Saturday 22 September 2018 04:56 PM IST

മെലിഞ്ഞവർക്കിണങ്ങും ഐ മേക്കപ്പും മോഡേൺ ഹെയർകട്ടും

Ambika Pillai

Beauty Expert

hair

വളരെ മെലിഞ്ഞ ഒരു കൊച്ചു പെൺകുട്ടി, നല്ല നിറമുണ്ട് എന്നത് ഒഴിച്ചാൽ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല കൽക്കിയെ. ആദ്യമായി കൽക്കിയെ പരിചയപ്പെടുന്നത് ഒരു ഫാഷ ൻ ഷോയിലാണ്. ഓരോ മോഡൽ റാംപിൽ എ ത്തുമ്പോഴും കാഴ്ചക്കാരുടെ കണ്ണുകൾ അവരിലേക്ക് ആകർഷിക്കപ്പെടണം, അതാണ് ഫാഷൻ ഷോകളുടെ പ്രത്യേകത. ആദ്യ നോട്ടം മുഖത്തായിരിക്കും. പിന്നെയാണ് വസ്ത്രങ്ങളിലേക്ക് ശ്രദ്ധിക്കുക.

കൽക്കിയുടെ ഫാഷൻ ഷോകളിൽ എല്ലാ ഡിസൈനേഴ്സും ആവശ്യപ്പെടുക കൽക്കിയുടെ കണ്ണുകൾ ഹൈലൈറ്റ് ചെയ്യാനാണ്. മെലിഞ്ഞ ആളായതു കൊണ്ടു തന്നെ മുഖത്തെ ഏതെങ്കിലും ഒരു ഫീച്ചർ മനോഹരമാക്കണം. എങ്കിലേ എല്ലാവരുടെയും ശ്രദ്ധ നേടാനാകൂ. കണ്ണുകൾ ഡാർക്ക് ചെയ്ത് എഴുതുകയാണ് ആദ്യപടി. കൺപോളകളിൽ കറുപ്പിനൊ ആഷ് നിറത്തിനൊ സമാനമായ ഐഷാഡോനൽകും. തീരെ മെലിഞ്ഞ പെൺകുട്ടികൾക്ക് ഇണങ്ങുന്ന ഐ മേക്കപ്പാണ് ബ്ലാക്ക് സ്മോക്കി ഐസ്. മേക്കപ് കഴിഞ്ഞാൽ ഷാർപ് ആൻഡ് ബോൾഡ് ലുക് ലഭിച്ച് കൽക്കി ആളാകെ മാറും. പലപ്പോഴും തോന്നിയിട്ടുണ്ട് തന്നിലെ ചെറിയ കുറവുകളെ മാറ്റി നിർത്തി സ്വന്തം രൂപ ത്തിന്റെ ഭംഗിയിൽ നൂറ് ശതമാനം ആത്മവിശ്വാസത്തോടെ പെരുമാറുകയാണ് ചെയ്യേണ്ടതെന്ന്, കൽക്കിയെ പോലെ.

മെലിഞ്ഞവർക്കുള്ള മേക്കപ്

ഓരോരുത്തർക്കും ഇണങ്ങുന്ന മേക്കപ്പും ഹെയർകട്ടും ചെയ്യുമ്പോൾ മാത്രമേ പെർഫെക്ട് എന്ന് പറയാനാകൂ. മറ്റുള്ളവർ ചെയ്യുന്നത് അതുപോലെ അനുകരിക്കുന്നത് തെറ്റായ രീതിയാണ്.

ചേർച്ചയില്ലാത്ത ഹെയർകട്ടും അമിതമായ മേക്കപ്പും മെലിഞ്ഞവരുടെ തനതു സൗന്ദര്യം തന്നെ ഇല്ലാതാക്കും. മെലിഞ്ഞ പെൺകുട്ടിക ൾക്ക് ഷോർട് ഹെയറിൽ ഒട്ടേറെ പരീക്ഷണങ്ങ ൾ നടത്താം. മുൻവശത്തെ മുടി അൽപം നീളത്തിൽ ഇറക്കി വെട്ടിയിട്ട് പിൻവശം നീളം കുറച്ചു മുറിക്കാം. മുൻവശത്തെ മുടി കവിളിലേക്ക് കിടക്കുന്ന രീതിയിൽ സെറ്റ് ചെയ്താൽ ഒട്ടിയ മുഖമാണെങ്കിലും കവിളുകൾ തുടുത്തതായി തോന്നും. സ്ട്രെയ്റ്റ് ഹെയറുള്ളവർക്കാണ് ഈ സ്റ്റൈൽ കൂടുതൽ ഇണങ്ങുക. മിക്ക മെലിഞ്ഞ പെൺകുട്ടികൾക്കും നീണ്ട മനോഹരങ്ങളായ കഴുത്തായിരിക്കും. അതുകൊണ്ടു തന്നെ പിന്നിലെ മുടി ഷോർട് ആണെങ്കിൽ ഭംഗി കൂടും.

പുതിയ ഹെയർകട്ടിങ് രീതികളായ ഗ്രാഫി ക്സ് കട്ടിങും മോഡേൺ എഡ്ജ് കട്ടിങ്ങും വ ണ്ണമില്ലാത്തവർക്ക് ഏറെ ഇണങ്ങും. പിറകു വ ശം നേരെ ചതുരാകൃതിയിൽ വെട്ടി വശങ്ങളിലെ മുടി കയറ്റിയും ഇറക്കിയും വെട്ടിയിടുന്ന രീതിയാണ് ഗ്രാഫിക്സ് കട്ടിങ്. ഷോർട് ഫ്രിഞ്ചുകളാണ് മോഡേൺ എഡ്ജ് കട്ടിങ്ങിന്റെ പ്രത്യേകത. നെറ്റിയിലേക്ക് അൽപം മുടി ഇറക്കി വെട്ടിയിടും. ഈ മുടി പകുത്ത് ചെറിയ ഭാഗങ്ങളാക്കി നെറ്റിയിൽ തന്നെ സെറ്റ് ചെയ്യാം. പുരികത്തിന്റെ അരയിഞ്ച് മുകളിലായിക്കണം മുടി നിൽക്കേണ്ടത്.

ഇടുങ്ങിയ കഴുത്തും വിരിഞ്ഞ പുറവുമുള്ളവർ ഒരിക്കലും ഷോർട് ഹെയർ പരീക്ഷിക്കരുത്. കുറഞ്ഞ നെറ്റിയും തടിച്ച മുഖവുമുള്ളവരും ഷോർട് ഫ്രിഞ്ച് ചെയ്യരുത്.

പാഡിൽ ബ്രഷ്

brush

ഷോർട് ഹെയറുള്ളവർക്ക് ഏറെ ഉപകരിക്കുന്ന ഹെയർ ബ്രഷാണ് പാഡിൽ ബ്രഷ്. നാരുകളുടെ മൃദുലതയും തമ്മിലുള്ള അകലവും മുടി പെട്ടന്ന് ചീകിയൊതുക്കാനും കട്ടി കൂടുതൽ തോന്നിക്കാനും സഹായിക്കും. വീതി കൂടിയ പ്രതലമായതു കൊണ്ട് തന്നെ മുടി കുരുക്കി വലിച്ച് പ്രശ്നവുമുണ്ടാക്കില്ല. ഓരോ തവണ മുടി ചീകിയ ശേഷവും ഇവയിൽ അടിഞ്ഞു കൂടിയ അഴുക്ക് കളഞ്ഞ് വൃത്തിയാക്കണം. ഉപയോഗം കഴിഞ്ഞ് ചെറിയ കോട്ടൻ ബാഗിലാക്കി സൂക്ഷിച്ചാൽ ഏറെ നാൾ ചീത്തയാകാതെയിരിക്കും.