എന്ന പാട്ട് ഇന്നും കുട്ടികൾ പാടിനടക്കുന്നില്ലേ..

സംവിധാനം ചെയ്ത ‘ഒന്നു മുതൽ പൂജ്യം വരെ’ യുടെ ഓർമ?

മലയാള മനോരമ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയാണ് പിന്നീട് ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന സിനിമയായത്. ‘ൈമ ഡിയർ കുട്ടിച്ചാത്ത’ന്റെ ഹിറ്റ് വിജയത്തിനുശേഷം നവോദയയുടെ പ്രൊജക്റ്റായിരുന്നു ‘ഒന്നു മുതൽ പൂജ്യം വരെ.’ ഞങ്ങൾ ഭൂരിപക്ഷവും പുതുമുഖങ്ങൾ. സംവിധായകനായി ഞാൻ. വേണുഗോപാൽ ആദ്യമായി പാടി. മോഹൻ സിതാര ആദ്യമായി സംഗീതം ചെയ്തു.

ആറു സംസ്ഥാന അവാർഡുകൾ കിട്ടി ആ സിനിമയ്ക്ക്. ഷാജി. എൻ. കരുൺ ആയിരുന്നു ക്യാമറ. അതും ഭാഗ്യമായി കരുതുന്നു. പ്രത്യേകം നന്ദിയോടെ ഒാർക്കുന്നത് ആ സിനിമയിലെ ടെലിഫോൺ അങ്കിളായി അതിഥി താരമായെത്തിയ മോഹൻലാലിെനയാണ്. മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ ഗീതു മോഹൻദാസിന്റെ അഭിനയം ഞാനിന്നുമോർക്കുന്നു. ക്യാമറ ഫോക്കസ് ചെയ്യുമ്പോഴേ അവൾ അഭിനയിക്കാൻ തയാറാകും. അതിനുശേഷം മൂന്നു മലയാളസിനിമ സംവിധാനം ചെയ്തു. ഒരു ഹിന്ദി സിനിമയും. പക്ഷേ, എഴുത്തിലായിരുന്നു കൂടുതൽ ശ്രദ്ധ.

raghunath-paleri

‘പൊന്മുട്ടയിടുന്ന താറാവി’ലെ നായകന് പ്രചോദനമായ ‘ഭാസ്ക്കരൻ’ സഹപാഠിയായിരുന്നല്ലേ?

കോഴിക്കോട് നടക്കാവ് സ്കൂളിൽ എന്റെ സഹപാഠിയായിരുന്നു ഭാസ്ക്കരൻ. ക്ലാസിലെ ഹീറോയായിരുന്നു ഭാസ്ക്കരൻ. ആരെങ്കിലും പേരു ചോദിച്ചാൽ ‘തട്ടാൻ ഭാസ്ക്കരൻ’ എന്നേ പറയു. ഭാസ്ക്കരൻ ചില ദിവസങ്ങളിൽ പിങ്ക് പേപ്പറിൽ സ്വർണമാലയും കമ്മലുമൊക്കെ പൊതിഞ്ഞുകൊണ്ടുവരും. എല്ലാ സുഹൃത്തുക്കളെയും അതിന്റെ പകിട്ട് കാണിക്കും. വൈകുന്നേരം തിരിച്ചു കൊണ്ടുപോകും.

ഭാസ്ക്കരന്റെ വീട്ടിൽ സ്വർണം കുഴിച്ചിട്ടിട്ടുണ്ടെന്നും രാത്രി അതെടുത്ത് ആഭരണമാക്കുമെന്നും ഞങ്ങൾ വിശ്വസിച്ചു. അങ്ങനെ ഒരു ദിവസം ഭാസ്ക്കരൻ കൊണ്ടുവന്ന ക മ്മൽ മാളു എന്ന കുട്ടി വാങ്ങി. പിറ്റേന്ന് തിരികെ കൊടുക്കാമെന്നായിരുന്നു ധാരണ. മാളു അത് ചെയ്തില്ല.

ഭാസ്കരൻ കമ്മൽ തന്നിട്ടേയില്ലെന്ന് തീർത്തു പറയുകയും ചെയ്തു. സ്കൂൾ അരിച്ചുപെറുക്കിയിട്ടും കമ്മൽ കിട്ടിയില്ല. സ്കൂളിലെത്തിയ ഭാസ്ക്കരന്റെ അച്ഛൻ അവനെ പരസ്യമായി തല്ലി. നിരപരാധികളായ ഞങ്ങൾ കൂട്ടുകാർക്കും മാഷ്മാരുടെ തല്ല് കിട്ടി.

അതിനു ശേഷം ഭാസ്ക്കരൻ സ്കൂളിൽ സ്വർണം കൊണ്ടുവന്നിട്ടില്ല. വർഷങ്ങൾ കടന്നിട്ടും മനസ്സിന്റെ ഉലയിൽ കിടന്ന് ഭാസ്കരനും മാളുവും നീറി. അത് ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമയായി മാറി.

സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, രഘുനാഥ് പലേരി –ഹിറ്റുകളുടെ മൂന്നു മുഖങ്ങൾ ഇതായിരുന്നു?

എന്റെ ജീവിതത്തിലെ ചിരിയാണ് സത്യൻ അന്തിക്കാട്. ‘ഒന്നു മുതൽ പൂജ്യം വരെ’ എഴുതാനിരുന്നപ്പോൾ തൊട്ടടുത്ത മുറിയിൽ സത്യനും ശ്രീനിവാസനുമുണ്ട്. അന്നു സത്യനോട് കൂട്ടുകാരൻ ഭാസ്ക്കരനു പറ്റിയ അബദ്ധം ഒറ്റവരിയിൽ പറഞ്ഞിരുന്നു. സത്യൻ ഭംഗിയായി ചിരിച്ചു. പിന്നീട്

ഞാൻ കഥ ഒന്നുകൂടി മിനുക്കി. ശ്രീനിയാണ് എന്റെ മനസ്സിലെ നായകൻ. സംവിധായകനായ ആദ്യ സിനിമ ഹിറ്റായ ബലമുണ്ട് എനിക്കപ്പോൾ. നിർമാതാവ് വന്നു. കഥ അദ്ദേഹത്തിനിഷ്ടമായി. പക്ഷേ, ഒരു നിബന്ധന. നായകനായി സൂപ്പർ താരം വേണം. ഈ സിനിമയക്ക് അത് വേണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹം സലാം പറഞ്ഞു.

ഞാൻ അതോടെ ഷാജി എൻ. കരുണിന്റെ ‘പിറവി’ യു ടെ തിരക്കിലേക്ക് കടന്നു. അതിന്റെ ഷൂട്ടിനിടയിൽ കാഞ്ഞങ്ങാട്ടെ ലൊക്കേഷനിലേക്ക് സത്യൻ അന്തിക്കാട് എ ത്തി. തട്ടാനെ അന്വേഷിച്ചാണ് വരവ്. ഒരു കാര്യമേ ഞാ ൻ സത്യനോട് ആവശ്യപ്പെട്ടുള്ളു. എന്റെ കഥയിലെ നായ കനായി ശ്രീനിവാസൻ മതി. സത്യനും അത് സമ്മതമായി. ചെന്നൈയിൽ വച്ചാണ് ശ്രീനിയെ ആദ്യം കാണുന്നത്. വ്യക്തിത്വവും അഭിപ്രായവുമുള്ള പ്രതിഭയാണ് ശ്രീനിവാസൻ. അത് ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ധൈര്യവുമുണ്ട്. അന്നും ഇന്നും.

‘മേലേപ്പറമ്പിൽ ആൺവീട്’ ഗിരീഷ് പുത്തഞ്ചേരിയുടെ ക ഥയായിരുന്നു. തമ്മിൽ നല്ല സൗഹൃദമായിരുന്നല്ലേ?

സ്നേഹത്തിന്റെ പുത്ത‍ഞ്ചേരിപ്പുഴയായിരുന്നു ഗിരീഷ്. അ ദ്ദേഹത്തിന്റെ കുടുംബത്തോട് ഇന്നുമുണ്ട് ആ സ്േനഹം. ഗിരീഷുമായി ബന്ധപ്പെട്ട് ഒരുപാട് ഓർമകളുണ്ട്. ആ സിനി മയ്ക്ക് പാട്ടെഴുതാൻ വന്ന ദിവസം. എന്റെ മുന്നിൽ വന്ന് ഗിരീഷ് പറഞ്ഞു. ‘കഥ പറയൂ’.

എന്നെ കളിയാക്കാൻ ചോദിക്കുന്നതെന്നാണ് ആദ്യം ക രുതിയത്. കാരണം ഇത് ഗിരീഷിന്റെ കഥയാണല്ലോ. പിന്നീടാണ് മനസ്സിലായത് ആ കഥയ്ക്കാണ് ഞാൻ തിരക്കഥയൊരുക്കുന്നതെന്ന കാര്യം കക്ഷി മറന്നുപോയി. അതായിരുന്നു ഗിരീഷ് പുത്തഞ്ചേരി.‌

സോഷ്യൽമീഡിയയിൽ വളരെ സജീവമാണല്ലോ?

ഞങ്ങളുടെ കുട്ടിക്കാലത്ത് സുഹൃത്തുക്കളായിരുന്നു എ ല്ലാം. ഇന്നത് മൊബൈൽഫോണും ഐപാഡുമൊക്കെയായി. ആകാശത്തെ പൂർണചന്ദ്രനെ കാണാനും ആൾക്കാർ മൊബൈൽ ഫോണിലാണു നോക്കുന്നത്.

നവമാധ്യമങ്ങൾ ആൽത്തറ പോലെയാണ്. അവിടെയിരുന്ന് എഴുതാം. വരയ്ക്കാം. കഥ പറയാം. പക്ഷേ, ഗൗരവമൊട്ടുമില്ല. എഴുതുന്നതൊന്നും സത്യമാവണമെന്നില്ല. ഒരു മായാലോകം. പലതും ഫിൽറ്ററിലൂടെയാണ് നമ്മൾ കാണുന്നത്. ഇപ്പോൾ ആ പ്രവണത കൂടിക്കൂടി വരുന്നു. എങ്കിലും എഴുതാൻ കാൻവാസ് ഉണ്ടെങ്കിൽ എന്തിന് അത് ഉപേക്ഷിക്കണം. അതുകൊണ്ട് ഞാനും ഇതുപോലെയൊക്കെ എഴുതുന്നു;

‘മഴയും പുഴയും ഒരുപോലെ നനയുന്നുണ്ട്. രണ്ടിനും പനി പിടിക്കും ഉറപ്പ്!’

സ്നേഹമയികളായ സ്ത്രീകൾ

അമ്മയാണ് ആദ്യം കഥ പറഞ്ഞുതന്നിരുന്നത്. എ ന്നും അമ്മയുടെ കഥ കേട്ടാണ് ഉറക്കം. അച്ഛന്റെ ഉത്തരങ്ങൾ പോലെ അമ്മയുടെ കഥകളും എനിക്ക് അദ്ഭുതമായിരുന്നു. എവിടെ നിന്നാണ് അമ്മയ്ക്ക് ഇത്രയും കഥകൾ കിട്ടുന്നത്. അമ്മയിൽ തുടങ്ങി അ മ്മയിലെത്തുന്നതാണ് എന്റെ എല്ലാ കഥാസഞ്ചാരങ്ങളും. സിനിമയിൽ സ്ത്രീകഥാപാത്രങ്ങളെ എഴുതുമ്പോൾ അമ്മ മുന്നിൽ തെളിയും.

‘പൊന്മുട്ടയിടുന്ന താറാവി’ൽ പാർവതി അവതരിപ്പിച്ച ഹാജിയാരുടെ മൂന്നാം ഭാര്യ അവസാനത്തെ ഒരു സീനിൽ മാത്രമാണ് വെളിച്ചത്തു വരുന്നത്. എന്നിട്ടും ആ കഥാപാത്രത്തെ ആരും മറന്നില്ല. ‘പൊൻമുട്ടയിടുന്ന താറാവിലെ’ ഉർവശിയുടെ കഥാപാത്രം സ്നേഹലത, ശാരിയുടെ ഡാൻസ് ടീച്ചർ, ‘മേലേപ്പറമ്പിൽ ആൺവീടി’ൽ ശോഭന അവതരിപ്പിച്ച പവിഴം, മഴവിൽക്കാവടിയിലെ അമ്മിണിക്കുട്ടിയും (സിതാര) ആനന്ദവല്ലിയും (ഉർവശി) ജീവിതത്തിന്റെ നിറവും മണവുമുള്ള കഥാപാത്രങ്ങളാണെന്നു പറഞ്ഞുകേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.

ആദ്യത്തെ മരണം, പിന്നെ ജീവിതം

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യം ‘മരിക്കുന്നത്.’ അടുക്കളയിൽ അമ്മ വലിയ കലത്തിൽ വെള്ളം തിളപ്പിക്കുന്നു. അടുക്കള വഴി ഓടരുതെന്ന് പലപ്രാവശ്യം വിലക്കുണ്ടായി. അതു വകവയ്ക്കാതെ ഓടിയതാണ്. കാലുതട്ടി ഞാൻ വീ ണു. ശരീരത്തിലേക്ക് തിളച്ചവെള്ളം പാത്രത്തോടെ വീണു. അക്ഷരാർഥത്തിൽ ഞാൻ ഉരുകിപ്പോയി. എന്നെ വാരിയെടുത്ത് അച്ഛൻ ഓടി. പല ആശുപത്രിയിലും കയറിയിറങ്ങി അച്ഛന്റെ സുഹൃത്തായ ഡോ. ബാലകൃഷ്ണൻ ജോലി ചെയ്യുന്ന അശോക ആശുപത്രിയിലെത്തി.

വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഡോക്ടർ ചികിത്സ ആരംഭിച്ചു. ഞാൻ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഡോ. ബാലകൃഷ്ണൻ എനിക്കു ദൈവമാണ്. അശോകാ ആശുപത്രിയാണ് എ ന്റെ ആദ്യ ക്ഷേത്രം. മരണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങി വരുന്നതിനേക്കാൾ വലിയ ജീവിതാനുഭവമില്ലല്ലോ.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: അജീബ് കൊമാച്ചി