Friday 20 May 2022 04:08 PM IST

ക്യാംപസ് മാത്രം നോക്കി അഡ്മിഷൻ എടുക്കേണ്ട സ്ഥലമല്ല കോളജ്; കോളജുളെ അറിഞ്ഞ് അപേക്ഷ കൊടുക്കാം...

Babu Pallippattu

different-types-of-colleges-cover

പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് പുതിയ ഒരു അധ്യേയന വർഷം വരികയാണ്. ഉപരിപഠനം ചെയ്യേണ്ട പ്രോഗ്രാമുകളെപ്പറ്റിയുള്ള അന്വേഷണങ്ങളിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ക്യാംപസ് കഥകൾ മാത്രം കേട്ട് ചേരേണ്ട സ്ഥലമല്ല കോള‍ജുകൾ. പ്രോഗ്രാമുകൾ, ഫീസ്, അധ്യാപകർ, ഏതുതരം കോളജ് എന്നിങ്ങനെ പല കാര്യങ്ങളുണ്ട് കോളജിൽ ചേരാൻ അപേക്ഷ കൊടുക്കുംമുമ്പ് മനസ്സിലാക്കാൻ. കേരളത്തിലെ വിവധ തരം കോളജുകളെപ്പറ്റി അറിഞ്ഞിരിക്കുന്നത് ഉപരിപഠനത്തിനു ചേരുന്നതിനു സഹായകമാകും.

കേരളത്തിൽ നാലു തരത്തിൽ പെട്ട കോളജുകളാണുള്ളത്. ഒന്ന്, പൂർണമായും സർക്കാർ നിയന്ത്രണമുള്ള സർക്കാർ കോളജുകൾ. രണ്ട്, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ കോളജുകൾ അഥവാ എയ്ഡ്ഡ് കോളേജുകൾ. മൂന്ന്, സർക്കാർ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ. നാല് സ്വകാര്യസ്വാശ്രയ കോളജുകൾ.

സർക്കാർ കോളജുകൾ

government-colleges

പൂർണമായും കേരള സർക്കാരിന്റെ മുതൽമുടക്കുള്ള സർക്കാർ ഉടമസ്ഥതയിൽ നടക്കുന്ന കോളജുകളാണ് സർക്കാർ കോളജുകൾ. ഇവിടെ 100% സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. ആകെ കോളജിന് അനുവദിച്ചിട്ടുള്ള സീറ്റുകളിൽ 50% ഓപ്പൺ കോട്ടയും ബാക്കി വരുന്ന സീറ്റുകളിൽ വ്യത്യസ്തങ്ങളായ സംവരണ കോട്ടായുമാണ്.

എയ്ഡഡ് കോളജുകൾ

സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ കോളജുകളാണ് എയ്ഡഡ് കോളജുകൾ. ഈ കോളജുകളുടെ ഭൗതികസൗകര്യങ്ങൾ പൂർണമായും ഒരുക്കുന്നത് കോളേജ് നടത്തുന്നവരാണ്. ഇത്തരം കോളജ് കൾ മുന്നോക്ക സമുദായത്തിനും പിന്നോക്ക സമുദായത്തിനുമുണ്ട്.

aided-college-cms

സർക്കാർ–എയ്ഡഡ് കോളജുകളുടെ ഗണത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കോളജുകളെ യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി) അനുവാദത്തോടെ ഓട്ടോണമസ് അഥവാ കല്പിത കോളജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോണമസ് കോളജുകൾ എന്ന പേരിലാണ് ഈ കോളജുകൾ അറിയപ്പെടുന്നത്. ഈ ഗണത്തിൽ പെടുന്ന കോളജുകൾക്ക് അക്കാദമിക്കായി കൂടുതൽ സ്വയം ഭരണ അധികാരം യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ അനുവദിച്ചിട്ടുണ്ട്.

സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ

സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളുടെ എല്ലാ ഭൗതിക സൗകര്യങ്ങളുടെയും ക്രമീകരണം സർക്കാരിന്റെ ഏതെങ്കിലും ഒരു ഒരു സ്ഥാപനം ആയിരിക്കും ഫണ്ട് നൽകി നിർമിച്ചു നിയന്ത്രിക്കുന്ന മാനേജ്‌മന്റ്. എന്നാൽ, അവിടുത്തെ അക്കാദമിക പ്രവർത്തനങ്ങൾക്കായി വരുന്ന ചെലവുകൾക്കും മറ്റ് ആവശ്യങ്ങൾക്കും ഒന്നും സർക്കാരോ, കോളേജ് നടത്തുന്ന സർക്കാരിന്റെ സ്ഥാപനമോ പണം നൽകുന്നില്ല. ഇതിനായി കോളജുകൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്കു വിധേയമായി വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കിയാണ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നത്.

സ്വാശ്രയ കോളജുകൾ

അവസാന വിഭാഗത്തിൽപ്പെടുന്ന കോളേജുകളാണ് സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നു വിളിക്കുന്നത്.

ഈ സ്വാശ്രയ കോളേജുകൾ നടത്തുന്നതു സ്വകാര്യ വ്യക്തികളോ, സംഘടനകളോ, ട്രസ്റ്റുകളോ, സമുദായസംഘടനകളോ ആകാം.

പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ

aided-colleges-community

കേരളത്തിൽ ഇപ്പോൾ സർവകലാശാലകൾ അധ്യേയന വർഷത്തിലേക്ക് ബിരുദ–ബിരുദാനന്തര തലത്തിൽ സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസ് അഥവാ കേന്ദ്രീകൃത പ്രവേശന രീതിയാണ് നടത്തുന്നത്. ഒരു പോയിന്റിൽ നിന്ന് എല്ലാ കോളേജിലേക്കും കുട്ടികൾക്കു പ്രവേശനത്തിനായി അപേക്ഷിക്കാനും മെറിറ്റ് അനുസരിച്ചുള്ള ലിസ്റ്റ് പ്രകാരം പ്രവേശനം നൽകുന്ന രീതി. സർക്കാർ കോളജുകളിലെ 100 ശതമാനം സീറ്റുകളിലും പ്രവേശനം ഈ ലിസ്റ്റ് അനുസരിച്ചായിരിക്കും. ഇവിടെ മാനേജ്മെന്റ് സീറ്റൊ, കമ്മ്യൂണിറ്റി സീറോ ഉണ്ടാവില്ല. എല്ലാ സംവരണ തത്വങ്ങളും പാലിച്ചായിരിക്കും പ്രവേശനം.

സർക്കാർ കോളജുകളിൽ നിന്ന് ഭിന്നമായി മുന്നോക്ക സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് കോളജിലെ 50 ശതമാനം സീറ്റ് ഓപ്പൺ, 20 ശതമാനം സീറ്റ് എസ്‌സി /എസ്‌‌റ്റി, ബാക്കി വരുന്ന സീറ്റുകൾ 20 ശതമാനം മാനേജ്മെന്റ്– 10 ശതമാനം കമ്മ്യൂണിറ്റി വിഭാഗം സീറ്റുകളാണ്. എന്നാൽ പിന്നോക്ക പിന്നോക്ക സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള എയ്ഡഡ് കോളജുകളിൽ സീറ്റുകളുടെ വിഭജന അനുപാതത്തിൽ വ്യത്യാസമുണ്ട്. 40 ശതമാനം ഓപ്പൺ, 20 ശതമാനം എസ്‌സി /എസ്‌‌റ്റി, 20മാനേജ്മെന്റ്, 20 ശതമാനം കമ്മ്യൂണിറ്റി. മാനേജ്മെന്റ്–കമ്മ്യൂണിറ്റി വിഭാഗം സീറ്റുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃത പ്രവേശന ലിസ്റ്റിൽ നിന്നല്ല. അതു സർക്കാർ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്കു വിധേയമായി എയ്ഡഡ് കോളജുകൾ നൽകും.

aided-college-minority

ഓട്ടോണമസ് അഥവാ കല്പിത കോളജുകളിലേക്ക് ഉള്ള പ്രവേശനം ഏക ജാലകം വഴിയല്ല മറിച്ച് ഓരോ കോളജുകളും യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻന്റെയും സർക്കാരിന്റെയും നിബന്ധനകൾക്കു വിധേയമായി അതാതു കോളജുകളിൽ പ്രവേശനം നൽകുകയാണ്.

സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ ആകെയുള്ള സീറ്റിൽ 50 ശതമാനം സീറ്റ് ഓപ്പൺ കോട്ടയിലുള്ളതാണ്. ഈ സീറ്റുകളിൽ എല്ലാ സമുദായ സംവരണവുമുണ്ട്. ബാക്കിവരുന്ന 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്കു വിദ്യാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് യോഗ്യത പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് നിന്നാണ് പ്രവേശനം നൽകുന്നത്.

സ്വകാര്യ സ്വാശ്രയ കോളജുകളിൽ എയ്ഡഡ് കോളജുകളിലെ പോലെ ആകെയുള്ളതിൽ 50 ശതമാനം മെറിറ്റ് സീറ്റുകളാണ്. ഈ സീറ്റുകളിൽ എല്ലാവിധ സമുദായ സംവരണ അനുകൂല്യവുമുണ്ട്. ബാക്കി വരുന്ന 50 ശതമാനം മാനേജ്മെന്റ് കമ്മ്യൂണിറ്റി സീറ്റുകളാണ് .

ഐഡഡ് കോളജിലെ കമ്യൂണിറ്റി സീറ്റുകളിലേക്ക്‌ പ്രവേശനം ലഭിക്കുന്നതിന് അർഹതയുള്ള കുട്ടികൾ ഏത് കമ്യൂണിറ്റിയാണോ ആ കോളജ് നടത്തുന്നത് ആ സമുദായത്തിൽ പെടുന്ന വിദ്യാർഥികൾക്കായിയിരിക്കണം.

സർവകലാശാല പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുമ്പോൾ

സർക്കാർ കോളജുകളിലെയും സ്വകാര്യ എയ്ഡഡ് കോളജുകളിലെയും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജിലെയും സ്വകാര്യ സ്വാശ്രയ കോളേജുകളിലെയും ജനറൽ സീറ്റുകളിലേക്കും റിസർവേഷൻ എസ് എസ് ടി സീറ്റുകളിലേക്കും പ്രവേശനം നൽകുന്നത് സർവകലാശാല ഏകജാലകം വഴിയാണ്.

കമ്മ്യൂണിറ്റി സീറ്റിലേക്കു മാനേജ്മെന്റ് സീറ്റുകളിലേക്കും അതാത് മാനേജ്മെന്റുകളാണ് പ്രവേശനം നൽകുന്നത്. സർക്കാർ– ഐഡഡ് കോളജുകളിൽ എല്ലാവിധ ഫീസ് ആനുകൂല്യങ്ങളും പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കും.

aided-college-sn-kannur

എന്നാൽ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലും സ്വകാര്യ സ്വാശ്രയ കോളജുകളിലും എല്ലാ സേവനങ്ങൾക്കും നിശ്ചിതമായ ഫീസുകൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. പൊതുവെ ഈ കോളേജുകളിൽ എല്ലാ പ്രോഗ്രാമുകൾക്കും ഉയർന്ന ഫീസാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.

പ്രവേശനത്തിനായി ഏകജാലകം വഴി അപേക്ഷ സമർപ്പിക്കുന്ന അപേക്ഷക / ൻ ഒരു പ്രോഗ്രാം തിരഞ്ഞെടുക്കുമ്പോൾ ആ പ്രോഗ്രാം നടത്തുന്ന സർക്കാർ– എയ്ഡഡ്– സർക്കാർ നിയന്ത്രിത–സ്വകാര്യ സ്വാശ്രയ കോളജുകൾ എല്ലാം സർവ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള കോളജ് ലിസ്റ്റിൽ ഉണ്ടാകും ഈ ഈ കോളജുകൾക്ക് നേരെ ഏത് വിഭാഗത്തിൽ പെടുന്ന കോളജുകൾ ആണെന്നും കാണിച്ചിട്ടുണ്ടാകും. താത്പര്യം ഉണ്ടെങ്കിൽ മാത്രമേ സ്വാശ്രയ കോളേജുകൾ തിരഞ്ഞെടുക്കാവൂ.

ആദ്യറൗണ്ടിൽ സ്വാശ്രയ കോളജുകളെ തിരഞ്ഞെടുക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവസാന അലോട്ട്മെന്റ് വരുമ്പോൾ ആഗ്രഹിക്കുന്ന സർക്കാർ– എയ്ഡഡ്–കോളജിൽ പ്രവേശനം ലഭിക്കാൻ സാധ്യതയുള്ളവർ ഈ കോളജുകളും ഓപ്ഷനിൽ ഉൾപ്പെടുത്താം എന്നാൽ, അവസാന അലോട്മെന്റിലും സർക്കാർ എയ്ഡഡ് കോളേജുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ പ്രവേശനം ക്യാൻസൽ ചെയ്തു പ്രവേശനത്തിൽ നിന്നു പുറത്തുകടക്കാനുള്ള സമയം സർവകലാശാല നൽകുന്ന മുറയ്ക്കു പ്രവേശനം ക്യാൻസൽ ചെയ്യണം. ഈ അവസരം ഉപയോഗിക്കാതെ സ്വാശ്രയ കോളജിൽ പ്രവേശനം നിലനിർത്തി നിലനിർത്തി ആ വർഷത്തെ പ്രവേശന പ്രക്രിയ അവസാനിച്ചശേഷം പ്രവേശനം വേണ്ടെന്നു വച്ചാൽ

വിദ്യാർഥിക്ക്‌ ആ കോളജിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് അഥവാ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സമർപ്പിച്ചിട്ടുള്ള മറ്റു സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ രേഖകൾ തിരികെ കിട്ടണമെങ്കിൽ ലിക്വിഡേറ്റ് ഡാമേജ് അഥവാ നഷ്ടപരിഹാരത്തുക എന്ന പേരിൽ വലിയ ഒരു സംഖ്യ കോളജിൽ അടയ്ക്കേണ്ടി വരും. സ്വാശ്രയ കോളജ് നിയമപ്രകാരം ഇത്തരം ചില അധികാരങ്ങൾ കൂടി ഈ കോളജുകൾക്ക് സർക്കാർ നൽകിയിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം ഓർക്കണം.

മുൻപ് സൂചിപ്പിച്ച സ്വാശ്രയ കോളജുകളുടെ സ്വഭാവത്തോടെ കേരളത്തിലെ വിവിധ സർക്കാർ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് കോളജുകളിൽ മിക്കയിടത്തും സ്വാശ്രയ പ്രോഗ്രാം എന്ന പേരിൽ വിവിധ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ നടക്കുന്നുണ്ട്.

ഇതിലേയും സീറ്റുകളുടെ വിഭജനവും അഡ്മിഷൻ രീതിയും പൂർണമായും സ്വകാര്യ സ്വാശ്രയ കോളജിൽ നടക്കുന്ന വിധത്തിലാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും എയ്ഡഡ് കോളജിലെ സ്വാശ്രയ പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ആ കോളജിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാം. ആ കോളജിലെ റെഗുലർ വിദ്യാർഥിയുമായാണു പഠിതാവിനെ പരിഗണിക്കുക. എന്നാൽ, ഒരു പ്രധാന കാര്യം പഠിതാവ് ഓർക്കേണ്ടത് ഇത്തരം സ്വാശ്രയ രീതിയിൽ നടക്കുന്ന പ്രോഗ്രാമുകൾ പഠിപ്പിക്കുന്നത് ആ കോ ളജിലെ റെഗുലർ അധ്യാപകർ ആയിരിക്കില്ല മറിച്ച് സ്വാശ്രയ മേഖലയിൽ നടക്കുന്ന പ്രോഗ്രാമുകൾ പഠിപ്പിക്കാൻ നിയമിക്കപ്പെട്ടുള്ള അധ്യാപകർ ആയിരിക്കു ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ വലിയ തുക ഫീസായി നൽകേണ്ടി വരും. റഗുലർ വിദ്യാർഥികൾ ലഭിക്കുന്ന ഒരുതരത്തിലുള്ള ഫീസ് ആനുകൂല്യങ്ങളും ലഭിക്കില്ല.

പുതിയ അധ്യായന വർഷത്തിൽ ഉപരിപഠനത്തിനായി അപേക്ഷ കൊടുക്കുമ്പോൾ കോളജുകളെപ്പറ്റിയുള്ള ഇക്കാര്യങ്ങൾ മനസ്സിലുണ്ടാവണം.

*കരിയർ വിദഗ്ധനും കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല ഉദ്യോഗസ്ഥനുമാണ് ബാബു പള്ളിപ്പാട്ട്.

babu.mgu@gmail.com