Saturday 19 February 2022 11:52 AM IST

കേരളത്തില്‍ 500 ടൂറിസം ഗ്രാമങ്ങള്‍: മന്ത്രി മുഹമ്മദ് റിയാസ് മനോരമ ട്രാവലറിനു നല്‍കിയ അഭിമുഖം

Baiju Govind

Sub Editor Manorama Traveller

minister 2 ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് Photo: Harikrishnan

തിരുവനന്തപുരത്ത് കുടുംബസമേതം താമസിക്കാൻ സ്ഥലം അന്വേഷിച്ച് ഡൽഹിയിൽ നിന്നൊരു മലയാളിയുടെ ഫോൺ കോൾ. ‘‘മുറി വൃത്തിയുള്ളതാവണം, സുരക്ഷിതമായിരിക്കണം’’ പെൺമക്കളേയും ഭാര്യയേയും കൂട്ടിയുള്ള യാത്രയിൽ ഡൽഹിക്കാരൻ ആശങ്ക മറച്ചു വച്ചില്ല. റസ്റ്റ് ഹൗസ് ബുക്ക് ചെയ്യാൻ നിർദേശിച്ചപ്പോൾ ‘അതൊക്കെ സാധാരണക്കാർക്ക് കിട്ടുമോ’ എന്നു മറുചോദ്യം. ഓൺലൈനിൽ മുറി ബുക്ക് ചെയ്ത് നാലു ദിവസത്തെ ടൂർ കഴിഞ്ഞ് ഡൽഹിയിൽ മടങ്ങിയെത്തിയതിനു ശേഷം അദ്ദേഹം നന്ദി അറിയിച്ചുകൊണ്ട് മെസേജ് അയച്ചു. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിലെ താമസം സുഖകരമായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പും പങ്കുവച്ചു. ടൂറിസം മേഖലയിൽ പുതുതായി ആവിഷ്കരിച്ച ഡൈൻ ഇൻ കാർ, ഉത്തരവാദിത്ത ടൂറിസം എന്നിവയുടെ രസകരമായ അനുഭവ കുറിപ്പുകളാണ് ആ പോസ്റ്റിനു കമന്റുകളായി പ്രവഹിച്ചത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ ഈ ട്രെൻഡിനെ കുറിച്ച് അന്വേഷിക്കാൻ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരിൽ കണ്ടു. കൃഷിയിടങ്ങളിലേക്ക് ടൂറിസ്റ്റുകളെ എത്തിക്കുന്നതു മുതൽ വീടുകളിൽ ഹോം േസ്റ്റ ആരംഭിക്കുന്നതു വരെയുള്ള സുന്ദരപദ്ധതികളാണ് മന്ത്രി വിശദീകരിച്ചത്.

നമുക്ക് ഗ്രാമങ്ങളിലേക്ക് പോകാം

കേരളത്തിലെ ഗ്രാമങ്ങളിൽ അതിമനോഹരമായ സ്ഥലങ്ങളുണ്ട്. എന്നിട്ടും വിനോദസഞ്ചാരികൾ ഇവിടേക്ക് അധികം എത്തുന്നില്ല. അതിനു നിരവധി കാരണങ്ങളുണ്ട്. അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ ആവിഷ്കരിച്ചിട്ടുള്ളത്.

കോവിഡ് വ്യാപനത്തിനു ശേഷം വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളടെ എണ്ണം കുറഞ്ഞു. ഇതര സംസ്ഥാനങ്ങളിലേയും കേരളത്തിലെയും സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്ന ടൂറിസമാണ് ഈ സാഹചര്യത്തിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. അതിനുള്ള പദ്ധതികൾ ആലോചിച്ച സമയത്താണ് ‘ലോൺലി പ്ലാനറ്റ്’ സർവേയിൽ ലോകത്ത് ശ്രദ്ധ കിട്ടാതെ പോയ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മലബാറിനെ ഉൾപ്പെടുത്തിയ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് രാജ്യാന്തര തലത്തിലുള്ള പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമായത്.

ഗ്രാമങ്ങളിലെ മനോഹരമായ പ്രദേശങ്ങൾ, ഓരോ ജില്ലകളിലേയും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങൾ, സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ – ഇങ്ങനെ തരംതിരിച്ചു. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നിവയുമായി ചേർന്ന് ഇവിടങ്ങളിൽ വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു. ചെലവിന്റെ 60 ശതമാനം ടൂറിസം വകുപ്പ് നൽകും. നാൽപതു ശതമാനം ഫണ്ട് തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുടക്കും. ഈ പദ്ധതി പ്രകാരം 500 വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു നൽകാൻ കഴിയുമെന്നാണു പ്രതീക്ഷ. പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ തുറക്കുമ്പോൾ വിനോദസഞ്ചാരം ജനങ്ങൾക്കു ജീവിതോപാധിയാകും. ജനങ്ങൾ ടൂറിസത്തിന്റെ ഭാഗമായി മാറുമ്പോഴാണ് ഉത്തരവാദിത്ത ടൂറിസം ലക്ഷ്യത്തിലെത്തുക.

ക്യാപ്റ്റന്റെ കളി കാണാൻ പോകുന്നതേയുള്ളൂ!

കോവളം, മൂന്നാർ, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങൾ വിനോദസഞ്ചാര മേഖലയിൽ അടയാളം നേടിയ കേന്ദ്രങ്ങളാണ്. അതേസമയം മലബാറിലെ ടൂറിസം കേന്ദ്രങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കുന്ന ഭൂപ്രകൃതിയാണു മലബാറിലേത്. വടക്കേ മലബാറിന്റെ ‘ക്യാപ്റ്റൻ’ വയനാടാണ്. ക്യാപ്റ്റന്റെ കളി പൂർണമായും പുറത്തു കാണിക്കാൻ സാധിച്ചിട്ടില്ല. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ സുരക്ഷിതമാക്കാനായി വൈത്തിരിയിലും മേപ്പാടിയിലും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കി ബയോ ബബിൾ സംവിധാനം നടപ്പാക്കി. അതോടെ വയനാട്ടിലേക്ക് മുൻവർഷത്തേക്കാൾ സഞ്ചാരികൾ എത്തി.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വേണ്ടത്ര താമസ സൗകര്യം ഇല്ലെന്നുള്ളതു വസ്തുതയാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് ‘കാരവൻ ടൂറിസം’ നടപ്പാക്കുന്നത്. മുപ്പതു വർഷത്തിനു ശേഷം കേരള ടൂറിസം മേഖലയിൽ പുതുമയോടെ നടപ്പാക്കിയ ആദ്യ പരിപാടിയാണ് ‘കാരവൻ ടൂറിസം’.

ആഡംബര വാഹനമെന്നു കരുതിയിരുന്ന കാരവനിൽ താമസിച്ച് സ്ഥലങ്ങൾ സന്ദർശിക്കുന്നതാണു കാരവൻ ടൂറിസം. രാത്രികളിൽ കാരവൻ ഒരിടത്ത് പാർക്ക് ചെയ്യും. ഭക്ഷണ ശാലകൾ, കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും അവിടെയുണ്ടാകും. കാരവൻ പാർക്ക് ചെയ്യുന്ന സ്ഥലം ‘കൾചറൽ ഹബ്’ ആക്കി മാറ്റാനാണ് ഉദ്ദേശ്യം.

പൊതുമരാമത്തു വകുപ്പിന് 153 റസ്റ്റ് ഹൗസുകളാണുള്ളത്. ഇവയിൽ 1161 മുറികളുണ്ട്. അവ എല്ലാവർക്കുമായി തുറന്നു നൽകി. ഒരു മാസത്തിനിടെ റസ്റ്റ് ഹൗസുകളിലൂടെ 28 ലക്ഷം രൂപയാണ് വാടകയായി ലഭിച്ചത്.

മുൻപ് റസ്റ്റ് ഹൗസുകളിൽ റൂം ലഭിക്കുന്നതിന് എക്സിക്യൂട്ടിവ് എൻജിനിയർക്കു കത്തെഴുതി അനുമതിക്കായി കാത്തിരിക്കണമായിരുന്നു. ഇപ്പോൾ ഓൺ‌ലൈനിൽ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് ഫലപ്രദമാക്കാനായി 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റസ്റ്റ് ഹൗസുകളിൽ ഭക്ഷണവും ലഭ്യമാക്കും.

നഗരങ്ങളിൽ രാപാർക്കാം, വെള്ളത്തിലൂടെ സഞ്ചരിക്കാം

ട്രെക്കിങ്ങിനും സാഹസികസഞ്ചാരത്തിനുമായി നിരവധി പേർ വിദേശങ്ങളിലേക്കു പോകുന്നുണ്ട്. നമ്മുടെ നാട്ടിലെ മലയോരങ്ങളിൽ ഇത്തരം വിനോദ പരിപാടികൾ സാധ്യമാണ്. അഡ്വഞ്ചർ ടൂറിസത്തിന്റെ പ്രധാന വെല്ലുവിളി സുരക്ഷയാണ്. ‘ടൂറിസ്റ്റ് പൊലീസിങ് ’ നടപ്പാക്കി സാഹസിക ടൂറിസം സുരക്ഷിതമാക്കാനാണ് തീരുമാനം. കേരളത്തിലെ കലാലയങ്ങളിൽ ‘ടൂറിസം ക്ലബ് ’ രൂപീകരിക്കും. അവിടെ നിന്ന് ടൂറിസ്റ്റ് പൊലീസ് അഥവാ വൊളന്റിയർമാരെ കണ്ടെത്തും. കണ്ണൂർ സർവകലാശാലയിൽ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നഗരങ്ങളിലെ ജനശ്രദ്ധനേടിയ സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാനായി സിറ്റി ടൂർ പുതുക്കി നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മുൻപുണ്ടായിരുന്ന സിറ്റി ടൂർ പുതിയ രീതിയിൽ ആവിഷ്കരിക്കും. ഒരു ജില്ലയിൽ നിന്നു സമീപ ജില്ലാ ആസ്ഥാനം വരെ നീളുന്ന യാത്രയാണ് പ്ലാൻ ചെയ്തിട്ടുള്ളത്.

minister 3

കേരളത്തിലെ മനോഹരമായ കായലുകളിലൂടെയും പുഴകളിലൂടെയും രസകരമായ സവാരി സാധ്യമാകും വിധം ജലഗതാഗത പാത ഒരുക്കുന്നുണ്ട്. ഇത് 600 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇതിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇറങ്ങാൻ സാധിക്കുംവിധം ബോട്ട് സവാരി ഏർപ്പെടുത്തും. ചരിത്ര പ്രസിദ്ധമായ മുസിരിസ് ടൂറിസം പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. മുസിരിസിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തുന്ന കാര്യവും പദ്ധതിയിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ കോർത്തിണക്കി ടൂറിസം സർക്യൂട്ട് നടപ്പാക്കുന്നുണ്ട്. എയർപോർട്ടിൽ ഇറങ്ങുന്ന വരെ സമീപ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണിക്കാൻ കൊണ്ടു പോകുന്നതാണു പദ്ധതി. കോഴിക്കോട് ഇറങ്ങുന്നവർക്ക് മലപ്പുറത്തെ ചരിത്ര പ്രധാന കേന്ദ്രങ്ങളും പാലക്കാട് കോട്ടയും കണ്ട് പൊന്നാനി വഴി ബേപ്പൂരിൽ വന്നതിനു ശേഷം തലശേരി, മാഹി വഴി കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വദേശത്തേക്കു മടങ്ങാം.

വെറും തള്ളല്ല, നടപ്പാക്കി വിജയിച്ചു

‘‘വെറുതേ പറഞ്ഞ് പൊലിപ്പിക്കുന്ന പദ്ധതികൾക്കായി സമയം പാഴാക്കിയിട്ടില്ല. യാത്രക്കാർക്കു സ്വന്തം വാഹനത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി നടപ്പാക്കിയ ‘കാർ ഇൻ ഡൈൻ’ സഞ്ചാരികൾ ഏറ്റെടുത്തു. പൊളിച്ചു വിൽക്കാറായ കെഎസ്ആർടിസി ബസ്സുകളുടെ ബോഡി നവീകരിച്ച് റസ്റ്ററന്റാക്കി. അടഞ്ഞു കിടന്നിരുന്ന റസ്റ്റ് ഹൗസുകൾ സഞ്ചാരികൾക്ക് തുറന്നു കൊടുത്ത് വരുമാനം കണ്ടെത്തി.

നഗരങ്ങളിൽ ഗതാഗതം അവസാനിപ്പിച്ച, നൂറ്റാണ്ടു കഴിഞ്ഞ പാലങ്ങൾ നിരവധിയുണ്ട്. അവയുടെ ബലം ഉറപ്പാക്കിയ ശേഷം പാലങ്ങൾ താൽക്കാലിക റസ്റ്ററന്റുകൾക്കായി തുറന്നു നൽകും. ഉപയോഗമില്ലാത്ത പാലങ്ങൾ വിദേശ രാജ്യങ്ങളിലേതു പോലെ ഭക്ഷണശാലകളുടെ കേന്ദ്രങ്ങളാക്കി മാറ്റും. ’’

മാറുന്ന കേരളത്തിന്റെ പുതിയമുഖം ചൂണ്ടിക്കാട്ടി മന്ത്രി റിയാസ് ടൂറിസം നയങ്ങളുടെ ട്രാക്ക് വ്യക്തമാക്കി.