Thursday 30 March 2023 12:26 PM IST

‘നല്ല പയ്യൻ’ എന്ന് അച്ഛൻ പറയുന്നതു കേട്ട് ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞു; കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകളില്‍ ഭാര്യ വിനോദിനി

Roopa Thayabji

Sub Editor

vinofdiiiii

മനസ്സു തുറന്ന ചിരി കൊണ്ട് ഏവരെയും ചേർത്തുനിർത്തിയ കോടിയേരി ബാലകൃഷ്ണന്റെ വിയോഗശേഷം ഭാര്യ വിനോദിനി ആദ്യമായി മനസ്സു തുറക്കുന്നു...

വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും പുതിയ വീട്ടിലേക്കു മാറിയത്. തലശ്ശേരിയിലെ കോടിയേരി തറവാടിനോടു ചേർന്നു പണിത, ഒരു മുറിയും ഹാളും അടുക്കളയുമുള്ള കൊച്ചുസ്വർഗം. കഷ്ടിച്ച് ഒരു വയസ്സേയുള്ളൂ അന്ന് ബിനീഷിന്. ബിനോയിക്ക് മൂന്നര വയസ്സും. മക്കൾ വളരുന്നതിനൊപ്പം വീടു വളർന്നു. മരുമക്കളും കൊച്ചുമക്കളുമായി സന്തോഷവും ചിരിയും നിറഞ്ഞ ആ വീട്ടിൽ ഇപ്പോൾ വിനോദിനി മാത്രമേയുള്ളൂ. വീടിന്റെ സന്തോഷം മാഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹത്തിന്റെ കാണാച്ചരടു കൊണ്ട് കൂട്ടിക്കെട്ടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അതിനേക്കാൾ ആർദ്രതയോടെ അദ്ദേഹം കുടുംബത്തെ ചേർത്തുനിർത്തി. ആ ഓർമകൾ പറയുമ്പോൾ വിനോദിനി ബാലകൃഷ്ണന്റെ വാക്കുകൾ മുറിഞ്ഞു.  

‘‘എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബാലകൃഷ്ണേട്ടനെ കാണുന്നത്. തലശ്ശേരി എംഎൽഎ കൂടിയായ എന്റെ അച്ഛൻ രാജു മാസ്റ്ററെ കാണാൻ വീട്ടിൽ വന്നതാണ്. സ്നേഹം കലർന്ന വാത്സല്യത്തോടെ ‘നല്ല പയ്യൻ’ എന്ന് അച്ഛൻ പറയുന്നതു കേട്ട് ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞു.  

അധ്യാപകനായ അച്ഛനും സ്കൂളിൽ ജോലിയുള്ള അമ്മയ്ക്കും മക്കളെ നന്നായി പഠിപ്പിക്കണമെന്നു നിർബന്ധമായിരുന്നു. ഞങ്ങൾ ആറു മക്കളാണ്. രണ്ടാമത്തെയാളാണ് ഞാൻ. പത്താം ക്ലാസ്സു കഴിഞ്ഞ് എന്നെ ബെംഗളൂരുവിൽ ടിടിസിക്കു ചേർത്തു. അവിടേക്കു പോകുമ്പോഴേ വിവാഹം പറഞ്ഞുവച്ചിരുന്നു. നാലു ചേച്ചിമാരുടെ കുഞ്ഞനിയനാണ് ബാലകൃഷ്ണേട്ടൻ. ചേച്ചിമാരൊക്കെ വിവാഹം കഴിഞ്ഞ് മക്കളുണ്ടായ ശേഷമാണത്രേ അമ്മ ഏട്ടനെ പ്രസവിച്ചത്.

ഒരു ദിവസം അച്ഛൻ വിളിച്ചു പറയുന്നു, ‘1980 ഏപ്രിൽ 27നാണു വിവാഹം.’ ജാതകപ്പൊരുത്തമൊന്നും നോക്കിയില്ല. 15 ദിവസത്തെ ലീവിനു ‍നാട്ടിലെത്തി.

വിവാഹദിവസം ഒറ്റയ്ക്ക്

തലശ്ശേരി ടൗൺ ഹാളിൽ വച്ചായിരുന്നു വിവാഹം. താലി കെട്ടി, മാലയിട്ടു. അന്നു മന്ത്രിമാരായിരുന്ന എ.സി.ഷണ്‍‌മുഖദാസും എം.വി. രാഘവനും കെ.ടി. കുഞ്ഞമ്പു മാഷുമൊക്കെ വിവാഹത്തിൽ പങ്കെടുത്തു. വീട്ടിലെത്തിയ പാടേ ഏട്ടൻ പോയി, പാർട്ടി സമ്മേളനത്തിന്. രാത്രി ഉറക്കമിളച്ചു കാത്തിരുന്ന എന്നോടു ചേച്ചിയാണ് പറഞ്ഞത്, ‘ഇന്നിനി വരുമെന്നു തോന്നുന്നില്ല, ഉറങ്ങിക്കോ.’ ‌അമ്മയാണ് കൂട്ടുകിടന്നത്. പിറ്റേന്നു വെളുപ്പിന് ഒന്നും സംഭവിക്കാത്ത മട്ടിൽ അതാ വരുന്നു നവവരൻ. അന്നു വൈകിട്ട് തലശ്ശേരിയിലെ പഴയ മുകുന്ദ് ടാക്കീസിൽ പോയി സിനിമ കണ്ടു, ‘അങ്ങാടി.’

അടുത്ത ദിവസം ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനമുണ്ട്. അതിനു വേണ്ടി കോട്ടയത്തേക്കായിരുന്നു ആദ്യയാത്ര. കുമരകത്തു ബോട്ടിങ്ങൊക്കെ നടത്തി. കെ.ആർ. അരവിന്ദാക്ഷൻ സഖാവിന്റെ വീട്ടിലായിരുന്നു താമസം. അദ്ദേഹത്തിന്റെ ഭാര്യ ഉഷ കരിമീൻ പൊള്ളിച്ചതൊക്കെ ഉണ്ടാക്കി സൽക്കരിച്ചു. പിന്നെ, ലീവു കഴിഞ്ഞ എന്നെ ബെംഗളൂരുവിലേക്കു ബസ് കയറ്റിവിട്ടു.

സന്തോഷത്തിന്റെ കാലം

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ സന്തോഷവാർത്തയെത്തി, ഞാൻ ഗർഭിണിയാണ്. വിവരം പറയാൻ നാട്ടിലേക്ക് ട്രങ്ക് കാൾ ബുക് ചെയ്തെങ്കിലും ഏട്ടനെ കിട്ടിയില്ല. ചേച്ചിയോടാണ് ആദ്യം വിവരം പറഞ്ഞത്. രാത്രി വീട്ടിലെത്തിയ ഏട്ടൻ ഹോസ്റ്റലിലേക്ക് ആഹ്ലാദത്തോടെ വിളിച്ചു.

എനിക്കു ഛർദിയും വിഷമവുമൊക്കെയുണ്ട്. കൂടെ പഠിക്കുന്ന മലയാളി കുട്ടികളാണ് ആകെയുള്ള സഹായം. ക്ലാസ് മുടങ്ങുമെന്നതിനാൽ ഒൻപതു മാസം പൂർത്തിയായിട്ടാണ് നാട്ടിലേക്കു വന്നത്. ഒരു ദിവസം രാത്രി പ്രസവവേദന വന്നു. അമ്മയാണ് കൂടെ വന്നത്. പ്രസവിച്ച് കുഞ്ഞുമായി റൂമിലെത്തിയ ശേഷമാണ് ഏട്ടൻ എത്തിയത്.

പതിെനട്ടു ദിവസം കഴിഞ്ഞു പരീക്ഷയാണ്. മുലകുടി മാറാത്ത കുഞ്ഞുമായാണ് െബംഗളൂരുവിലേക്ക് പോയത്. കോഴ്സ് കഴിഞ്ഞ് ഒന്നു രണ്ടു സ്കൂളുകളിൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്തെങ്കിലും സ്ഥിരജോലി കിട്ടിയില്ല. അങ്ങനെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിൽ ക്ലർക്കായി കയറി. ആ സമയത്താണ് ഏട്ടൻ ആദ്യം എംഎൽഎ ആയത്. അപ്പോഴേക്കും ബിനീഷും ജനിച്ചു. നിയമസഭ ഉള്ളപ്പോൾ ഒരാഴ്ച ഞങ്ങളെല്ലാം കൂടി തിരുവനന്തപുത്തു പോയി നിൽക്കും. ബിനോയ് പത്താംക്ലാസ് പാസായപ്പോൾ തിരുവനന്തപുരത്തേക്കു താമസം മാറി.

സിനിമയോടു പ്രിയം

സിനിമയായിരുന്നു ഏട്ടന്റെ വിനോദം. തമാശ വലിയ ഇഷ്ടമാണ്. തിയറ്ററിലിരുന്നു മതിമറന്നു ചിരിക്കും. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ റിലീസായ സമയം. ഡിഗ്രി കയ്യിലുണ്ടെങ്കിലേ ജീവിതത്തിൽ വിജയിക്കാനാകൂ എന്നല്ലേ അതിന്റെ സന്ദേശം. ആ സിനിമ മോനെ കാണിക്കണമെന്ന് ഏട്ടനു മോഹം. സിനിമ കണ്ട് തിരിച്ചെത്തിയ പാടേ ബിനോയിയെ അടുത്തു വിളിച്ചു, ‘സിനിമ കണ്ടിട്ട് എന്തു മനസ്സിലായി...’  സീരിയസ്സായ ആ ചോദ്യത്തിനു ബിനോയിയുടെ മറുപടി പറഞ്ഞു, ‘നാളെ മുതൽ വർക് ഷോപ്പിൽ പോണം...’

ഒരിക്കൽ ഡൽഹിയിൽ നിന്നു വരുമ്പോൾ വിമാനത്തിൽ കുഞ്ചാക്കോ ബോബനുണ്ട്. സീറ്റ് ബെൽറ്റിടാൻ ഏട്ടനെ സഹായിച്ചതൊക്കെ ചാക്കോച്ചനാണ്. അന്നുതോട്ടേ നല്ല പരിചയമാണ്. ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പരസ്യത്തിലെ കുഴിയുെട േപരില്‍ ചില ബഹളങ്ങള്‍ നടന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇതു പാര്‍ട്ടിയുെട എതിര്‍പ്പാന്നും അല്ല’ എന്ന്. ‘വാശി’യും ‘ജനഗണമന’യും ഒടിടിയി ലാണ് കണ്ടത്. ആശുപത്രിയിൽ കിടക്കുമ്പോഴും സ്റ്റാൻഡിലുറപ്പിച്ച ഫോണിൽ പുതിയ സിനിമകൾ കണ്ടു.

IMG-202

ഏട്ടൻ ആഭ്യന്തരമന്ത്രിയായ കാലത്താണ് ബിനോയിയുടെ വിവാഹം. അന്ന് അഖില എംബിബിഎസിനു പഠിക്കുകയാണ്. എംഎസും സൂപ്പർ സ്പെഷ്യാലിറ്റിയും കഴി‍ഞ്ഞ് ഫീറ്റൽ മെഡിസിൻ സ്പെഷലിസ്റ്റാണ് ഇന്നവൾ. ബിനീഷിനു വേണ്ടി ആലോചിച്ചപ്പോൾ റിനീറ്റ (ഞങ്ങളുടെ ചക്കു) ബികോം പാസായി നിൽക്കുകയാണ്. വീണ്ടും പഠിക്കാനും ജോലിക്കു പോകാനും ചക്കുവിനെ നിർബന്ധിച്ചു. പക്ഷേ, ‘അച്ഛനെയും അമ്മയെയും ബിനീഷേട്ടനെയും കുഞ്ഞുങ്ങളെയും നോക്കി വീട്ടിലിരിക്കാനാണ് ഇഷ്ടം’ എ ന്ന അവളുടെ തീരുമാനത്തിൽ അദ്ദേഹം അലിഞ്ഞു.

ബിനോയുടെയും ബിനീഷിന്റെയും ഭാര്യമാർ ഒരേ സമയത്താണ് ഗർഭിണിയായത്. ചക്കു ചെക്കപ്പിനു പോയപ്പോ ൾ ഡോക്ടർക്ക് എന്തോ സംശയം, അങ്ങനെ അഡ്മിറ്റ് ചെയ്തു. പിറ്റേന്നു സിസേറിയൻ നടത്തി. ഭദ്രമോളെ കയ്യിൽ വാങ്ങിയത് ഏട്ടനാണ്.

കുറച്ചു കഴിഞ്ഞപ്പോൾ തൃശൂരിൽ നിന്നു വിളി, അഖിലയെ ആശുപത്രിയിലാക്കി. അവിടെ ചെന്നപ്പോഴേക്കും കാ ർത്തിക് മോൻ ജനിച്ചിരുന്നു. ഒരു ദിവസം രണ്ടു കൊച്ചുമക്കളുണ്ടായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അവർക്കു 11 വയസ്സായി.

ഇക്കഴിഞ്ഞ ജൂലൈ 24ന് രണ്ടാളുടെയും ജന്മദിനം ഞ ങ്ങൾ ആഘോഷിച്ചു. ബിനോയിയുടെ രണ്ടാമത്തെ മകൻ വിനായകിന് ഒൻപതു വയസ്സും ബിനീഷിന്റെ രണ്ടാമത്തെ മോൾ ഭാവ്നിക്ക്  നാലു വയസ്സുമായി. കൊച്ചുമക്കളായിരുന്നു ഏട്ടന്റെ ജീവൻ.

രോഗം വേദനയേകുന്നു

രാത്രി എത്ര െെവകി കിടന്നാലും രാവിലെ നാലരയ്ക്ക് എ ഴുന്നേൽക്കും. മുടങ്ങാതെ യോഗ ചെയ്യും. ഇരുപത്തിരണ്ടു വര്‍ഷമായുള്ള ശീലമാണത്. കുളി കഴിഞ്ഞു വന്നാൽ പത്രം വായന, പിന്നെ പ്രാതൽ. ഏട്ടന്റെ ചേച്ചിമാർ തമിഴ്നാട്ടിലായിരുന്നു. അതുകൊണ്ട് ഇഡ്ഡലിയും തമിഴ് സ്റ്റൈൽ ചെറിയുള്ളി സാമ്പാറും വലിയ ഇഷ്ടമാണ്. തേങ്ങയരച്ച, പച്ചമാങ്ങയിട്ട മീൻ കറിയും മോരും ചോറിനു നിർബന്ധം. കൊഞ്ചും മത്തിയുമൊക്കെയാണു പ്രിയം.

25 വർഷത്തിലേറെയായി പ്രമേഹത്തിനു ഗുളിക കഴിക്കുന്നുണ്ട്. 2019 ലെ ഉപതിരഞ്ഞെടുപ്പിനു മുൻപ് പതിവു ചെക്കപ്പിനായി ഡോ. ജ്യോതിദേവിന്റെയടുത്ത് പോയി. ആ ദിവസം ഒരിക്കലും മറക്കില്ല, ഒക്ടോബർ 19. സംസാരത്തിനിടെ മെഡിക്കൽ രംഗത്തെ പുതിയ ടെക്നോളജിയെ കുറിച്ച് ഡോക്ടർ വിശദീകരിച്ചു. ‘രക്തപരിശോധനയിലൂടെ പോലും കാൻസർ ഉണ്ടോയെന്ന് തിരിച്ചറിയാനാകുമെ’ന്നൊക്കെ ഡോക്ടർ പറഞ്ഞപ്പോൾ ഒന്നു ചെയ്തു നോക്കാൻ നിർബന്ധിച്ചത് ഞാനാണ്.  

പിറ്റേന്ന് സി.എച്ച്. കണാരൻ ദിനമാണ്. ഏട്ടനു തലശ്ശേരിയിലേക്കു പോണം, ഉച്ചയ്ക്കാണ് ഫ്ലൈറ്റ്. മറ്റൊരാവശ്യത്തിനു ഞാൻ രാവിലെ എറണാകുളത്തേക്കു പോയി. ഇടയ്ക്കു ഡോക്ടറുടെ വിളി, ‘കുറച്ചു കൂടി സാംപിൾ എടുക്കണം.’ എകെജി സെന്ററിലേക്ക് ആളെ വിട്ട് ഡോക്ടർ തന്നെ സാംപിൾ എടുത്തു.

രണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും വിളി വന്നു, ‘വയറിന്റെ സിടി സ്കാൻ അത്യാവശ്യമായി എടുക്കണം.’ എനിക്കു ടെൻഷൻ തോന്നിയെങ്കിലും എയർപോർട്ടിൽ നിന്നു നേരേ കണ്ണൂരിലെ ആശുപത്രിയിൽ പോകാൻ ഏട്ടനെ ചട്ടം കെട്ടി. ആ സ്കാനിലാണ് കാൻസറാണെന്ന് അറിഞ്ഞത്.  

kodi1

രോഗം വലച്ച കാലം

പിറ്റേന്നു ചെന്നൈ അപ്പോളോയിലേക്ക് പോയി. പാൻക്രിയാസിന്റെ അഗ്രത്തായി ഒരു സെന്റിമീറ്റർ വലുപ്പത്തിലാണ് കാൻസർ. സർജറിക്കായി അമേരിക്കയിലെത്തിയ ശേഷമാണ് വളരെ അപൂർവമായ കാൻസറാണെന്നും കുറച്ചു റിസ്കുണ്ടെന്നും മനസ്സിലായത്.

സർജറിക്ക് തൊട്ടുമുൻപ് സോഡിയം കുറഞ്ഞ് ഐസിയുവിലായി. കൂടെ ആരുമില്ലെന്നു കണ്ട്  ബഹളമുണ്ടാക്കിയപ്പോൾ ഞാൻ മൂന്നു ദിവസം അടുത്തിരുന്നു. മയങ്ങുമ്പോഴും എന്റെ കയ്യിൽ അദ്ദേഹം മുറുക്കെ പിടിച്ചിരിക്കും.

2020 ജനുവരി 16ന് സർജറി വിജയകരമായി നടന്നു. 14 ദിവസത്തിനു ശേഷം കീമോയ്ക്കായി നാട്ടിലേക്ക്. രോഗം  മാറിയ ആശ്വാസത്തിലാണ് ആ കാലം കടന്നു പോകേണ്ടത്. പക്ഷേ, ഇഡി റെയ്ഡും മറ്റുമായി കലുഷിതമായിരുന്നു ആ ദിനങ്ങള്‍. ഒരു വർഷത്തോളം മോൻ ജയിലിലായി.

പക്ഷേ, ആരുടെയും സഹായം തേടുന്നത് ഇഷ്ടമല്ല. അതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. അതിനിടെ ആരോഗ്യം മോശമായി. ഗ്യാസ്ട്രോ സർജന്റെ സേവനം തേടി, ഹെർണിയ ശസ്ത്രക്രിയയും നടത്തി.

ആ ചിരി മായുന്നു

ഇക്കൊല്ലം ജൂണിലാണ് ആ മുഖത്തെ ചൈതന്യം കുറഞ്ഞതു പോലെ ആദ്യം തോന്നിയത്. ഫോട്ടോ എടുത്ത് കാണിച്ചപ്പോൾ വെറുതേ തോന്നുന്നതാണെന്നു പറഞ്ഞ് ചിരിച്ചു.

പിന്നെ, അദ്ദേഹം വല്ലാതെ അവശനായി.  2022 ഒാഗസ്റ്റ് 29ന് വീണ്ടും അപ്പോളോയിലേക്ക്. അപ്പോഴേക്കും കരളിന്റെ പ്രവർത്തനം താറുമാറായിരുന്നു. ടിബി ബാധിച്ചിട്ടുണ്ടെന്നു കേട്ടപ്പോള്‍ ചിരിച്ചു െകാണ്ട് അദ്ദേഹം പറഞ്ഞു, ‘ഭാഗ്യം. വീണ്ടും കാൻസറല്ലല്ലോ....’   

എന്റെ അച്ഛൻ കമ്യൂണിസ്റ്റുകാരനാണ്. പക്ഷേ, അ മ്പലത്തിൽ പോകരുതെന്ന് പറഞ്ഞിട്ടില്ല. ഏട്ടൻ ആശുപത്രി കിടക്കയിലായിരുന്നപ്പോൾ ഞാന്‍ പ്രാർഥിക്കാത്ത ദൈവങ്ങളില്ല. നേർച്ച നേരാത്ത അമ്പലങ്ങളില്ല. എങ്കിലും അദ്ദേഹം പോയി. ഞങ്ങൾക്ക് ശൂന്യമായത് കുടുംബത്തിന്റെ സ്നേഹമാണ്. ആ ചിരിയായിരുന്നു എന്റെ ധൈര്യം.

എപ്പോഴും ഞാനാണ് ഏട്ടന്റെ പെട്ടി ഒരുക്കുന്നത്. പേസ്റ്റും ബ്രഷും വരെ എടുത്തു വയ്ക്കണം. ഒരിക്കൽ തോർത്ത് മറന്നു പോയി. രാവിലെ കുളിക്കാൻ നേരം എന്നെ വിളിച്ചു വഴക്കിട്ടു. ഗൺമാനെ വിളിച്ചുപറഞ്ഞ് പുതിയ തോർത്ത് വാങ്ങി കൊടുത്തപ്പോഴാണ് പിണക്കം മാറിയത്.

ഏതു രാജ്യത്ത് എന്തു പ്രശ്നത്തിനിടെ നിന്നാലും രാവിലെ വീട്ടിലേക്കുള്ള വിളി മുടക്കാറില്ല. ‘മക്കൾ എവിടെ, നീ ഭക്ഷണം കഴിച്ചോ, കൊച്ചുമക്കൾ ഉണർന്നോ...’ എന്നൊക്കെ അന്വേഷിക്കും. ഇപ്പോഴും ഓരോ ഫോൺബെല്ലിലും ഞാൻ പ്രതീക്ഷിക്കും. പക്ഷേ...’’

Tags:
  • Relationship