Tuesday 13 November 2018 10:55 AM IST

ഭ്രാന്തില്ലെങ്കിൽ എന്തിനാണ് എന്നെ ചികിത്സിച്ചത് ?

R. Sreelekha IPS

14

കുട്ടിക്കാലത്തെക്കുറിച്ച് എനിക്ക് കാര്യമായ ഓർമയില്ല. വലിയ വീടും പറമ്പും മൃഗങ്ങളും ഒക്കെ ഉണ്ടായിരുന്നിടത്തായിരുന്നു ഞാൻ വളർന്നത്. എന്നെക്കാൾ അഞ്ചു വയസ്സിളയ ഒരനുജൻ ഉണ്ട്. അപ്പൻ മദ്യപിച്ചു വന്ന് അമ്മച്ചിയെ തല്ലുന്നതൊക്കെ ഓർമയുണ്ട്. സ്കൂൾ ഓർമകളിൽ മുന്തി നിൽക്കുന്നത് കൂട്ടുകാരിയുമായി അടി പിടി കൂടി അവളുടെ മൂക്കിനിട്ട് ഇടി കൊടുത്തതാണ്. അവളുടെ മൂക്കിൽ നിന്ന് ധാരധാരയായി ചോര ഒലിച്ചത് ഞാൻ നോക്കി നിന്നു. അന്ന് സ്കൂളിൽ നിന്നു വീട്ടിൽ വന്നപ്പോൾ ആവോളം ശിക്ഷ കിട്ടിയിരുന്നു. ആ വേദനയും ഓർമയിലുണ്ട്.

കുറച്ചു നാളേ സ്കൂളിൽ പോയുള്ളൂ. എനിക്ക് പഠിക്കാനൊന്നും പറ്റില്ല, ഒന്നും തലയിൽ കയറില്ല. അതുകൊണ്ടു സ്കൂളിൽ പോകുന്നത് നിർത്തിയപ്പോൾ എനിക്ക് സന്തോഷമായിരുന്നു. ഇടയ്ക്കിടെ ഒരു മാഷ് വീട്ടിൽ വന്നു കുറെ പാഠങ്ങൾ പഠിപ്പിച്ചു. പക്ഷേ, എനിക്ക് കൂടുതൽ ഓർമ ആ മാഷിന്റെ പിച്ചും അടിയുമാണ്. എന്ത് പഠിപ്പിച്ചു എന്നത് ഒരോർമയും ഇല്ല.

ഒരിക്കൽ പറമ്പിൽ തീറ്റ കൊത്തി നടന്ന കോഴിക്കുഞ്ഞുങ്ങളെ ഞാൻ കൊന്നു തിന്നെന്ന് പറഞ്ഞു ഏതോ വൈദ്യൻ വീട്ടിൽ വന്നു എനിക്കായി ഒരു കഷായം ഉണ്ടാക്കി തന്നു. ഭയങ്കര കയ്പുള്ള ആ കഷായം എന്നെ നിർബന്ധിച്ചു കുടിപ്പിക്കുമായിരുന്നു അമ്മച്ചി.

‘മോളുടെ അസുഖം ഭേദമാകണ്ടേ,’എന്നു പറഞ്ഞാണ് അ ത് തരിക. എനിക്കൊരു അസുഖവും ഇല്ല, എന്നിട്ടും കുറെ മരുന്നുകൾ എന്നെ കഴിപ്പിച്ചു. അത് കഴിച്ചു കഴിഞ്ഞാൽ ഞാൻ ബോധം കെട്ടുറങ്ങും. ഒരിക്കൽ ഞാൻ വീട്ടിൽ നിന്ന് ഓടിപ്പോയി എന്നു പറഞ്ഞു കുറച്ചു ദിവസം എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടു. കൂട്ടുകാരികൾ എല്ലാം ഒന്നൊന്നായി എന്നിൽ നിന്നകന്നു. കാരണമൊന്നും എനിക്കറിയില്ല.

ആകെയുള്ള സുഹൃത്ത് എന്റെ അനുജൻ ആയിരുന്നു. അവനെപ്പോഴും തിരക്കാണ്. ഒന്നുകിൽ കോളജ്, അല്ലെങ്കിൽ റബർ ടാപ്പിങ്. അതുമല്ലെങ്കിൽ പള്ളിയിൽ പോകണമെന്നു പറഞ്ഞു പോകും. എന്നെ ഒരിടത്തും വിടില്ല. ചില ഞായറാഴ്ച എ നിക്കും പള്ളിയിൽ പോകാൻ തോന്നും. കരഞ്ഞു പറഞ്ഞാലും വിടില്ല. ‘ഇനി അവിടെയും കൂടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കേണ്ട നീ’ എന്നാണു അമ്മച്ചി പറയുക.

ഒറ്റയ്ക്കാകുമ്പോൾ ഞാൻ ടിവി കാണും. പിന്നെ, പറമ്പിൽ ഇറങ്ങി നടക്കും. മൊബൈൽ ഫോൺ സ്വന്തമായി വേണമെന്ന വലിയ ആശയുണ്ടായിരുന്നു. അനുജന് അതുണ്ട്. അവൻ കോളജിൽ പോകുന്നതല്ലേ, വരാൻ വൈകിയാൽ കാരണമന്വേഷിച്ചു വിളിക്കാമല്ലോ. തന്നെയുമല്ല അത്. അവൻ ഉണ്ടാക്കിയ കാശു കൊണ്ട് വാങ്ങിയതാണ് എന്നാണ് പറയുക. എ ന്നെ അതൊന്നു തൊടാൻ കൂടി സമ്മതിക്കില്ല.

എനിക്കും ഒരു ജോലി വേണം. ഞാൻ എന്ത് ജോലിയും ചെയ്യാം എന്ന് പറഞ്ഞാലും അതിനും വീട്ടുകാർ അനുവദിക്കില്ല. സുഖമില്ലാത്തതല്ലേ, നീ ഇവിടെ വിശ്രമിക്കൂ, എന്ന പറച്ചിൽ കേട്ട് മടുത്തു. ഒരസുഖവും ഉള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടുമില്ല.

അവനെ ഉണർത്തണമെന്നേ കരുതിയുള്ളൂ

ഒരു ദിവസം അപ്പനും അമ്മയും ഏതോ കല്യാണത്തിനു പോ യി. അനുജനെക്കുറിച്ചു കാലത്തു മുതൽ ഒരു വിവരവും ഇല്ല. തോട്ടത്തിൽ ജോലിക്ക് ആകെ ഒരാൾ മാത്രം. അടുക്കള പണിക്കു വരാറുള്ള ചേടത്തിയെയും കാണാനില്ല. ടിവിയിൽ അന്ന് ഇഷ്ടമുള്ള ഒരു പരിപാടിയും ഇല്ലായിരുന്നു. എന്തായാലും ഉ ച്ചയോടെ അനുജൻ കയറി വന്നു. ചോറ് കഴിച്ചിരിക്കുമ്പോഴാണ് വന്നത്. അവനു കൂടി ഞാൻ വിളമ്പിയിട്ട് വിളിച്ചു, പക്ഷേ, ‘എനിക്ക് വേണ്ട, ഞാൻ ഫ്രണ്ട്സിനൊപ്പം കഴിച്ചു’ എന്ന് പറഞ്ഞ് അവൻ മുറിയിലേക്കു പോയി. പാത്രം കഴുകി വച്ച് ഞാൻ അവന്റെ മുറിയിൽ പോയി. മേശപ്പുറത്തു അവന്റെ ഫോൺ കണ്ടു അതെടുത്തു നോക്കിക്കൊണ്ടിരുന്നപ്പോൾ അവൻ ബാത്‌റൂമിൽ നിന്നു വന്ന് എന്നെ വഴക്കു പറഞ്ഞു. ‘അത് തൊടരുതെന്നു നിന്നോട് പറഞ്ഞതല്ലേ?’എന്ന്. ഫോൺ എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചെടുത്തു. ‘നീ പോ. എനിക്ക് കിടക്കണം. നല്ല ക്ഷീണം.’ എന്നും അവൻ പറഞ്ഞു.

എന്നോടൽപം സ്നേഹത്തോടെ സംസാരിക്കാനോ സമയം ചെലവഴിക്കാനോ അവനു വയ്യ. അവന്റെ ഫോൺ ഞാൻ തൊടാൻ കൂടി പാടില്ല. എന്തിനാ ഇങ്ങനൊരു അനുജൻ എനിക്കെന്ന് തോന്നി. ഞാൻ അവനെ വീണ്ടും ചെന്ന് നോക്കിയപ്പോൾ അവൻ മലർന്നു കിടന്ന് നല്ല ഉറക്കം. ഞാൻ റബർ പുര യിൽ പോയി കന്നാസും കത്തിയും കൈക്കലാക്കി. കന്നാസി ൽ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. എങ്ങനെയും അവനെ ഉണർത്തണം എന്നേയുള്ളായിരുന്നു.

ഞാൻ കന്നാസു തുറന്നു അതിലെ ദ്രാവകം അവന്റെ പുറത്തൂടെ ഒഴിച്ചു. അവൻ അലറി വിളിച്ചു കൊണ്ട് ചാടി എണീറ്റു. അവന്റെ തൊലി മൊത്തം പൊള്ളി. ശരീരത്തിൽ നിന്നു പുക ഉയരുന്നുണ്ടായിരുന്നു. അവന്റെ മെത്തയും മൊത്തം നശിച്ചു. എന്റെ ദേഹവും പൊള്ളി. അവൻ എന്റെ അടുത്തേക്ക് പാഞ്ഞു വന്നപ്പോൾ ഞാൻ കത്തി കൊണ്ട് തുരുതുരാ കുത്തി. അവസാനം അവൻ വീണു. അപ്പോൾ പുറത്തു ജോലി ചെയ്തിരുന്നവൻ ഓടി വന്ന് വലിയ ഒച്ചയുണ്ടാക്കി. ഞാൻ അവന്റെ നേരെയും കത്തി വീശി. പിന്നെന്താ നടന്നതെന്ന് ഓർമ യില്ല. വേദന കൊണ്ട് എന്റെ ബോധം പോയി. ഉണർന്നപ്പോൾ ഒരു ആശുപത്രിയിൽ ആയിരുന്നു. അനുജന് എന്താ പറ്റിയതെന്ന് ഞാൻ ആവർത്തിച്ചു ചോദിച്ചു. അവിടെ എനിക്ക് പരിചയമുള്ള ആരെയും കണ്ടില്ല. കുറെ പൊലീസുകാർ ചോദ്യം ചെയ്യാൻ വന്നു. അപ്പോഴാണ് അറിഞ്ഞത്, ആ കന്നാസിൽ ആസിഡ് ആയിരുന്നുവെന്നും എന്റെ കുത്തു കൊണ്ട് അനിയൻ മരിച്ചു പോയി എന്നും. ഞാൻ അവനെ കൊല്ലാനൊന്നും ഉദ്ദേശിച്ചില്ല എന്ന് പറഞ്ഞപ്പോൾ പൊലീസുകാർ ചിരിച്ചു.

‘പിന്നെ, നീ സ്നേഹം കൊണ്ടാണോ അവന്റെ മീതെ ആസിഡ് ഒഴിച്ച് കുത്തി കൊന്നത്?’ എന്നവർ ചോദിച്ചു. അതെനിക്ക് ദേഷ്യം വന്നതു കൊണ്ടാണെന്നു പറഞ്ഞു. നിന്നെ ലൈംഗി ക ബന്ധത്തിന് അവൻ നിർബന്ധിച്ചത് കൊണ്ടാണോ ദേഷ്യം വന്നതെന്ന് മറുചോദ്യം. എന്താണാ ചോദ്യമെന്ന് എനിക്ക് മനസ്സിലായില്ല.

ആശുപത്രിയിൽ നിന്നു ജയിലിലേക്ക്

ചികിത്സ കഴിഞ്ഞിട്ടും ആരും എന്നെ കാണാൻ വന്നില്ല. അവർക്കു നിന്നെ വേണ്ട, എന്ന് ആശുപത്രിയിലെ ആൾക്കാർ പറഞ്ഞു. എനിക്കെന്താ കുഴപ്പം? ഭ്രാന്തുണ്ടോ? അതിനാണോ എന്നെ ഇവിടെ കിടത്തി ചികിത്സിക്കുന്നത്? എന്റെ ഭ്രാന്ത് കാരണമാണോ ഞാൻ അനുജനെ അങ്ങനെയൊക്കെ ചെയ്തത്? അതുകൊണ്ടാണോ എന്നെ എന്റെ മാതാപിതാക്കൾക്ക് വേണ്ടാത്തത്? ഞാൻ അവിടെയുള്ള പലരോടും ഇതൊക്കെ ചോദിച്ചു. കുറേ നാൾ കഴിഞ്ഞു രണ്ടു മൂന്ന് ഡോക്ടർമാർ വന്നു മണിക്കൂറുകളോളം എന്നോട് സംസാരിച്ചു. എന്നിട്ട് അവരിൽ ഒരാൾ പറഞ്ഞു, ‘കുട്ടിക്ക് മാനസികമായ ഒരസുഖവും ഇല്ല. ലേശം ബുദ്ധി കുറവുണ്ട്. ജന്മനാ തന്നെ. പിന്നെ, സാഹചര്യങ്ങൾ ഇങ്ങനെയാക്കി. കോടതി പറഞ്ഞിട്ടാണ് ഞങ്ങൾ കുട്ടിയെ പരിശോധിച്ചത്. റിപ്പോർട്ട് കൊടുക്കാൻ പോകുകയാണ്. ഇനി ഇവിടെ നിന്നു പോകുക ജയിലിലേക്കാവും, കേട്ടോ?’

ഭ്രാന്തില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും നാൾ ഇവിടെ ഈ ആശുപത്രിയിൽ എന്നെ ചികിത്സിച്ചത്? ആദ്യമേ തന്നെ ജയിലിൽ കൊണ്ട് പോയിക്കൂടായിരുന്നോ? താമസിയാതെ പൊലീസ് വന്നു എന്നെ കൊണ്ട് പോയി.

ഇവിടെ ജയിലിൽ എനിക്ക് സുഖം തന്നെ. പക്ഷേ, സ്നേഹിക്കാൻ ആരുമില്ല. എന്നെ കൊണ്ട് ജോലിയൊന്നും ചെയ്യിക്കില്ല. നല്ല ഭക്ഷണം തരും. ഇപ്പോഴും കുറെ മരുന്നുകൾ ഉണ്ട്. അത് കഴിച്ചു ഞാൻ രാത്രി ഉറങ്ങും. കുട്ടിക്കാലം മുതൽ സ്വപ്‌നം കാണാനുള്ള കഴിവില്ല. അതിനാൽ ദുഃസ്വപ്നങ്ങൾ പോലും എ ന്നെ അലട്ടാറില്ല. ഇവിടെയുള്ള സാറമ്മാര് പറയുന്നു ഞാനിവിടെ വന്നിട്ട് ആറു വർഷമായി എന്ന്.

എന്നെ ചികിത്സിച്ചിരുന്ന വൈദ്യൻ പണ്ടൊരു ദിവസം അ മ്മച്ചിയോട് പറഞ്ഞത് ഞാൻ കേട്ടതാണ്. ‘ഈ കൊച്ചിന് തലയ്ക്കു ഓളമൊന്നും ഇല്ല. ചെറിയ മാനസിക പ്രശ്നം മാത്രം. ഒരു കല്യാണം കഴിഞ്ഞാൽ തീരാവുന്നതേയുള്ളൂ. ’

‘വേണ്ട. ആരെങ്കിലും ഇവളെ സ്വീകരിച്ചാൽ തന്നെ അത് കാശിനു വേണ്ടി ആയിരിക്കും. ഇത് കുടുംബപരമായി ഉള്ള അസുഖമാണ്. എന്തിനാ വെറുതെ ഇവളുടെ സ്വഭാവം പോലുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്?’എന്നായിരുന്നു അമ്മച്ചിയുടെ മറുപടി.

വേറെയാർക്കാണ് ഇനി ആ സ്വത്തും സമ്പത്തും വീടും റ ബർ തോട്ടവും ഒക്കെ? അനുജൻ പോയില്ലേ? ഇവിടെ നിന്ന് പോകാറാകുമ്പോൾ എന്നെ എന്റെ അമ്മച്ചിയും അപ്പനും വ ന്നു കൊണ്ട് പോകും. പൊലീസും കോടതിയും ചികിത്സിച്ച ഡോക്ടർമാരും എല്ലാം പറഞ്ഞില്ലേ, എനിക്കൊരു വട്ടുമില്ലെന്ന്? എനിക്ക് പുറത്തിറങ്ങണം. നല്ല ഒരാളെ കെട്ടണം. പിന്നെ കുടുംബമായി സുഖമായി കഴിയണം.