Thursday 17 September 2020 03:08 PM IST

സ്വർണക്കടത്തിൽ ലാഭം കുറഞ്ഞു: മയക്കുമരുന്ന് കച്ചവടം തുടങ്ങി: പാകിസ്ഥാൻ ഹെറോയിൻ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക്: സഹായിച്ചത് ശ്രീലങ്കൻ എൽടിടിഇ

Baiju Govind

Sub Editor Manorama Traveller

mumbai-politics

എഴുപതുകളിൽ ബോംബെ രാഷ്ട്രീയം കലങ്ങി മറിഞ്ഞപ്പോൾ മസ്താനും ലാലയും അധോലോക പ്രവർത്തനം അവസാനിപ്പിച്ചു. ജയപ്രകാശ് നാരായണന്റെ സ്വാധീനത്തിലാണ് ഇരുവരും മാനസാന്തരപ്പെട്ടത്. ടാക്സി ഡ്രൈവർമാരെ സംഘടിപ്പിച്ച് തീപ്പൊരി പ്രസംഗങ്ങളിലൂടെ മസ്താൻ ദളിത് നേതാവായി സ്വയം പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ പോയി. മസ്താന് എഴുത്തും വായനയും അറിയില്ലെന്നു പരിഹാസം ഉയർന്നപ്പോൾ അതും സ്വന്തം പ്രൊഫൈലിന്റെ മേന്മയായി അയാൾ ഉപയോഗിച്ചു.

അധികാര രാഷ്ട്രീയത്തിലേക്ക് മസിൽ പവർ മാത്രം പോരെന്നു മനസ്സിലായതോടെ മസ്താൻ സിനിമാ നിർമാണത്തിലേക്ക് തിരിഞ്ഞു. രാജ്കപൂർ മുതൽ ദിലീപ് കുമാർ വരെ ബോളിവുഡിലെ മികച്ച നടന്മാരെ നായകന്മാരാക്കി സിനിമയെടുത്തു. സംവിധായകന്മാരുമായി തർക്കിച്ച് ആ സിനിമകളിൽ തനിക്കു പ്രിയപ്പെട്ടവൾക്കു റോൾ ഉറപ്പാക്കി. 1980ൽ വാർധക്യ സഹജമായ കാരണങ്ങളാൽ മസ്താൻ അന്തരിച്ചു. ഇക്കാലത്തിനിടെ ബോംബെ സിനിമാ ലോകത്തെ പ്രമുഖർ മസ്താനു ‘വേണ്ടപ്പെട്ടവരായി’ മാറിക്കഴിഞ്ഞിരുന്നു.

നേരിട്ടുള്ള അധോലോക ഇടപാടുകൾ അവസാനിപ്പിച്ചെങ്കിലും കരിംലാല വൻകിട ബിസിനസുകാരുടെ അതിഥിയായി. വമ്പന്മാർ തമ്മിലുള്ള തകർക്കങ്ങളിൽ മധ്യസ്ഥത പറഞ്ഞു. ലാലയുടെ പൂർവകാല ചരിത്രം അറിയാവുന്നതിനാൽ വാക്കു മറികടക്കാൻ എല്ലാവരും പേടിച്ചു. സ്ഥലക്കച്ചവടക്കാർ, വ്യവസായികൾ, ചെറുകിട അധോലോക സംഘങ്ങൾ തുടങ്ങിയവർ ലാലയുടെ ഒത്തുതീർപ്പിൽ പ്രശ്നങ്ങൾ പരിഹരിച്ചു. തൊണ്ണൂറാം വയസ്സിലാണ് കരിംലാല മരിച്ചത്. ഞങ്ങളുടെ ആ പഴയകാലം ഒരിക്കലും തിരിച്ചു വരില്ലെന്ന് അവസാന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പിന്നീട് വെളിപ്പെടുത്തി. മസ്താനും ലാലയും മുതലിയാരും കുറ്റകൃത്യങ്ങളുടെ പ്രതിരൂപങ്ങളായിരുന്നെങ്കിലും ഒരിക്കൽപോലും അവർ പരസ്പരം പോരടിച്ചില്ല.

മുംബൈ അധോലോകം ഭരിക്കുന്ന ഡോക്ടർ‌! അയാളെ അന്വേഷിച്ച് വന്നവരെയെല്ലാം പിന്നെ കണ്ടത് ചരമ കോളത്തിൽ

മകന്റെ താന്തോന്നിത്തരം അച്ഛന്റെ സൽപ്പേരിനു കളങ്കമായി; ഒടുവിൽ മകന്റെ കൊലപാതകത്തിനും സാക്ഷി: ആദ്യ ഡോണിന്റെ മാനസാന്തരം

സ്വർണക്കടത്തിന് മുൻപ് ഫണ്ട്‌ സോഴ്സ് ചൂതാട്ടവും ഡാൻസ് ബാറും: മസ്താൻ, കരിം ലാല, മുതലിയാർ; അധോലോകത്തെ ആദ്യ രാജാക്കന്മാർ

mumbai-politics-2

വരദരാജ മുതലിയാരുടെ സാമ്രാജ്യത്തിന്റെ വേരറുത്തത് വൈ.സി. പവാർ എന്ന പൊലീസുദ്യോഗസ്ഥനാണ്. മുതലിയാരുടെ ഗ്യാങ്ങിന്റെ താഴെത്തട്ടിലുള്ള കണ്ണികളിൽ പവാർ പിടിയിട്ടു. മുതലിയാരുടെ നീക്കങ്ങളെല്ലാം പൊലീസ് വലയിൽ അവസാനിച്ചു. നിൽക്കക്കള്ളിയില്ലാതായപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് അയാൾ ജന്മനാട്ടിലേക്കു മടങ്ങി. അറുപത്തിരണ്ടാം വയസ്സിൽ ചെന്നെയിൽ വച്ച് അന്തരിച്ചു.

റിയൽ എേസ്റ്ററ്റ്, ഇരുമ്പു വ്യവസായം, കയറ്റുമതി തുടങ്ങി ശതകോടികളുടെ ബിസിനസ് കേന്ദ്രമായി ബോംബെ മാറിയ വർഷങ്ങൾ 1970 – 1990. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ‘കോർ കൺട്രോൾ’ ബോംബെ നഗരത്തിൽ നിക്ഷിപ്തമായി. അതിനു സമാന്തരമായി അധോലോക സാമ്രാജ്യങ്ങളുടെ നിക്ഷേപവും വളർന്നു. സ്വർണക്കടത്ത്, നികുതി വെട്ടിച്ച് വിദേശ വസ്തുക്കളുടെ വിൽപന എന്നിവയായിരുന്നു അവരുടെ ബിസിനസ്. എന്നാൽ സർക്കാർ ഇറക്കുമതി ചുങ്കം കുറച്ച് ആഗോളീകരണം നടപ്പാക്കിയതോടെ സ്മഗ്ളിങ്ങിന്റെ ലാഭം കുത്തനെ കുറഞ്ഞു. നികുതി ഉദാരമാക്കിയതോടെ സ്വർണത്തിന്റെ വിലയിടിഞ്ഞു. ടെക്ൈസ്റ്റൽ മേഖല തകർന്നു. ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാർ എന്തിനും തയാറായി സ്മഗ്ളിങ് ഗ്യാങ്ങുകളിൽ അഭയം തേടി.

സ്വർണക്കടത്ത് ലാഭമില്ലാത്ത ഏർപ്പാടായതോടെ ഗ്യാങ്ങുകൾ മയക്കുമരുന്നു കച്ചവടത്തിലേക്കു തിരിഞ്ഞു. ഇടനിലക്കാരുടെ സഹായത്തോടെ പാക്കിസ്ഥാനിലെ ഹെറോയിൻ ബിസിനസുകാരുമായി ബന്ധം സ്ഥാപിച്ചു. കഞ്ചാവുപയോഗിച്ച് നിർമിക്കുന്ന ഹെറോയിൻ കടൽമാർഗം ഇന്ത്യയിലേക്ക് ഒഴുകി.

അഫ്ഗാനിസ്ഥാനിൽ കഞ്ചാവു വളർത്തൽ നിയമാനുസൃത തൊഴിലാണ്. പാക്കിസ്ഥാനിലെ ഗവേഷണ ശാലകളിൽ കഞ്ചാവ് സംസ്കരിച്ച് ഹെറോയിൻ നിർമിക്കുന്നതിനു നിയമപരമായി വിലക്കില്ല. ആകെ തടസ്സം അഫ്ഗാനിസ്ഥാൻ – പാക്കിസ്ഥാൻ ബോർ‍ഡർ ചെക്പോസ്റ്റാണ്. സെക്യൂരിറ്റി പോയിന്റ് തൊടാതെ മലമ്പാതയിലൂടെ പാക്കിസ്ഥാനിൽ കഞ്ചാവ് എത്തിക്കുന്ന സംഘങ്ങൾ നിരവധി. അഫ്ഗാനിസ്ഥാനിൽ നിന്നു കള്ളക്കടത്തായി എത്തുന്ന കഞ്ചാവ് പാക്കിസ്ഥാനിലെ ലാബുകളിൽ ഹെറോയിനാക്കി മാറ്റുന്നു. (അക്കാലത്ത് പുറത്തു വന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒരു കിലോ ഹെറോയിന് പാക്കിസ്ഥാനിൽ ഒരു ലക്ഷം രൂപയാണ് വില). അതു ബോംബെയിൽ കൊണ്ടു വന്ന് ചെറു പായ്ക്കറ്റുകളിലാക്കി യൂറോപ്പിൽ എത്തിച്ചാൽ കിലോയ്ക്ക് ഒരു കോടി രൂപ. ഘാന, നൈജീരിയ, നെതർലാൻഡ്സ്, ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, യുകെ എന്നിവിടങ്ങളായിരുന്നു പ്രധാന മാർക്കറ്റ്. രാജ്യാന്തര നർക്കോട്ടിക്സിന്റെ മൊത്തക്കച്ചവടം നടത്തുന്നത് ‘ഡി കമ്പനി’യാണെന്ന് ഏറെ വൈകാതെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

(നാളെ: ഡി കമ്പനിയുടെ തുടക്കം. ദാവൂദിന്റെ രംഗപ്രവേശം. ബോംബെ അധോലോകവും ആയുധക്കച്ചവടവും)