Wednesday 16 September 2020 11:03 AM IST

മകന്റെ താന്തോന്നിത്തരം അച്ഛന്റെ സൽപ്പേരിനു കളങ്കമായി; ഒടുവിൽ മകന്റെ കൊലപാതകത്തിനും സാക്ഷി: ആദ്യ ഡോണിന്റെ മാനസാന്തരം

Baiju Govind

Sub Editor Manorama Traveller

red-street

‘‘ബോംബെയിലെ റെഡ് സ്ട്രീറ്റ് സ്വയം ഉണ്ടായതല്ല.’’ അധോലോകത്തിന്റെ ചരിത്രം ചികഞ്ഞവർ കുറിച്ചിട്ടു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപുള്ള ബോംബെയിലെ കച്ചവടക്കാരുടെ ചിത്രം അവർ ചൂണ്ടിക്കാട്ടി. 1940 വരെ ബോംബെയിൽ പതിനായിരത്തോളം അഫ്ഗാൻ പഠാൻമാരാണ് ഉണ്ടായിരുന്നത്. ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കലായിരുന്നു ജോലി. രണ്ടാംലോകയുദ്ധം ആരംഭിച്ചപ്പോൾ ഇംഗ്ലിഷുകാർ ആവശ്യപ്പെടുന്നതെന്തും ഏർപ്പാടു ചെയ്യാൻ അവർ നിർബന്ധിതരായി. കിടപ്പറയൊരുക്കുന്ന ജോലിയും അവർക്ക് ഏറ്റെടുക്കേണ്ടി വന്നു. പതുക്കെപ്പതുക്കെ ധാരാവിയിലെ ‘ഇത്തരം സ്ട്രീറ്റുകൾ’ ബ്രിട്ടിഷുകാർക്കു മാത്രമായി റിസർവ് ചെയ്യപ്പെട്ടു. നാട്ടിലെ പുരുഷന്മാർക്ക് അവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ കാലഘട്ടത്തിൽ അയൂബ് ലാല എന്നയാളുടെ നേതൃത്വത്തിൽ കുറച്ച് അഫ്ഗാനി പഠാൻമാർ ഒത്തുകൂടി. അന്ന് അങ്ങനെയൊരു സംഘടിതശക്തി ബോംബെ നഗരത്തിനു പരിചിതമായിരുന്നില്ല. ആറു മാസത്തിനുള്ളിൽ അയൂബ് ലാല അവിടെയുള്ളവർക്ക് അയൂബ് ബാബയായി. ഒട്ടും വൈകാതെ ‘ബാബ’ എന്ന വിളിപ്പേരിലേക്ക് അയൂബ് വളർന്നു – ബോംബെയിലെ ആദ്യത്തെ ഡോൺ.

വേനൽക്കാലത്ത് കശ്മീരിൽ അവധിയാഘോഷിക്കാൻ പോയപ്പോൾ അയൂബ് ബാബ ഒരു കുട്ടിയെ പരിചയപ്പെട്ടു. ദാൽ തടാകത്തിന്റെ കരയിൽ വിനോദ സഞ്ചാരികളുടെ പെട്ടി ചുമന്ന് ഓടി നടക്കുകയായിരുന്നു അവൻ. ഒരു നേരത്തെ ഭക്ഷണത്തിനു കൈനീട്ടിയ ആറു വയസ്സുകാരനെ ബാബ കൂടെ കൂട്ടി. കശ്മീരിൽ നിന്നു ‘കളഞ്ഞു കിട്ടിയവന്’ കശ്മീരിയെന്നു പേരിട്ടു. പന്ത്രണ്ടാം വയസ്സിൽ ലാലയ്ക്കു വേണ്ടി ആയുധമേന്തിയ കശ്മീരിയെ അനുയായികൾ ‘കശ്മീരി ലാല’യെന്നു വിളിച്ചു. ലാല എന്ന പേര് വൈകാതെ അധോലോകം ഭയക്കുന്ന പദവിയായി മാറി.

mumbai-old

ഗൂണ്ടാപ്പിരിവ് ഉൾപ്പെടെ അയൂബിന്റെ കച്ചവടങ്ങളിൽ മുപ്പതു ശതമാനം ഷെയർ കശ്മീരിക്കു ലഭിച്ചു. വട്ടിപ്പലിശയ്ക്ക് പണം കടംകൊടുത്ത് സ്വത്തു പിടിച്ചെടുക്കലായിരുന്നു മെയിൻ ബിസിനസ്. സമ്പന്നരും ശക്തരുമായ മാർവാഡി വ്യവസായികളുടെ സ്ഥാപനങ്ങളി‍ൽ കശ്മീരി ഒറ്റയ്ക്കു ചെന്നു കയറി. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പണപ്പിരിവു നടത്തി.

മുംബൈ അധോലോകം ഭരിക്കുന്ന ഡോക്ടർ‌! അയാളെ അന്വേഷിച്ച് വന്നവരെയെല്ലാം പിന്നെ കണ്ടത് ചരമ കോളത്തിൽ

കച്ചവടം പൊളിഞ്ഞവരെ കൊള്ളയടിക്കരുതെന്നാണ് അയൂബ് ബാബയുടെ പോളിസി. അതൊന്നും നോക്കാതെ സകലരുടേയും പണപ്പെട്ടിയിൽ കയ്യിട്ടു വാരിയ കശ്മീരി, പരസ്യമായി കൊലവിളി നടത്തി. സഹികെട്ട മർവാഡികളിൽ ചിലർ അയൂബിനെ നേരിൽ കണ്ടു പരാതി പറഞ്ഞു. പക്ഷേ, വളർത്തച്ഛന്റെ വാക്കിനു ചെവികൊടുക്കാൻ ‘കശ്മീരി ലാല’ തയാറായില്ല. മാത്രമല്ല, പരാതി പറഞ്ഞവരെ പിൻതുടർന്ന് ആക്രമിച്ചു. ഒടുവിൽ, കശ്മീരിക്കു ശിക്ഷ വിധിക്കാൻ മർവാഡികൾ സംഘടിച്ചു. ഉന്നം പിഴയ്ക്കാതെ മരണം ഉറപ്പാക്കാനായി പഞ്ചാബിൽ നിന്നു വാടകക്കൊലയാളിയെ ഇറക്കി. താന്തോന്നിയായ വളർത്തു മകന്റെ കൊലപാതകത്തിൽ അയൂബ് ലാലയുടെ വിരലടയാളം പതിച്ചു. ബോംബെ അധോലോകത്തിന്റെ നാൾവഴിയിൽ ആദ്യത്തെ ഹൈ പ്രൊഫൈൽ മർഡർ.

പലവട്ടം കൂടിയാലോചനയ്ക്കു ശേഷം അയൂബ് ബാബയെ കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യാൻ ബോംബെ പൊലീസ് തീരുമാനിച്ചു. യാതൊരു പ്രതിഷേധവുമില്ലാതെ അയൂബ് പൊലീസ് വാഹനത്തിൽ കയറി. ആദ്യമായി ഒരു പൊലീസ് ജീപ്പ് തന്റെ ബംഗ്ലാവിന്റെ ഗെയിറ്റു കടന്നത് അയാളിലുണ്ടാക്കിയ ഞെട്ടൽ ചെറുതായിരുന്നില്ല. പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ അക്ഷോഭ്യനായി നിന്നു. പ്രതിഷേധങ്ങളില്ലാതെ മൗനം പാലിച്ചു. തെളിവില്ലാത്തതിനാൽ ലോക്കപ്പിൽ നിന്നു പുറത്തു വന്നെങ്കിലും അയാൾ പ്രതികാരത്തിനു മുതിർന്നില്ല. അയൂബിന്റെ മനസ്സ് പൂർണമായും തളർന്നിരുന്നു.

കൂടെ നിൽക്കുന്നവരിൽ അയൂബിനു വിശ്വാസം കിരിമിനെയായിരുന്നു. കരിമിനെ അടുത്ത ‘ലാല’യായി പ്രഖ്യാപിച്ച് അയൂബ് അന്നു തന്നെ ‘പാഞ്ച്ഗനി’യിലേക്ക് തിരിച്ചു. പശ്ചിമഘട്ടത്തിലെ ശാന്തസുന്ദരമായ റിസോർട് ടൗൺ ആണു പാഞ്ച്ഗനി. പഴയ ഗ്യാങ്സ്റ്റർ ഇപ്പോൾ മലയോരത്ത് സ്കൂൾ നടത്തുകയാണെന്ന് പിന്നീട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേട്ടറിഞ്ഞെത്തിയ അടുപ്പക്കാരിൽ പലരും ബാബയോടു ബോംബെയിലേക്കു മടങ്ങാൻ അഭ്യർഥിച്ചു. ‘‘പൊലീസ് േസ്റ്റഷന്റെ പടി കയറിയ ഒരുത്തനും ഡോൺ ആയി ഇരിക്കാനുള്ള യോഗ്യതയില്ല’’ ഇതായിരുന്നു അയാളുടെ മറുപടി.

(നാളെ: കരിംലാല, ഹാജി മസ്താൻ, വരദരാജ മുതലിയാർ – ബോംബെയിലെ അധോലോക ത്രയം)