Saturday 08 October 2022 03:53 PM IST

നഗ്നത മാത്രമല്ല കുംഭമേള: നമ്മൾ തിരയുന്നതാണു നമുക്കു കാണാൻ സാധിക്കുക

Baiju Govind

Sub Editor Manorama Traveller

1 mela

മൂന്നു വർഷത്തിലൊരിക്കൽ കുംഭമേള. ആറു വർഷം പൂർത്തിയാകുമ്പോൾ അർധകുംഭമേള. പന്ത്രണ്ടു വർഷം കാത്തിരുന്നാൽ പൂർണകുംഭമേള. ഓരോ കുംഭമേളകളിലും വിശേഷപ്പെട്ട ദിവസങ്ങളാണ് മൗന്യ അമാവസ്യ, വസന്ത് പഞ്ചമി, രാം നവമി, ചൈത്ര പൗർണ്ണമി. ഈ ദിവസങ്ങളിലാണു കൂടുതൽ അഘോരികൾ ഗംഗയിൽ പുണ്യസ്നാനത്തിന് എത്തുക. ശിവരാത്രി ദിവസം ഗംഗയിൽ മുങ്ങിനിവരുന്നതു ‘ഷാഹി സ്നാനം’ എന്നാണ് അറിയപ്പെടുന്നത്. ഷാഹി സ്നാനം ചെയ്യുന്നവരുടെ ജന്മപാപം പൂർണമായും ഒഴിയുമെന്നാണ് അഘോരികളുടെ വിശ്വാസം.

നാഗ സന്യാസിമാർ ശിവഭക്തരാണ്. മ‍ഞ്ഞു പെയ്തു പാറയായി മാറുന്ന ഹിമാലയത്തിന്റെ താഴ്‍‌വരയിലാണ് അവർ ജീവിക്കുന്നത്. കുംഭമേളയിൽ സ്നാനം ചെയ്താണു സന്യാസം ആരംഭിക്കുന്നത്. പ്രായഭേദമില്ലാതെ ഒരുപാടു പേർ ഇത്തവണയും സന്യാസം സ്വീകരിക്കാൻ എത്തിയിരുന്നു. കുടുംബവും ബന്ധങ്ങളും ഉപേക്ഷിച്ച് ശാരീരിക സുഖങ്ങൾ ത്യജിച്ചാണു സന്യാസിയാകുന്നത്. ഇന്ദ്രിയങ്ങളുടെ ബന്ധനത്തിൽ നിന്നു മുക്തനായെന്നു ഗുരുവിനു ബോധ്യപ്പെടുമ്പോഴാണു സന്യാസദീക്ഷ ലഭിച്ച് നാഗസാധുവായി മാറുന്നത്.

അഘോരികൾ ദേഹത്തു തേയ്ക്കുന്ന ഭസ്മത്തെക്കുറിച്ച് അന്വേഷിച്ചു. ചുടലഭസ്മമാണ് അത്. മനുഷ്യജന്മം പഞ്ചഭൂതങ്ങളിൽ ലയിച്ച അഗ്നിയുടെ ശേഷിപ്പിനെ ദേഹത്തു ചാർത്തുമ്പോൾ വിശുദ്ധിയുടെ പൂർണതയിലെത്തുമെന്നു സങ്കൽപം. അഘോരികളുടെ ഭക്ഷണവും ജീവിതരീതിയും കഠിനമാണ്. നീളമേറിയ ചുരുട്ടിൽ നിന്നു ശരീരത്തിലേക്കു പ്രവഹിക്കുന്ന പുകച്ചുരുളുകളിലാണ് അവർ തണുപ്പിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നത്. താടിരോമങ്ങളും തലമുടിയും വെട്ടാറില്ല. ജഡപിടിച്ച മുടിക്കെട്ട് ജ്ഞാനത്തിന്റെ കിരീടമായി ശിരസിൽ കൊണ്ടു നടക്കുന്നു. തീക്ഷ്ണമായ മിഴികൾ വിദൂരതയിൽ ഉറപ്പിച്ചു ധ്യാനിക്കുന്നവരും ഭക്തർക്ക് അനുഗ്രഹം നൽകി ആശിർവദിക്കുന്നവരുമായി സന്യാസികൾ പലവിധമുണ്ട്.

2 mela

ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങളുടെ കവാടമാണു ‘ഹാർദ്വാർ’. ശിവനാണു ‘ഹർ’. കേദാർനാഥിന്റെ ദേവനാണു ശിവൻ. വിഷ്ണുവാണു ഹരി – ബദരീനാഥിന്റെ ദേവൻ. കടാവമാണു ‘ദ്വാർ’. ഹരിദ്വാറിനെ ഗംഗാദ്വാർ എന്നും വിശേഷിപ്പിക്കാറുണ്ട്. ഗംഗാ നദി പർവതങ്ങളിൽ നിന്നു പ്രവേശിക്കുന്ന വാതിലെന്നു വിശദീകരണം. തീർഥാടകർ ഹരിദ്വാറിലെത്തി ഗംഗാപ്രവാഹത്തിൽ മുങ്ങി നിവർന്നു നിർവൃതിയടയുന്നു. സൂര്യാസ്തമയം സാക്ഷിയാക്കിയാണു ഗംഗാ ആരതി. ചെരാതുകളും വിളക്കും തെളിച്ച് സന്യാസികൾ ഗംഗാനദിയെ പൂജിക്കുന്നു.

വിശ്വാസത്തിലും ഭക്തിയിലും സ്വയം ഉപേക്ഷയിലും സമർപ്പിതമാണു കുംഭമേള. ഗുരുവിന്റെ വാക്കുകളിൽ നിന്ന് അനുഭവങ്ങളുടെ ചുടലകളിലേക്ക് സന്യാസിമാരുടെ പ്രയാണം മഹാദേവനിലും ഹരിയിലും എത്തിച്ചേരാനാണ്. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തീർഥമാണു ഗംഗ, മഹാസ്നാനം പാപമുക്തിയും...

ഹരിദ്വാറിൽ അഘോരികളുടെ സംഗമം.

പ്രയാഗിൽ കണ്ട കുംഭമേളയിൽ നിന്നു വ്യത്യസ്തമാണു ഹരിദ്വാറിൽ അഘോരികളുടെ സംഗമം. പ്രയാഗിൽ സന്യാസിമാർക്കു മാത്രമായി നടപ്പാതയും പാലവും നിർമിച്ചിട്ടുണ്ട്. എന്നാൽ ഹരിദ്വാർ പട്ടണം പൂർണമായും അഘോരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. നാഗ സന്യാസികൾ, സന്യാസിനികൾ, ആൾദൈവങ്ങളായി സ്വയം അവതരിച്ചവർ, ഭക്തർ... ‘ഹര ഹര മഹാദേവ്’ നാമജപങ്ങളുമായി ശംഖുനാദം മുഴക്കി ഇവർ വീഥികൾ ‘നിറഞ്ഞൊഴുകുന്നു’. ഭസ്മത്തിന്റെയും സുഗന്ധധൂപങ്ങളുടെയും ഗന്ധം നിറഞ്ഞ പട്ടണം കാവിയണിഞ്ഞ മനുഷ്യക്കടലായി മാറുന്നു. അഘോരികളുടെ സംഗമം കാണാനെത്തിയ വിദേശികളും ക്യാമറയുമായി തിരക്കിലേക്കിറങ്ങിയ ആയിരക്കണക്കിനാളുകളും കൗതുകം നിറഞ്ഞ കണ്ണുകളുമായി വഴിയരികിൽ കാത്തിരിക്കുന്നു.

നാഗ സന്യാസിമാർ സംഘം ചേർന്നാണ് എത്തിയത്. അവർ നഗ്നരാണ്. ദേഹം മുഴുവൻ ഭസ്മം ചാർത്തിയിരുന്നു. ഗുരുവിനു പുറകെ ഐക്യപ്പെട്ടുള്ള പദസഞ്ചലനം. മിഴിയിണ ചലിക്കാതെ ദൂരെ ദിക്കിലേക്കു നോക്കി ഗുരുവിന്റെ പാദങ്ങൾ പിൻതുടർന്നുള്ള നടത്തം. നഗ്നത മറ്റുള്ളവർ കാണുന്നതിന്റെ ജാള്യത അവരുടെ മുഖത്തു പ്രതിഫലിച്ചില്ല.

3 mela

വിഷ്ണു–ശിവ സ്തുതികളോടെ അഘോരികൾ പടവിറങ്ങി ഗംഗയിൽ ‘മഹാസ്നാന’ത്തിന് ഇറങ്ങി. ആദ്യം കുളിക്കാനുള്ള അവകാശം നാഗ സന്യാസിമാർക്കാണ്. ജന്മാന്തര പാപങ്ങളുണ്ടെന്നും ഗംഗയുടെ വിശുദ്ധിയിൽ പാപങ്ങൾ ഒഴുകുമെന്നും വിശ്വസിച്ച് അവർ നീരാടി. സംഘങ്ങളായി മുങ്ങിനിവർന്നു തീരത്തണഞ്ഞ സന്യാസികൾ നഗ്നമേനിയിൽ ഭസ്മം തേച്ചു. ‘ഹർ ഹർ മഹാദേവ്’ സ്തുതിയിൽ ഗംഗാതീരം ശബ്ദമുഖരിതമായി. ഇക്കുറി ഹരിദ്വാറിലെ കുംഭമേളയിൽ ‘ഹിജഡ’ വിഭാഗത്തിനും സ്നാനത്തിന് അനുമതി നൽകിയിരുന്നു.

ശിവന്റെ പ്രതിപുരുഷന്മാരായി മാറിയവരാണു മഹാസ്നാനം നടത്തുന്ന അഘോരികളെന്നാണു വിശ്വാസം അതിനാൽത്തന്നെ നാഗസന്യാസികൾ മാഹാസ്നാനം നടത്തുന്നതു കാണാൻ അനുമതിയില്ല. ഈ സമയത്ത് മറ്റുള്ളവരെ നദിയിലിറങ്ങാൻ അനുവദിക്കില്ല. മാധ്യമങ്ങളുടെ ക്യാമറയ്ക്കു മാത്രമാണു ചിത്രം പകർത്താനുള്ള അവസരം നൽകിയിട്ടുള്ളത്. അക്കൂട്ടത്തിലൊരാളായി അഘോരികളുടെ തീർഥാടന ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ അവസരം ലഭിച്ചു.