Monday 16 April 2018 01:08 PM IST

രാജസ്ഥാന്‍, ഫാഷന്റെ പറുദീസ...പൂര്‍ണിമ എഴുതുന്നു

Poornima Indrajith

Designer

fashin_notes

കാണാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ചോദിച്ചാൽ രാജസ്ഥാൻ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഇത്രയധികം നിറങ്ങൾ ലോകത്ത് മറ്റൊരിടിത്തും ഇങ്ങനെ ഒരുമിച്ചു കാണാൻ കിട്ടുമെന്നു തോന്നുന്നില്ല. ’wo..w, what a place’ എന്ന്  പറഞ്ഞുപോകും. വീട്ടിൽ വെറുതേ നിൽക്കുമ്പോഴും എത്ര ഭംഗിയായാണ്  അവിടത്തുകാർ അണിഞ്ഞൊരുങ്ങുന്നത്. ജാതിയും സമ്പാദ്യവുമനുസരിച്ച് ആ ഭരണങ്ങളുടെയും  വസ്ത്രത്തിന്റെയും  തരം മാറുമെന്നല്ലാതെ,എണ്ണത്തിലും ഒരുക്കത്തിലും ആരും പിന്നിലേക്കില്ല.


മിക്കവാറും എല്ലാവരുടെയും വസ്ത്രത്തിൽ നാലു പീസുകളുണ്ടാകും. പാവാട, ചോളി, നീളൻ ബ്ലൗസ് പിന്നെ ദുപ്പട്ട. വലിയ പ്രിന്റും മിറർ വർക്കുമാണ് രാജസ്ഥാൻ ഫാഷനെ ഒൗട്ട്സ്റ്റാൻഡിങ് ആക്കുന്നത്. ഗോട്ടാപത്തി വർക്ക്, ബാന്ദ്നി, ലെഹരിയ എന്നിവയും രാജസ്ഥാന്‍ തുണികളിെല പ്രധാന ആകർഷണങ്ങളാണ്.


ആണുങ്ങൾ തലപ്പാവ് കെട്ടുന്ന രീതി, ജാതിക്കനുസരിച്ച് വ്യത്യസ്തമാകും. രാത്രിയിൽ ഇതേ ടർബൻ തലയണയായി ഉപയോഗിക്കു കയും ചെയ്യും. അഫ്ഗാൻ വസ്ത്രധാരണരീതിയോട് ഏറെ സാമ്യമുള്ളതാണ് രാജസ്ഥാൻ സ്റ്റൈൽ.  ചൂടുകൂടുതലുള്ള  കാലാവസ്ഥയ്ക്ക് അനുകൂലമായ വിധത്തിലാണ് മൾട്ടി ലെയറിങ്. നഗരങ്ങളിൽ മാത്രമേ സാരിപോലും കാണാനുള്ളൂ. ഉൾനാടുകളിൽ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളുമാണ് കൂടുതൽ.


പെണ്ണുങ്ങൾ   നടന്നു  പോകുമ്പോൾ കേൾക്കുന്ന വളയുടെ മർമരങ്ങളോളം സുന്ദരമല്ല ഇതൊന്നും. ദിവസവും  ഉദേശം  പത്ത് കിലോ ഗ്രാം വെള്ളി ആഭരണങ്ങൾ നിർമിക്കുന്ന ഒരു തെരുവുണ്ടവിടെ. ചുമരുകൾ   തുടങ്ങി കുതിരവണ്ടികൾ വരെ ഏതോ സ്വർഗീയ കലോൽസവത്തിനായി ഒരുങ്ങി നിൽക്കും പോലെയാണ്.    

രാജസ്ഥാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി, കണ്ടംപററി ഫാഷനിൽ കാണാനാകുമോ?


വിവാഹ വസ്ത്രങ്ങളിൽ രാജസ്ഥാനി സ്വാധീനം ഏറെ കാണാം. അലങ്കാരങ്ങൾക്ക് പ്രാധാന്യമുള്ള സ്റ്റൈലായതിനാലാകണം വധുവിന് പ്രിയപ്പെട്ട വസ്ത്രങ്ങൾ  പലതിലും രാജസ്ഥാൻ സ്വാധീനം ഉണ്ടാകുന്നത്. ഖാഗ്ര സ്കർട്, കേരളാസാരിയിൽ വരെ കടന്നു കയറിയ മിറർ വർക്ക്, വെള്ളിയിൽ തിളങ്ങുന്ന മാലകൾ, വളകൾ... ഇവയൊക്കെ ഇതിനു തെളിവാണ്.    


തനി രാജസ്ഥാൻ പ്രിന്റുകളെക്കുറിച്ച് വിശദീകരിക്കാമോ?


ലോക പ്രശസ്ത ഡിസൈനർമാർ പോലും ഷോകേസ് ചെയ്തിട്ടുള്ള ലെഹരിയ പ്രിന്റ്, ബാഗ്രു പ്രിന്റ്, ടൈ ആൻഡ് ഡൈ എന്നിവയെല്ലാം രാജസ്ഥാന്റെ സ്വത്താണ്. ബാന്ദ്നി എന്ന പേരിലറിയപ്പെടുന്നതും ടൈ ആൻഡ് ഡൈ ആണ്.  

Tips For Wardrobe


∙ബാന്ദ്നി ദുപ്പട്ട ചുരുട്ടി കെട്ടി വച്ച രീതിയിലാണ് വാങ്ങാൻ കിട്ടുക. ഉപയോഗത്തിനു ശേഷവും ചുരുട്ടി സൂക്ഷിക്കുക. അയൺ ചെയ്ത് നിവർത്തിയാൽ  അതിന്റെ തനിമയും ഭംഗിയും നഷ്ടമാകും.
∙ഡൈ ചെയ്ത് അലങ്കരിച്ച പരമ്പരാഗത തുണിത്തരങ്ങൾ വാട്ടർ ഫ്രണ്ട്‌ലി അല്ല. അതിനനുസരിച്ച്  ശ്രദ്ധയോടെ സൂക്ഷിച്ചാലേ ഈടു നിൽക്കൂ
∙ഹാൻഡ് മെയ്ഡ് വസ്ത്രങ്ങൾ വാങ്ങാ ൻ പ്രത്യേകം  ശ്രദ്ധിക്കുക. ഡിജിറ്റൽ തുണിത്തരങ്ങൾക്ക് തനിമയില്ല.
∙രാജസ്ഥാൻ വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ, അവ പോളിഷ് ചെയ്ത് സൂക്ഷിക്കാനുള്ള പൗഡറും ഒപ്പം വാങ്ങുക.