Saturday 19 February 2022 12:02 PM IST

കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര: 8 ടൂറിസം കേന്ദ്രങ്ങളിലേക്ക് കുടുംബസമേതം പോകാം

Baiju Govind

Sub Editor Manorama Traveller

ullasa 1

ആനവണ്ടിയെന്നു മലയാളികൾ ചെല്ലപ്പേരിട്ടു വിളിക്കുന്ന കെഎസ്ആർടിസി വിനോദസഞ്ചാരികൾക്കായി തുടങ്ങിയ പകൽസഞ്ചാരമാണ് ഉല്ലാസയാത്ര. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു നടത്തുന്ന ഏകദിന യാത്രയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. യാത്രാക്കൂലി മാത്രം ഇടാക്കി നടത്തുന്ന ഉല്ലാസയാത്രകളും ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജ് യാത്രകളുമുണ്ട്. നാടിന്റെ സ്പന്ദനം ആസ്വദിച്ചുകൊണ്ടുള്ള യാത്രയുടെ കൂടുതൽ വിവരങ്ങൾ ഇതാ...

മലപ്പുറത്തു നിന്ന് മലക്കപ്പാറയിലേക്ക്

സഞ്ചാരികൾ ‘മാലാഖപ്പാറ’യെന്നു വിശേഷിപ്പിക്കുന്ന മലക്കപ്പാറയിലേക്കു മലപ്പുറത്തു നിന്ന് കെഎസ്ആർടിസി ഉല്ലാസയാത്ര നടത്തുന്നുണ്ട്. അതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എേസ്റ്ററ്റ് എന്നിവിടങ്ങൾ സന്ദർശിക്കാം. മലപ്പുറത്തു നിന്നു മലക്കപ്പാറയിലെത്തി മടങ്ങി വരുന്നതിന് ഒരാൾക്ക് ബസ് ടിക്കറ്റ് 600 രൂപ. പുലർച്ചെ 3.30ന് മലപ്പുറത്തു നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാത്രി 12.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്ക്: 0483 2734950

വാഗമൺ വഴി പരുന്തുംപാറ

പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമൺ – പരുന്തുംപാറ ഉല്ലാസയാത്രയുണ്ട്. ഈരാറ്റുപേട്ട, അരുവിത്തറപള്ളി, വാഗമൺ വ്യൂപോയിന്റ്, കുരിശുമല, ഷൂട്ടിങ് പോയിന്റ്, മൊട്ടക്കുന്ന്, സുയിസൈഡ്പോയിന്റ്, തേയില പ്ലാന്റേഷൻ, കുട്ടിക്കാനം, പൈൻഫോറസ്റ്റ്, പരുന്തുംപാറ, കുട്ടിക്കാനം വെള്ളച്ചാട്ടം എന്നിവയാണ് ഈ യാത്രയിൽ ആസ്വദിക്കാനുള്ള കാഴ്ചകൾ. ടിക്കറ്റ് നിരക്ക്: 350 രൂപ. രാവിലെ 8.00 ന് പൊൻകുന്നത്തു നിന്നു പുറപ്പെടുന്ന ബസ് വൈകിട്ട് 7.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾ: 04828 28221333, 9447710007

പോകാം കുമ്പളങ്ങിയിലേക്ക്

കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും രുചിപ്പെരുമ തൊട്ടറിയാനും ചങ്ങനാശേരിയിൽ നിന്നു കുമ്പളങ്ങിയിലേക്ക് ഉല്ലാസയാത്ര നടത്താം. കുമരകം പക്ഷിസങ്കേതം, തണ്ണീർമുക്കംബണ്ട്, അർത്തുങ്കൽ ബസലിക്ക, കുമ്പളങ്ങി – ചെല്ലാനം ബീച്ച്, അന്ധകാരനഴി ബീച്ച്, ഓമനപ്പുഴബീച്ച്, മങ്കൊമ്പ്, ചമ്പക്കുളം എന്നിവിടങ്ങളാണ് യാത്രയിലെ കാഴ്ചകൾ. കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമത്തിന്റെ കാഴ്ചകളിലൂടെ കറങ്ങാൻ ഒരാൾക്ക് ടിക്കറ്റ് നിരക്ക് 400 രൂപ. രാവിലെ 7.30ന് ചങ്ങനാശേരിയിൽ നിന്നു പുറപ്പെടുന്ന ബസ് രാത്രി 9.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്ക്:9400861738

നെല്ലിയാമ്പതി യാത്ര, ഭക്ഷണം ഉൾപ്പെടെ!

മലമുഴക്കി വേഴാമ്പലിന്റെ വാസസ്ഥലമെന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഉല്ലാസയാത്ര പുറപ്പെടുന്നത്. പോത്തുണ്ടി ഡാം, വരയാടുമല, സൈറ്റ് സീയിങ്, സീതാർകുണ്ട്് വ്യൂപോയിന്റ്, ഓറഞ്ച്ഫാം, കേശവൻപാറ വ്യൂപോയിന്റ് എന്നിവിടങ്ങൾ സന്ദർശിക്കാം. രാവിലെ 7.00ന് പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന രാത്രി 7.00ന് തിരിച്ചെത്തും. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 600 രൂപ (പ്രഭാതഭക്ഷണം, ഉച്ചയൂണ്, ചായ എന്നിവ ഉൾപ്പെടെ). കൂടുതൽ വിവരങ്ങൾ: 9495450394

ചാലക്കുടിയിൽ നിന്നു കടൽയാത്ര

കടൽ കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികളെ കൊച്ചിയിലെത്തിച്ച് ബോട്ട് സവാരി ഏർപ്പാടാക്കിക്കൊണ്ട് ചാലക്കുടിയിൽ നിന്ന് ഉല്ലാസയാത്ര നടത്തുന്നുണ്ട്. ചെറായി ബീച്ച്, കുഴുപ്പിള്ളി ബീച്ച്, വല്ലാർപാടം ബസലിക്ക എന്നിവിടങ്ങളിലൂടെ സഞ്ചാരികളെ മറൈൻഡ്രൈവിൽ എത്തിക്കുന്നു. അവിടെ എത്തുന്നവർക്ക് കേരള സർക്കാർ നിയന്ത്രണത്തിലുള്ള സാഗരറാണിയിൽ കൊച്ചിക്കായലിലൂടെ കടൽ കാണാൻ സവാരി നടത്താം. രാവിലെ 9.00ന് ചാലക്കുടിയിൽ നിന്നു പുറപ്പെടുന്ന ബസ് വൈകിട്ട് 6.00ന് തിരിച്ചെത്തും. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 650 രൂപ. കൂടുതൽ വിവരങ്ങൾ: 0480 2701638, 9747557737.

ചുരം കയറി വയനാട്ടിലേക്ക്

പെരിന്തൽമണ്ണയിൽ നിന്നു വയനാട്ടിലേക്ക് ഉല്ലാസയാത്ര നടത്തുന്നുണ്ട്. വയലും നാടും കാടും ചേരുന്ന വയനാട്ടിലേക്കുള്ള യാത്രയിൽ പ്രകൃതിയുടെ വിവിധ ഭാവങ്ങൾ ആസ്വദിക്കാം. പൂക്കോട് തടാകം, ടീ മ്യൂസിയം, ബാണാസുര സാഗർ, കർലാട് തടാകം, താമരശേരി ചുരം എന്നിവയാണ് കാഴ്ചകൾ. രാവിലെ 5.00ന് പെരിന്തൽമണ്ണയിൽ നിന്നു പുറപ്പെടുന്ന ബസ് രാത്രി 10.00ന് തിരിച്ചെത്തും. ഒരാൾ‌ക്ക് ടിക്കറ്റ് നിരക്ക് 1000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 9048848436.

പൊന്മുടിയിലേക്ക് ഓർഡിനറി യാത്ര

തിരുവനന്തപുരത്തു നിന്നു കെഎസ്ആർടിസി നടത്തുന്ന ഓർഡിനറി സർവീസുകളിൽ പ്രകൃതിഭംഗി ആസ്വദിക്കാവുന്ന റൂട്ട് പൊന്മുടിയാണ്. ഇരുപത്തിരണ്ടു ചുരത്തിലെ ഇരുപത്തിരണ്ടു വളവുകൾ താണ്ടിയാണ് പൊന്മുടിയിലേക്ക് യാത്ര. കല്ലാർ, മീൻ‌മുട്ടി വെള്ളച്ചാട്ടങ്ങൾ വഴിയോരക്കാഴ്ച അതിമനോഹരമാക്കുന്നു. വിതുരയിൽ നിന്ന് രാവിലെ 7.00ന് ആദ്യ ബസ് പുറപ്പെടുന്നു. പൊന്മുടിയിൽ നിന്നു വിതുരയിലേക്ക് അവസാന ബസ് പുറപ്പെടുന്നതു വൈകിട്ട് 5.30 നാണ്. ടിക്കറ്റ് നിരക്ക് 35 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0472 2858686.

വനപാതയിലൂടെ മൂന്നാറിലേക്ക്

മ‍ഞ്ഞിന്റെയും മലമടക്കുകളുടേയും കുളിരനുഭവം നൽകുന്ന മൂന്നാറിലേക്ക് വനപാതയിലൂടെ കെഎസ്ആർടിസി സർവീസുണ്ട്. കോതമംഗലത്തു നിന്നാണ് ബസ് പുറപ്പെടുന്നത്. തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എേസ്റ്ററ്റ് വഴി മൂന്നാറിലെത്തുന്ന യാത്രയ്ക്ക് ‘ജംഗിൾ സഫാരി’യെന്നാണ് വിശേഷണം. ഞായറാഴ്ചകളിലാണ് ഈ സ്പെഷൽ ട്രിപ്പ് നടത്തുന്നത്. രാവിലെ 8.00ന് കോതമംഗലത്തു നിന്നു പുറപ്പെടുന്ന ബസ് രാത്രി 7.00ന് തിരിച്ചെത്തും. ഉച്ചയൂണ്, ചായ എന്നിവ ഉൾപ്പെടെ ഒരാൾക്ക് ടിക്കറ്റ് നിരക്ക് 550 രൂപ. കൂടുതൽ വിവരങ്ങൾ: 9447984511, 9446525773