Thursday 02 March 2023 10:46 AM IST

‘മഹാരാഷ്ട്രയിൽ ഒരു കൊടുങ്ങല്ലൂർ’ – മഞ്ഞപ്പൊടി വാരിയെറിഞ്ഞ് ആൾക്കൂട്ടത്തിന്റെ ആറാട്ട്

Baiju Govind

Sub Editor Manorama Traveller

Photo: Devang Subil Photo: Devang Subil

മീനഭരണിക്ക് തൃശൂരിലെ കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിൽ കോമരങ്ങളെ കണ്ടു പരിചയിച്ച മലയാളികൾക്ക് വിഥൽ ബീർദേവ് യാത്ര കൗതുകമുണ്ടാക്കും. കൊടുങ്ങല്ലൂരിൽ നിന്നു വ്യത്യസ്തമായി, ബീർദേവിന്റെ ആരാധകർ വാരിച്ചൊരിയുന്നത് ‘ബന്ധാര’യാണ്. മഞ്ഞനിറമുള്ള പൊടി കണ്ടാൽ മഞ്ഞളിന്റെ പൊടിയാണെന്നു തോന്നും. എന്നാൽ‌, ഇതു മഞ്ഞളല്ല. മഞ്ഞ നിറമുള്ള ബന്ധാരയ്ക്കു ഗന്ധമില്ല, ഔഷധഗുണമുണ്ടെന്നു പറയപ്പെടുന്നു. അതിനാൽത്തന്നെ, ഇതു കൊടുങ്ങല്ലൂൽ ദേവീക്ഷേത്രത്തിലേതു പോലെ മഞ്ഞൾപ്പൊടിയല്ല, ‘മഞ്ഞപ്പൊടി’യാണ്.

ഒരുപക്ഷേ, ഇന്ത്യയിൽ ‘മഞ്ഞ’ നിറത്തിൽ നീരാടുന്ന രണ്ട് ആഘോഷങ്ങൾ പട്ടാൻ കൊടോലി ഗ്രാമത്തിലേതും കൊടുങ്ങല്ലൂരിലേതുമായിരിക്കാം. മൂന്നു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്നതാണ് ശ്രീവിഥൽ ബീർദേവ് യാത്രയുടെ സവിശേഷത. വിഷ്ണുവിന്റെ ജന്മോത്സവമാണ് അവർ ആഘോഷിക്കുന്നത്. ആരാധകർ മഞ്ഞപ്പൊടിയിൽ ആറാടുന്നതാണ് ആകർഷണം. ഫൊട്ടോഗ്രഫിയിൽ താൽപര്യമുള്ളവർക്ക് ക്യാമറയിലെ എല്ലാ ‘മോഡു’കളും പരീക്ഷിക്കാനുള്ള ദൃശ്യങ്ങൾ അവിടെയൊരുങ്ങുന്നു.

Photo: Devang Subil Photo: Devang Subil

ആയിരക്കണക്കിന് ആളുകൾ മഞ്ഞപ്പൊടിയിൽ ആറാടുന്ന ഉത്സവം. വിഥൽ ബീർദേവ് മഹാരാജാവിന്റെ എഴുന്നള്ളത്താണ് പ്രധാന ചടങ്ങ്. മഹാവിഷ്ണുവിന്റെ അവതാരമെന്നു കരുതപ്പെടുന്ന ബീർദേവിന്റെ ജന്മദിനം പീതവർണമണിഞ്ഞ് നൃത്തം ചെയ്താണ് ആഘോഷിക്കപ്പെടുന്നത്. കൃഷിഗ്രാമത്തിന്റെ സന്തോഷവും സമർപ്പണവുമാണ് ‘ശ്രീ വിഥൽ ബീർദേവ് യാത്ര’. കർണാടക, ഗോവ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ യാത്രയിൽ പങ്കെടുക്കുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിനു സമീപം പട്ടാൻ കൊടോലി ഗ്രാമത്തിലാണ് ഈ മഹായാത്ര അരങ്ങേറുന്നത്.

ആടുകളെ വളർത്തലും കൃഷിയുമാണ് പട്ടാൻ കൊടോലി ഗ്രാമത്തിലുള്ളവരുടെ ജീവിതമാർഗം. പൻഹല മലനിരയുടേയും വാർണ നദിയുടെയും മധ്യത്തിലുള്ള ഭൂപ്രദേശമാണ് പട്ടാൻ കൊടോലി. ശ്രീവിഥൽ ബീർദേവ് യാത്ര സംഗമിക്കുന്നത് അവിടെയാണ്. കോലാപൂരിൽ നിന്ന് ഇവിടേക്ക് പതിനേഴു കിലോമീറ്റർ. കന്നുകാലികളെ വളർത്തുന്നവർക്ക് ഇത്രയും ദൂരം പദയാത്ര സാഹസികമല്ല. വിഥല ബീർദേവിന്റെ അനുഗ്രഹം തേടി അവർ യാത്രയിൽ പങ്കെടുക്കുന്നു. ചെമ്മരിയാടിന്റെ രോമവും ബന്ധാരയും നാളികേരത്തിന്റെ കഷണങ്ങളുമായാണ് അവർ യാത്രയിൽ പങ്കെടുക്കുക. ബീർദേവിന്റെ പ്രീതി ലഭിക്കണമെന്നു കരുതുന്ന എല്ലായിടത്തും അവർ ബന്ധാര വിതറും, ഹോളി ആഘോഷത്തിൽ നിറക്കൂട്ടുകൾ വാരിയെഴിയുന്ന പോലെ. വിഥല ബീർദേവിന്റെ പാദങ്ങളിൽ അർപ്പിച്ച തേങ്ങാക്കഷണങ്ങളും ബന്ധാരയും പ്രസാദമായി വീട്ടിലേക്കു കൊണ്ടു പോകുന്നു. അത് വീടിനുള്ളിൽ സൂക്ഷിച്ചാൽ സമൃദ്ധിയുണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു.

Photo: Devang Subil Photo: Devang Subil

മഞ്ഞപ്പൊടിയിൽ മുങ്ങുന്ന വിഥൽ ബീർദേവ് യാത്ര ‘ഹൽദി ഫെസ്റ്റിവൽ’ എന്നും അറിയപ്പെടുന്നു. ഒക്ടോബർ മാസത്തിലാണ് ഈ മഞ്ഞപ്പൊടിയാഘോഷം. മഹാരാഷ്ട്രയിലെ കരകൗശല വസ്തുക്കളും പലഹാരങ്ങളും വഴിയോരത്തു വിൽപനയ്ക്കൊരുങ്ങുന്ന മേളയുമാണ് ഹൽദി ഫെസ്റ്റിവൽ. കോലാപ്പുരി ചെരുപ്പ്, തുകൽ ഉൽപന്നങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന താൽക്കാലിക സ്റ്റാളുകൾ റോഡിന്റെ ഇരുവശത്തും കാണാം.

മറാത്ത സിനിമാ വ്യവസായത്തിന്റെ കേന്ദ്രമാണ് കോലാപുർ. അവിടെ മനോഹരമായ കൃഷിയിടങ്ങളുണ്ട്. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കോലാപൂരിലെ കൃഷി സ്ഥലങ്ങൾ ബോളിവുഡ് സംവിധായകർക്കു പ്രിയപ്പെട്ട ലൊക്കേഷനാണ്. മഹാരാഷ്ട്രയുടെ സാംസ്കാരിക തനിമയും പാഞ്ച്ഗംഗ നദിയുടെ കുളിരും ഇവിടെ അനുഭവിച്ചറിയാം.

Photo: Devang Subil Photo: Devang Subil

അമ്മഭായ് – മഹാലക്ഷ്മി ക്ഷേത്രം, കോലാപുർ മഹാരാജാവിന്റെ കൊട്ടാരമായിരുന്ന ഭവാനി മണ്ഡപം, ഛത്രപതി ഷാഹു മഹാരാജ് മ്യൂസിയം, ബ്രഹ്മ വിഷ്ണു മഹേശ്വര പ്രതിഷ്ഠയുള്ള ജ്യോതിബ ക്ഷേത്രം എന്നിവയാണ് കോലാപൂരിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റു സ്ഥലങ്ങൾ.

മഹാരാഷ്ട്രയിലെ കോലാപൂരിൽ ഹങ്കഗളെ താലൂക്കിലാണ് ശ്രീവിഥൽ ബീർദേവ് യാത്ര സമാപിക്കുന്നത്. എല്ലാ വർഷവും ഒക്ടോബറിലാണ് ഈ യാത്ര നടത്തുന്നത്. കോലാപൂരിലേക്ക് ട്രെയിൻ, ബസ് സർവീസുണ്ട്. മുംബൈയിൽ നിന്നു കോലാപൂരിലേക്ക് 400 കിലോമീറ്റർ. പുണെ വിമാനത്താവളത്തിൽ നിന്ന് കോലാപൂരിലേക്ക് 242 കിലോമീറ്റർ.